Malayalam Short Story : എസ്‌കേപ് ക്യാബിന്‍, മോഹന്‍ ബാബു എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Dec 31, 2021, 4:01 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് മോഹന്‍ ബാബു എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

റെയില്‍പാളത്തിനോട് ചേര്‍ന്നുള്ള എസ്‌കേപ് ക്യാബിന്റെ ഇരുമ്പഴിക്കുള്ളിലെ  നനവുള്ള മണ്ണിലാണ്  ചെമ്പന്‍  കിടന്നത്.

ജന്മവും കര്‍മ്മവുംകൊണ്ട് അവനൊരു  നായ മാത്രമായിരുന്നെങ്കിലും ആ  മനസ്സില്‍ അണയാത്തൊരു  തീനാളം ജ്വലിച്ചുനിന്നു. കൊടുങ്കാറ്റിനോ പേമാരിക്കോ  പോലും അണക്കാന്‍  കഴിയാത്ത, സ്‌നേഹമെന്ന    വികാരം  ആ  മനസ്സിന്റെ വിശാലതയെ ഹരിതാഭമാക്കി.  നന്ദിയുടെ ഭാവം  അവനൊരു വൈകാരിക പ്രകടനം  മാത്രമായിരുന്നില്ല, മറിച്ച് അതൊരു  സംരക്ഷണ കവചംപോലെ  വിടര്‍ന്ന്  ജൈവസങ്കല്‍പനങ്ങളെപ്പോലും മാറ്റിമറിച്ച  ആകാശക്കുടയായി വിടര്‍ന്നുനിന്നു. അവനിലെ ആ ജ്വാല  അണയുക  അവന്റെ മരണത്തിനൊപ്പം മാത്രമായിരിക്കും. അത്തരത്തിലൊരു മന:സംഘര്‍ഷത്തിന്റെ നേരത്താണ് അവന്‍ ഈ ക്യാബിനിലേക്ക്  ഓടിയെത്തിയത്. മഴ പെയ്തുതോര്‍ന്ന സന്ധ്യയുടെ നനവില്‍ ഏതൊരു അഭയാര്‍ത്ഥിയും തേടുന്ന സാന്ത്വനത്തിനായി അവന്‍  കാത്തുകിടന്നു. 

അപ്പോള്‍ ആകാശത്ത് മേഘങ്ങളാല്‍ നിവര്‍ത്തപ്പെട്ട തിരശ്ശീലയുടെ ചുളിവുകളിലേക്ക് കടലിന്റെ ചീര്‍ത്തുനിന്നൊരു മുഖക്കുരു പൊട്ടിയൊഴുകി. മഞ്ഞകലര്‍ന്ന ചുവപ്പുകൊണ്ട് അവിടം നിറഞ്ഞു. ആ നിറം  അവന്റെ കണ്ണുകളിലെ നിറഞ്ഞുനിന്ന ആകാംക്ഷയുടെ ആഴങ്ങളിലേക്കിറങ്ങി അതിന്റെ പൂര്‍ണതയെ  അടയാളപ്പെടുത്തി. ചതുപ്പുനിലങ്ങളില്‍ ഉയര്‍ത്തിക്കെട്ടിയ തിട്ടയിലൂടെ പാളത്തിന്റെ ഇടത്തേയ്ക്കുള്ള   തിരിവിലേക്ക് അവന്റെ പതറാത്ത നോട്ടം ഉന്നം വെച്ചത് ആ വളവും തിരിഞ്ഞ് എപ്പോള്‍ വേണമെങ്കിലും കടന്നുവരാന്‍ സാധ്യതയുള്ള സ്വന്തം കളിക്കൂട്ടുകാരനെ മാത്രമായിരുന്നു. 

