ഞാനില്ലായ്മ,  ശ്രീന. എസ് എഴുതിയ കഥ

By Chilla Lit SpaceFirst Published Jul 1, 2021, 6:08 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  ശ്രീന. എസ് എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

മാധവി മരിച്ചു. 

അറുപതു വയസ്സ്. കിഴക്കേടത്തെ രാമനാണ്  മനോമണിയെ അറിയച്ചത്. 

മനോമണിക്ക് കരച്ചില്‍ വന്നു. 

''മരിക്കുകയോ?''

വിശ്വസിയ്ക്കാനായില്ല. എങ്ങനെ? 

''ആത്മഹത്യയായിരുന്നു.'' 

അതിനു മാത്രം എന്താ ഇപ്പോ?'

രാമന്‍ ഒന്നും മിണ്ടാതെ നടന്നകന്നു. 

മനോമണി മാധവിയുടെ വീട്ടിലേക്ക് ചെന്നു. 

എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു. എല്ലാവരും ആര്‍ത്തട്ടഹസിച്ച് കരയുകയാണ്. മാധവിയുടെ മരണം ഉള്‍ക്കൊള്ളാനാവാതെ. എല്ലാവരുടെ മുഖത്തും വല്ലാത്ത നിരാശയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. എനിക്ക് വല്ലാത്ത വിഷമം തോന്നി. ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നു. കോറോണകാലത്തെ മരണമായത് കൊണ്ട് 
പെട്ടെന്നു തന്നെ ചടങ്ങുകള്‍ തീര്‍ത്തു. 


അപ്പോഴാണ് മരിച്ചുപോയ മാധവിക്ക് ഒരാഗ്രഹം, മനുഷ്യനെ തേടിയിറങ്ങാന്‍. എല്ലാവര്‍ക്കും ഞാനില്ലായ്മ എങ്ങനെയെന്നറിയേണ്ടേ?

എന്റെ പ്രിയ സുഹൃത്ത് മനോമണിയെയും, എന്റെ ജോലിക്കാരായ മക്കളേയും മരുമക്കളേയും പേരമക്കളേയും, എന്റെ പ്രിയതമനേയും, എന്റെ പൂന്തോട്ടങ്ങളേയും, ഞാന്‍ ഒറ്റയ്ക്കിരുന്ന എന്റെ പകലുകളേയും, രാത്രികളില്‍ എന്റെ കണ്ണുനീര്‍ ഒപ്പുന്ന തലയണയിടവും, ആരും കൂട്ടിനില്ലാത്ത മുഷിഞ്ഞ ദിവസങ്ങളേയും, എന്റെ വിയര്‍പ്പ്  അറിഞ്ഞിരുന്ന അടുക്കളയിലേക്കും, ഞാന്‍ ഞാനായിരുന്ന ഏകയിടത്തേക്ക്... 


അടുക്കളയിലേക്ക് ചെന്നപ്പോള്‍ ഞാന്‍ കഴുകി വൃത്തിയാക്കി വെച്ച പാത്രങ്ങളും പലചരക്ക് സാധാരണങ്ങളും ഒന്നും കാണുന്നില്ല. കാലില്‍ തണുപ്പു കയാറാതിരിക്കാന്‍  വേണ്ടി വാങ്ങിയ ചവിട്ടി മാത്രമുണ്ട്. 

എനിക്ക് സങ്കടം വന്നു. എന്റെ അലമാര തുറന്നു നോക്കി. ചുവന്ന സാരികള്‍ എന്നെ നോക്കി എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. 

എല്ലാം പഴയപോലെയായിരുന്നു. അയക്കയില്‍ ഉണക്കാന്‍ ഇട്ടിരുന്ന തുണികള്‍ കണ്ടില്ല. 

ഭിത്തിയിലിങ്ങനെ വിരലോടിച്ച് നടന്നപ്പോള്‍ പെട്ടെന്ന് ദൈവം എന്നെ നോക്കി ചിരിക്കുന്നു. ഞാനും തിരിച്ചൊരു പുഞ്ചിരി നല്കി. 

എന്റെ മുറിയിലേക്ക് കയറി,

അപ്പോഴാണ് ദേ വരുന്നു മനോമണി! 

എനിക്കോടി ചെന്നു വിശേഷങ്ങള്‍  തിരക്കണമെന്നുണ്ടായിരുന്നു. വീട്ടിലിരുന്ന് മുഷിഞ്ഞ് കാണും. പാവം മനോമണി! 

അവള്‍ തിണ്ണയില്‍  മിണ്ടാതെ എന്തൊക്കെയോ ആലോചിച്ച് ഇരിക്കുന്നു. 

'ഹാ! ഞാന്‍ എന്തിനിങ്ങനെ ചെയ്തു   എന്നാവും. 

പോട്ടെ സാരമില്ല'

മുറിയിലേക്ക് കയറി, കിടക്കവിരികളൊക്കെ മാറ്റിയിരിക്കുന്നു. ഞാനുപയോഗിച്ചിരുന്ന കുഞ്ഞു വട്ടമേശയും ഇരുപ്പുണ്ട്. 

ജനാല തുറന്നു. എന്റെ പൂക്കളായ സൂര്യകാന്തിയും, മുല്ലയും,കൊണ്ട ചെമ്പരത്തിയും ഒന്നുംതന്നെ കാണുന്നില്ല. 

പ്രിയതമന് എന്നോട് ദേഷ്യമുള്ളതുകൊണ്ടാവാം.. 

ആലോചിച്ചു തുടങ്ങിയതേയുള്ളൂ, ഇങ്ങെത്തി. 

എനിക്ക് നാണമാണോ ചിരിയാണോ  വന്നതെന്ന് അറിയില്ല. ഒന്ന് തൊട്ട്‌നോക്കണമെന്ന് ആഗ്രഹിച്ചു. കൈവിരലുകള്‍ ചേര്‍ത്തി പിടിക്കണമെന്ന് മോഹിച്ചു. 

ആ നിമിഷത്തില്‍ അതിയായ ദേഷ്യം തോന്നി.

ഒരിളം കാറ്റ് എന്നെ തലോടിയങ്ങ് പോയി. എന്റെ ഓര്‍മയ്ക്കായി നട്ട ഞാവല്‍ ചെടിയോട് അദ്ദേഹം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കണ്ണു തുടച്ച് തിരികെ പോയി. 

ഞാനെന്തു പറയാന്‍; സങ്കടം ഉള്ളിലേക്ക് ഇറക്കി. 

പിന്നീട് ഞാന്‍ മരിച്ച മുറിയിലേക്ക് ചെന്നു. 

മേല്‍ക്കൂരയിലുണ്ടായിരുന്ന കൊളുത്തെല്ലാം അറുത്തു മാറ്റിയിരിക്കുന്നു. 

മുറി കണ്ടപ്പോള്‍ പ്രതേകിച്ച് ഒന്നും തോന്നിയില്ല. മരിച്ചതില്‍ വിഷമവും തോന്നിയില്ല. 

ഇവിടെയിപ്പൊ ആരും രാത്രി കിടക്കാറില്ല. അത്‌കൊണ്ട് ഇന്നിവിടെ കൂടാം. 

എന്റെ കണ്ണീരൊപ്പുന്ന തലയണക്ക് കൊടുക്കാന്‍ കണ്ണീരുണ്ടായിരുന്നില്ല. 

തിരിഞ്ഞും മറിഞ്ഞും കിടന്നു. ശരീരമാകെ വല്ലാത്ത വേദനയനുഭവപ്പെട്ടു. 

അലറിക്കരഞ്ഞ് കൊണ്ട് പറഞ്ഞു, 

'ചേര്‍ത്തു പിടിച്ചൂടായിരുന്നോ എന്റെ പ്രിയപ്പെട്ടവരെ, എന്നെ സ്‌നേഹിക്കുന്നവരെ, ഇഷ്ടപ്പെടുന്നവരെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്‌നേഹം പ്രകടിപ്പിക്കണമായിരുന്നു...'

മനസ്സില്‍ ചിന്തകള്‍ കാട് കയറിക്കൊണ്ടിരുന്നു. മരിക്കുമ്പോള്‍ അതി കഠിനമായ വേദനയുണ്ടാകും. 

ദുഃഖം എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ശരീരവേദനകള്‍ ഒരുപാടുണ്ടായിരുന്നു. ഒരു യാത്ര പറയാനുള്ള സമയം കൂടി ഞാന്‍ എനിക്ക് നല്കിയില്ല. മരണം കൂട്ടി കൊണ്ടുപോവുകയായിരുന്നു;

എല്ലാം നൈമിഷികമായ ചില മണ്ടത്തരങ്ങള്‍..

ഹഹഹഹഹ! 

ബസ് പോയിട്ട് കൈകാണിച്ചിട്ട് കാര്യമില്ലല്ലോ. 

സമയം 1.30 ആയിട്ടും ഉറക്കം വരുന്നില്ല. 

മുറിയില്‍ നിന്ന് പുറത്തിറങ്ങി. 

അടുത്തയാത്ര മക്കളുടെ അടുത്തേക്കായിരുന്നു. അവരൊക്കെയും ശാന്തമായി ഉറങ്ങുകയായിരുന്നു. 

ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കാനുമുള്ള ശക്തി അവര്‍ക്ക് ഉണ്ടാവണേന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.

എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെങ്കിലും എനിക്ക് കണ്ണീരുണ്ടായിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ആരും എന്നെ ആലോചിച്ച് കരഞ്ഞ്  ഉറക്കം നഷ്ടപ്പെടുത്തിയിട്ടില്ല. 

