Malayalam Short Story : എന്റെ ജയില്‍ദിനങ്ങള്‍, മഹമൂദ് ഇടത്തില്‍ എഴുതിയ കഥ

Chilla Lit Space   | Asianet News
Published : Mar 12, 2022, 04:21 PM IST
Malayalam Short Story : എന്റെ ജയില്‍ദിനങ്ങള്‍, മഹമൂദ് ഇടത്തില്‍ എഴുതിയ കഥ

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   മഹമൂദ് ഇടത്തില്‍ എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

അര്‍ദ്ധരാത്രിയുടെ നിശ്ശബ്ദതയില്‍ ഉറക്കം വരാതെ ജയിലിന്റെ വരാന്തയിലൂടെ കുറേ നേരം ഞാന്‍ ഉലാത്തി. ചുറ്റും മതിലുകള്‍ തീര്‍ത്ത ജയില്‍ ഗേറ്റിന്റെ നടുവില്‍ സ്ഥാപിച്ച നേരിയ വിടവിലൂടെ പുറത്തേക്ക് നോക്കി. പുറംലോകത്തുനിന്നുള്ള സ്വതന്ത്രമായ കാറ്റുവരവ് ആസ്വദിച്ച് എത്ര നേരം അവിടെ നിന്നെന്ന് അറിയില്ല. ആകാശത്തില്‍നിന്ന് ഉറ്റിവീഴുന്ന മഴ തുള്ളികളുടെ ശബ്ദം ഏകാന്തതയുടെ നിശ്ശബ്ദതയില്‍ ഏതോ വിരഹ സംഗീതം പോലെ തോന്നിച്ചു..

സ്വാതന്ത്ര്യത്തിനായി യാചിക്കുന്ന കൂട്ടിലടക്കപ്പെട്ട ഒരുപാട് പക്ഷികളുടെ ചിറകടി ശബ്ദങ്ങള്‍ കാതിലൂടെ തുളച്ച് കയറുന്നത് പോലെ അനുഭവപ്പെട്ടു. ആകാശത്തിന്റെ വിശാലതയില്‍ പറന്നുനടന്ന് മഴയും കാറ്റും തണുപ്പും കാടുകളുടെ സൗന്ദര്യവും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ആ പക്ഷികളുടെ രോദനങ്ങള്‍  ശരിക്കും അനുഭവിച്ചു.

ഡിസംബറിന്റെ തണുത്ത കാറ്റ് വാതിലിന്റെ വിടവിലൂടെ തിക്കിത്തിരക്കി ഉള്ളിലേക്ക് കടന്ന് പുതപ്പിന്റെ ഒഴിഞ്ഞ ഭാഗത്തിലൂടെ  ഉറങ്ങുന്നവരെ ഇക്കിളിപ്പെടുത്തി. ചിലര്‍ ഒന്ന് കൂടി പുതപ്പ് നേരയാക്കി ഉറക്കം തുടര്‍ന്നു. വര്‍ഷത്തില്‍ രണ്ടോ മൂന്നോ ദിവസം പെയ്യുന്ന മഴ ആസ്വദിക്കാന്‍ വല്ലാത്ത ഒരു സുഖമായിരുന്നു പ്രവാസ ജീവതത്തില്‍. പലപ്പോഴും കര്‍ക്കിടക മാസത്തിലെ ചില ഓര്‍മകള്‍ മഴയോടൊപ്പം മനസ്സില്‍ പെയ്തിറങ്ങാറുണ്ട്. 

പക്ഷെ ഈ മഴക്കോ തണുത്ത കാറ്റിനോ മനസ്സിനെ തണുപ്പിക്കാന്‍ കഴിഞ്ഞില്ല.. ശരിക്കും ഉറങ്ങിയിട്ട് ദിവസങ്ങളായി.. മകളുടെ കിന്നാരങ്ങള്‍ ഫോണിലൂടയാണെങ്കിലും കേട്ടിട്ട് നാളുകളായി. ഞാന്‍ വിളിക്കാത്തതിന്റെ കാരണം എന്തായിരിക്കും ഭാര്യ മകളോട് പറഞ്ഞിട്ടുണ്ടാവുക ആവോ? ചിന്തകള്‍ എവിടെയൊക്കയോ സ്വതന്ത്രമായി സഞ്ചരിച്ചു.