ആ സമയങ്ങളില്‍ ട്രെയിനുകളൊന്നും ആ പാളത്തിലൂടെ കടന്നുവരാതിരിക്കാന്‍ അവന്റെ മനസ്സ് കൊതിച്ചു. അങ്ങിനെ സംഭവിച്ചാല്‍ നവീനെ സംബന്ധിച്ച് അതവന്റെ അവസാനമായിരിക്കുമെന്ന് ചെമ്പനറിയാം. റെയില്‍ പാളത്തിന്റെ ആ  വളവ് ആത്മഹത്യക്ക് ഉചിതമെന്നും അതിനാലാണ് പല പടുമരണങ്ങളും ഇവിടെ സംഭവിക്കുന്നതെന്നുമുള്ള ബോധ്യം ചെമ്പന്റെ  മനസ്സിനെയും വല്ലാതെ അലട്ടുന്നുണ്ട്.  നവീനില്‍ തുടിക്കുന്ന ജീവനാണ്  തന്റെ ജീവിതകാമനകള്‍ക്ക് നീന്തിത്തുടിക്കാനുള്ള കടലെന്നും അവന് അറിയാം.  അതിജീവനത്തിനായുള്ള നെട്ടോട്ടത്തില്‍ അമ്പേ പരാജയപ്പെടുന്നവന്റെ അവസാന താവളം  വിമോചനത്തിന്റെ തീരങ്ങളിലേക്കുള്ള ആകസ്മികമായ കുതിപ്പ് ആയിരിക്കും. അതിനു ജന്മംകൊണ്ടുതന്നെ ഉള്‍ക്കരുത്തും ഉണ്ടായിരിക്കണം. അങ്ങിനെയുള്ളവന്‍ അതിനുള്ള  തയ്യാറെടുപ്പും പിന്നീടുള്ള  പൂര്‍ത്തീകരണവും കാര്യശേഷിയോടെ ചെയ്തിരിക്കും. നവീനെയും അത്തരം കള്ളിയില്‍ ഉള്‍പെടുത്താന്‍ പറ്റിയവന്‍ തന്നെ എന്ന് ചെമ്പന് അറിയാമായിരുന്നു. ചെറുപ്രായമെങ്കിലും എന്തിനോടുമുള്ള നവീനിന്റെ  സമീപനവും  വളരെ കരുതലോടെ  ആണെന്നും അതുകൊണ്ടുതന്നെ സ്വന്തം തീരുമാനത്തില്‍ നിന്നും പിന്നാക്കം മാറാനുള്ള സാധ്യത ഇല്ല എന്നറിഞ്ഞിട്ടും  ചെമ്പന്‍ ഒരു പിടിവള്ളി  തിരയുന്നുണ്ടായിരുന്നു.

തന്റെ കാത്തിരിപ്പിന്റെ  ഇടവേള നീളുകയും അതിനിടയില്‍  രണ്ടു തീവണ്ടികള്‍ ആ പാളത്തിലൂടെ ചൂളംവിളിച്ച് വളവുതിരിഞ്ഞ് പോവുകയും ചെയ്തു. സന്ധ്യയുടെ ചുവപ്പ് കൂടുതല്‍ മങ്ങിയപ്പോള്‍ ഇരുട്ട് അവിടേക്കുവന്ന്  വയലിലേക്ക് ചരിഞ്ഞുകിടക്കുന്ന ചിറയുടെ  വളര്‍ന്നുനില്‍ക്കുന്ന കുറ്റിക്കാടുകളിലേക്ക് ഒഴുകി നിറഞ്ഞതും പൊടുന്നനെ.  ഇരുട്ടിന്റെ ആഘോഷം പോലെ മിന്നാമിനുങ്ങുകള്‍ തുള്ളിക്കളിച്ചും തവളകളുടെ പോക്രോം പോക്രോം വിളികള്‍ കൊണ്ടുനിറച്ചും  അവിടം ഭൂമിയിലെ അപരിചിതവും  അജ്ഞാതവും ആയൊരു ദ്വീപായി മാറി. അവിടെ മരവിച്ചു കിടന്ന ഏകാന്തതയില്‍ കപ്പല്‍ച്ചേതത്തില്‍ നിന്നും രക്ഷപെട്ട് കരക്കടിഞ്ഞ ഏകാകിയയൊരു നാവികനെ പോലെ ആയിരുന്നു ചെമ്പന്‍. കാത്തിരിപ്പ് നീളുമ്പോള്‍  നിലയില്ലാക്കയത്തിലെ ആശ്രയം നഷ്ടപ്പെടുന്നവന്റെ ഭീതി ആര്‍ക്കും ഉണ്ടാകാം. പക്ഷെ ചെമ്പന്റെ  ലക്ഷ്യബോധം അവന്റെ മനസ്സില്‍നിന്നും  അത്തരം വികാരങ്ങളെ അകറ്റിനിര്‍ത്തി. അവന്‍ ഉറങ്ങുകയോ അവിടെ നിന്നും ഒളിച്ചോടുകയോ ചെയ്തില്ല. എങ്കിലും  വിഷാദമെന്നു വിളിക്കാന്‍ കഴിയുന്നൊരു  വികാരം അവന്റെ മനസ്സിലും  തലപൊക്കി. അതിന്റെ  കാരണം നവീന്‍ ആയിരുന്നു. ഇനിയും അവനെ കണ്ടില്ലല്ലോ എന്ന ഉത്കണ്ഠയില്‍ നിന്നായിരുന്നു.

