ലോകം തലകീഴായി മറിഞ്ഞ ഒരു ദിവസം, അനീഷ് സോമന്‍ എഴുതിയ കഥ

By Chilla Lit SpaceFirst Published Nov 3, 2021, 7:20 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്   അനീഷ് സോമന്‍ എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

'മോനെ'

അച്ഛന്റെ വിളി കേട്ടാണ്  ജയദേവന്‍ ഞെട്ടിയുണര്‍ന്നത്. കണ്ണു തുറന്നു നോക്കുമ്പോള്‍  ദാ അച്ഛന്‍ തൊട്ടു മുന്നില്‍. ഉറക്കച്ചടവില്‍ നിന്നെഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഴിയുന്നില്ല. പിന്നെയും പണിപ്പെട്ട് ജയദേവന്‍ ഒരു വിധം എഴുന്നേറ്റ് കട്ടിലില്‍ ചാരിയിരുന്നു. നല്ല ക്ഷീണമുണ്ട്, തലക്ക് പെരുപ്പും. ശരീരമാസകലം പേരറിയാത്തൊരു വേദന. ജയദേവന് സ്വയം ഒരു രോഗിയുടെ മട്ടും മാതിരിയുമായി തോന്നി.

പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്റെ താക്കോലുമായാണ് അച്ഛന്‍ തന്റെ മുമ്പില്‍ നില്‍ക്കുന്നത്. 

'ഇതെന്തു പറ്റി?'-ജയദേവന്‍ ചോദിച്ചു.

'ഈ ബൈക്ക് നിനക്കുളളതാ'-അച്ഛന്‍ യാതൊരു സങ്കോചവും കൂടാതെ പറഞ്ഞു. ഇതു കേട്ടപ്പോള്‍ അവന് വലിയ അമ്പരപ്പാണു തോന്നിയത്. കാരണം കഴിഞ്ഞമാസം ഒരു ബൈക്ക് വാങ്ങിച്ചു തരാന്‍ പലതവണ പറഞ്ഞപ്പോഴും അച്ഛന്‍ പറഞ്ഞത്  നീ ആദ്യം എഞ്ചിനിയറിങ്ങ് പരീക്ഷ  പാസായിട്ട് വാ, എന്നിട്ടു നോക്കാ' എന്നാണ്. പിന്നെന്തു പറ്റി എന്റെച്ഛന്? 

ജയദേവന്‍ പിതാവിന്റെ മുഖത്തേക്ക് നോക്കി. അയാളുടെ കണ്ണുകളില്‍ ഒരു കടലിരമ്പുന്ന പോലെ. മകനോട് എന്തൊക്കെയോ പറയണമെന്നുണ്ടെങ്കിലും മൗനത്തിന്റെ പുറംതോടിനുള്ളില്‍ എന്തൊക്കെയോ ഒളിപ്പിച്ചു കൊണ്ട് അയാള്‍ മകന് ബൈക്കിന്റെ ചാവി കൊടുത്ത് മുറി വിട്ടു പോയി.

'ഇത്ര പെട്ടെന്ന്  കിട്ടുമെന്ന് അറിഞ്ഞില്ല അച്ഛാ.. ഒത്തിരി സന്തോഷായിട്ടോ. എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല എന്റെ സ്‌നേഹനിധിയായ പിതാവേ'  

ജയദേവന്‍ അച്ഛന്റെ ചുവടുകള്‍ നോക്കിയിരുന്നു.

എന്താണ് അച്ഛനില്‍ സംഭവിച്ച മാറ്റം? ജയദേവന്‍ ആലോചിച്ചു. ങാ... എന്തെങ്കിലും ആവട്ടെ. എന്തായാലും മനസ്സില്‍ ആശിച്ചത് കിട്ടിയല്ലോ അതുമതി..'

'മോനെ വാ പെട്ടെന്ന് ഒരുങ്ങൂ. അടുത്ത വീട്ടിലെ രതീഷ് ചേട്ടന്റെ മോളുടെ കല്യാണത്തിന്  പോകാനാണ്' 

ആ വിളികേട്ടാണ്  അവന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്.

'എഞ്ചിനിയറിങ്ങ് പഠിക്കുകയാണെന്ന് വിചാരമില്ലല്ലോ നിനക്ക്' എന്ന് പറയുന്ന അമ്മ എന്തിനാണ് ദൂരെയുളള സ്ഥലത്ത് നടക്കുന്ന കല്യാണത്തിന്  കൂടെ വരാന്‍ ഇങ്ങോട്ടു വന്നു വിളിക്കുന്നത്'  

അവന് വീണ്ടും അതിശയം തോന്നി.

അപ്പോഴതാ ചേട്ടന്‍ ഒരു പുത്തന്‍ മൊബൈലുമായി കടന്നു വരുന്നു. ആ ഫോണ്‍ അവന്റെ കൈയില്‍ കൊടുത്തു കൊണ്ട് പറഞ്ഞു: 'ഇനി പുതിയ ഫോണില്ലാന്നു പറഞ്ഞ് പഠിക്കാതിരിക്കണ്ട'-ഇതും കൂടി കണ്ടപ്പോള്‍ ജയദേവന് `ഞാന്‍ സ്വപ്നം കാണുകയാണോ എന്ന് ശരിക്കും തോന്നി. രണ്ടാഴ്ച  മുമ്പ് വരെ ഫോണ്‍ വാങ്ങിത്തരുമോന്ന് ചോദിച്ചപ്പോ ചേട്ടന്‍  ഓടിച്ചിട്ട് തല്ലിയത് അവനോര്‍ത്തു. ഉടന്‍ തന്നെ ആ മൊബൈല്‍   ജയദേവന്‍ തന്റെ മുറിയിലെ അലമാരിയില്‍ വച്ചിട്ട് തിരികെ നടന്നു.

ഓര്‍ക്കാപ്പുറത്ത് കിട്ടിയ സൗഭാഗ്യം. 

'അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും സ്വഭാവത്തില്‍ വല്ലാത്ത മാറ്റമാണല്ലോ ഇപ്പോള്‍ ഇവര്‍ക്കൊക്കെ എന്തു പറ്റി?'

എന്താണ് ഇവര്‍ക്ക് എന്നോട്  തോന്നുന്ന പതിവില്ലാത്ത സ്‌നേഹം? ആവശ്യപ്പെട്ടതെല്ലാം ഇപ്പോള്‍ വാങ്ങിച്ചു തരുന്നതെന്താണ്? എന്തോ  ഒരു നിഗൂഢത ഇതിലൊളിഞ്ഞിരിക്കുന്നുണ്ടോ? എന്നാല്‍പ്പിന്നെ അതൊന്നു കണ്ടുപിടിക്കണം. ഒരു പക്ഷേ ഇവിടം വിട്ടു `പോകാന്‍ സമയായോ? എത്ര വഴക്ക് കുടിയാലും അച്ഛനുമ്മയും ചേട്ടനും തന്റെ  ജീവനാണ്. എനിക്ക് ഇവരെ വിട്ടു പോകാന്‍ കഴിയില്ല ഒരുകാലത്തും.

'മോനെ ജയദേവാ'-അമ്മയുടെ വിളി കേട്ട്  അവന്‍ അടുക്കളയിലേയ്ക്ക്  പോയി.

അമ്മയുടെ പരിശുദ്ധ സ്‌നേഹത്തെ ഒരിക്കലും സംശയിക്കാനാവില്ല.. അമ്മ എല്ലായ്‌പ്പോഴും ഇങ്ങനെ ഉറക്കെ തന്നെയാണ് ആരെയും വിളിക്കാറുള്ളത്.

'ദാ .. മോന് ഇഷ്ടമുളള പാല്‍പായസം കുടിക്ക്.'-പായസം നിറച്ച കപ്പ് കൈമാറുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയ പോലെ തോന്നി.

'എന്തോ കാരണമുണ്ട്. അതാ അമ്മയുടെ സങ്കടം. എങ്ങനെ ചോദിക്കും?'

അവന്റെ മനസ്സ്  സങ്കടപ്പെട്ടു. അത്താഴം കഴിച്ച ശേഷം അവന്‍ കട്ടിലില്‍ ഉറങ്ങാന്‍ കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവനുറക്കം വന്നില്ല. 
 
ഊണ്‍ മുറിയില്‍ ഇരുന്ന് ഏല്ലാവരുടെയും കൂടെ രാത്രി ഭക്ഷണം കഴിക്കുമ്പോഴും അവരുടെ മുഖങ്ങളില്‍ വിഷാദ ഭാവം കണ്ടിരുന്നു. ആരും ഒന്നും മിണ്ടിയിരുന്നില്ല. ഭക്ഷണം കഴിച്ച് എല്ലാവരും അവരവരുടെ മുറിയില്‍ ചേക്കേറി, ഞാനും. 

എന്തായാലും രണ്ടും കല്‍പിച്ച് അച്ഛനോടു ചോദിക്കുക തന്നെ.. വാശിപിടിച്ചാല്‍ അച്ഛന്‍ തന്നോട് സത്യം പറയാതിരിക്കില്ല. ചിലപ്പോള്‍ താങ്ങാന്‍ പറ്റാത്ത കാര്യമായിരിക്കും. എന്തായാലും അറിഞ്ഞേ പറ്റൂ.

ജയദേവന്‍ ഉടന്‍ തന്നെ എഴുന്നേറ്റ് അച്ഛന്റെ അടുത്തേക്ക് പോകാന്‍ തുടങ്ങി. പെട്ടന്ന് ഹാളില്‍ നിന്ന് അടക്കിപ്പിടിച്ച സംഭാഷണങ്ങള്‍ കേട്ടു. അവന്‍ വാതിലിന്റെ അരികില്‍ മറഞ്ഞു നിന്ന് ഒന്നെത്തി നോക്കി. അച്ഛന്‍, അമ്മ, ചേട്ടന്‍ എല്ലാവരുമുണ്ട് ആ മുറിയില്‍.  