പക്ഷേ ഞാനഗ്രഹിച്ചത് ആരെങ്കിലുമങ്ങനെ എനിക്ക് വേണ്ടി ഉറക്കം ഉപേക്ഷിക്കണമെന്നായിരുന്നു. 

സ്വാര്‍ത്ഥതയാണ്. പക്ഷേ ഞാനഗ്രഹിച്ചു. 

തിരിച്ചു നടന്ന് മാവിന്‍ ചുവട്ടിലത്തി. 

മാവിനോടു ചേര്‍ന്ന് ഉഷ തന്ന സൂചിമുല്ല ചെടിയുണ്ടയിരുന്നു. 

എന്തുകൊണ്ടോ അതിനെയാരും വലിച്ചുകീറിയില്ല. ഒന്ന് രണ്ടു പൂക്കള്‍ പൂത്തിരുന്നത് കണ്ടപ്പോള്‍ 

സന്തോഷമായി. 

ആ വാസന കൈവിടാതെ മുറിയിലെത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ മടുപ്പ് തോന്നി. 

ഒരിക്കല്‍ കൂടി മരിച്ചു പോകണമെന്ന് അതിഭയങ്കരമായി ആഗ്രഹിക്കുകയും കരഞ്ഞ് തളരുകയും ചെയ്തു.

രാവിലെയായതറിഞ്ഞില്ല. 

വിഷാദത്തിന്റെ കാടുകള്‍ പൂക്കുന്നതിന് മുന്നെ തിരിച്ചു പോണം. അസ്വസ്ഥതയുണ്ടാക്കുന്ന ഈ ഇടം എനിക്കൊട്ടും ആസ്വദിക്കാന്‍ കഴിയുന്നില്ല. 

'ഇല്ല.. ഇല്ല.. ഇനി എനിക്ക് വിഷാദമെന്താണെന്ന് അറിയേണ്ട.. നിരാശയെന്തെന്ന് അറിയേണ്ട.. 

മരണശേഷമുള്ള നാളുകളില്‍ ഞാന്‍ ശരിക്കുമൊരു മായാലോകത്തായിരുന്നു.അലമുറകള്‍ ഇല്ലാത്ത ലോകം. 

അത്ഭുത ലോകം തുറക്കപ്പെട്ടപോലെ.

അത്ഭുതം! അത്ഭുതം!

വിളിച്ച് കൂവി വീടിന്റെ നാല് പുറവും ഓടി. 

എനിക്ക് ചിരി വന്നു. 

ജീവിക്കണം. ജീവിച്ച് മരിക്കണം. ഇനി ആരെയും കാണണമെന്നു തോന്നുന്നില്ല. എങ്കിലും അവസാനമായി മനോമണിയെ കാണാന്‍ മനസ്സു കൊതിച്ചു. 

അങ്ങോട്ട് ചെന്നപ്പോള്‍ മനോമണി പത്രത്തില്‍ എന്റെ മരണഫോട്ടോ നോക്കി പറയുകയാണ്, 

'മാധവി, എനിക്ക് നിന്നോട് സഹതാപം തോന്നുന്നു. ജീവിതമിങ്ങനെയൊക്കെയാണെന്ന് മനസ്സിലാക്കാതെയാണ് നീ പോയത്. നീ നിന്നെ മാത്രമാണ് ചിന്തിച്ചത്. വിരഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്ന് നീ ചിന്തിച്ചു പോയി. 

ലോകത്തില്‍ എല്ലാ രീതിയിലും സന്തോഷപ്പെട്ടുകൊണ്ട് ആരും ജീവിക്കുന്നില്ല മാധവി. പട്ടിണി കിടക്കുന്നവര്‍, ചതിക്കപ്പെട്ടവര്‍,  യൗവ്വനം അണിഞ്ഞൊരുക്കി നടക്കാന്‍ കഴിയാത്തവര്‍, കടബാധ്യതയുള്ളവര്‍, അങ്ങനെയെത്രയെത്ര ജീവിതങ്ങള്‍..

തളരും. തളര്‍ന്നേക്കാം. നീ തളര്‍ന്നുപോയി. നീ തോറ്റ് പോയി... '

മനോമണി പാത്രത്തെ ചേര്‍ത്ത് പിടിച്ച് വിങ്ങി. 

ഇത് കണ്ടു നിന്ന  മാധവിക്ക് കഠിനമായ വേദനയനുഭവപ്പെട്ടു. 

ഒരു മൂലയില്‍ ഇരുന്ന് 'ജീവിതമെന്നത് അത്ഭുതമാണ്' ജീവിതമെന്നത് അത്ഭുതമാണ്' എന്ന് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞ്  അലറികരഞ്ഞ്, മരണം അത്യത്ഭുതമാണെന്ന് മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ച് ചിരിച്ചുകൊണ്ട് തിരിച്ചിറങ്ങി.

 

 

മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!