Malayalam Short Story ; വേട്ട, മോഹന്‍ ബാബു എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Jan 27, 2022, 3:51 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  മോഹന്‍ ബാബു എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

വെട്ടിക്കളയുന്ന ഓരോ മരത്തിനും സ്വാഭാവിക മലകള്‍ ഇടിച്ചുനിരത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ക്കും പാറക്കെട്ടുകള്‍ അശാസ്ത്രീയമായി തകര്‍ത്ത് വെട്ടിയെടുക്കുന്ന കല്ലുകള്‍ക്കും നാം വലിയ വില കൊടുക്കേണ്ടി വരും.
-മാധവ് ഗാഡ്ഗില്‍

 

ഭക്ഷിക്കുന്നവനല്ലേ ആഹാരത്തിന്റെ  രുചി കയ്‌പ്പെന്നോ മധുരമെന്നോ തിരിച്ചറിയാന്‍ കഴിയൂ? അത് നന്നായി അറിഞ്ഞവരാണ് ഞങ്ങള്‍. ആ അനുഭവത്തെ ഞങ്ങള്‍ മാത്രമല്ല  മറ്റാരെങ്കിലും കൂടി  വിചാരിച്ചാലും ഒഴിവാക്കാനും കഴിയില്ല. തോമാച്ചന്റെ വാക്കുകളിലെ നിര്‍വികാരത എന്റെ  മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കി. 

2018 ഓഗസ്റ്റ് മാസത്തിലെ പ്രളയത്തിന്റെ  ഭീകരതയെക്കുറിച്ചാണ് അയാള്‍ പറയുന്നത്. ഒഴുകിപ്പോകാന്‍ വഴിയില്ലാതെ ഉയര്‍ന്നുപൊങ്ങിയ വെള്ളത്തിന് സംഹാരരൂപിയായ പ്രളയമായി മാറാന്‍ ഒറ്റരാത്രിപോലും വേണ്ടി വന്നില്ല. എല്ലാ മനുഷ്യനിര്‍മ്മിതികളെയും തന്റെ സഹസ്രകരങ്ങള്‍കൊണ്ടാണ് പ്രളയജലം വാരിപ്പുണര്‍ന്നത്. 

ആ ഓര്‍മ്മകളുടെ  തീവ്രതയില്‍ നിന്നും ഞങ്ങള്‍ക്ക്  എപ്പോഴെങ്കിലും  മുക്തരാവാന്‍ കഴിയുമോ? കെണിയില്‍ അകപ്പെടുമ്പോള്‍ മാത്രമേ മനുഷ്യന് താന്‍ എത്ര നിസ്സഹായനാണെന്ന തിരിച്ചറിവ് ഉണ്ടാവു. അവന്റെ അധീശ ബോധത്തിലെ  അഹന്തയാണെല്ലോ എല്ലാത്തിനും കാരണം. ഭൂമിയുടെ ദുര്‍ബ്ബലമായ  ആവാസവ്യവസ്ഥയെ ആര്‍ത്തിയോടെ ശിഥിലമാക്കുമ്പോള്‍ നടക്കുന്നത് മറ്റു  ജീവികള്‍ക്കുമേലുള്ള കടന്നുകയറ്റം തന്നെയല്ലേ? അതെല്ലാം തടുക്കാനാവാത്ത  തിരിച്ചടിയായി അവനിലേക്കുതന്നെ തിരിച്ചെത്തുന്ന കാഴ്ച്ചയല്ലേ ഇപ്പോള്‍ അരങ്ങേറിയതും  ഇനിയും  ആവര്‍ത്തിക്കപ്പെടാന്‍ പോകുന്നതും.

ഇടവപ്പാതിയുടെ കറുത്ത മേഘത്തിന്റെ കാഴ്ചപോലും  അവരില്‍ നാളെയെക്കുറിച്ചുള്ള ആശങ്ക പടര്‍ത്തുന്നു. മഴയുടെയും കാറ്റിന്റെയും വിദൂരസാന്നിധ്യത്തില്‍  മനസ്സാകെ പതറും.  പ്രതിരോധിക്കാനാവാത്തൊരു  ശത്രുവിന്റെ  മുമ്പില്‍ അകപ്പെട്ടവന്  രക്ഷപ്പെടാനുള്ള പകിടകളി നടത്താന്‍  മാത്രമേ കഴിയു. പരസ്പരം കാണുമ്പോള്‍ സുഹൃത്തുക്കളും ബന്ധുക്കളും ആകെ ശ്രമിക്കുക  പരാജിതരുടെ ഭാവം മറച്ചുപിടിക്കാന്‍ ആയിരിക്കും. പക്ഷെ അവിടെയും  അവന്‍ പരാജയപ്പെടും.  എന്നാലും വിശേഷങ്ങളൊക്കെ  ഒരു ചിരിയിലൂടെയെങ്കിലും കൈമാറിയിരിക്കും. പ്രത്യേകിച്ചും ഉഭയജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ഈ  കുട്ടനാട്ടുകാര്‍.

തോമാച്ചന്റെ ഉത്കണ്ഠയും നിരാശകളും ഒരു തോരാമഴപോലെ പെയ്തുകൊണ്ടിരുന്നു. ഞാന്‍ ആ  മഴയും നനഞ്ഞ്  അയാള്‍ക്കൊപ്പം നടന്നു. മണ്ണിട്ട് തൂര്‍ത്തെടുത്ത  അനാഥമായ വയലുകളും അവയ്ക്ക് ചുറ്റും കരിങ്കല്ലുകളില്‍ തട്ടി  വഴിമുടങ്ങിയ നീരൊഴുക്കുകളും  എങ്ങോട്ടെന്ന് അറിയാതെ  പകച്ചു നില്ക്കുന്നു. വയലുകള്‍ക്ക് മുകളിലൂടെ പടുത്തുയര്‍ത്തിയ തിട്ടയില്‍ പുതുതായ് തീര്‍ത്ത വീഥിയിലൂടെ വാഹനങ്ങളും  പാളത്തിലൂടെ തീവണ്ടികളും വീണ്ടും ഓടിത്തുടങ്ങിയിരിക്കുന്നു. 

ഇപ്പോള്‍  ഓരോ കാലവര്‍ഷത്തിലും  മഴയുടെ ശബ്ദം ദുരിതാശ്വാസ ക്യാമ്പുകളിലെ ഓര്‍മ്മകളാണ് ഉണര്‍ത്തുക. അഴുകിയ തുണികള്‍ വലിയൊരു പാത്രത്തിലെ സോപ്പുവെള്ളത്തില്‍  പുഴുങ്ങുമ്പോള്‍  ഉയരുന്ന മനംമറിക്കുന്നൊരു  മണവുംകൊണ്ടാണ് ആ ഓര്‍മ്മകള്‍  കടന്നുവരിക. ആ മണം കുട്ടനാടിനുമുകളില്‍ ഒരു ചിലന്തിവലപോലെയാണ്  ഇപ്പോള്‍ പടര്‍ന്നു കിടക്കുന്നത്. വരും വര്‍ഷങ്ങളിലും പ്രളയ സാധ്യതകള്‍ തുടരാം എന്നാണെല്ലോ പ്രവചനവും. അടുത്ത കാലംവരെ   ഇത്തരം പതിവുകള്‍ വളരെ കുറവായിരുന്നു എന്നാണ് അനുഭവജ്ഞാനം ഉള്ളവര്‍ പറയുന്നത്. 

വെള്ളപ്പൊക്കത്തെ ഗൃഹാതുരത്വത്തോടെ  കാത്തിരുന്ന ഒരു കാലത്തെക്കുറിച്ചും ഇപ്പോള്‍ ചിലര്‍ ഓര്‍മ്മിക്കാറുണ്ടത്രെ. അന്ന്  വെള്ളപ്പൊക്കനാളുകളിലെ ജീവിതത്തെ  നോഹയുടെ പെട്ടകത്തിലെന്നപോലെ അവര്‍ ആസ്വദിച്ചിരുന്നു. അല്ലലുകളെ ആഘോഷമാക്കി എല്ലാവരും സ്വന്തം വീടുകളില്‍ തന്നെ  ഉണ്ണുകയും ഉറങ്ങുകയും ചെയ്തു. വിരുതന്മാര്‍ അവസരം േനാക്കി പ്രേമിച്ചും ഇണചേര്‍ന്നും ആ ദിവസങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കും. മഴ ഒഴിഞ്ഞ നേരങ്ങളില്‍  ചൂണ്ടയിട്ടും നീന്തിക്കളിച്ചും ജീവിതത്തെ കൂടുതല്‍  ഉത്സവഭരിതമാക്കും.  എങ്കിലും ഇന്നത്തെ രീതിയിലുള്ള  പ്രളയഭീതി അന്നൊക്കെ  നന്നെ കുറവായിരുന്നു. വെള്ളം പെരുമഴക്കൊപ്പം  ഉയരുകയും മഴ  കുറയുമ്പോള്‍  താനെ  താഴുകയും ചെയ്തു. അപ്പോള്‍ കണ്ണെത്താദൂരം പരന്നു കിടക്കുന്ന  പാടശേഖരങ്ങള്‍ ഏക്കല്‍മൂടിയ നിര്‍വൃതിയില്‍ ഉറക്കമായിരിക്കും. പിന്നീട്  ഉണര്‍ന്നെണീക്കുക  അടുത്ത ഒരാണ്ടിന്റെ പോഷകസമൃദ്ധിയിലേക്ക്,  വളരെ ഉന്മേഷത്തോടെയും.

പറവകള്‍ പാടവരമ്പില്‍ ഇരതേടി കൂട്ടമായി പറന്നിറങ്ങും. ജീവന്റെ സമൃദ്ധികൊണ്ട് ആ  വയലേലകള്‍  ഹരിതാഭമാകും. ഞൊറിഞ്ഞുടുത്ത് കുരുത്തോലയുമായി പള്ളിയിലേക്ക് പെരുന്നാളിന്  പോകുന്ന പെണ്ണിനെപോലെയുള്ള ആ  കാഴ്ച്ചയില്‍ ആരും  കുറച്ചുനേരത്തേക്കെങ്കിലും സ്വയം  മറന്നുപോകും.