 

 

ഇടക്കിടെ പോലീസു്കാര്‍ പുതിയ പുളളികളുമായി വന്ന് ഗെയിറ്റ് തുറന്ന് ഉള്ളിലേക്ക് തള്ളി കടന്ന് പോയി. പല രാജ്യക്കാര്‍, പല ഭാഷക്കാര്‍, വ്യത്യസ്ത പ്രായത്തിലുള്ളവര്‍. പക്ഷെ എല്ലാവരുടെയും മുഖത്ത് ഒരേ വികാരം. നിറയെ ആളുകളുണ്ടായിട്ടും ശ്മശാനത്തെ ഓര്‍മിപ്പിക്കുന്ന നിഗൂഢമായ നിശബ്ദത കെട്ടിടത്തിന്റെ പുറത്തേക്ക് പോവാനാവാതെ  തളം കെട്ടി നിന്നു. കുടുംബ ഭാരം ചുമലിലേറ്റി മരുഭൂമിയുടെ പച്ചപ്പ് തേടി വിമാനം കയറി വന്നവര്‍. ആകാശത്തിന്റെ വിശാലതയിലേക്ക് പറന്ന് ഉയരുന്ന ഒരുപാട് സ്വപ്നങ്ങള്‍ ഒന്ന് ചിറകടിക്കാന്‍ പോലും കഴിയാതെ കൂട്ടിലടക്കപ്പെട്ടിരിക്കുന്നു. ഓരോരത്തരും ദു:ഖങ്ങള്‍ പരസ്പരം പറഞ്ഞ് സമാധാനിപ്പിക്കുന്നു. ഫോണ്‍ വിളി കാത്ത് നാട്ടില്‍ ഉറങ്ങാതെ കാത്ത് കിടക്കുന്ന വീട്ടുകാരെ ഓര്‍ത്താണ് എല്ലാവരുടെയും ദു:ഖം.

ഓരോ പുതിയ ആളുകള്‍ വരുമ്പോഴും എല്ലാവരും ഒത്ത് കൂടും. വിശേഷങ്ങള്‍ അന്വേഷിക്കും. അവരെ സമാധാനിപ്പിച്ച് ധൈര്യം നല്‍കും. പലരും ആദ്യമായി ജയിലില്‍ എത്തുന്ന ഭീതിയിലായിരിക്കും. അധിക പേരും കഫീലിന്റെ ക്രൂരതകളില്‍ സഹികെട്ട് ഓടിപ്പോയി വേറെ ജോലി ചെയ്യുന്നതിനിടയില്‍ പിടിക്കപ്പെട്ടവര്‍. ചിലര്‍ കമ്പനികള്‍ പൂട്ടിപ്പോയത് കൊണ്ട് വിസ അടിക്കാന്‍ കഴിയാത്തവര്‍. മറ്റു ചിലര്‍ വിസക്ക് പൈസ വാങ്ങിച്ച കഫീല്‍, അറിയാതെ  ചാടിപ്പോയി എന്ന് പരാതി കൊടുത്ത് പിടിക്കപ്പെട്ടവര്‍. അങ്ങനെ ജയിലില്‍വരാന്‍ ഓരാരുത്തര്‍ക്കും അങ്ങനെ ഓരോ കാരണങ്ങള്‍.

 

 

'നീ ഇത് വരെ ഉറങ്ങിയില്ലേ?'

ചിന്തയില്‍ നിന്ന് ഞെട്ടി തിരിഞ്ഞ് നോക്കി. 

