Malayalam Short Story : നഗ്‌ന സെല്‍ഫി, ആഷിഫ് അസീസ് എഴുതിയ കഥ

By Chilla Lit SpaceFirst Published Jan 12, 2022, 3:31 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ആഷിഫ് അസീസ് എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

ജനലിലൂടെ കാണാവുന്ന കാഴ്ചകള്‍ക്ക് പരിധിയുണ്ടെങ്കിലും മങ്ങലില്ലായിരുന്നു. വ്യക്തമായി കാണാന്‍ കാരണം ഈ അപ്പാര്‍ട്‌മെന്റിന്റെ ആകൃതി ആകാശക്കാഴ്ചയില്‍  W എന്നെഴുതിയ പോലെയായത് കൊണ്ടാണ്. 

ഇതൊക്കെ ആര്‍ക്ക് കാണാന്‍ വേണ്ടിയാണ് എന്ന് ചോദിക്കുന്നത് പോലെ അനാവശ്യമായാണ് ഞാന്‍ ആ അമ്മയേയും മകനെയും എന്റെ ക്യാമറ ലെന്‍സിലൂടെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങിയത്.  14 വയസ്സുകാരന്റെ എല്ലുവളര്‍ച്ച തോന്നിക്കില്ലെങ്കിലും എണ്ണമയമാര്‍ന്ന ശരീരമായിരുന്നു അവന്റേതെങ്കില്‍ ശുഷ്‌കമായ വിരലുകളെ മാറ്റിനിര്‍ത്തിയാല്‍  മാതാവിന്റെ മുപ്പതിന്റെ  മുഴുപ്പ് എന്റെ ക്യാമറയേയും മോഹിപ്പിക്കാന്‍ പോന്നതായിരുന്നു.

പാര്‍ക്കിംഗ് അടുത്തായത് കൊണ്ട് വാഹനം പുറത്തേക്കെടുക്കുമ്പോള്‍ മാത്രമാണ് അവരെ അടുത്ത് കാണാറുള്ളത്. ജോലിക്കിറങ്ങുമ്പോള്‍  അവരുടെ കണ്ണുകള്‍ എന്റെ  കണ്ണുകളിലുടക്കാന്‍ ശ്രമിച്ച് പരാജിതനാകുന്ന എന്നെ പരിഹസിക്കുന്ന പോലെ ഒരു ചിരി സമ്മാനമായി കിട്ടാറുണ്ട്.  ഇടയ്ക്ക് പ്രായം കൃത്യമായി പറയാന്‍ പറ്റാത്ത ഒരാള്‍ വന്നു പോകാറുള്ളതല്ലാതെ കാര്യമായ സന്ദര്‍ശകരൊന്നും അവരെ തേടി വരാറില്ല. ഭര്‍ത്താവോ ലിവിങ് പാര്‍ട്ണറോ ഉണ്ടോന്നറിയാന്‍ ഫേസ്ബുക്കില്‍ തപ്പിയപ്പോള്‍ ആയിരം അപര്‍ണമാരില്‍ അവരുടെ മുഖം കണ്ടെത്താനായില്ല.

വൈകിട്ടെന്നും 7.10-ന് അവര്‍ കുളിക്കാന്‍ പോകുന്ന സമയത്ത് മാത്രം അവന്‍ ലാപ് ടോപ്പിലൂടെ കാണുന്നത് എന്തായിരിക്കും? 