കാത്തിരിപ്പിന്റെ ഈ ഇടവേളയിലാണ്  ചെമ്പന്റെ മനസ്സിലേക്ക് ഓര്‍മ്മകള്‍ ഒച്ചിനെപ്പോലെ ഇഴയാന്‍ തുടങ്ങിയത്. നവീനൊപ്പമുള്ള തന്റെ ജീവിതത്തിന്റെ പുനര്‍വായനയിലേക്ക്  ആ  വഴിത്താര നീണ്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ദൃശ്യത്തിലേക്കാണ്  ഇപ്പോള്‍ അവന്‍ നോക്കി നില്‍ക്കുന്നത്. പല നാളുകളുടെ വേദനയും അവഗണനയും സഹിച്ചും പാതിജീവന്‍ പോയിട്ടും ഞരങ്ങിയും മൂളിയും കിടക്കുന്നൊരു പട്ടിക്കുട്ടിക്കുനേരെ രണ്ടു കൈകള്‍ നീണ്ടുവരുന്നു. കോരിയെടുത്ത് നെഞ്ചോട് ചേര്‍ക്കുമ്പോള്‍ ആ മുഖത്തേക്ക് നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഏതോ പൂര്‍വ്വജന്മ സൗഹൃദംപോലെ  സ്‌നേഹത്തിന്റെ നക്ഷത്രഗീതം പൊഴിയുന്ന  തിളങ്ങുന്ന കണ്ണുകളുള്ളൊരു കുട്ടി. അത് നവീനായിരുന്നു. ഒടിഞ്ഞ കാലിന്റെ വേദനയും മറന്നവന്‍ നവീനിന്റെ നെഞ്ചിലെ ഇളംചൂടിലേക്ക് തല പൂഴ്ത്തി.

ഇളംചൂടുള്ള വെള്ളത്തില്‍ പീളയടിഞ്ഞ കണ്ണുകളും ദേഹത്ത് പറ്റിപ്പിടിച്ചിരുന്ന അഴുക്കുചാലില്‍ നിന്നുള്ള   ചെളിയും കഴുകി മാറ്റി. ഉണങ്ങിയ ടവല്‍ കൊണ്ടുതുടച്ചപ്പോള്‍  ആ പട്ടിക്കുട്ടി  വൃത്തിയും വെടിപ്പും ഉള്ളവനായി. വിശപ്പ് തീരുവോളം ആഹാരം കഴിച്ചു.  ഒടിവും ചതവും മുറിവും  മാറ്റിയെടുത്തു. തലയില്‍ ഇരുവശത്തേക്കും വളരുന്ന തവിട്ടു നിറമുള്ള കുറ്റിമുടിയില്‍ വിരലുകള്‍കൊണ്ട് തഴുകുമ്പോള്‍  സ്‌നേഹം മാത്രം നിറഞ്ഞ ശബ്ദത്തില്‍ ചെമ്പന്‍ എന്നാണ് നവീന്‍ അവനെ  വിളിച്ചത്. അവന്റെ ഓരോ വാക്കിനും ചെമ്പന്‍ ചെവി കൂര്‍പ്പിച്ചു. അവര്‍ക്കിടയിലേക്ക് നിരന്തരം കടന്നുവന്ന  എതിര്‍പ്പുകളെ  നവീന്‍ മറികടന്നതാണ് ഏറ്റവും  വേദന നിറഞ്ഞത്. അതോര്‍ക്കുമ്പോള്‍ ചെമ്പന്റെ ഉള്ള് ഇപ്പോഴും പിടയും.  അപ്പോള്‍ മനസ്സ് കലുഷമാകും, കോപം കൊണ്ട് കണ്ണുകള്‍ അഗ്‌നിഗോളങ്ങളെ പോലെ ജ്വലിക്കും.

പാരമ്പര്യമായി വന്നുഭവിക്കുന്ന അഭിമാനവും അന്തസ്സും എന്ന മിഥ്യകളില്‍ ജീവിതം പടുത്തുയര്‍ത്തിയ മാധവക്കുറുപ്പ് എന്ന നവീനിന്റെ അച്ഛനില്‍ നിന്നായിരുന്നു എല്ലാ എതിര്‍പ്പുകളും. അടുത്തൊരു സ്‌കൂളിലെ മലയാളം വാദ്ധ്യാര്‍. അക്ഷരശ്ലോക പണ്ഡിതന്‍. അമ്പലക്കമ്മറ്റി പ്രസിഡണ്ട്. പോരെങ്കില്‍ അറിയപ്പെടുന്ന   സമുദായ നേതാവും. തേച്ചുമടക്കി തോളില്‍ തൂക്കിയ കസവുനേര്യതുപോലെ ഇസ്തിരിയിട്ട  ആ മനസ്സിന്റെ ചില്ലുകൂട്ടില്‍ പഴയൊരു  യാഥാസ്ഥിതികന്‍ തന്റെ വിശ്വാസങ്ങള്‍ക്കുമേല്‍ അടയിരിക്കുന്നു. കൈത്തണ്ടയില്‍ കെട്ടിയ വര്‍ണ്ണച്ചരടും നെറ്റിയിലെ ഒരിക്കലും മായാത്ത കുറിയും  അതിന്റെ  അടയാളമായിരുന്നു. തീണ്ടല്‍ ജാതികളോട്  ഇന്നും അയാള്‍ മനസ്സുകൊണ്ട് അയിത്തം പാലിച്ചു.