ഇംറാന്‍ക്ക. വാര്‍ഡിലെ ഏറ്റവും പഴക്കമുള്ള ജയില്‍ പുള്ളി. തലമുടിയും താടി രോമങ്ങളും പൂര്‍ണ്ണമായും നരച്ചിരിക്കുന്നു.
സാമാന്യം ആരോഗ്യമുള്ള ശരീരം. അയാള്‍ ജയിലില്‍ എത്ര വര്‍ഷമായെന്നോ  ചെയ്ത കുറ്റമെന്താണന്നോ എനിക്കറിയില്ല.. എപ്പോഴും പുഞ്ചിരിച്ച് കൊണ്ട് പുതിയ ആളുകളെ സമാധാനിപ്പിക്കുകയാണ് മൂപ്പരുടെ പണി. 

അയാളെ കണ്ടാല്‍ ഒരു ജയില്‍ പുള്ളിയാണെന്ന് ആരും പറയില്ല. അല്ലങ്കിലും മനുഷ്യര്‍ അങ്ങനെയാണല്ലോ ഏത് പ്രതിസന്ധികളിലും ദീര്‍ഘ നാള്‍ അകപ്പെട്ടാല്‍ അത് ജീവിത ശൈലിയായി മാറും. പിന്നെ അതിനെ ഓര്‍ത്ത് സങ്കടപ്പെടില്ല.

'ഉറക്കം വരുന്നില്ല. കണ്ണ് അടക്കുമ്പോഴേക്കും വീട്ടുകാരുടെ ചിത്രങ്ങള്‍ മനസ്സില്‍ വരുന്നു. പാവം അവര്‍ വളരെ വിഷമിച്ചായിരിക്കും വീട്ടിലിപ്പോള്‍'

ഞാന്‍ തേങ്ങലുകളെ തടഞ്ഞ് നിര്‍ത്തി പറഞ്ഞ് തീര്‍ത്തു.

കുറച്ച് നേരം അയാള്‍ ഒന്നും മിണ്ടിയില്ല. പുറത്തെ മഴയെ നോക്കി നിന്നു.

'നല്ല മഴയാണ് അല്ലേ? എത്ര കാലമായി ഒരു മഴ ആസ്വദിച്ചിട്ട്. കര്‍ക്കിടകത്തിന്റെ ഇരുണ്ട ദിനങ്ങള്‍. നിര്‍ത്താതെ പെയ്യുന്ന മഴ. വീടിന്റെ മുമ്പിലെ വയലിലൂടെ പരന്ന് ഒഴുകുന്ന വെള്ളം. വലയുമായി പാടത്തെ വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ പോവുന്ന രംഗങ്ങള്‍.  എല്ലാം മനസ്സില്‍ ഓര്‍മകള്‍ മാത്രം..'

അയാള്‍ ഒന്ന് പുഞ്ചിരിച്ചു കര്‍ക്കിടകത്തിന്റെ ഇരുണ്ട ദിനങ്ങളിലെ കാര്‍മേഘങ്ങളുടെ ഇടയിലൂടെ ചിലപ്പൊഴൊക്കെ  ഉദിക്കുന്ന സൂര്യനെ  പോലയായിരുന്നു ആ പുഞ്ചിരി.

 

 

