സൗജ, മരിഹാ ശബ്‌നം എഴുതിയ കഥ

By Chilla Lit SpaceFirst Published Nov 1, 2021, 8:02 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  മരിഹാ ശബ്‌നം എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

നഗരത്തിലെ ആ വലിയ തെരുവ് തിരക്കിലേക്ക് മെല്ലെ ഇഴഞ്ഞ് നീങ്ങുന്നേയുളളൂ.

അവന്‍ ശാന്തമായ പ്രഭാതം ആസ്വദിക്കുകയാണ്. കടല്‍ത്തീരത്തു കൂടിയിങ്ങനെ നടക്കാന്‍ നല്ല രസമാണ്... ഇന്നും കാലില്‍ തണ്ടയണിഞ്ഞു മുടി പിന്നിക്കെട്ടിയ മനുഷ്യന്‍ തന്റെ ജോലി ചെയ്യുന്നുണ്ട്. കടല്‍ തീരത്തെ പ്ലാസ്റ്റിക് കവറുകള്‍ ധൃതിയില്‍ പെറുക്കി ചുമലിലെ വലിയ ചാക്കില്‍ നിക്ഷേപിക്കുകയാണ്. ഗൗണ്‍ പോലെ ഒരു നീളന്‍ കുപ്പായമാണ് വേഷം. പുറം തിരിഞ്ഞ് നില്‍ക്കുമ്പോള്‍ ഒരു സ്ത്രീയാണെന്നെ തോന്നൂ...

മനോഹരമായി പുഞ്ചിരിച്ച് ഒരു സേട്ടൂത്തി അവനെ കടന്നുപോയി. അവന്‍ ജോലിചെയ്യുന്ന കടമുതലാളി ഉത്തം സേട്ടിന്റെ ബന്ധുവാണ്.

എന്നും കാണാറുളള പൂക്കാരി അക്കയും അവനെ കൈ വീശിക്കാണിച്ച് പോയി.

കടല്‍ തീരത്തു നിന്നും അരകിലോമീറ്ററോളം അകലെ ഒരു പഴയ കെട്ടിടത്തിലായിരുന്നു അവന്റെ വാടകമുറി.
മുകളിലത്തെ നിലയിലെ ആ ഇടുങ്ങിയ റൂമിന്റെ ജാലകത്തിലൂടെ നോക്കിയാല്‍  തെരുവിലെ കാഴ്ചകള്‍ കാണാം. മൂന്നു വ്യത്യസ്ത മുഖങ്ങളാണാ തെരുവിനെന്ന് അവന് തോന്നി.
പ്രാര്‍ത്ഥനാനിര്‍ഭരമായ, മുല്ലപ്പൂവിന്റെയും ചന്ദനത്തിരിയുടേയും പരിമളം പരത്തുന്ന കൊങ്കിണികളും തമിഴത്തികളും ഗുജറാത്തികളും പുഞ്ചിരിച്ചും അടക്കം പറഞ്ഞും നടന്നുപോവുന്ന പ്രഭാതം.

ഉച്ചവെയില്‍നാളം ഏല്‍ക്കാന്‍ തുടങ്ങിയാല്‍ പതിയെ മുഖം മാറാന്‍ തുടങ്ങും. അവിടുത്തെ ആള്‍ക്കാര് പറയണപോലെ 'ആകെ ജഗപൊകയാവും'.

ചരക്ക് ലോറികളും ട്രോളികളും നിറയും നീല ഷര്‍ട്ടും ചുവന്ന തലയില്‍ കെട്ടും കെട്ടി ഒരു പറ്റം കഠിനധ്വാനികള്‍. ചിലര് ലോറിയില്‍ നിന്നും ചരക്ക് ട്രോളിയിലേക്കിടും. മറ്റു  ചിലര്‍ ട്രോളി വലിച്ച് ചരക്ക് കടയിലോ ഗോഡൗണിലോ എത്തിക്കുന്നു.