'ദൈവമേ.. എന്റെ പൊന്നുമോന്റെ അവസ്ഥ ഓര്‍ത്ത് ഹൃദയം തകരുന്നു'-അമ്മ കരയുകയാണ്.

'നീ ഉച്ചത്തില്‍ ബഹളം വയ്ക്കാതിരിക്ക്.. അവന്‍ ഈ കാര്യം അറിയരുത്. ഞാനും ഉളളില്‍ നീറി പുകയുകയാണ്. ഏല്ലാം ദൈവ നിശ്ചയം പോലെ നടക്കട്ടെ'

അച്ഛന്‍ അമ്മയെ ആശ്വസിപ്പിക്കുകയാണ്. ഇതെല്ലാം  കേട്ട് ചേട്ടന്റെയും കണ്ണുകള്‍ നിറയുന്നത് ജയദേവന്‍ കണ്ടു.

അപ്പോള്‍ എല്ലാവരും തന്റെ കാര്യം പറഞ്ഞു തന്നെയാണ് കരയുന്നത്, അപ്പോള്‍ എനിക്ക് കാര്യമായി എന്തോ ഉണ്ട്, ദൈവമേ. ഒരു നിമിഷം ജയദേവന്റയുള്ളില്‍ തീയാളി. കരയാതിരിക്കാന്‍ അവന്‍ ഒരുപാട്  പണിപ്പെട്ടു. തന്നെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും  പറഞ്ഞു കൊടുത്തോ. അവന്‍ വല്ലാതായി. ക്ഷീണവും, വേദനയും പതിന്‍മടങ്ങ് കൂടുന്നതായി അനുഭവപ്പെട്ടു. തിരികെ നടക്കാന്‍ തുടങ്ങിയപ്പോഴാണ് ചേട്ടന്റെ  വാക്കുകള്‍ ചെവിയിലെത്തിയത്.

'അച്ഛാ നമ്മള്‍ക്ക് വേറെ ഒരു ആശുപത്രിയിലെ ഡോക്ടറെ കാണിച്ചാലോ'
  
'ഇനി അതുകൊണ്ടൊന്നും യാതൊരു കാര്യമില്ല. ഒരിടത്തും  കൊണ്ടു പോകാന്‍ പറ്റാത്ത സ്ഥിതിയാണെന്നല്ലേ ഒരാഴ്ച മുമ്പ് ബ്ലഡ്, സ്‌കാനിങ്ങ് റിപ്പോര്‍ട്ടുകള്‍ കണ്ടപ്പോള്‍ ഡോക്ടര്‍ പറഞ്ഞത്. 

അപ്പോഴാണ്, ഒരാഴ്ച മുന്‍പ് പനിയും തലവേദനയും വന്നപ്പോള്‍ ഡോക്ടറെ കാണിച്ചതും ബ്ലഡ് പരിശോധിക്കാന്‍ പറഞ്ഞതും ജയദേവന്‍  ഓര്‍ത്തത്. 

അപ്പോള്‍ കാര്യം മനസ്സിലായി. താന്‍ മരണത്തിലേയ്ക്ക് വളരെ വേഗം അടുത്തു കൊണ്ടിരിക്കുകയാണ്. ഈ കാരണം കൊണ്ടാണ് എല്ലാവരും മല്‍സരിച്ച് സ്‌നേഹിക്കുന്നത്'

എഞ്ചിനിയറിങ്ങ് പഠനം കഴിഞ്ഞ് വിദേശത്ത് ജോലിക്ക് പോകാന്‍ കൊതിച്ചതും ചേട്ടന്റെ കല്യാണത്തിന് ഓടി നടന്ന് ഒരു നായകനെ പോലെയാവാന്‍ കൊതിച്ചതും വെറുതെയൊരു മോഹമായി. അങ്ങനെ ഒത്തിരി ഒത്തിരി  മോഹങ്ങള്‍ നിറയുന്നുണ്ട്. എന്നാലും ഒരു പ്രശ്‌നവുമില്ല വരുന്നിടത്തു വച്ചു കാണാം. അവന്‍ സ്വയം 
ആശ്വസിച്ചു.

കിടന്നപ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ അവന്റെയുള്ളിലൂടെ മിന്നിമറഞ്ഞു. നിലവിളിച്ച് കരഞ്ഞു പോയി, അവന്‍. ആവലാതികളുടെ കെട്ടുകള്‍ പൊട്ടിച്ച് രാത്രിയുടെ അഗാധ ഗര്‍ത്തത്തിലേക്ക് വഴുതി വീണു.
 

click me!