'നാം വിചാരിക്കും നമ്മുക്ക് ആരൊക്കെയോ ഉണ്ടന്ന്. അവര്‍ നമ്മെ ഓര്‍ത്ത് വിഷമിച്ചിരിക്കുമെന്ന്. എല്ലാം നമ്മുടെ തോന്നലുകളാണടോ. നമ്മുടെ മനസ്സിനെ നാം പഠിപ്പിച്ച് വെച്ച വെറും തോന്നലുകള്‍. ആ തോന്നലുകള്‍ നഷ്ടപ്പെടുമ്പോള്‍ ജീവിതം ശൂന്യമാവും. ഓര്‍മ്മകളും, ചിന്തകളും ലക്ഷ്യമില്ലാതെ ശൂന്യതയിലൂടെ ഒഴുകി നടക്കും. പറന്ന് ചിറക് തളരുമ്പോള്‍ പക്ഷികള്‍ മരച്ചില്ലകള്‍ക്ക് തിരയുമ്പോലെ ദു:ഖങ്ങള്‍ ഇറക്കി വെക്കാന്‍ ഒരു ഇടം തിരയും. ആര്‍ക്കും ആരെയും ഓര്‍ക്കാന്‍ സമയമുണ്ടാവില്ലടോ. കുറച്ച് ദിവസങ്ങള്‍ ഓര്‍ത്തെന്ന് വരാം. പിന്നീട് എല്ലാ ഓര്‍മകളും പതിയെ പതിയെ നശിച്ച്  ഭൂമിയിലെ മണ്ണുമായി അലിഞ്ഞ് ചേരും. ഉപയോഗമില്ലാത്ത സാധനങ്ങള്‍ ആരെങ്കിലും സൂക്ഷിക്കുമോ? അല്ലെങ്കിലും മുമ്പ് മധുരമുള്ള കായകള്‍ തന്നു എന്ന കാരണം കൊണ്ട് മരങ്ങള്‍ ഉണങ്ങുമ്പോള്‍ അതിനെ വെട്ടാതിരിക്കില്ലല്ലോ? അതിനെ വെട്ടി കത്തിച്ച് വെണ്ണീറാക്കി പുതിയ വൃക്ഷങ്ങള്‍ക്ക് ഇട്ട് കൊടുക്കുന്നത് നീ കണ്ടിട്ടില്ലേ? അത് ഒരു പ്രകൃതി നിയമമാണ് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.'

കുറച്ച് നേരം അയാള്‍ ഒന്നും മിണ്ടിയില്ല.

ഭീകരമായ നിശ്ശബ്ദത. പുറത്ത് മഴയുടെ ശക്തി ഒന്ന് കൂടി വര്‍ദ്ധിച്ചിട്ടുണ്ട്. 

'എന്തേ ഇംറാനിക്ക ഉറങ്ങാത്തത്?'

നിശ്ശബ്ദതയില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ ചോദിച്ചു. 

സാധരണയായി ആദ്യം ഉറങ്ങുക അദ്ദേഹമായിരുന്നു.

'ഉറക്കം വരുന്നില്ലെടോ'

വിദൂരതയില്‍ നോക്കി അയാള്‍ മറുപടി പറഞ്ഞു. അയാളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞുപോയിരിക്കുന്നു. ഏത് സമയത്തും പെയ്തിറങ്ങുന്ന മേഘങ്ങള്‍ പോലെ അയാളുടെ മുഖം കറുത്തു വന്നു. ഏതോ അഗാധമായ ചിന്ത അയാളെ 
വേട്ടയാടുന്നത് പോലെ തോന്നി.

'ശരിക്കും പറഞ്ഞാല്‍ ഉറക്കം മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. ഒന്ന് ഉറങ്ങുമ്പോഴല്ലേ നമ്മുക്ക് കുറച്ച് സമാധാനം ലഭിക്കുന്നത്. കുറച്ച് സമയമെങ്കിലും എല്ലാ സങ്കടങ്ങളും ദു:ഖങ്ങളും മറക്കാന്‍ കഴിയുന്നത് ഉറക്കത്തിലല്ലേ? ചില സമയങ്ങളില്‍ ഉറങ്ങുമ്പോള്‍ നാം ഇഷ്ടപ്പെടുന്നവര്‍ നമ്മുടെ അടുക്കല്‍ വരുന്നു. അങ്ങനെ ഉറക്കത്തിലെങ്കിലും നമുക്ക് സന്തോഷം ലഭിക്കുന്നു. ഉറക്കവും നഷ്ടപ്പെടുമ്പോളാണ് ആളുകള്‍ സമാധാനം കിട്ടാന്‍ വേണ്ടി  ഉറക്കെ ചിരിക്കുന്നത് അല്ലെങ്കില്‍ കരയുന്നത്, ചിലര്‍ സ്വയം സംസാരിച്ച് കൊണ്ടിരിക്കും, മറ്റ് ചിലര്‍ ഉറക്കെ പാട്ട് പാടും. അതിന് നമ്മള്‍ ഭ്രാന്ത് എന്ന് വിളിക്കുന്നു. ഇതിനൊന്നും കഴിയാത്തവര്‍  ഹൃദയം പൊട്ടി മരിക്കും. ഇതിന്റെയൊക്കെ അടിസ്ഥാന കാരണം ഒന്നായിരിക്കും. നമ്മെ ചേര്‍ത്ത് പിടിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ നമ്മെ ഒറ്റപ്പെടുത്തുകയും, കുറ്റപ്പെടുത്തുകയും ചെയ്യുമ്പോളുണ്ടാവുന്ന മാനസിക വിഷമ, ശരിയല്ലേ?'