യാചകരും കൊണ്ട് നടന്ന് വില്‍പന നടത്തുന്നവരും ഇതിനിടയില്‍ അവരുടെ ജോലിയില്‍ ഏര്‍പ്പെടും.

'ശല്ല്യങ്കള്‍'-പിറുപിറുത്തു കൊണ്ട് സേട്ടു അവനെ നോക്കും.

'ബാലു ഇങ്ങണെ നോക്കി നിന്നാള്‍ കാര്യം നടക്കൂള..'

അയാളുടെ വായിലെ മുറുക്കാന്റെയും ജുബ്ബയിലെ പെര്‍ഫ്യൂമിന്റെയും മണം ലയിച്ചപ്രത്യേക സുഗന്ധം മൂക്കിലേക്കിരച്ചു കേറും.

അയാളുടെ സ്വര്‍ണ്ണ ഫ്രെയിമുളള കണ്ണടയും കഴുത്തിലെ തടിച്ച ചെയിനും സൂര്യപ്രകാശമേറ്റ് തിളങ്ങും. ഫോണില്‍ ഹിന്ദിയല്ലാത്ത ഭാഷയില്‍ സംസാരിച്ച് കുലുങ്ങിച്ചിരിക്കുമ്പോ പത്താം ക്‌ളാസിലെ ഇന്ദുലേഖ പുസ്തകത്തിലെ സൂരി നമ്പൂരിയെ ഓര്‍മ വരും.

നട്ടുച്ചനേരത്തെ കണക്കെഴുത്ത് ഒരു  വിധം അവസാനിപ്പിച്ച് അടുത്തുളള പെട്ടികടയിലെ അമ്മുക്കാക്കൊരു സല്യൂട്ടും  കൊടുത്ത് നല്ല സാമ്പാറും ചോറും അയല പൊരിച്ചതും കഴിക്കാന്‍ അടുത്തുളള റെസ്റ്ററണ്ടില്‍ പോയി തിരിച്ച് വരുമ്പോഴേക്കും ബഹളമൊന്നൊതുങ്ങും. ചൂടപ്പൊഴും തങ്ങി നില്‍പുണ്ടാവും.

'കടലട്ത്തായതോണ്ടാ ഇത്ര കുമ്മല്..'- കയ്യിലുളള വെളള തോര്‍ത്ത് കൊണ്ട് മുഖം തുടച്ച് അമ്മുക്കാ പറയും..

ഈയിടയായി വൈകുന്നേരങ്ങളില്‍ ഇടയ്‌ക്കൊക്കെ കടല്‍ തീരത്ത് പോയി ഇരിക്കാറുണ്ട്. അമ്മയെ ഓര്‍ക്കും. ജീവിതം എത്ര പെട്ടെന്നാണ് വഴി മാറി ഒഴുകിയത്. അമ്മ പറഞ്ഞു തരാറുള്ള കഥയിലെ മത്സ്യ കന്യക താമസിക്കുന്ന കടല് കാണുക എന്നത് സ്വപ്നമായിരുന്നു

'പാവം അമ്മ'

അവന്റെ കണ്ണ് നനഞ്ഞു. ആ നിമിഷം ഒന്ന് കാണാന്‍ മനസ് വെമ്പി.

അവന്‍ എണീറ്റു നടന്നു പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് ഞെക്കി. റേഞ്ചില്ല.

തനിക്ക് പോവാനുളള ഇടവഴിയിലെത്തി വീണ്ടും വിളിക്കാനൊരുങ്ങുമ്പോഴാണ് അത് കണ്ടത്.

ഒരു സ്ത്രീയും ഒരു ചെക്കനും പരസ്പരം അസഭ്യം പറയുന്നു. കേട്ടാലറയ്ക്കുന്ന തെറികളാണ്.

'രണ്ടും ലഹരിയിലാ'-ഒരു മദ്ധ്യവയസ്‌കന്‍ ചിരിച്ച് കൊണ്ട് പറഞ്ഞ് നടന്നുപോയി

'ചെകുത്താന്‍മാര്‍ക്കുണ്ടായവനേ നാശം പിടിച്ചുപോട്ടേ ..രണ്ടും...'- ആ സ്ത്രീ അവനെ കല്ലു വാരി എറിയാന്‍ തുടങ്ങി. ആ ചെക്കന്‍ ഓടുമ്പോഴും നിര്‍ത്താതെ എന്തൊക്കയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.

അവന്‍ കുറച്ച് മുന്‍പോട്ട് നടന്ന് ഒന്നു തിരിഞ്ഞു നോക്കി. ആ  സ്ത്രീ നിലത്ത് കിടന്നുരുണ്ട് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ആര്‍ത്തലച്ച് കരഞ്ഞ് എണീറ്റ് തന്റെ മാറ് പുറത്തേക്കിട്ട് പ്രഹരിക്കയാണ്.

അവന്‍  മുഖം തിരിച്ചു. ചുവന്ന സന്ധ്യയില്‍ ഇരുള്‍ പരക്കാന്‍ തുടങ്ങിയിരുന്നു.

വഴിതെറ്റിപ്പോയ മക്കളോടുളള അമര്‍ഷം നഗ്‌നമായ മാറിടത്തെ പ്രഹരിച്ച് തീര്‍ക്കുന്ന സ്ത്രീകളെക്കുറിച്ച് എവിടെയോ കേള്‍ക്കുകയോ വായിക്കുകയോ ചെയ്തതവന്‍ ഓര്‍ത്തു.

ഈ സ്ത്രീയെ അമ്മുക്കാന്റെ കടയി ഒന്നു രണ്ട് വട്ടം കണ്ടിട്ടുണ്ടല്ലോന്ന് പെട്ടന്നാണോര്‍ത്തത്. ഭവ്യതയോടെ കടയില്‍ നിന്നിറങ്ങി പോകുമായിരുന്നു.

അവന്‍ തന്റെ സ്ഥിരം തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ച് മുറിയിലെത്തിയപ്പോഴാണ് അമ്മയെ വീണ്ടും ഓര്‍ത്തത്, കുളിച്ച് കഴിഞ്ഞ് ഡ്രസ് മാറി ഫോണ്‍ എടുത്ത് വിളിച്ചു.

ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഒന്നു കൂടി ഓര്‍മിപ്പിച്ച് അമ്മ ഫോണ്‍ വെച്ചു. അവന്‍ ജനാലയ്ക്കരികില്‍ വന്ന് പുറത്തേക്ക് കണ്ണും നട്ട് നിന്നു.

ഇപ്പം തെരുവിന് വേറൊരു മുഖമാണെന്നവനോര്‍ത്തു. പതുങ്ങി പതുങ്ങി പോകുന്നുണ്ട് ചില മനുഷ്യര്‍. സ്ത്രീ വേഷം കെട്ടിയ ചിലര്‍. സ്വവര്‍ഗാനുരാഗികളായ മനുഷ്യന്‍മാര്‍ ഈതെരുവില്‍ ദൂരനാടുകളില്‍ നിന്ന് പോലും എത്താറുണ്ടത്രേ.

ഇടത് ഭാഗത്ത് തെരുവിന്റെ പ്രധാന വീഥിയിലേക്കുളള വളവാണ് അവിടെ ഇരുട്ടുമൂടിക്കിടക്കുന്ന കലുങ്കിലേക്ക് വെളിച്ചം വീശിക്കൊണ്ട് വാഹനങ്ങള്‍ കടന്നു പോവുമ്പോള്‍ ശബ്ദമുണ്ടാക്കി ഇരുട്ടിലേക്കോടി ഒളിക്കുന്ന പെരുച്ചാഴികളെ കാണാം.

കടലിന്റെ ഇരമ്പല്‍ കുറച്ച് കൂടി വ്യക്തമാവുന്നു. ഗസലിന്റെ ഈരടികള്‍ നേര്‍ത്ത ശബ്ദത്തില്‍ ഒഴുകി വരുന്നുണ്ട്.

നിലാവ്  പൊഴിച്ച് പുഞ്ചിരിച്ചു നിക്കുന്ന പൂര്‍ണചന്ദ്രനെ നോക്കി നില്‍ക്കേ, 'ഇനിയുമെത്ര ഞാന്‍ പാടണം നിന്റെ കണ്ണുകളില്‍ പ്രണയം നിറക്കാന്‍ സഖീ...'

മനോഹരമായ ഈണത്തില്‍ സ്വയം മറന്ന് അല്‍പ നേരം നിന്നു. ഗാനംനിലച്ചപ്പോള്‍  തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോഴാണാ കാഴ്ച കണ്ടത്. വിളക്കു കാലിനടിയില്‍  സിമന്റ്തറയില്‍ ആ സ്ത്രീ കാല്‍ നീട്ടിയിരിക്കുന്നു...അവരുടെ അരികില്‍ ആ ചെറുപ്പക്കാരന്‍!

അവനൊന്ന്കൂടി സൂക്ഷിച്ച് നോക്കി. അവര് തന്നെ. പരസ്പരം തല്ല് കൂടിയവര്‍ ഇത്ര പെട്ടെന്ന് ശാന്തരായോ..?

അവന് കൗതുകം തോന്നി.

പെട്ടെന്നൊരു ബൈക്ക് അവരുടെ  മുന്നില്‍ വന്നു നിന്നു. അവന്‍ എഴുന്നേറ്റതും ആ സ്ത്രീ അവനെ തൊടാനാഞ്ഞതും ഒന്നിച്ചായിരുന്നു. ഒന്നും മിണ്ടാതെ അവനാ ബൈക്കില്‍ കയറിപ്പോയി.


അവര് മാനത്തേക്ക് കണ്ണുംപായിച്ച് കുറച്ച് നേരം ഇരുന്നു..   എന്തൊക്കെയോ പിറുപിറുക്കുന്നപോലെ തോന്നി...പിന്നെ ചുരുണ്ടു കിടന്നു...

അവന്റെ മനസ് വല്ലാതെ അസ്വസ്ഥമായി അമ്മയെ ഒന്ന് കാണണം...നാളെ ശനിയാഴ്ചയല്ലെ നേരത്തെ കടയില്‍ നിന്നിറങ്ങിയാല്‍ നാലുമണിക്ക് പാലക്കാട്ടേക്ക്  ട്രെയിനുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചേ തിരിക്കാം.

ഓരോന്നും ചിന്തിച്ചങ്ങനെ എപ്പൊഴോ ഉറങ്ങി.

പ്രാതല് കഴിച്ച് കടയിലേക്ക് തിരിയുമ്പോഴാണ് ആ സ്ത്രീയെ കാണുന്നത്. കോര്‍പറേഷന്‍ പൈപ്പിന്‍ ചുവട്ടില്‍ ഇട്ടിരുന്ന വസ്ത്രം പൊക്കിപ്പിടിച്ച്  കഴുകിക്കൊണ്ടിരിക്കയായിരുന്നു.

'വൃത്തികെട്ട സ്ത്രീ'-അവന്‍ അറപ്പോടെ മുഖം തിരിച്ച് നടന്നു.

'എടീ ..സൗജേ...ഉളുപ്പില്ലാത്തോളെ...നാട്ടുകാരെ വഴി നടത്തൂലേ ഇയ്യ്'-അമ്മൂക്കാന്റെ അപ്പുറത്തെ കടയിലെ ടൈലര്‍ ദിവാകരേട്ടനാണ്.

'പ്ഫ! നായിന്റെ മോനെ...നീയൊക്കെ രാത്രി അടയിരുന്ന് രാവിലെ വിരിയ്ണതല്ലെടാ ഈ ഉളുപ്പ്! നീയും അവനുമൊക്കെ പിശാചിന്റെ മക്കളാ'-ശാപവാക്കുകള്‍ തുടര്‍ന്ന്  കൊണ്ടിരുന്നു.

'നിര്‍ത്ത് സൗജേ...പോ'-  അമ്മുക്കാന്റെ  കനത്ത സ്വരം ചെവികൊണ്ട പോലെ അവള്  വസ്ത്രം താഴ്ത്തി നടന്നു.

'ഈ സ്ത്രീ  എന്താ ഇങ്ങനെ...?'

ജീവിക്കാന്‍ പറ്റാതാവുമ്പോ ആര്‍ക്കുംതോന്നും ഭ്രാന്ത്'-അമ്മുക്കാ പെട്ടിക്കടയിലെ സാധനങ്ങള്‍ അടക്കി ഒതുക്കി വെച്ച് കൊണ്ട് പറഞ്ഞു.

'ന്റെ  മൂത്ത മോള്‍ടെ പ്രായേ  ഈ സൗജക്കുളളൂ. നല്ല  മൊഞ്ചത്തി കുട്ട്യേനി പാവം. ഓള്‍ടെ ഉമ്മാക്ക്  ഖുദാം  അടിച്ച് വാരലായിരുന്നു പണി. അടിച്ച് വാരിക്കിട്ട്ണ അരി ചേറിപ്പെര്‍ക്കി ആഴ്ചയില് ചേരിയിലുളള വീട്കളീല് കൊണ്ടു പോയി വിറ്റായിര്ന്ന് ജീവിതം കയ്ഞ്ഞീനത്. ഒരു ദിവസം അടിച്ചു വാരാന്‍ പോയ അവര് നിലത്ത് മരിച്ച് കിടക്കണ്താണ് കണ്ടത്. കൊന്നതാണെന്നും ചാക്കിന്റെ  അട്ടി മറിഞ്ഞതാണെന്നും പറയുന്നു.'

'ഒന്നു രണ്ടീസം കഴിഞ്ഞപ്പം പെണ്ണിനേം കാണാതായി. ചരക്കുമായി വര്ണ ഒരു ലോറിക്കാരന്ണ്ടായിര്ന്ന് അസീസ് ഓന്റകൂടെപ്പോയീന്നും അല്ല ഓന്‍ തട്ടിക്കൊണ്ടോയതാണെന്നും പറയണ്ട്..'

'ആരന്റമ്മക്ക് പ്രാന്ത് വന്നാ കാണാന്‍ നല്ല ചേല്! ജനത്തിനത്രേ ഉളളൂ. പിന്നെ കുറേ കാലം കയിഞ്ഞപ്പം...ഒരു പത്ത് കൊല്ലൊക്കെ കഴിഞ്ഞ് കാണണം, ആ ചെക്കന്റെ  കയ്യും പിടിച്ച് ഇവിടെ വന്ന് കൂട്യേതാ. ആ പെണ്ണ് ഒരു പാട് നോക്ക്യേതാ ജീവിക്കാന്‍. സമ്മതിച്ചില്ല കാമപ്രാന്തന്‍മാര്. ആ ചെക്കനും വെടക്കായി.  

'ആളും തുണയിമില്ലാത്തവരും ചാവാലിപ്പട്ടികളും ഒരു പോലെത്തന്നെ'-അവന്‍ ഒരു നെടുവീര്‍പ്പോടെ ഓര്‍ത്തു

'ഏത് മനുഷ്യനോടും വഴക്കു കൂടുമ്പോഴും അസഭ്യം പറയുമ്പോഴുംസൗജ ആദ്യം പ്രാകുന്നത് അയാളെ യാണത്രെ, അസീസിനെ.

ഇന്ന് ഉച്ചക്ക് ശേഷം നാട്ടില്‍ പോണമെന്നു പറഞ്ഞ് 'ഇത് ശെരിയാവില്ലെ'ന്ന സേട്ടിന്റെ ഭാവത്തിന് മുഖം കൊടുക്കാതെ അവന്‍ കണക്കെഴുത്ത് തുടര്‍ന്നു.

ഉച്ചഭക്ഷണം കഴിഞ്ഞ് ഒരു ഓട്ടോ പിടിച്ച് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിനായിക്കാത്തിരിക്കുമ്പോ അവനു സന്തോഷം തോന്നി. ഒറ്റക്കുളള യാത്രകളൊക്കെ അവന് പരിചിതമായിരിക്കുന്നൂ.

നാട്ടിലെത്തിയപ്പം നേരം വളരെയായി...ട്രെയിനിന്ന് വിളിച്ച് പറഞ്ഞതോണ്ട് അമ്മ ഭക്ഷണം വിളമ്പി കാത്തിരിക്കുന്നുണ്ടാവും. പടിക്കല്‍ നിന്ന് തന്നെ അമ്മയെ കാണുന്നുണ്ടായിരുന്നു.

അവന്‍  ഒരു കൊച്ചു കുട്ടിയെപ്പോലെ  തോളില്‍ കൈ ഇട്ട് അകത്തേക്ക് നടന്നു.

നാട്ടില്‍ നിന്ന് മാറി നിക്കുമ്പോഴാണ് എത്ര പ്രിയപ്പെട്ടതാണ് അവിടം...എന്തിന് ചില മണങ്ങള്‍ പോലും എന്ന് തോന്നിപ്പോവുക.

തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ പുറപ്പെട്ടു. ഓട്ടോ ഇറങ്ങുമ്പോ നേരം വൈകിയതിനാല്‍ നേരെ കടയിലേക്ക് നടന്നു. സിമന്റ് തറയില്‍ കൂനിക്കൂടിയിരിക്കുന്ന സൗജയെ അപ്പോഴാണ് ശ്രദ്ധിച്ചത്. തന്റെ നേരെയാണ് നോട്ടമെന്ന് തോന്നിയപ്പോള്‍ ഒന്ന് പുഞ്ചിരിച്ചു...

കുറച്ച് കൂടി  അടുത്തെത്തിയപ്പോഴാണ് മനസ്സിലായത് ഏന്തോ ചിന്തയില്‍ സ്വയം മറന്നിരിക്കയാണെന്ന്. അവനവരെ സൂക്ഷിച്ച് ഒന്നു നോക്കി. പോയ കാലത്തെ പ്രതാപത്തിന്റെ ഒരംശം പോലും ആ ശരീരത്തില്‍ കണ്ടില്ല. തടിച്ചു വീര്‍ത്ത ചുണ്ടുകള്‍ വിണ്ടു കീറിയിരിക്കുന്നു. നീണ്ട നഖത്തിനുളളില്‍ അഴുക്ക് കെട്ടി കിടക്കുന്നു. മുഷിഞ്ഞ നൈറ്റിക്ക് ചുറ്റും ഈച്ചയാര്‍ക്കുന്നതവരറിയുന്നേ ഇല്ല.

അവനാകപ്പാടെ ഒരറപ്പ് തോന്നി


കണ്ണുകള്‍ക്കെന്തോ ഒരു തിളക്കം. കൗതുകം തോന്നി. രണ്ടു തുളളി കണ്ണു നീര്‍ കവിളിലൂടൊലിച്ചിറങ്ങുന്നു.

സമയം പോവുന്നു.അവന്‍ കടയെ ലക്ഷ്യമാക്കി ധൃതിയില്‍ നടന്നു.  സേട്ടുവിന്റെ മുഖത്തെ ഗൗരവം നേരത്തേ പ്രതീക്ഷിച്ചതാണ്. ചെറുകിട കച്ചവടക്കാര്‍ അരിയും മറ്റ് ധാന്യങ്ങളും മൊത്ത വിലക്ക് വാങ്ങുന്ന കടയായതിനാല്‍ ഇന്ന് തിരക്ക് കൂടും.

അമ്മുക്കാന്റെ കടയുടെ ചുറ്റും പതിവില്ലാത്ത ആളുകളും സംസാരവും കേള്‍കുന്നുണ്ട്.

'ഇന്നലെത്തന്നെ കോര്‍പറേഷന്‍ വണ്ടി വന്ന് കൊണ്ടോയിന്നാ കേട്ടത്. പോസ്റ്റ്‌മോര്‍ട്ടവും മറവ് ചെയ്യലുമൊക്കെ അവര് തന്നെയായിരിക്കും..'

സേട്ടു പുറത്തേക്ക് പോയ തക്കത്തിന് അമ്മുക്കാന്റടുത്ത് ചെന്ന്‌ചോദിച്ചു.

'എന്തു പറ്റി അമ്മുക്കാ'

'ആ ചെക്കന്‍ മരിച്ചു...ആ സൗജന്റെ മോന്‍. പാവം ഇന്നലെ രാവിലെ ആ ചേരിക്കടുത്തുളള കുറ്റിക്കാട്ടില്‍ മരിച്ചു കെടക്ക്ണ്. ഇന്നലെ ഇവിടെ നല്ല കഥായിരുന്നു. ഓള് കരഞ്ഞ് കരഞ്ഞ്..പാവം...'

അവന്റെ ഉളളില്‍ നിന്ന് മകനെ തലോടാനുയര്‍ത്തിയ ആ മുഷിഞ്ഞ കൈകള്‍ ചോദ്യ ചിഹ്നം പോലെ വായുവിലെന്തോ തിരഞ്ഞു.

കച്ചവടക്കാരും ചരക്കു വണ്ടികളും ബഹളമയമാക്കിയ ആ തെരുവ് വിനിമയങ്ങളുടെ ലാഭനഷ്ടങ്ങളില്‍ മാത്രം വ്യാപൃതമായിരുന്നു. ചിലപ്പോഴൊക്കെ  അവന്റെ കണക്കുകള്‍ തെറ്റുന്നത്  സേട്ടിന് നീരസമുണ്ടാക്കി.

അന്ന് വൈകീട്ട് അവന്‍ കടല്‍ തീരത്ത്  പല ചിന്തകളിലും മുഴുകി നേരം പോയതറിയാതെ ഇരുന്നു.

വളരെ വൈകിയത് കൊണ്ട് തട്ടുകട പൂട്ടിക്കാണുമെന്ന അനുമാനത്തില്‍ വേറൊരു റസ്റ്റോറണ്ടില്‍ കയറിക്കഴിച്ച് വേഗം നടന്നു. ഇടവഴിയിലൂടെ തെരുവ് ലക്ഷ്യമാക്കി നടന്നു. ഇരുട്ട് മൂടിക്കഴിഞ്ഞാല്‍ മുഖംമൂടി അഴിച്ചു വെച്ച മനുഷ്യന്‍മാരുടെ സഞ്ചാരപാതയാണവിടം. അവന്റെയുളളില്‍ ഏന്തോ ഒരു  ഭയം പ്രവേശിച്ചു.നടത്തത്തിന് വേഗതകൂട്ടി.റ

ആ സിമന്റ് തറയില്‍ ആ സ്ത്രീ ഇപ്പൊഴും കൂനിക്കൂടി ഇരിപ്പുണ്ട്. മടിയില്‍ വെച്ച ഭാണ്ഡത്തിന്റെ മുകളില്‍ തല ചായ്ച്ച്. അവര് വിറക്കുന്നുണ്ടായിരുന്നു.

'നിങ്ങള് വല്ലതും കഴിച്ചോ'

'ഇല്ല'


ഒരു ഞെരക്കം പോലെ കേട്ടു.

'ഞാന്‍ വല്ലതും വാങ്ങി വരാം..'-അവന്‍ തിരിഞ്ഞു നടന്നു...

ഒരു പൊതി ബിരിയാണിയും ഒരു കുപ്പി മിനറല്‍ വാട്ടറും അവരുടെ മുന്‍പില്‍ കൊണ്ട് വെച്ചവന്‍ അലിവോടെ പറഞ്ഞു-'കഴിച്ചോ'

അവര് ഭാണ്ഡത്തില്‍ നിന്നും തലയുയര്‍ത്തി വിറയലോടെ പറഞ്ഞു.

'വേഗം പൊയ്‌ക്കോ കഴുകമ്മാരിപ്പം വരും. ഓര് മൂങ്ങയെപ്പോലെ തുറിച്ച് നോക്കും. പാമ്പിനെപ്പോലെ ഇഴഞ്ഞാ വെരാ...ജന്തുക്കള്! വേഗം പൊയ്‌ക്കോ....ന്റെ മോനെ ഓര് കൊന്നൂ'

ദൈന്യത നിറഞ്ഞ ഏങ്ങല്‍ കേള്‍ക്കാന്‍ വയ്യാതെ അവന്‍ തിരിഞ്ഞ് നടന്നു. ചില ജന്മങ്ങള്‍ വെറും പരിഹാസ്യരായി ജീവിച്ചു തീരുന്നു. അല്ലെങ്കില്‍ അങ്ങനെയാക്കി ത്തീര്‍ക്കുന്നു..ക്രൂരന്മാര്‍!

സ്വയം വെറുത്തും പ്രാകിയും ദിനരാത്രങ്ങള്‍ ചിരിക്കാതെ തളളി നീക്കുമ്പോഴും ഉളളിലെവിടെയോ ഒരു നേരിയ താരാട്ടുപാട്ട് ഇടയ്‌ക്കെപ്പൊഴെങ്കിലും മകന്റെ മുഖം ചേര്‍ത്ത് വെച്ച് മനസില്‍ മൂളിയിരിക്കാം...അവനെ വളര്‍ത്തി വലുതാക്കി  അവന്‍ വിരിക്കുന്ന തണലിന്റെ തണുപ്പിലുറങ്ങാന്‍ മോഹിച്ചിരിക്കാം.  എവിടെയൊക്കെയോ പിഴച്ച്  പോയപ്പോള്‍ സ്വയം പിറുപിറുത്ത് ലോകത്തോട് പുറം തിരിഞ്ഞ് നിക്കുമ്പോഴും പേറ്റു നോവിന്റെ ബാക്കിപത്രമായ അവനോടുളള  വാല്‍സല്യത്തിന്റെ കുഞ്ഞു കുമിളകള്‍ അവളില്‍ അവശേഷിച്ചിരുന്നു.

നഷ്ടമായത് തുടിച്ചുകൊണ്ടിരുന്ന ജീവിതത്തിന്റെ തുടിപ്പു തന്നെയായിരുന്നു. അവന്റെ വഴിവിട്ട ജീവിതത്തിന് മാതൃകയായത് സ്വന്തം മാതാവ് തന്നെ എന്ന വേദനിക്കുന്ന സത്യം അവനെ നിയന്ത്രിക്കാന്‍ അവളെ  കെല്‍പ്പില്ലാതാക്കി. പരസ്പരം അങ്കം വെട്ടി തളരുമ്പോള്‍ രണ്ട് പേരും പരാജിതരായി മുഖത്തോട് മുഖം നോക്കാതെ ആശ്വസിപ്പിക്കാനോ ഉപദേശിക്കാനോ പറ്റാതെ മുഖം കുനിച്ചിരുന്നു.

അന്ന് രാത്രി  ബാലു  ആ ജാലകം തുറന്നില്ല. രാത്രിയുടെ അന്ത്യത്തിലെപ്പൊഴോ മയങ്ങി.

തുറന്നു വെച്ച ബിരിയാണിപ്പൊതിയിയില്‍ മുഖംപൊത്തി സൗജ  ഉറങ്ങി. .ഒരു ചാവാലിപ്പട്ടി കിതച്ച് കൊണ്ട് അവരെത്തന്നെ നോക്കി നിന്നു. പിന്നെ മണംപിടിക്കാന്‍ തുടങ്ങി.

click me!