ഇപ്പോള്‍ വെള്ളപ്പൊക്കമല്ല, രാക്ഷസന്റെ മുഖവും നഖവുമുള്ള  പ്രളയമാണ് സംഭവിക്കുന്നത്. പ്രളയം മനുഷ്യരെ കന്നുകാലികളെപ്പോലെ ദുരിതാശ്വാസ  ക്യാമ്പുകളിലേക്ക് തെളിയിക്കുന്നു.  ക്യാമ്പുകളില്‍നിന്നും പ്രളയശേഷം  സ്വന്തം വീടുകളിലേക്ക് അഭയാര്‍ത്ഥികളെപോലെ മടങ്ങുക ദുരിതം നിറഞ്ഞ മനസ്സുമായി. അത്രമാത്രം അവരുടെ മനസ്സും മരവിച്ചു പോയിരിക്കും. 

സൗജന്യം നല്‍കുന്നതുപോലും  വലിയ ആഘോഷമാക്കി മാറ്റുന്നവരാണല്ലോ നമ്മുടെ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരെന്ന് നടിക്കുന്നവരും. പന്തലും ബാനറും കെട്ടി  ചെണ്ടയും  കൊട്ടി കുഴലും വിളിച്ച്  ചടങ്ങുകള്‍  ആഘോഷിക്കുന്നില്ലെന്നുമാത്രം. സൗജന്യമായി കിട്ടുന്നതെങ്കിലും    അരിയും തുണിയും പച്ചക്കറികളും  ഉപേക്ഷിക്കാന്‍ കഴിയില്ലല്ലോ. അലസത  തീര്‍ക്കുന്ന ഇടനാഴിയിലൂടെയാണ് പിന്നീട് കുറേനാളുകള്‍ യാത്ര ചെയ്യുക. പകച്ചുപോയ ജീവിതത്തിന്  അതൊരു അനിവാര്യത കൂടിയാണെല്ലോ. കൂടാതെ ഈ  ജീവിതത്തില്‍  ഇതെല്ലാം  വീണ്ടുംവീണ്ടും  അനുഭവിക്കാന്‍ കൈവന്ന  മഹാഭാഗ്യത്തെയും സ്തുതിച്ച്  ഇച്ഛാഭംഗങ്ങളെ മറികടക്കുന്ന ചിന്തകളുമായി  ശൂന്യതയിലേക്ക് കണ്ണുംനട്ട് കുറെനാളുകളെങ്കിലും വെറുതെ ആരും  ഇരുന്നുപോകും.  ഒഴികിപ്പോകാന്‍ കഴിയാതെ  കെട്ടികിടക്കുന്ന മഴവെള്ളം  പോലെയാണ്  പ്രളയശേഷമുള്ള  ജീവിതം  അവര്‍ക്കുമുന്നില്‍ തളംകെട്ടി കിടക്കുക. പണവും പത്രാസും കുറഞ്ഞവര്‍ക്ക് ഈ ചതുപ്പിലേക്ക് വീണ്ടും വന്നല്ലേ ഒക്കൂ. കാശുള്ളവന്  നഗരങ്ങളിലെ വലുതും ചെറുതുമായ  ഫ്‌ലാറ്റുകളിലും വില്ലകളിലും  ആര്‍ക്കും പിടികൊടുക്കാതെ  രാപാര്‍ക്കാം. 

ചീഞ്ഞവെള്ളത്തിന്റെ നാറ്റമുള്ള  മാലിന്യം നിറഞ്ഞ മണ്ണും തൊടിയും  അവശതയോടെ എങ്കിലും  മടങ്ങിവരുന്ന പരിചിതരെ കാണുമ്പോള്‍  വശീകരണ ഭാവമുള്ളൊരു കുഞ്ഞിക്കാറ്റിനെ അവിടേക്ക് പറത്തിവിടും. ഒരു  കുട്ടിയുടെ  ഉത്സാഹത്തോടെ ആ കാറ്റ് അവിടെ  തുള്ളിനടക്കും, എല്ലാവരെയും  വിടാതെ ചുറ്റിപ്പിടിക്കും. പാതവക്കിലും  പാടവരമ്പിലും  പാഴ്‌ച്ചെടികള്‍ പെട്ടെന്ന് പൂത്തുലയും. പുല്‍നാമ്പുകള്‍ മഞ്ഞുതുള്ളികളാല്‍  തിളങ്ങും. ഇതെല്ലാം ആ നാടിന്റെ  നിറഞ്ഞ സ്‌നേഹപ്രകടനം അല്ലാതെ മറ്റെന്താണ്? 

ദിവസങ്ങള്‍ക്ക് മുന്‍പേ ചത്ത്  ഇപ്പോള്‍ ചീഞ്ഞ് ഈച്ചയും പൊതിഞ്ഞ് പേരറിയാത്തൊരു  വന്യജീവിയെ പോലെ ദുര്‍ഗന്ധവും വമിപ്പിച്ച് കിടക്കുന്ന ഈ നാടിന്റെ  ദുരിതം ലോകത്തുള്ള എല്ലാ സങ്കടങ്ങള്‍ക്കും മേലെയായിരിക്കും. ദൂരെയുള്ള  ദിക്കുകളില്‍ നിന്നുപോലും ഒഴുകിയെത്തുന്ന മാലിന്യം  തെരുവുകളും  വയലേലകളും പുരയിടങ്ങളും കൂടാതെ   വീടുകളുടെ അകത്തളങ്ങളും  നാറുന്ന  ചെളിവെള്ളത്താല്‍ നിറയ്ക്കും. കുറെ  വര്‍ഷം മുന്‍പുവരെ അങ്ങനെ ആയിരുന്നില്ല. വനഭൂമി സ്വന്തം വീടകത്ത്  കരുതി വയ്ക്കുന്ന ഏക്കലും ചെളിയും  മഴവെള്ളത്തിനൊപ്പം ഈ വയലേലകളിലേക്ക് ഒഴുക്കിത്തരുക  മാത്രമാണ് ചെയ്യുക. ഇപ്പഴോ?

ആരൊക്കെയോ ചേര്‍ന്ന് കാടുകളെല്ലാം കൈയ്യേറുമ്പോള്‍  ജീവികള്‍ അശരണര്‍ ആക്കപ്പെടുന്നു. പിന്നീട് അവയെ  ഒന്നൊന്നായി  വേട്ടയാടാമല്ലോ. എല്ലാം മനുഷ്യന്റെ സ്വാര്‍ത്ഥതയുടെ ഉത്പന്നം  മാത്രം.  റോഡുകളും പാലങ്ങളും വന്നതോടെ മലമുകളില്‍ പോലും കോണ്‍ക്രീറ്റ്  പട്ടണങ്ങള്‍ തലയുയര്‍ത്തി.  കരിങ്കല്ലുകള്‍ യഥേഷ്ടം  പൊട്ടിച്ചുകടത്താം. പടിഞ്ഞാറേക്ക് കടത്തിയ  മണ്ണുകൊണ്ട് പാടങ്ങളൊക്കെ നികത്തിക്കൊണ്ടിരിക്കുന്നു. എല്ലാ എതിര്‍പ്പുകളും വികസനം എന്നൊരു വാക്കില്‍ തട്ടി വീഴുന്നു. മനുഷ്യന്റെ കുതിപ്പുകളെല്ലാം വികസനം എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. ആ വികസനത്തിന്റെ മുകളിലേക്ക് സാഹ്യന്റെ ശാപംപോലെയാണ്  പ്രളയം പൊട്ടി വീഴുന്നത്.  അതുകാണുന്നവന്‍ ക്ഷുഭിതന്‍ ആകാതിരുന്നാലെ  അത്ഭുതമുള്ളു. അത് സ്വന്തം  ഇച്ഛാശക്തിയെ  ബാധിക്കുമ്പോള്‍ ആരും അലസനാകും. 

നാളെയെ ഓര്‍ത്ത്  വെറുതെ നെടുവീര്‍പ്പിട്ടു സമയം കളയാന്‍ പെണ്‍ജീവിതത്തിന്  കഴിയില്ല. ഭൂമിയുടെ പരിപാലനവും  അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും അവള്‍ക്കായി മാത്രമാണെല്ലോ  മാറ്റിവെച്ചിരിക്കുന്നത്. അതുകൊണ്ട് വീടിന്റെ അകവും പുറവും അടിച്ചുവാരുകയെന്ന  പരിപാടിയില്‍ അവള്‍ക്ക്  നിമഗ്‌നയാകാതിരിക്കാന്‍  കഴിയില്ല. പ്രളയത്തിന് മുന്നേ ഉയര്‍ത്തിവെച്ച പലകത്തറകളിലും കൂടുകളിലും ബാക്കിവന്ന കോഴി താറാവ് ആട് പശു പട്ടി തുടങ്ങിയ ജന്തുക്കള്‍  കഴിയുന്നത്ര ശബ്ദത്തില്‍  ഇടക്കിടെ കരഞ്ഞും അലറിയും തങ്ങളുടെ  സാന്നിധ്യവും അറിയിച്ചുകൊണ്ടിരിക്കും. പഴയപോലെ ജീവിതം വീണ്ടും  സജീവവും  ആശാഭരിതവും ആക്കുവാനുള്ള  മുന്നൊരുക്കത്തിന്റെ  ഇത്തരം ചൂണ്ടുപലകയെയും  അവര്‍ക്കറിയാം. മുറതെറ്റിവരുന്ന വെള്ളപ്പൊക്കത്തെയും വാക്കുകളെ  മാറ്റിയുംമറിച്ചും പറയുന്ന നേതാക്കളെയും ഒരേകള്ളിയില്‍ നിര്‍ത്തി അസഭ്യവര്‍ഷം നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ അഭിരമിക്കാന്‍  ആണുങ്ങള്‍ക്കൊപ്പം ചില പെണ്ണുങ്ങളും അപ്പോള്‍ രംഗപ്രവേശനം നടത്തും. മത്തായിച്ചേട്ടന്റെ അന്തിക്കടയില്‍ നേരംപോക്കിനായി പരിപ്പുവടയും കട്ടനും അടിക്കാന്‍ കൂടുന്നവരും ആലീസിന്റെ തയ്യല്‍കടയില്‍  അളവെടുക്കാനെന്ന ഭാവത്തില്‍ വെറുതെ നിന്നു തിരിയുന്നവരും  വേറെന്താണ്  ചെയ്യുക? അത്തരമൊരു നാളില്‍ പൊടുന്നനെ  ആ വാര്‍ത്ത  ഞങ്ങളെ തീര്‍ത്തും ആശങ്കാകുലരാക്കിക്കൊണ്ടാണ്  പൊട്ടിപ്പുറപ്പെട്ടത്.

