അപ്പന്‍, സീറോ ശിവറാം എഴുതിയ കവിത

Chilla Lit Space   | Asianet News
Published : Jun 28, 2021, 07:45 PM ISTUpdated : Jun 29, 2021, 05:26 PM IST
അപ്പന്‍,  സീറോ ശിവറാം എഴുതിയ കവിത

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  സീറോ ശിവറാം  എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

അപ്പന് സേവയൊണ്ടാരുന്നു
കുഴിമാടത്തിനെ കൂടെ കൂട്ടി
കടമറ്റം സേവയും പിടിച്ചു
കാട് കേറണേന് മുമ്പ്
നാടന്‍ പൊട്ടാസ് തോക്ക്
നെലത്തു വെച്ച് സേവയെ വിളിക്കും
പൊലര്‍ച്ചെ വേട്ട കഴിയുമ്പോ
തോളത്തു കൂരനോ മുള്ളനോ കാണും

ഒരു പരല് പോലും കിട്ടാതെ
പൊഴേന്നു പോരാത്തില്ലെന്നു
കൂട്ടുകാരന്‍ ചോയി പറയാറൊണ്ട്

ഷാപ്പില് കള്ള് മോന്തുമ്പോ
'എടാ പെലേനേ '
മൊതലാളി ഒറ്റ വിളിയെ വിളിച്ചോള്ളൂ
ഒറ്റച്ചവിട്ടിനു കെടത്തിയപ്പോ
എല്ലാരും പറഞ്ഞു
അപ്പന്റെ കുഴിമാടം സേവ
പേടിക്കണോ ട്ടോ

പെരിയാറു പൊലയാട്ടുമ്പോ
വിരിഞ്ഞൊഴുകുമ്പോ
കാട്ടു തേക്ക് തളിരമിക്കരെ കേറ്റും
കാട്ടാനയെ ചൂണ്ടു വിരലില്‍
നിര്‍ത്തണ കണ്ടിട്ടൊണ്ടെന്ന്
പണ്ടത്തെ കാര്‍ന്നോമ്മാര്
പറഞ്ഞിട്ടൊണ്ട്

ചങ്കരാന്തിക്കു ദൈവകര്‍ന്നോമ്മാര്ക്ക്
കള്ളും വെള്ളോം കോഴിനേം കൊടുക്കും
കടമറ്റത്തു കോഴിവെട്ടും
കുഴിമാടത്തിനെ
ചങ്കു പമ്പരം കറക്കി
പതിയിലിരുത്തും

എന്നാലും അപ്പന്‍ നാടായ നാടാകെ
കയ്യാല കെട്ടി
ഇരുവാ കയ്യാല, മാട്ടക്കയ്യല
അതിരു കയ്യാല
നാടാകെ കയ്യാലകൊണ്ടു നെറച്ചു

കെട്ടിപ്പൊക്കി ആകാശത്തേയും
മറച്ചു കളഞ്ഞു
ഭൂമിയാകെ ഇരുണ്ടു കറുത്തപ്പോള്‍
അപ്പന്‍ കാടുകേറി
കുഴിമാടവും കടമറ്റവും
അപ്പനൊപ്പം കാടുകേറി
താടയില്‍ നാടന്‍ തോക്ക് താങ്ങി
ഒറ്റയമുക്കല്

ആകാശത്തു അപ്പനും ചെറകുകള്
രണ്ടേറു കാളകള്‍ക്കും ചെറകുകള്
ഒറ്റാലിട്ടു പിടിച്ച വരാലുകള്‍ക്കും ചെറകുകള്

ആകാശത്തെ ഉഴുതുമറിച്ചു
അപ്പന്‍ വിത്തു വെതച്ചു
കളപറിച്ചു
കൊയ്തു കൂട്ടി
കളപ്പൊരേല് നെറച്ചു

കുറേ വിത്തുകള്
താഴേക്കു പാറ്റിയെറിയും
വിത്തുകള് വേരുപൊട്ടി
നെലത്തുറച്ചു കുടികളെ
മൂടിക്കളയാറൊണ്ടെന്നു
ചാവേറു പാടുമ്പോ
വെശക്കണ അപ്പന്റെ മക്കള്
പാടാറൊണ്ട്!

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത