Latest Videos

Malayalam Short Story : ദയാവധം, മുര്‍ഷിദ പര്‍വീണ്‍ എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Aug 15, 2022, 2:11 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   മുര്‍ഷിദ പര്‍വീണ്‍ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

ശ്വാസമെടുക്കുമ്പോള്‍ വല്ലാതെ കിതപ്പ് കൂടിയിരിക്കുന്നു. പഴയപോലെ ഓടാനും ചാടാനും ഒന്നും കഴിയുന്നില്ല. ശബ്ദത്തിന് പോലും വ്യത്യാസം വന്നു തുടങ്ങി. കാലുകളുടെ ബലക്ഷയം എനിക്കും എന്നപോലെ എനിക്ക് ചുറ്റിലും ഉള്ളവര്‍ക്കും മനസ്സിലായി തുടങ്ങിയിട്ടുണ്ട്.

അതുകൊണ്ടു തന്നെ ആയിരിക്കണം അവര്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്. 

എങ്കിലും മനുഷ്യത്വം അന്യമായി തീരുന്ന തരത്തില്‍ ഇവരൊക്കെ എന്തിനാണ് ഈ അവസരത്തില്‍ പെരുമാറുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

അവരുടെ പ്രശ്‌നം എന്റെ രൂപമോ വസ്ത്രരീതിയോ പ്രശസ്തിയോ ഒന്നുമല്ല. അവരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ആവാത്ത തരത്തില്‍ ഞാന്‍ തളര്‍ന്ന് പോയിട്ടുണ്ടെന്ന തിരിച്ചറിവ് തന്നെയാവണം, ഈ അവസരത്തില്‍ അവര്‍ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണം. എങ്കിലും എങ്ങനെ അവര്‍ക്കതിനു കഴിഞ്ഞു. അത്രമാത്രം അവരെ ഞാന്‍ സ്‌നേഹിച്ചിരുന്നു. എനിക്ക് മനസ്സിലായി എന്റെ സ്‌നേഹം അവര്‍ അര്‍ഹിക്കുന്നില്ല. അത് എന്റെ കുറ്റമല്ലല്ലോ.

ഒരു കാലത്ത് എന്നെ  മാത്രം വിചാരിച്ചു കഴിഞ്ഞവര്‍ ഉണ്ടായിരുന്നു. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഞാന്‍ തുള്ളി കൊടുത്തിരുന്ന ഒരു കാലം. എന്റെ കണ്ടുപിടുത്തങ്ങളില്‍ ആത്മ നിര്‍വൃതിയും സംതൃപ്തിയും കൊണ്ട് നടന്നവര്‍. ഞാന്‍ ഇല്ലെങ്കില്‍ ഒന്നും നടക്കില്ല എന്ന് വിശ്വസിച്ചവര്‍. എന്നെ തൃപ്തിപ്പെടുത്താനായി മാത്രം എന്റെ താല്‍പര്യങ്ങളും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും കണക്കനുസരിച്ച് തരംതിരിച്ചു അതെല്ലാം കണക്കിലെടുത്ത് അതിനനുസരിച്ച് എന്നോട് നിലകൊണ്ടവര്‍.

എപ്പോഴാണ് അവര്‍ക്ക് എന്നോടുള്ള താല്പര്യം കുറഞ്ഞത് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. എന്നെ ഉപയോഗപ്പെടുത്താവുന്നതിന്റെ പരമാവധി ഉപയോഗിച്ചിട്ടും ഇപ്പോള്‍ കറിവേപ്പിലയെ പോലെ എന്നെയും ഒഴിവാക്കിക്കളയാന്‍ ആണ് അവര്‍ ഉദ്ദേശിക്കുന്നത്.

ആയ കാലത്ത് എന്റെ ആരോഗ്യം പോലും പരിഗണിക്കാതെ ഞാന്‍ അവര്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്തിട്ടുണ്ടായിരുന്നു.


ഞാന്‍ കഠിനാധ്വാനം ചെയ്തു കണ്ടുപിടിച്ച  കാര്യങ്ങള്‍ക്കെല്ലാം പ്രതിഫലം ഏറ്റുവാങ്ങിയതും എല്ലാവരുടെയും അഭിനന്ദനം കിട്ടിയതും അവര്‍ക്ക് തന്നെയായിരുന്നു. അതിലൊന്നും അന്നും ഇന്നും എനിക്ക് പരാതിയുമില്ല. അവര്‍ പോലും ചിന്തിക്കാത്ത വഴിയിലൂടെ ചിന്തിച്ചു ഒരിക്കല്‍ പോലും അവര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത തരത്തിലുള്ള സ്ഥലങ്ങളില്‍ അവരെ എത്തിച്ചത് ഞാനാണെന്ന് പലപ്പോഴും അവര്‍ മറന്നിട്ടുണ്ട്.

എന്നിലൂടെ പ്രശസ്തിയും പണവും ലഭിച്ചിട്ടും കാലക്രമേണ എന്നിലൂടെ നേട്ടങ്ങള്‍ നേടിയവര്‍ എനിക്ക് നേരെ കണ്ണടയ്ക്കുന്നു എന്ന വസ്തുത അംഗീകരിക്കാന്‍ എനിക്കിനിയും സാധ്യമല്ല. അവര്‍ക്ക് ചിലപ്പോള്‍ തെറ്റ് പറ്റിയതാണെങ്കിലോ? തിരുത്താന്‍ ഒരവസരം അവര്‍ക്ക് കിട്ടിയിരുന്നെങ്കില്‍ അവര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുമായിരുന്നോ?

സത്യം പറയാലോ, എന്റെ ഉറക്കം പോയി, മനസ്സമാധാനം നഷ്ടപ്പെട്ടു. ഞാന്‍ അവരാല്‍ പറ്റിക്കപ്പെട്ടതാണോ അതോ അവര്‍ക്ക് എന്തെങ്കിലും അബദ്ധം പിണഞ്ഞതാണോ? ഒന്നും തിരിച്ചറിയാന്‍ പറ്റുന്നില്ല. ഇവര്‍ ശരിക്കും എന്നെ ചതിച്ചത് ആണെങ്കില്‍ എനിക്ക് ഒരിക്കലും ഇവരോട് ഒന്നും പകരം വീട്ടാന്‍ പോലും പറ്റില്ല. കാരണം എന്റെ പ്രത്യേകത തന്നെ  അതാണല്ലോ. നന്ദികേടു കാട്ടാന്‍ ഞാന്‍ പഠിച്ചിട്ടില്ലല്ലോ.

ഈ ലോകത്തിനും മാനവര്‍ക്കും മുന്നില്‍ നന്ദി കാണിക്കാന്‍ ഏറ്റവും കേമന്‍ എന്ന ബഹുമതി എനിക്കും എന്റെ കൂട്ടുകാര്‍ക്കും എല്ലാവരും പതിച്ചു തന്നിട്ടുണ്ടല്ലോ. അവര്‍ക്ക് അവരുടെ തനതായ മനുഷ്യത്വം  കാണിക്കാന്‍ കഴിയാത്തത്  എന്തുകൊണ്ടായിരിക്കും?

ഇനിയും അധികം കാത്ത് കിടക്കേണ്ടി വരില്ല എന്ന് തോന്നുന്നു. അതാ, എനിക്ക് നേരെ വരുന്നു അവര്‍!

ആ കോട്ടിട്ടയാളുടെ കയ്യില്‍ ആയിരിക്കണം എന്റെ ജീവന്‍  പിടിച്ചെടുക്കാനുള്ള ആയുധം!

അങ്ങനെ  പോലീസിനു വേണ്ടി ജനങ്ങള്‍ക്കു വേണ്ടി ഇത്രയധികം സര്‍വീസുകളില്‍ സഹായിച്ച് അവര്‍ക്ക് പറ്റാത്ത തെളിവുകള്‍ കണ്ടുപിടിച്ചു കൊടുത്ത് തിളങ്ങിനിന്ന കൈസര്‍ എന്ന പൊലീസ് നായയായ എന്നെ, കാര്യം കഴിഞ്ഞപ്പോള്‍ ദയാവധം എന്ന പേരും പറഞ്ഞ് നന്ദികെട്ടവന്മാര്‍ എന്നെ കൊന്നു കളഞ്ഞിരിക്കുന്നു.
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!