വാര്‍ത്തയുടെ ഉറവിടവും പ്രചാരണവും ഈ തുരുത്തിലെ  ഒരേയൊരു പത്രക്കാരന്‍  തോമാച്ചായന്‍  ആയതുകൊണ്ട് ആരും അവിശ്വസിച്ചില്ല എന്നു മാത്രമല്ല സീനായി മലനിരകളില്‍ നിന്നും പത്തുകല്‍പ്പനയും കൊണ്ടുവന്ന മോശയുടെ കാഴ്ചയെന്നപോലെ ആ വാര്‍ത്തയെ  മനസ്സില്‍ കാണുകയും ചെയ്തു. രാവിലെ പത്രം വിതരണം ചെയ്യുന്നതിനൊപ്പം തൊട്ടുനക്കാന്‍  ഉപ്പിലിട്ടതുപോലെ ആ വാര്‍ത്തയും ഒരറിയിപ്പായി  എല്ലാ വീടുകളിലേക്കും  അല്പം എരിവോടെയാണ് അയാള്‍ വിളമ്പിയത്. 

ചോരച്ചുമപ്പുള്ള കണ്ണുകളും തിളങ്ങുന്ന തേറ്റകളും  കുട്ടിയാനയുടെ വലുപ്പവുമുള്ള ഒരു  കാട്ടുപന്നി എവിടെനിന്നോ  ഇവിടെ എത്തിയിട്ടുണ്ടെന്നും തന്നെ  കണ്ടമാത്രയില്‍  അടുത്തൊരു  കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞെന്നും ആയിരുന്നു ആ  വാര്‍ത്ത. തുടര്‍ന്നുള്ള സമയങ്ങളില്‍  ആ വാര്‍ത്ത വാട്‌സ്ആപ് ഫേസ്ബുക് തുടങ്ങിയ  സാമാന്തരപാതകളിലൂടെ ലോകം മുഴുവന്‍ സഞ്ചരിച്ചാണ് കുട്ടനാട്ടുകാരുടെ മനസ്സില്‍ കുടിയേറിയത്. കുട്ടനാടിന്റെ വെള്ളക്കെട്ടില്‍ ഒരു കാട്ടുപന്നി എന്ന വാര്‍ത്ത, ചോരയൊഴുകുന്ന തേറ്റകളുള്ള ഒരു  പന്നിയുടെ ഫോട്ടോ സഹിതമാണ് ഷെയര്‍ ചെയ്യപ്പെട്ടതും പത്രങ്ങളിലൂടെ  പ്രചരിച്ചതും. കിഴക്കന്‍ മലകളിലെ ഉരുള്‍പൊട്ടലില്‍  ആ വെള്ളത്തിനൊപ്പം ഒഴുകിയാണ്  അവന്‍ ഇവിടെ എത്തിപ്പെട്ടത്  എന്നൊരു തിയറിയും വാര്‍ത്തക്കൊപ്പം തോമാച്ചന്‍  അവതരിപ്പിക്കുകയും  ചെയ്തു. അത് അയാളുടെ സ്വഭാവത്തിലെ ഒരിക്കലും  ഒഴിവാക്കാനാകാത്തൊരു ഘടകമാണ്. ആ നാട്ടിലെ എല്ലാ വാര്‍ത്തകളുടെയും ഉത്പാദനവും വിതരണവും അയാള്‍ സ്വന്തം കുത്തകയായി മാത്രം കരുതി. വെള്ളക്കെട്ടുകളും വാക്കുകള്‍കൊണ്ട് അമ്മാനമാടുന്നവരെയും മാത്രം കണ്ടു  ശീലിച്ച നാട്ടുകാരെല്ലാം ആ  കാട്ടുപന്നിയുടെ മായക്കാഴ്ച്ചയില്‍  പൊടുന്നനെ പരിഭ്രാന്തരായി. 

ചിലരുടെയെങ്കിലും കണ്ണുകളില്‍ ഭയം  തീക്കനലുകളായി  തിളങ്ങിയപ്പോള്‍, മറ്റുചിലരുടെ മനസ്സില്‍ അലയടിച്ചത്  രഹസ്യമായ ചില  മോഹങ്ങളാണ്. എപ്പോള്‍ വേണമെങ്കിലും ഇരുട്ടത്ത്  തങ്ങള്‍ ആക്രമിക്കപ്പെടാമെല്ലോ എന്നൊരു ചിന്ത പ്രായംകൂടിയവരില്‍ അധികരിച്ചപ്പോള്‍ ചെറുപ്പക്കാരില്‍ ചിലര്‍ അതൊരു ആഘോഷമാക്കാനുള്ള തിരക്കിലുമായി. അവരുടെ കുതന്ത്രമനസ്സുകളില്‍ പന്നിയെ എങ്ങിനെ  രഹസ്യമായി  കെണിവെച്ചു പിടിക്കാം എന്നൊരു അതിമോഹവും  നിറഞ്ഞു. കിഴക്കന്‍ മലനിരകളിന്‍ നിന്നുള്ള മഴവെള്ളപ്പാച്ചിലില്‍ കര്‍ത്താവ് നമ്മള്‍ക്കായി ഒഴുക്കിവിട്ട വിലപ്പെട്ട  സമ്മാനമല്ലേ ഈ പന്നിക്കുട്ടന്‍ എന്നായിരുന്നു ചിലരുടെ ന്യായം. മൊബൈല്‍ ഫോണ്‍,  ലാപ്‌ടോപ് തുടങ്ങിയ  ഇടങ്ങളില്‍മാത്രം വിളയാടുന്ന  ഗൂഗിളിന്റെ നിഗൂഢമായ  ആഴങ്ങളിലേക്ക് ആവേശം മൂത്ത ചെറുപ്പക്കാരെല്ലാം കൂപ്പുകുത്തിയത് ഇതിനുള്ള ഉത്തരവും  തേടിയായിരുന്നു.