തന്റെ പറമ്പിന്റെ അതിരിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍  താമസിച്ചിരുന്ന റഹിം ഒരു പ്രൊഫസര്‍ ആയിരുന്നിട്ടുപോലും മാധവക്കുറുപ്പിന്  അയാളെ  വെറുപ്പായിരുന്നു.  കാരണം ആ പേരുതന്നെ. 1992 ഡിസംബര്‍ 6 -നു ശേഷം വന്ന എല്ലാ ഡിസംബര്‍ 6-കളിലും  അയാള്‍ തന്റെ ഉടുപ്പിന്റെ പോക്കറ്റിനുമുകളിലായി ഒരു കറുത്ത ബാഡ്ജ് ചേര്‍ത്തുവെക്കുമായിരുന്നു.  അതിനെതിരെ  കുറുപ്പ് പലതവണ എതിര്‍പ്പുമായെത്തി. റഹിം കുറുപ്പിനെ എന്നല്ല ആരേയും ഭയന്നില്ല. തന്റെ അവകാശത്തിന്റെ തെളിവായും ബോധ്യത്തിന്റെ പ്രഘോഷണമായും  ആ കറുത്ത ബാഡ്ജിനെ അയാള്‍ കണ്ടു.  ആ വേഷത്തിലാണ്  റഹിം ആ ദിവസങ്ങളില്‍  പഠിപ്പിക്കാന്‍  കോളേജില്‍ പോകുക. കുട്ടികള്‍ക്കൊപ്പം  കണക്കിന്റെ ഒരിക്കലും അഴിയാത്ത  കുരുക്കുകളുമായി അയാളും അവര്‍ക്കൊപ്പം ആ  കടല്‍ദൂരങ്ങള്‍ നീന്തും.

എവിടെപ്പോയാലും എപ്പോഴും സംഘര്‍ഷം നിറഞ്ഞ നാളുകളായിരുന്നു ചെമ്പനെ കാത്തിരുന്നത്.  അവന്റെ പുറത്തും ചെകിടുകളിലും മര്‍ദ്ദനത്തിന്റെ പാടുകള്‍ ഒരിക്കലും ഒഴിയുമായിരുന്നില്ല. പല തവണ ദൂരെദേശങ്ങളിലേക്ക് അവന്‍   നാടുകടത്തപ്പെട്ടു. വെറുപ്പിന്റെ വിഷം കലര്‍ത്തിയ ആഹാരം അവന്റെ മുന്നിലേക്ക്  പലതവണ നീക്കിവെച്ചു. അപ്പോഴെല്ലാം നവീനിന്റെ  കരുതലും ഇടപെടലും  കൊണ്ടുമാത്രമാണ് അവന്‍ രക്ഷപ്പെട്ടത്. ആ മാറിന്റ ചൂടിലേക്ക് ചെമ്പന്‍  തന്റെ കൈകള്‍ വീണ്ടും ചേര്‍ത്തു നിര്‍ത്തി. നവീന്‍ കഴിയുന്നത്ര തന്റെ യാത്രകളിലും കളികളിലും അവനെയും  ഒപ്പംചേര്‍ത്തു. സ്വന്തം ജീവിതംകൊണ്ടവര്‍  പരസ്പരപൂരകങ്ങളായി. ആ ഓര്‍മയില്‍ ആയിരിക്കാം  ചെമ്പന്റെ കണ്ണുകള്‍ നിറഞ്ഞതും ആ മണ്ണിന്റെ മാറിലേക്ക് കണ്ണീര്‍ തുളുമ്പിയതും. 

കരിമ്പടം കൊണ്ടെന്നപോലെ മൂടപ്പെട്ട  രാത്രിയുടെ ഇരുട്ട് നിശ്ചലവും ആഴമുള്ള  നിഗൂഢതപോലെയും   ചെമ്പന് തോന്നി. കാത്തിരുപ്പിന്റെ ഏകതാനമായ മടുപ്പ് എപ്പോഴോ  ആ  കണ്ണുകളിലേക്കും അറിയാതെ അരിച്ചിറങ്ങി. അപരിചിതമായൊരു വീഥിയിലൂടെ  നക്ഷത്രങ്ങള്‍ പൂത്തിറങ്ങിയ രാവിന്റെ മഞ്ഞും നനഞ്ഞ്  നവീനിനൊപ്പം ചെമ്പനും നടക്കുന്നു.  ശൂന്യവും അതിനാല്‍ നിശ്ശബ്ദവുമായിരുന്നു ആ രാജപാത. ഏതോ  വിദൂരമായൊരു ലക്ഷ്യം മാത്രം കണ്ണുകളില്‍ തിളങ്ങിയ  ഇരുവരും ഏകാകികളും നിശ്ശബ്ദരും ആയിരുന്നു ആ യാത്രയില്‍. അപ്പോള്‍  പൊടുന്നനെ പാഞ്ഞുവന്ന ട്രെയിനിന്റെ ശബ്ദം ചെമ്പനെ  തട്ടിയുണര്‍ത്തി. കാറ്റ്  പോലെ ബലൂണില്‍നിന്നും ആ സ്വപ്നവും   ഊര്‍ന്നുപോയി.  ഒരിക്കലും കണ്ടിട്ടില്ലാത്തതും  വിചിത്രവുമായ ഒരു  ജീവി വഴിതെറ്റപ്പെട്ടിട്ടെന്ന പോലെ അവന്റെ അരികിലെ പാളത്തിലേക്ക് കടന്നുവന്ന് നിശ്ചലമാകുകയും കിതപ്പോടെ   ആടി ഉലയുകയും ചെയ്തു. പരവശനായ ചെമ്പന്‍ പെട്ടെന്ന് എഴുന്നേറ്റ് മൂരിനിവര്‍ത്തി  നാലുഭാഗത്തേക്കും നോക്കിക്കൊണ്ട് നിന്നു. ആരുടെയെങ്കിലും കാലടിയുടെ ശബ്ദം കടന്നുവരുന്നുണ്ടോ എന്ന് ചെവിയും കൂര്‍പ്പിച്ചു. പിന്നീട്  ട്രാക്കിനരികിലൂടെ എന്തോ ഒരു ദുസൂചനയുടെ ഗന്ധത്തിലേക്ക്  അവന്‍  പാഞ്ഞുപോയി. പാളത്തിന്റെ വിടവുകളിലെ ഇരുമ്പിന്റെ പഴകിയ  ഗന്ധത്തിലേക്ക് വിടര്‍ത്തിപ്പിടിച്ച മൂക്കുകൊണ്ട് അവന്‍ തിരഞ്ഞത് മാറ്റാരെയുമല്ല, അവന്റെ എല്ലാമെല്ലാമായ കളികൂട്ടുകാരന്റെ ഒരിക്കലും തന്നെ പിരിയാത്ത മണമുണ്ടോ എന്നുമാത്രം  ആയിരുന്നു.

രണ്ട് 

ഒരിക്കല്‍, ഇടവപ്പാതി പെയ്തുതോര്‍ന്ന നാളുകള്‍ക്കു ശേഷമൊരു സന്ധ്യക്ക് മണിമലയാറിന്റെ തീരത്ത്,  മസ്തകവും  ഉയര്‍ത്തി ഒരാനയെ പോലെ  വിരിഞ്ഞുനിന്ന പാറകല്ലിനു മുകളില്‍  നദിയുടെ സഞ്ചാരപഥങ്ങളും കണ്ട് നവീന്‍  ഇരിക്കുന്നു. കൂടെ സന്തത സഹചാരിയായ ചെമ്പന്‍ അവനെ ഉരുമ്മിയും  കെട്ടിപ്പിടിച്ചും  കൂടെയുണ്ട്. വെറുതെ ഒരു നേരമ്പോക്കിനു  കരുതിയ ചൂണ്ടയില്‍ കരുതിവെച്ച  ഇരയെ  കൊരുത്ത്  ആറിന്റെ ഓളം ഇല്ലാത്ത ഇടങ്ങളിലേക്ക്  താഴ്ത്തി ഇടുമ്പോള്‍, ഇരയ്ക്കുള്ളില്‍ മറച്ചുവെച്ച കൊളുത്തില്‍ കുടുങ്ങുന്ന മീനുകളെയും  കാത്തിരിക്കുക മുഷിയാത്തൊരു ഇഷ്ടമായി എങ്ങിനെയോ അവനൊപ്പം കൂടി. അതുവരെ സ്വാതന്ത്ര്യത്തിന്റെ പുളപ്പില്‍ പാഞ്ഞിരുന്ന മീനുകളെ ചൂണ്ടയില്‍ കോര്‍ത്തെടുക്കുകയും പിടഞ്ഞുതളരുമ്പോള്‍ തിരികെ വിടുകയും ചെയ്യുന്നൊരു ക്രൂരതയില്‍ ഇടക്കൊക്കെ അവനും  അറിയാതെ പെട്ടുപോയി. 