എത്ര സൂം ചെയ്തിട്ടും ഗൂഗിളില്‍ അവന്‍ ടൈപ്പ് ചെയ്യുന്നതെന്താണെന്ന് മനസിലാകുന്നില്ല. Insecure എന്നാകാന്‍ വഴിയില്ല കാരണം അവന് ഗുഡ് നൈറ്റ് ഹഗ് കൊടുക്കാതെ അവര്‍ കിടക്കാറില്ല.  ഗൂഗിളിലെ സമാനമായ വാക്കുകളില്‍ തിരയുമ്പോള്‍ എന്റെ കണ്ണുകളെ വിടര്‍ത്തിയത് Incest എന്ന വാക്കാണ്.  കൂടുതല്‍ വിവരങ്ങളിലേക്ക് വിരലുകള്‍ പോകുമ്പോള്‍ എന്റെ ഹൃദയ മിടിപ്പ് കൂടിത്തുടങ്ങി. അകാരണമായ ഒരു ഉള്‍പുളകം അതിന്റെ ചരിത്രങ്ങളിലേക്കും ചിത്രങ്ങളിലേക്കും എന്നെ നയിച്ച് കൊണ്ടിരുന്നു. സെമിറ്റിക് പുരാണങ്ങളിലും ഭാരതീയ ഇതിഹാസങ്ങളിലും വിഷയാനുബന്ധ വിവരങ്ങള്‍ വന്നു കൊണ്ടിരിക്കുന്നതില്‍ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം ഈ വിഷയാന്വേഷകരുടെ എണ്ണമാണ്.  പോണ്‍ വീഡിയോകളിലും കാമോദ്ദീപന കഥകളിലും നായകന്‍ ഇവന്‍ തന്നെ-Incest. 

10.30 -ന് എന്നും ലൈറ്റ് അണയുമ്പോള്‍ അവിടെ നടക്കുന്നത് അതായിരിക്കുമോ?

ഈശ്വരാ... എന്ന് വിളിച്ച് പോകാന്‍ മാത്രമൊന്നുമില്ല.  അല്ലെങ്കിലും ബലാല്‍ക്കാരമില്ലെങ്കില്‍ പിന്നെന്ത് പ്രശ്‌നം? മതങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഇതിലെന്ത് കാര്യം? അവര്‍ അവരുടെ ലോകത്ത് ജീവിക്കുന്നു.

ആ സ്ത്രീ സുരക്ഷിതയാണ്.  സ്വാതന്ത്ര്യത്തിന്റെ പരകോടിയില്‍ ജീവിക്കുന്ന ഹോളിവുഡ് നടിമാരെക്കാള്‍ സുരക്ഷിത. കാസ്റ്റിംഗ് കൗച്ചും അവിഹിത ബന്ധ വിവാഹ മോചനങ്ങളും ഇന്നും വിഷയമാക്കുന്ന/വിഷയമാകുന്ന അവരെക്കാള്‍ സുരക്ഷിതയല്ലേ അപര്‍ണ? ചിന്തകള്‍ക്കും സിഗററ്റിനും ഒന്നിച്ച്  തീക്കൊളുത്തിയാല്‍ ഉള്‍പ്പുളകത്തിന്റെ സുഖം നഷ്ടമാകും. വേണ്ട നിഷിദ്ധ സംഗമം ആ വഴിക്ക് പോവട്ടെ. 

ഇടക്ക് വരാറുള്ള ആള്‍ ഇന്നവരോടൊപ്പം ഭക്ഷണം കഴിച്ചത് എന്നില്‍ അസ്വസ്ഥതയുണ്ടാക്കി. ഞങ്ങള്‍ക്ക് മൂന്നാള്‍ക്കും ഇടയില്‍ അയാളുടെ ആവശ്യമെന്താണ്? 

10.25 -ന് അയാള്‍ യാത്ര പറഞ്ഞിറങ്ങി ലൈറ്റ് അണക്കുന്നത് വരെ സിഗരറ്റ് കൂടുതല്‍ വലിച്ചത് കൊണ്ടായിരിക്കാം ഭയങ്കര ദാഹം. വെള്ളമൊരുപാട് കുടിച്ചത് കൊണ്ട് ഇടക്കെഴുന്നേല്‍ക്കേണ്ടി വന്നു . വെറുതെ ക്യാമറയിലൂടെ നോക്കിയത് കൊണ്ടാണ് അത് കാണാനായത്. 