രണ്ട്

പത്രക്കാരന്‍ തോമാച്ചന്റെ ജീവിതം എല്ലാ ദിവസവും അതിരാവിലെതന്നെ തുടങ്ങും. പുലര്‍ച്ചെ  ഏതാണ്ടൊരു മൂന്നുമൂന്നര എന്നൊരു സമയം ആകുമ്പോള്‍ പത്രക്കെട്ടെടുക്കാന്‍ അയാള്‍ പത്തു കിലോമീറ്റര്‍ അപ്പുറമുള്ള ടൗണില്‍ എത്തണം. ആ  പതിവ് തെറ്റാതിരിക്കാന്‍ അയാള്‍ക്ക്  പ്രാര്‍ത്ഥനയും അത്താഴവും  നേരത്തെ നടത്താതെ കഴിയില്ല. പകല്‍ സമയങ്ങളില്‍ തുടര്‍ക്കഥകളും വായിച്ച് രാത്രി  സീരിയലുകളും കണ്ട് പലതവണകളായി കരഞ്ഞും ചിരിച്ചും  മനസിന്റെ സമനിലയും വീണ്ടെടുത്ത്  ഏലിക്കുട്ടി കിടപ്പുമുറിയില്‍ എത്തുമ്പോള്‍ തോമാച്ചന്‍ വല്യമ്മച്ചിയുടെ  മടിത്തട്ടിലെ പിഞ്ചു കുഞ്ഞിനെപ്പോലെ ഉറക്കത്തിന്റെ ആഴങ്ങളില്‍ ആയിരിക്കും. സീരിയലിലെ  വില്ലത്തിയായ  അമ്മായിയമ്മയെ പ്രാകിക്കൊണ്ടും അവരുടെ അതിസൗന്ദര്യത്തില്‍ അസൂയപ്പെട്ടും മസ്‌കറ്റില്‍ നേഴ്‌സായി ജോലിയുള്ള മകള്‍ കൊച്ചുമോളെയും  ഓര്‍ത്ത് ഏലിക്കുട്ടി ഒറ്റക്കൊരു കട്ടിലിലാണ് ഉറങ്ങുക. അങ്ങനെ ചെയ്തു തുടങ്ങിയത്  തോമാച്ചന്റെ ഉറക്കത്തിന് യാതൊരു  ഭംഗവും ഉണ്ടാകാതിരിക്കാനായിരുന്നു. ആ  പ്രവൃത്തിയുടെ തുടരെയുള്ള  ആവര്‍ത്തനംകൊണ്ട്  ഏലികുട്ടിക്ക്  അതൊരു ശീലമായി മാറി. പക്ഷെ,  ജീവിതത്തിലെ  ഇത്തരം ചിട്ടവട്ടങ്ങള്‍ കാരണം തനിക്ക് നഷ്ടമായത് സ്വന്തം  ജീവിതം തന്നെയാണെന്ന് തോമാച്ചന്‍ തിരിച്ചറിഞ്ഞത് വളരെ  വൈകിയാണ്. ഇതെക്കുറിച്ച് അയാള്‍  പലതവണ സ്വയം ഓര്‍മപ്പെടുത്തിയിട്ടുമുണ്ട്. അതിനും  കാരണം ഏലിക്കുട്ടി ആയിരുന്നു. പലപ്പോഴും ഏലിക്കുട്ടി  അപരിചിതയെ പോലെ  അയാള്‍ക്ക് അനുഭവപ്പെട്ടു. തന്റെ നിശ്വാസങ്ങള്‍ക്ക്  പോലും  സ്പര്‍ശിക്കാനാവാത്തത്ര ദൂരേക്ക് അവള്‍ തെന്നിമാറുന്നുവോ? ഓര്‍ക്കുമ്പോളെല്ലാം അയാളുടെ മനസ്സും കൂടുതല്‍ ഊഷരമായി. അവിടേക്ക് ഭൂതകാലം മേഘക്കീറുകള്‍ക്കിടയില്‍ നിന്നും പലപ്പോഴും  നിലാവുപോലെ എത്തിനോക്കി.

അവശനായി മരിക്കുംമുന്‍പ് അപ്പനാണ് പത്രത്തിന്റെ ഏജന്‍സിയും വിതരണവും പാരമ്പര്യസ്വത്തുപോലെ ഒരേയൊരു  മകന്‍ തോമസിനു കൈമാറിയത്. പിച്ചവെച്ച നാളില്‍ തന്നെ അപ്പനൊപ്പം  പത്രത്തിന്റെ വിതരണവും തുടങ്ങിയെന്നാണ് അയാളുടെ ഓര്‍മ. സ്‌കൂളിലോ  എണ്ണം തികയ്ക്കാന്‍ വല്ലപ്പോഴും എത്തുന്നൊരു അതിഥിമാത്രവും. ചാത്തങ്കരിയുടെ മുക്കും മൂലയും മാത്രമല്ല എല്ലാ വീടും വീട്ടുകാരെയും അവരുടെ ചരിത്രമുള്‍പ്പടെ തോമാച്ചന് കാണാപ്പാഠമായിരുന്നു. അമ്മച്ചിയുടെ മരണശേഷം അപ്പന്‍ തന്നെയാണ് ഏലിക്കുട്ടിയുടെ വീട്ടുകാരെ കണ്ടെത്തിയതും തോമസിന്റെ കെട്ടുനടത്തിയതും. ഏലിക്കുട്ടിയെ കെട്ടിക്കൊണ്ട് വന്നതിന്റെ അടുത്ത ഒരാഴ്ച  തോമസ് പത്രവിതരണം മറന്നുപോയതു മാത്രമാണ് കര്‍ത്താവിന്റെ തിരുസന്നിധിയില്‍ ചൂണ്ടിക്കാണിക്കാവുന്ന ഒരേയൊരു പാപം. പക്ഷെ, അപ്പന്‍ ഒന്നും പറഞ്ഞില്ല. എങ്കിലും ആ കണ്ണുകളിലെ അപേക്ഷ കണ്ടില്ലെന്ന് നടിക്കാനാവാതെ  പിറ്റേന്നുമുതല്‍ പതിവുപോലെ അതിരാവിലെതന്നെ തന്റെ ഹെര്‍കുലീസ് സൈക്കിളില്‍ ടൗണിലേക്കയാള്‍ പാഞ്ഞുതുടങ്ങി. ജീവിതക്രമം വീണ്ടും പഴയപടിയിലേക്ക് ഉയര്‍ത്തിവെച്ചു. അത്താഴവും പ്രാര്‍ത്ഥനയും നേരത്തെ തീര്‍ത്ത്, ഏലിക്കുട്ടിയെ കണ്ടില്ലെന്നും നടിച്ച്, പ്രാര്‍ത്ഥനയും ചൊല്ലിക്കൊണ്ടാണ്  ഉറക്കംപിടിക്കുക.  ഏലിക്കുട്ടി ടെലിവിഷനെ അഭയം പ്രാപിച്ചത് സമയം കൊല്ലാന്‍വേണ്ടി മാത്രമായിരുന്നില്ല, ജീവിതത്തില്‍ നിന്നുതന്നെ ഒളിച്ചോടുവാന്‍കൂടി ആയിരുന്നു. പകലെല്ലാം അടുക്കളപ്പണിക്കും തുണികഴുകലിനും ഒപ്പം തുടര്‍ക്കഥകളും  വായിച്ചു. രാത്രി  സീരിയലുകളില്‍ നിന്നും സീരിയലുകളിലേക്ക്  തടസ്സമില്ലാതെ ഒഴുകി. ഇതിനിടെ എങ്ങിനെയോ മകള്‍ ജനിച്ചു, പഠിച്ചുപഠിച്ച്  നഴ്‌സിങ്ങും  കഴിഞ്ഞ്  മസ്‌കറ്റില്‍ ജോലിക്കു പോവുകയും ചെയ്തതാണ് അവരുടെ ജീവിതത്തിലെ  ഒരേയൊരു ആശ്ചര്യം.
    
കുര്‍ബാനയും കഴിഞ്ഞ് തോമാച്ചന്‍ എന്തെല്ലാമോ ഓര്‍മ്മകളില്‍ അടിപതറി  വിഷണ്ണനായിരിക്കുമ്പോള്‍ അച്ചന്‍ പകുതി തമാശയായി ചോദിക്കും, തോമാച്ചായനെന്താ ഇത്ര വിഷമമെന്ന്. മകളെ ഓര്‍ത്താണ്  എന്നായിരുന്നു അച്ചന്‍ ചിന്തിച്ചത്. മറ്റേകാര്യം വല്ലതും അച്ചനോട്  അയാള്‍ക്ക്  പറയാനൊക്കുമോ? അഥവാ പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോ?  കുത്തി ഒഴുകുന്ന  പാമ്പാനദിയുടെ കയങ്ങളിലെ ചുഴിയും അതിന്റെ ആഴത്തിലേക്ക് മുങ്ങാന്‍  മടിച്ച്  കറങ്ങിക്കൊണ്ടിരിക്കുന്ന കിനാവുകളെയും നോക്കി ഇരിക്കുമ്പോള്‍ അയാളില്‍ നിന്ന് പതിവുപോലെ  ഒരു ദീര്‍ഘനിശ്വാസം ഉതിരും. സ്വന്തം മനസ്സിന്റെ ചുഴിയുടെ ആഴവും കറക്കവും അയാളും നോക്കിയിരിക്കും. അവിടെയും മായക്കാഴ്ച്ചകള്‍  ഒന്നൊന്നായി കറങ്ങിത്തിരിഞ്ഞ് ആഴത്തിലേക്ക് അപ്രത്യക്ഷമാകും. അതോടെ അയാളുടെ മനസ്സിന്റെ  എല്ലാ നൊമ്പരങ്ങളും എവിടെയോ മറയും.  

ജീവിതത്തെ ഒരു ഘോഷയാത്രയായി ഉപമിച്ചാല്‍ അതിനെ വര്‍ണ്ണാഭമാക്കുക  നിരര്‍ത്ഥകമായ  കടങ്കഥകളുടെ വൈരുദ്ധ്യങ്ങള്‍  കൊണ്ടായിരിക്കുമല്ലോ. തോമാച്ചന്‍  അത്തരമൊരു തിരിച്ചറിവിലേക്ക് എത്തപ്പെട്ടതും ആ കാട്ടുപന്നിയെ കണ്ട ദിവസമായിരുന്നു.


മൂന്ന്

ദിശാസൂചികയോ വഴി വിളക്കുകളോ  ഇല്ലാത്തൊരു കവലയുടെ അപരിചിതത്വത്തില്‍ തോമാച്ചന്‍ അക്ഷമനായി നിന്നു. ഇത്തരം ഒരിടത്ത് താനെങ്ങനെയാണ്  വഴിതെറ്റിവന്നതെന്ന്  അയാള്‍ ആശ്ചര്യംകൂറി. കനത്ത ഇരുട്ടുമൂടിയ വഴി നാലോ അഞ്ചോ ശിഖരങ്ങളായാണ് മുന്നില്‍ ചിതറി    കിടക്കുന്നത്. എവിടേക്കാണ് ഈ വഴികള്‍ പോകുന്നതെന്നും തന്റെ വഴി ഏതാണെന്നും എങ്ങനെ കണ്ടുപിടിക്കുമെന്നുമുള്ള വിചാരം  അയാളെ തീര്‍ത്തും  പരവശനാക്കി. അഥവാ തനിക്ക് എങ്ങോട്ടാണ് പോകേണ്ടതെന്നുപോലും അയാള്‍ക്ക് നിശ്ചയം ഇല്ലായിരുന്നു. സ്വന്തം തട്ടകത്തില്‍ താന്‍ എങ്ങനെയോ  അന്യനാക്കപ്പെട്ടതായി അയാള്‍ തിരിച്ചറിഞ്ഞു. അതോടെ  അയാളുടെ മനസ്സ് കൂടുതല്‍ കുഴഞ്ഞുമറിഞ്ഞു.  ഇത്തരം  ഒരു യാത്രയെക്കുറിച്ചുള്ള തയ്യാറെടുപ്പിനായി താന്‍ ഇതുവരെ  ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ലല്ലോ  എന്നും മനസ്സില്‍ പലവട്ടം ഉറപ്പിച്ചു. എങ്കിലും വന്നുപെട്ട സാഹചര്യത്തെ അയാള്‍ക്ക്  അഭിമുഖീകരിച്ചല്ലേ പറ്റൂ. അയാളുടെ മനസ്സ് അതിനായി തയ്യാറെടുക്കുംപോലെ ഉണര്‍ന്നു. ചുറ്റും  ഇരുട്ടിന്റെ വന്‍മതില്‍ മാത്രം. എന്നും കേള്‍ക്കുന്ന  ചീവീടുകളുടെ രാപ്പാട്ടുകള്‍  പോലും ഇപ്പോള്‍  അയാള്‍ക്ക് അപരിചിതമായി തോന്നി. എത്രയോ കാലമായി താന്‍ കേള്‍ക്കുന്ന  താരാട്ടിന്റെ ഈരടികള്‍ തന്നില്‍നിന്നും അകലുന്നുവോ  എന്നയാള്‍  അത്ഭുതംപൂണ്ടു. ഇരുട്ടിന്റെ അപരത്വത്തെ  ആദ്യമായി  അഭിമുഖീകരിക്കുന്നവനെ പോലെ അയാള്‍ നിരുദ്ധകണ്ഠനായി. നോക്കിനില്‍ക്കേ ചീവിടിന്റെ ശബ്ദത്തെയും മറികടന്നൊരു മുരള്‍ച്ച ഇരുചെവികളിലും  പ്രകമ്പനം കൊണ്ടു. 

അയാളെ  അസഹ്യത  ചൂഴ്ന്നു.  പന്നിയുടെ മുക്രയിടുന്ന ശബ്ദമാണെല്ലോ അതെന്നും  അത് തന്റെ  സ്വന്തം മൂക്കില്‍നിന്നാണെല്ലോ പുറത്തേക്ക് വമിക്കുന്നതെന്നും അയാള്‍ അറിഞ്ഞു. ഒപ്പം രണ്ടു  തേറ്റകള്‍  വായയുടെ ഇരുഭാഗത്തുനിന്നും  നേരിയ നോമ്പരത്തോടെയാണ് വളര്‍ന്ന് പുറത്തുവന്നത്.  അധികം വൈകാതെ  ഒരു പന്നിയുടെ വളര്‍ച്ചയിലേക്ക്  അയാള്‍  പൂര്‍ണ്ണനായി,  ആ  മണ്ണിന്റെ നനവില്‍ വികൃതമായ ശബ്ദവും പുറപ്പെടുവിച്ച് ഓടിനടന്നു. പിന്നീട് ആ പന്നി തന്റെ  മൂക്ക് വിടര്‍ത്തി മണത്തും തേറ്റകള്‍കൊണ്ടു കുത്തി  മണ്ണിളക്കിയും അടുത്തുകണ്ട  ചീഞ്ഞുനാറുന്ന വെള്ളക്കെട്ടിന്റെ ആഴങ്ങളിലേക്ക് എടുത്തുചാടി. വെട്ടിമാറ്റപ്പെട്ട  മരങ്ങളുടെ ഇനിയും മായാത്ത നിഴലുകളാല്‍ മങ്ങിനിന്നൊരു കന്യാവനത്തിന്റെ ഓര്‍മ്മച്ചിത്രം അപ്പോള്‍  ആ തടാകത്തില്‍ ശിഥിലമായി. 
 

click me!