എന്തേ, താനൊരു സാഡിസ്റ്റാണോ? പിന്നില്‍ നിന്നൊരു സ്ത്രീ  ഇത്തിരി ഉറക്കെ ചോദിക്കും പോലെ. തന്നോടാണോ എന്നൊരു സംശയത്തോടെയാണ് നവീന്‍  തിരിഞ്ഞു നോക്കിയത്. തട്ടമിട്ടൊരു പെണ്ണ്  ചിരിയും ഗൗരവവും തുല്ല്യംചേര്‍ത്ത മുഖവുമായി തന്നെ നോക്കി നില്‍ക്കുന്നു. മനുഷ്യന്‍ മാത്രം അറപ്പും കുറ്റബോധവും ഇല്ലാതെ ചെയ്യുന്ന ചെയ്തികളെക്കുറിച്ച് അവള്‍ ഒത്തിരി പറഞ്ഞു.  പുതിയൊരു  അറിവായിരുന്നില്ലെങ്കില്‍ പോലും അവളുടെ  വാക്കുകളില്‍  എല്ലാ ജീവജാലത്തിനോടുമുള്ള കരുതലായിരുന്നു നിറയെ.  

തന്റെ ചെയ്തിയുടെ ആഴം അവനില്‍ കുറ്റബോധം ഉണര്‍ത്തിയപ്പോള്‍  പൊടുന്നനെ വന്ന  ലജ്ജയില്‍ അവനാകെ വിളറി. വലിയൊരു അപരാധിയെന്നപോലെ അവന്‍ തല അറിയാതെ കുമ്പിട്ടുനിന്നു. അവള്‍ ചിരിച്ചുകൊണ്ട്  എന്തൊക്കെയോ വീണ്ടും  പറഞ്ഞപ്പോള്‍ ആ വാക്കുകളില്‍ നിറഞ്ഞത്  സ്നേഹത്തിന്റെയോ അറിവിന്റെയോ തേന്‍മാധുര്യമുള്ള പൂമ്പൊടി മാത്രമായിരുന്നു. അവള്‍ വീണ്ടും പറഞ്ഞു, അരിശംകൊണ്ട് മാത്രം പറഞ്ഞുപോയതാണ്, എല്ലാവര്‍ക്കും  ജീവിക്കാന്‍ ഈ ഭൂമിയല്ലേ ഉള്ളു.  ഇവിടെ മറ്റുള്ളവരുടെ  സൗഭാഗ്യങ്ങളെ  തട്ടിത്തെറുപ്പിക്കാന്‍ നിനക്കും എനിക്കും എന്താണ് അവകാശം? ആരെങ്കിലും  നമുക്ക് ഇത്തരം അവകാശം പതിച്ചു  തന്നിട്ടുണ്ടോ?  

എന്നിട്ടവള്‍ ചോദിച്ചു, കുറുപ്പു സാറിന്റെ മകന്‍ നവീനിന് എന്നെ മനസ്സിലായില്ല അല്ലേ? 

അത് പറഞ്ഞവള്‍ ചെമ്പന്റെ തലയിലെ ചെമ്പിച്ച മുടിയിലും തലോടി, മെല്ലെ നടന്നു പോയി. പിന്നീടാണവന്റെ മനസ്സിലേക്ക് അവളെക്കുറിച്ചുള്ള ബോധം കടന്നുവന്നതും സുഹാനയണെല്ലോ അവള്‍ എന്ന് ഓര്‍മ്മിച്ചതും. അതെ, റഹിംസാറിന്റെ ഒരേയൊരു മകള്‍. മഹാരാജാസിലെ വിദ്യാര്‍ത്ഥി  യൂണിയന്‍ സെക്രട്ടറി. പിന്നീട് പലതവണ ആറിന്റെ ആ തിട്ടയിലും മലഞ്ചരിവുകളിലെ ഒറ്റപ്പെട്ട ഇടവഴികളിലും കണ്ടുമുട്ടുമ്പോള്‍ കൂട്ടുവന്ന സൗഹൃദത്തിനും മേലെ കരകവിഞ്ഞൊരു ബന്ധത്തിന്റെ തീരങ്ങളില്‍ അവര്‍ വന്നെത്തുമെന്ന്  തീരെ കരുതിയില്ല.  ജലം ജലത്തിലേക്ക് ഒഴുകി  ഒന്നായി മാറുന്നപോലെ, സുഹാന ഒഴുകി നവീനിലേക്ക് ലയിച്ചപ്പോള്‍ അത്  മറ്റൊരു  പുഴയായിമാറി. ഭൂമിയുടെ നിമ്‌നോന്നതങ്ങളില്‍ പുഴക്ക്   പതഞ്ഞൊഴുകാതിരിക്കാന്‍ വയ്യല്ലോ. വര്‍ഷകാലത്ത് കരകവിഞ്ഞും വേനലില്‍ ശോഷിച്ചും ആ നദി ഒഴുകുക തന്നെ ചെയ്തു.  അവള്‍ പഠിക്കുന്ന പുസ്തകങ്ങളില്‍ നിന്നും കൂടാതെ മനസ്സിന്റെ താളുകളില്‍ പതിഞ്ഞുകിടന്ന  കവിതകളും  മാത്രമല്ല, താന്‍ എഴുതിയ  കവിതകളും അവള്‍  ചൊല്ലിക്കേള്‍പ്പിച്ചു.
കവിതയും സ്വപ്നങ്ങളും പടര്‍ന്നുകിടന്ന അവളുടെ മനസ്സിന്റെ താഴ് വാരങ്ങളില്‍ അവന്റെ ജീവിതം ഒരു ആട്ടിന്‍കുട്ടിയുടെ നിഷ്‌കളങ്കതയോടെ അലഞ്ഞു.


മൂന്ന്

ഔദ്യോഗികമായൊരു യാത്ര രണ്ട് ആഴ്ചയിലും കൂടിയ തിരക്കില്‍ നിന്നും മടങ്ങിയെത്തിയ നാളില്‍ പതിവുപോലെ നദിയുടെ തീരത്തേക്കുള്ള നടത്തത്തെ തടഞ്ഞുകൊണ്ടുള്ള കുറുപ്പിന്റെ  വരവ് തീരെ അപ്രതീക്ഷിതമായിരുന്നു നവീന്. അച്ഛനെന്ന പദവിയുടെ ഔപചാരികതക്കപ്പുറം ആ ബന്ധത്തിന് അത്ര പ്രസക്തി  ഉണ്ടായിരുന്നില്ല. അറിഞ്ഞും അറിയാതെയും തന്റെ ജീവിതത്തിന്റെ അതിരുകളിലേക്ക്  പോലും  കുറുപ്പിന്റെ ഗന്ധം കടന്നു വരാതിരിക്കാന്‍ നവീന്‍ നന്നായി പാടുപെട്ടു. എന്നിട്ടും? വളരെ ശാന്തമായ മുഖഭാവങ്ങളോടെയുള്ള കുറുപ്പിന്റെ തന്ത്രങ്ങളെ പലതവണ അഭിമുഖീകരിച്ചിട്ടുള്ളൊരു പരിണതപ്രഞ്ജനെപ്പോലെ എങ്കിലും നവിന്‍ ആശങ്കപ്പെട്ടു. അവനറിയാം കുറുപ്പ് അത്ര നിസ്സാരനായൊരു പ്രതിയോഗി അല്ലെന്നും. പുഴുത്തുനാറുന്ന ആ  മനസ്സില്‍ ക്രൂരനും തന്ത്രശാലിയുമായൊരു രക്തദാഹി ഉണ്ടെന്നും അവനറിയാം. അമ്മയുടെ അകാല മരണത്തെക്കുറിച്ച് പല കിംവദന്തികളും അവന്‍  കേട്ടിട്ടുണ്ട്. കുറുപ്പിന്റെ കൈകളില്‍ അതിന്റെ കറ മായാതെ കിടപ്പുണ്ടെന്നും അവന് അറിയാം.  പൊടുന്നനെയാണ്  കുറുപ്പ് പറഞ്ഞത്, മോനെ, നമുക്ക് ആ ബന്ധം ചേരില്ല എന്ന് ഞാന്‍ പറഞ്ഞുതരണോ? 

പിന്നെ പുറത്തുവന്നത് ഒരു ഉത്തരവായിരുന്നു. ഈ നിമിഷംമുതല്‍  അതങ്ങ് മറന്നേക്ക്, അതാ നല്ലത്, അവള്‍ക്കും പിന്നെ നിനക്കും. 

ഇത്രയും പറഞ്ഞ് കുറുപ്പ് പുറത്തേക്ക് പോയപ്പോള്‍ ആ വാക്കുകളില്‍ പതുങ്ങി ഇരിക്കുന്ന വേട്ടമൃഗത്തെ അവന്‍ ഭയത്തോടെ നോക്കി. എന്തിനും മടിയില്ലാത്തവന്‍. ഏതറ്റംവരെയും പോകാന്‍ കെല്പുള്ളവന്‍. ഭയം അവനില്‍ പടര്‍ന്നു കയറുക തന്നെ ചെയ്തു. കുറേനാളുകള്‍ക്കു മുന്‍പ് റഹിംസാറിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം പൊടുന്നനെ അവന്‍ ഓര്‍മ്മിച്ചു.

അതിനുപിന്നില്‍ തന്റെ അച്ഛന് പങ്കുണ്ടോ എന്ന് അന്നേ സംശയം തോന്നിയിരുന്നു. തീവ്രവാദിയുടെ ലേബല്‍ ഒട്ടിച്ചാല്‍ ആരേയും വളരെ എളുപ്പം തല്ലിക്കൊല്ലാമല്ലോ. പേപ്പട്ടിയെ കൊന്നാല്‍ ആരാണ് ചോദിച്ചു വരിക. എല്ലാവര്‍ക്കും അത് ആഘോഷത്തിന്റെ നാളുകളായിരിക്കും.


നാല്

നമ്മള്‍ സുരക്ഷിതരല്ലെന്നു നിനക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലേ? നവിന്‍ സുഹാനയോട് പറഞ്ഞു. പടിഞ്ഞാറ് മണിമലയാറിനു മീതെ സൂര്യന്‍ ചുവപ്പുനിറം അപ്പോള്‍ തൂവി നിറച്ചുകൊണ്ടിരുന്നു.  ഞാന്‍ ദില്ലിയിലേക്കൊരു ട്രാന്‍സ്ഫറിന്ന് ശ്രമിക്കുന്നുണ്ട്. നവീന്‍ സുഹാനയെ നെഞ്ചോട് ചേര്‍ത്താണ് അതു പറഞ്ഞത്. ചെമ്പന്‍ അവരുടെ കാലുകളില്‍ ഉരസിയും ഉമ്മവെച്ചും അപ്പോള്‍ അവര്‍ക്കുചുറ്റും ഓടിക്കളിച്ചു. വേണ്ട നവീനെ നമുക്കീ ബന്ധം. അവളുടെ വാക്കുകളില്‍  ആറ്റുപോയ  വിരലുകളില്‍ നിന്നെന്ന  പോലെ ചോരവാര്‍ന്നു. എന്റെ ഉപ്പയെ ചതിച്ചത് നിനക്കറിയാമല്ലോ. ഇനി ഞാനും, പിന്നീട് നീയും. ചോരകൊണ്ടായിരിക്കും എല്ലാത്തിനും കണക്ക്  പറയേണ്ടി വരിക. 

കണക്കുകളൊന്നും  പറയേണ്ടി വന്നില്ല അവള്‍ക്ക്. മണിമലയാറിന്റെ ഒഴുക്കില്ലാത്ത കയത്തിനു മുകളിലെ ജലപ്പരപ്പില്‍ സുഹാന ഒരിക്കല്‍ പൊന്തിക്കിടന്നു, വെള്ളത്തില്‍ വീണ് അഴുകിയ ഒരു വാഴയിലപോലെ നിറംമങ്ങി  നിശ്ചലയായിരുന്നു അപ്പോള്‍ അവള്‍. 

അഞ്ച്

ചെമ്പന്‍ റെയില്‍ പാളത്തില്‍നിന്നകന്ന് ട്രെയിന്‍  കടന്നുപോകും വരെ കാത്തുനിന്നു. ഭൂമിയുടെ നെഞ്ചിനെ  രണ്ടായി പിളര്‍ത്തിക്കൊണ്ടാണ് ആ റയില്‍പാളം നീണ്ടുകിടന്നത്. അതിന്റെ ഇടത്തേക്കുള്ള വളവില്‍ ഒരു മഴവില്ല് കഷ്ണങ്ങളായി പൊട്ടിച്ചിതറി കിടക്കുന്നു. അതിന്റെ  അവശേഷിക്കുന്ന  നിറങ്ങളും മായാനായി  വെമ്പുന്നുവോ? മേഘങ്ങള്‍ക്കിടയില്‍നിന്നും  ചന്ദ്രനും ഇടയ്ക്കിടെ തലനീട്ടി നോക്കുന്നു. ചെമ്പന്  ആ കാഴ്ചയുടെ അനിവാര്യതയിലേക്ക് ഏറെനേരം നോക്കിനില്ക്കാന്‍ കഴിഞ്ഞില്ല. കണ്ണുകള്‍ പിന്‍വലിച്ചു, പിന്നെ  തന്റെ ജീവിതത്തിന്റെ കടലാഴങ്ങളിലേക്കവന്‍  നീന്തിമറഞ്ഞു.

click me!