ആരോ ആ ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്കിറങ്ങുന്നു. ടെറസിന്റെ മുകളിലേക്ക് പോകുന്ന ആളിന്റെ ശരീര വലിപ്പം പോലും തിരിച്ചറിയാനാകാത്ത ഇരുട്ടിനേക്കാള്‍ ശപിച്ചത് ലെന്‍സിന്റെ വില കൂടുന്നതിനനുസരിച്ച് ശമ്പളം കൂട്ടി തരാത്ത മുതലാളിയേയാണ്. പെട്ടെന്നുണ്ടായ ഉന്മാദത്തിന്റെ ധൈര്യമോ ആരാണെന്നറിയാനുള്ള ആകാംക്ഷയോ എന്നെയും ടെറസിലെത്തിച്ചു.

ആരെയും കാണാത്തപ്പോള്‍ ഭയം തോന്നി തുടങ്ങി. കഞ്ചാവിന്റെ പുകയുടെ മണം വരുന്ന ഭാഗത്തേക്ക് നടന്നപ്പോള്‍ അവന്‍! അവരുടെ മകന്‍!

ഒന്ന് തെന്നിയാല്‍ 16 നില താഴേക്ക് എത്തും. അവിടെ നിന്നവന്‍ പുകയെടുത്ത് കൊണ്ടിരിക്കുന്നു. അടുത്തേക്ക് പോകാന്‍ തോന്നിയില്ല. എന്തായിരിക്കാം അവനെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ച കാര്യം?

ഉറപ്പാണ്, അയാളായിരിക്കും!

അസമയത്ത് ഭക്ഷണം കഴിച്ച് പോയ ആ എരപ്പാളി. അവനെന്തെങ്കിലും കണ്ട് കാണും. ഇങ്ങനെ കഞ്ചാവ്  നിര്‍ത്താതെ വലിച്ചാല്‍ അവന്‍ ആ സ്ത്രീയെ കൊല്ലും. അല്ലെങ്കില്‍ പുറം ലോകം അറിയാതിരിക്കാന്‍ അവര്‍ ഇവനെ കൊല്ലും.

ക്യാമറ എടുക്കാമായിരുന്നു. നേരിട്ട് ഇതൊക്കെ കാണുന്നതിനേക്കാള്‍ ഭേദമല്ലേ. 

അപ്രതീക്ഷിതമായി അവന്‍ എന്നെ കണ്ടു. എന്റെ നേര്‍ക്ക് നടന്നു വരുന്നു. ക്യാമറയിലൂടെ കാണുന്നതിനേക്കാള്‍ ശരീര വളര്‍ച്ചയുണ്ടവന്. പോരാത്തതിന് കഞ്ചാവിന്റെ ലഹരിയും.

'അങ്കിള്‍ ...ലൈറ്ററുണ്ടോ? ഈ കോപ്പ് കത്തുന്നില്ല'

മദ്യപന്മാരും സിഗരറ്റ് വലിക്കാരും പരസ്പരംകാണിക്കുന്ന ആഗോള സ്‌നേഹത്തേക്കാള്‍ എനിക്ക് രക്ഷയായത്  ട്രാക്ക് സ്യൂട്ടിന്റെ പോക്കറ്റില്‍ കിടക്കാന്‍ നേരം എടുത്ത് വെക്കാന്‍ മറന്ന ലൈറ്ററായിരുന്നു. അറിയാതെ കൊടുത്ത് പോയി. അവന്‍ വീണ്ടും ഒരു നിറ കത്തിച്ചു വലിച്ചിട്ട് ലൈറ്റര്‍ തിരികെ തന്നിട്ട് പറഞ്ഞു.

'താങ്ക്‌സ്'

എന്തൊക്കെ പറഞ്ഞാലും ഔപചാരിക വാക്കുകള്‍ ഒരാശ്വാസമാണ്. അതൊരവസരമായെടുത്ത്  ഞാന്‍ പറഞ്ഞു.

'മോനെ ഇത് കൂടിയ സാധനമല്ലേ. ഈപ്രായത്തില്‍ സിഗരെറ്റ് ഒക്കെ പോരേ'

ഏതൊരു പുരുഷനിലും  ജന്മനാ പിതൃവാത്സല്യമുണ്ടെന്ന് ആരോ എഴുതിയത് ഓര്‍മയില്‍ തെളിഞ്ഞു, ആ വാക്കുകള്‍ എന്നില്‍നിന്ന് വന്നപ്പോള്‍.

'മരുന്നല്ലേ അങ്കിള്‍. ഇത് ലഹരിയുടെ  പട്ടികയിലില്ലല്ലോ ഇപ്പോള്‍. ഇടുക്കി ഗോള്‍ഡ്'

വാക്കുകളിലെ ശാന്തത എന്റെ ധൈര്യം  വര്‍ധിപ്പിച്ചു.

'ഇന്നാരായിരുന്നു ഗസ്റ്റ്?'

പുകയുടെ വേഗത്തില്‍ തന്നെ ഉത്തരം വന്നത്എന്നെ ഞെട്ടിച്ചു.

'അച്ഛന്‍'

'പുള്ളി എവിടെയാ'

'ഞങ്ങളോടൊന്നിച്ചല്ല. വേറെയാ താമസം'

'മോനതില്‍  വിഷമമുണ്ടോ?'

സന്ദര്‍ഭ ശാന്തത, എന്റെ നാക്കില്‍ ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങി. ഒരു വല്ലാത്ത ചിരി ചിരിച്ചിട്ടവന്‍ പറഞ്ഞു.

'അതൊന്നുമല്ല അങ്കിള്‍. അപ്പയെ ബഹുമാനിക്കാന്‍ അമ്മ ശീലിപ്പിച്ചിട്ടുണ്ട്. വളര്‍ന്നു വന്ന സാഹചര്യമായിരിക്കാം അപ്പയുടെ സ്വഭാവദൂഷ്യത്തിന് കാരണം. നിയന്ത്രിക്കാന്‍ ആരുമില്ലാതെ വളര്‍ന്നതാ അപ്പ എന്ന് അമ്മ തന്നെ പറയാറുണ്ട്'

'എന്നിട്ടാണോ മോന്‍ ഇതൊക്കെ വലിക്കുന്നത?'

ദീര്‍ഘ നിശ്വാസവും ബാക്കി വന്ന പുകയും ഒന്നിച്ചെന്റെ കണ്ണുകളില്‍ തട്ടി.

അവസാനത്തെ പുകയും കൂടെടുത്ത് അവനത് കളഞ്ഞു. താഴേക്ക് വീഴുന്ന ബീഡിയെ നോക്കിയിട്ടവന്‍ പറഞ്ഞു.

' എപ്പോഴുമില്ല, ഇന്നലെ കണ്ട കാഴ്ച ഓര്‍ത്തപ്പോള്‍ ഇന്നും  വലിക്കാന്‍ തോന്നി'

അവനേക്കാള്‍ പ്രായക്കുറവ് എനിക്കുള്ളത്‌പോലെ ചോദിച്ചു പോയി.

'എന്ത് കാഴ്ച?'

'ഇക്കാലത്ത് സേഫ് അല്ലാന്നറിഞ്ഞിട്ടും അമ്മ ആര്‍ക്കോ വേണ്ടി വാട്‌സ് ആപ്പില്‍ ന്യൂഡ് പോസ് ചെയ്യുന്ന കാഴ്ച'

ഇത് പറഞ്ഞിട്ടവന്‍ പെട്ടെന്ന് പോയത് ഞാനറിഞ്ഞില്ല. 

ചില ചോദ്യങ്ങള്‍ക്കുത്തരം കിട്ടാതെ നിന്ന് പോയി.   

'അവന്‍ സങ്കടം കൊണ്ടാണോ, സഹതാപംകൊണ്ടാണോ, ലഹരി കൊണ്ടാണോ ഇതൊക്കെ എന്നോട് തുറന്ന് പറഞ്ഞത്?

എന്തിനാണ്?

click me!