ഞാന്‍ ഒന്നും മറുപടി പറഞ്ഞില്ല.. പൂര്‍ണ്ണമായും ശരിയാണെന്ന് എനിക്ക് തോന്നി.

അയാള്‍ കൈയിലുള്ള തോര്‍ത്ത് മുണ്ട് കൊണ്ട് കണ്ണുകള്‍ തുടച്ചു..

'ഇന്ന് എന്റെ മൂന്നാമത്തെ മകളുടെ കല്യാണമാ. അവള്‍ക്കിപ്പോള്‍ 20 വയസ്സായി.. ഞാന്‍ അവളെ അവസാനമായി കണ്ടത് അവളുടെ മൂന്നാമത്തെ വയസ്സിലാ'

അയാളുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒരു പേമാരി കണക്കെ പെയ്തിറങ്ങി. ഭീകരമായ നിശ്ശബ്ദതയില്‍ അയാളുടെ തേങ്ങലുകള്‍ ലയിച്ച് ചേര്‍ന്നു..

'ഒരു മകളെ പോലും  നിക്കാഹ് ചെയ്തു കൊടുക്കാന്‍ എനിക്ക് അവസരം ഉണ്ടായില്ല. ആരോ ചെയ്ത കുറ്റത്തിന് നീണ്ട വര്‍ഷങ്ങള്‍ ഈ തടവറയില്‍ കഴിച്ച് കൂട്ടി. എത്രയോ മരണങ്ങള്‍, എത്രയോ ജനനങ്ങള്‍, ഞാന്‍ അറിയാതെ പോയി.. ആര്‍ക്കറിയാം ഇപ്പോള്‍ ആരൊക്കെ ജീവിച്ചിരിപ്പുണ്ടെന്ന്'

കുറേ സമയം അയാള്‍ ഒന്നും മിണ്ടിയില്ല.

'എല്ലാം ശരിയാവും. നിങ്ങള്‍ വിഷമിക്കേണ്ട. എല്ലാ പ്രയാസങ്ങള്‍ക്കും ഒരു അന്ത്യമുണ്ടാവും'-ഞാന്‍ പതിഞ്ഞ സ്വരത്തില്‍ അയാളെ സമാധാനിപ്പിക്കാന്‍ വേണ്ടി പറഞ്ഞു.

ഇത് കേട്ടപാടെ അയാള്‍ ഒന്ന് തുറിച്ച് നോക്കി. പിന്നെ പെട്ടെന്നയാള്‍ ചിരിക്കാന്‍ തുടങ്ങി. ഉറക്കെ ഉറക്കെയുള്ള ചിരി. ജയില്‍ മുഴുവന്‍ കേള്‍ക്കത്തക്ക വിധത്തില്‍ ആ ചിരികള്‍ ഉയര്‍ന്നു.

'അതെ, ഉറക്കം നഷ്ടപ്പെടുമ്പോള്‍ ചിലര്‍ സമാധാനം കിട്ടാന്‍ വേണ്ടി ചിരിക്കും'

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത