തീരം കാണാത്ത തിര

By Chilla Lit SpaceFirst Published Oct 15, 2021, 8:26 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സൂര്യ സരസ്വതി എഴുതിയ കഥ 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

സൂര്യന്‍ കത്തിയെരിഞ്ഞ് പകലിനെ കനലാക്കിക്കൊണ്ടിരുന്ന ഒരുച്ചനേരത്താണ് നാരായണന്‍കുട്ടി അയാളുടെ ബന്ധത്തിലുള്ള സഹോദരിയുടെ മകന്റെ കയ്യും പിടിച്ച് ആ വലിയ വീടിന്റെ മുറ്റത്തെത്തിയത്. ഉടലിനെ പൊള്ളിക്കുന്ന ചൂടിനേക്കാള്‍ ഉള്ളിലെ വേദനയും ഉത്കണ്ഠയും അയാളെ വല്ലാതെ പരവശനാക്കിയിരുന്നു.

വഴിയുലടനീളം അയാള്‍ കൂടെയുള്ള ആണ്‍കുട്ടിയോട് നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു. പത്തുവയസ്സിന്റെ വളര്‍ച്ചയെത്തിയ അവന്റെ തലച്ചോറിന് അത് മുഴുവനും മനസ്സിലാക്കിയെടുക്കാന്‍ കഴിയുമായിരുന്നില്ല എങ്കിലും അയാള്‍ പറഞ്ഞ ചില വാക്കുകള്‍ അവന്റെ മനസ്സില്‍ ചുമരില്‍ ആണിതറയ്ക്കുന്നതുപോലെ തുളഞ്ഞുകയറി

'കുഞ്ഞേ നീയിപ്പോ ഒരനാഥ ചെക്കനാണ. വല്യ ബന്ധമൊന്നുമില്ലാതിരുന്നിട്ടും അവര്‍ നിന്നെ അവിടെ നിര്‍ത്താമെന്ന് പറഞ്ഞതുതന്നെ ഭാഗ്യം. അവര്‍ക്കു നീ കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്. അവിടെ ഒരു കൊച്ചു പെണ്‍കുട്ടിയുണ്ട് . നീയതിനെയോ  അതിന്റെ സാധനങ്ങളിലോ തൊടുകയോ വഴക്കിനു പോവുകയോ ഒന്നും ചെയ്യരുത്'

അദ്ധ്യാപകന്‍ പഠിപ്പിക്കുന്നത് മനഃപാഠമാക്കുന്ന കുട്ടിയെപ്പോലെ അവനത് മനസ്സിലിട്ട് ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരുന്നു. അവര്‍ വീട്ടിലേക്കു കയറിചെല്ലുമ്പോള്‍ വിശാലമായ ഹാളിന്റെ മധ്യത്തില്‍ സ്ഫടിക  സമാനമായ തറയില്‍ കുറെയധികം കളിപ്പാട്ടങ്ങളുടെ നടുവിലായിരുന്നു കുഞ്ഞു ലെന. പല നിറത്തിലും വലിപ്പത്തിലുമുള്ള കളിക്കോപ്പുകള്‍ക്കിടയില്‍ അവളുടെ മുഖം ഉദ്യാനത്തില്‍ വിടര്‍ന്നുനിന്ന പല വര്‍ണ്ണത്തിലുള്ള പൂക്കള്‍ക്ക് നടുവില്‍ അപ്പോള്‍ മാത്രം വിടര്‍ന്ന അതിമനോഹരമായ ഒരു പനിനീര്‍പ്പൂവിനെ ഓര്‍മിപ്പിച്ചു. തലേദിവസം ലെനയുടെ അച്ഛന്‍ അവള്‍ക്കു വാങ്ങിക്കൊടുത്ത കീ കൊടുത്താല്‍ തപ്പുകൊട്ടിക്കൊണ്ടോടി നടക്കുന്ന കുരങ്ങനിലായിരുന്നു ലെനയുടെ ശ്രദ്ധ മുഴുവന്‍ .കീ കൊടുക്കുമ്പോള്‍ കുരങ്ങന്‍ തപ്പ് കൊട്ടിക്കൊണ്ടോടി നടക്കുന്നത് കാണുമ്പോള്‍ അവള്‍ ആര്‍ത്തു ചിരിച്ചു.

ഹാളിന്റെ ഒരറ്റത്ത് സോഫാസെറ്റി, ടീപോയി പിന്നെ തടിയില്‍ ചിത്രപ്പണി ചെയ്‌തെടുത്ത മനോഹരമായ കുഷ്യനിട്ട് അലങ്കരിച്ച ആധുനിക രീതിയിലുള്ള കസേരകള്‍ മൂന്നോ നാലോ ചൂരല്‍ക്കസേരകള്‍ എന്നിവ ഉണ്ടായിരുന്നു അതിലൊന്നില്‍ ഇരുന്നിരുന്ന ലെനയുടെ മുത്തശ്ശി കസേര കൈകളില്‍ താളമിട്ടുകൊണ്ട് അവളെ പ്രോസാഹിപ്പിച്ചുകൊണ്ടിരുന്നു.

'ചാടിക്കളിയെടാ കുഞ്ഞിരാമാ'

മുത്തശ്ശിയുടെ പരിഹാസ രൂപേണയുള്ള ഉച്ചത്തിലുള്ള  ശബ്ദം കേട്ട് അപ്പോള്‍ അകത്തുനിന്ന് പുറത്തേക്കിറങ്ങുകയായിരുന്ന ലെനയുടെയുടെ മുത്തശ്ശന്‍ ഒരു നിമിഷം ഞെട്ടി മുത്തശ്ശിയുടെ മുഖത്തേക്കും പിന്നെ തപ്പുകൊടുന്ന കുരങ്ങനിലേക്കും ദയനീയമായി നോക്കിക്കൊണ്ട് അകത്തേക്ക് തന്നെ കയറിപ്പോയി .

ഹാളിന്റെ വാതിക്കല്‍ അല്‍പ്പം പരുങ്ങലോടെ നില്‍ക്കുകയായിരുന്ന നാരായണന്‍ കുട്ടിയേയും ബാലനെയും അപ്പോഴാണ് മുത്തശ്ശി ശ്രദ്ധിച്ചത് . അയാള്‍ അവന്റെ കൈ പിടിച്ച് അകത്തേക്ക് കയറി. കണ്ണിന് മുകളില്‍ വലതു കൈപ്പത്തി   ചേര്‍ത്തുവച്ച് മുത്തശ്ശി ആണ്‍കുട്ടിയെ സൂക്ഷിച്ചു നോക്കി .

'ഇതാണോ നാരായണാ നിന്റെ ഒടപ്രന്നോള്‍ടെ കുട്ടി'- തീരെ മയമില്ലാത്ത ശബ്ദത്തില്‍ മുത്തശ്ശി ചോദിച്ചു .

'അതെ'-അയാളുടെ സ്വരം തീരെ നേര്‍ത്തിരുന്നു .

മുത്തശ്ശി എന്തോ പറയാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ലെനയുടെ ഉച്ചത്തിലുള്ള നിലവിളി.മൂവരും പെട്ടന്ന് ഞെട്ടി അവിടേക്കു നോക്കി ലെനയുടെ തപ്പ് കൊട്ടുന്ന കുരങ്ങന്‍ കീ കൊടുത്തിട്ട് ഓടുന്നില്ല. അവളുടെ കരച്ചില്‍ കേട്ടിട്ടാകണം ഒരു സ്ത്രീ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് ഇറങ്ങി വന്നു. തിടുക്കത്തില്‍ ലെനയുടെ അടുത്തേക്ക് നടന്നു വന്ന അവള്‍ അറിയാതെ ചവിട്ടിയത് പാടുകയും നൃത്തം ചെയ്യുകയും ചെയ്തുകൊണ്ടിരുന്ന സ്വര്‍ണ്ണ തലമുടിയും നീലക്കണ്ണുകളുമുള്ള ഒരു സുന്ദരി പാവയിലായിരുന്നു. ഡാന്‍സും പാട്ടും നിന്നു. ഒരു കരച്ചിലോടെ അത് പിടഞ്ഞു വീണു. പാവയുടെ  നൃത്തം കൗതുക പൂര്‍വം നോക്കി നില്‍ക്കുകയായിരുന്ന ആണ്‍കുട്ടിയുടെ ഭാവം മാറി. അവന്റെ മുഖം പേടിച്ചരണ്ടു. അതിഭയങ്കരമായ എന്തോ കാഴ്ച കണ്ടിട്ടെന്നപോലെ കണ്ണുകള്‍ തുറിച്ചു  അവന്റെ ബോധ മണ്ഡലത്തില്‍ ചില ഓര്‍മ്മകള്‍ തിരമാലകള്‍ പോലെ ഇരമ്പിയാര്‍ത്തു .

ആ ഭാവഭേദം കണ്ട് നാരായണന്‍ കുട്ടിയുടെ മുഖം സങ്കടം കൊണ്ട് വിങ്ങി. ചിറകൊടിഞ്ഞ ചിത്ര ശലഭം പോലെ ചലനമറ്റ് കിടക്കുന്ന ഒരു നാല് വയസുകാരി പെണ്‍കുഞ്ഞിന്റെ ചിത്രം അയാളുടെ മനസ്സിനെ കീറിമുറിച്ചുകൊണ്ട് തെളിഞ്ഞു വന്നു . ഒപ്പം ഒന്നും സംഭവിക്കാത്ത പോലെ മരവിച്ച കുഞ്ഞിന്റെ ശരീരവും ചേര്‍ത്തുപിടിച്ച് ശാന്തതയോടെ ഇരിക്കുന്ന അയാളുടെ അനിയത്തിയേയും. അയാളുടെ മനസ്സില്‍  ഓര്‍മ്മകളുടെ പെരുമഴ കണ്ണുകളെ നനയിച്ചുകൊണ്ട് പെയ്തിറങ്ങി

ആമിയെന്ന് അയാള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന അഭിരാമി. അമ്മയുടെ അനുജത്തിയുടെ മകള്‍.  ഒറ്റമകനായ നാരായണന്‍ കുട്ടിക്ക് അഭിരാമിയോട് വലിയ സ്‌നേഹമായിരുന്നു. അവള്‍ക്കു തിരിച്ചും. പക്ഷെ ഒരു പൂത്തുമ്പിയെപ്പോലെ പാറിപ്പറന്നു നടന്ന കുഞ്ഞുപ്രായത്തില്‍ അയല്‍ക്കാരന്റെ രൂപത്തിലെത്തിയ കാമത്തിന്റെ കരിനീല വിഷമുള്ള പാമ്പ് അവളെ കടിച്ചു കുടഞ്ഞു. ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും അതവളുടെ കുഞ്ഞു മനസ്സിനെ അത് ആകെ തളര്‍ത്തുകളഞ്ഞു. ഏറെ നാളത്തെ ചികിത്സക്ക് ശേഷം അവള്‍ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. വിവാഹം കഴിഞ്ഞു. ഇളയ കുട്ടിയെ പ്രസവിക്കുന്നത് വരെ വലിയ കുഴപ്പങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. മകള്‍  ജനിച്ചതില്‍ പിന്നെയായിരുന്നു അവളുടെ മാറ്റങ്ങള്‍. ഏതു നിമിഷവും തന്നില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ടേക്കാവുന്ന അമൂല്യമായ ഒരു നിധിപോലെ അവള്‍ എപ്പോഴും മകളെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ചു. അവളുടെ കണ്ണുകളില്‍ എപ്പോഴും ഭീതിയും വിഷാദവും നിഴലിച്ചു കണ്ടു. ഒരിക്കല്‍ തന്നെ  ചുറ്റിവരഞ്ഞ  പാമ്പ് തന്റെ മകളുടെ അടുത്തേക്കും ഇഴഞ്ഞു വരുന്നതും അതിന്റെ കൂര്‍ത്ത പല്ലിന്റെ ആഴത്തിലുള്ള കടിയേറ്റ് അവള്‍ തന്റെ മുന്നില്‍ കിടന്നു പിടയുന്നതും അവള്‍ മനസ്സില്‍ കണ്ടു. ആ കാഴ്ച്ചയില്‍ അവളുടെ തലച്ചോറിലേക്ക് ആയിരം തിരമാലകള്‍ ഇരമ്പിപാഞ്ഞെത്തുകയും അവളുടെ മനസ്സിനെ വിഭ്രമത്തിന്റെ ആഴക്കടലിലേക്ക് വലിച്ചുകൊണ്ടുപോവുകയും ചെയ്തു. ഒരു ദിവസം കടലിലെ ചുഴികള്‍ക്കിടയില്‍ അവള്‍ കരിനീല വിഷമുള്ള പാമ്പിനെ കണ്ടു. പാമ്പില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കാന്‍ അവള്‍ കുഞ്ഞിനെ നെഞ്ചോടമര്‍ത്തിപ്പിടിച്ചു. ശ്വാസം കിട്ടാതെ പിടഞ്ഞു കരഞ്ഞ കുഞ്ഞിനെ വീണ്ടും വീണ്ടും അമര്‍ത്തിപ്പിടിച്ചു. ഒടുവില്‍ പിടച്ചില്‍ നിന്നു. തന്റെ കുഞ്ഞ് ഉറങ്ങുകയാണെന്നു കരുതി അവള്‍ കാവലിരുന്നു.  

'ഓള്‍ടെ കെട്ട്യോന്‍ എവിടെയാ ഇപ്പൊ, വല്ല അറിവുമുണ്ടോ'

മുത്തശ്ശിയുടെ ശബ്ദമാണ് നാരായണനെ ഓര്‍മ്മകളില്‍നിന്നും ഉണര്‍ത്തിയത്.

'എവിടെയാന്ന് ഒരു നിശ്ചല്യ. അയാളേം കുറ്റം പറയാന്‍ പറ്റില്ല. ഒരു ഭ്രാന്തിയെ എത്ര നാളെന്നുവച്ചാ സഹിക്കുക'-  അയാള്‍ക്ക് അവളുടെ ഭര്‍ത്താവിനോട് അലിവുമുള്ളത് പോലെ തോന്നി.

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആണ്‍കുട്ടി അയാളെ ദയനീയമായി നോക്കി. എരിഞ്ഞുകൊണ്ടിരുന്ന തീയില്‍നിന്നും ഒരു തീപ്പൊരി അന്തരീക്ഷത്തിലേക്ക് പാറി വീണതുപോലെ അവന്റെ തൊണ്ടയില്‍ നിന്നും ഒരു കരച്ചില്‍ പുറത്തേക്ക് തെറിച്ചു.  നാരായണന് അതിയായ വിഷമ തോന്നി. പക്ഷെ തന്റെ വീട്ടിലേക്ക് അവനെ കൂട്ടിക്കൊണ്ടു പോയാല്‍ അവനും തനിക്കും ഒരിക്കലും സ്വസ്ഥത ഉണ്ടാവില്ലയെന്നോര്‍ത്തപ്പോള്‍ അയാള്‍ ഒരു നെടുവീര്‍പ്പോടെ ഇറങ്ങി നടന്നു.


വിചിത്രവും അപരിചിതവുമായ മറ്റേതോ ലോകത്തേക്ക് വഴിതെറ്റി വന്നവനെപ്പോലെ അവന്‍ ആ വീട്ടില്‍ കഴിഞ്ഞു. ആ വീട്ടിലുള്ളവര്‍ അവനോട് അധികം അടുക്കുകയോ അകലം പാലിക്കുകയോ ചെയ്തില്ല. വീട്ടിലുള്ള ഒരു മൃഗത്തിന് ആഹാരം കിട്ടുന്നതുപോലെ അവനും മൂന്ന് നേരവും ആഹാരം കിട്ടി. ഉറങ്ങാന്‍ അടുക്കളയോട് ചേര്‍ന്നുള്ള മുറിയില്‍ ഒരു പായും തലയിണയും കിട്ടി. അവനും അവിടെയുള്ള പട്ടിയേയും പൂച്ചയേയും പോലെ നിശബ്ദനായി അനുസരണയുള്ളവനുമായി അവിടെ ജീവിച്ചു. ലെനയെ കാണുമ്പോഴെല്ലാം അവന്‍ അവന്റെ കുഞ്ഞനുജത്തിയെ ഓര്‍ത്തു. അവളെ എടുക്കാനും കളിപ്പിക്കാനും കൊതിച്ചു. പക്ഷെ അപ്പോഴെല്ലാം നാരായണന്‍ കുട്ടി പറഞ്ഞ വാക്കുകള്‍ അവനെ അതില്‍ നിന്നും പിന്തിരിപ്പിച്ചു .


കുറച്ചു നാളുകള്‍ക്കു ശേഷം ഒരു ദിവസം നാരായണന്‍കുട്ടി വീണ്ടും വന്നു


''നാളെയാണ് കേസിന്റെ വിധി. അവള്‍ക്കു ചെക്കനെയൊന്നു കാണണമെന്നു പറയുന്നു''
 
ആവശ്യത്തിലധികം താഴ്മയോടെ ഇത്തിരി മടിയോടെയാണ് അയാള്‍ ലെനയുടെ മുത്തശ്ശിയോട് അത് പറഞ്ഞത് .

'ഓള്‍ടെ ഭ്രാന്തൊക്കെ മാറിയോ നാരായണാ'-കുറച്ച് ഈര്‍ഷ്യയോടെയാണെങ്കിലും മുത്തശ്ശി തിരക്കി .

'ഉവ്വ്, കുറച്ച് ഭേദമുണ്ട്. ജയിലിലും ചികിത്സയൊക്കെ ഒണ്ടാരുന്നല്ലോ . വകേല് ആണെകിലും സ്വന്തം കൂടെപ്പിറപ്പു പോലെ തന്നെയാ ഞാന്‍ കാണുന്നത്.  അതുകൊണ്ടു ചിലപ്പോഴൊക്കെ പോയി കാണാറുണ്ട്.' അയാള്‍ക്ക് പെട്ടന്ന് സങ്കടം വന്നപോലെ തോന്നി .

'പിന്നെ നാരായണാ നിന്നോട് ഒരു കാര്യം പറയാനുണ്ട്. ചെക്കനെ അധികം നാളൊന്നും ഇവിടെ നിര്‍ത്താന്‍ പറ്റില്ല . എവിടെയാന്ന് വച്ചാ ഒരു സ്ഥലം കണ്ടോളിന്‍'

അയാള്‍ക്ക് പെട്ടന്ന് ഒരു തളര്‍ച്ച അനുഭവപ്പെട്ടു. ഇങ്ങനെയൊന്ന് അയാള്‍ പെട്ടന്ന് പ്രതീക്ഷിച്ചില്ല. അയാള്‍ അവന്റെ മുഖത്തേക്ക് നോക്കി. മറ്റെന്തോ ശ്രദ്ധിക്കുന്നതുപോലെ കുനിഞ്ഞ് ഇരിക്കുകയായിരിക്കുന്ന അവന്റെ മുഖത്തെ അപ്പോഴത്തെ ഭാവം അയാള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല .

മുടി നന്നായി പിറകിലേക്ക് ഒതുക്കി കെട്ടി ദു:ഖത്തിന്റെ കരിമഷി ആവശ്യത്തിലധികം പടര്‍ന്ന കണ്ണുകളുമായി അവള്‍ അവര്‍ക്ക്മുന്നില്‍ നിന്നു. അവന്‍ പേടിയും അമ്പരപ്പും കലര്‍ന്ന കണ്ണുകളോടെ അവളെ നോക്കി. അതിരറ്റ വാത്സല്യവും അതിലേറെ വേദനയും നിറഞ്ഞ സ്വരത്തില്‍ അവള്‍ അവനെ 'മോനെ 'എന്ന് വിളിച്ചു. നീറുന്ന മുറിവിലേക്ക് ഒരു തുള്ളി തേനിറ്റുവീണപോലെ അവനു തോന്നി. അനിയത്തി ജനിച്ചശേഷം അവന്റെ  അമ്മ അവനെ ഇത്രയും സ്‌നേഹത്തില്‍ വിളിച്ചിട്ടില്ല. അവന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു .

'നാരായണേട്ടാ' 

അവള്‍ തൊഴുകൈകളോടെ അയാളെ നോക്കി. 'എന്റെ കുട്ടിയെ തെരുവിലേക്ക് ഇറക്കി വിട്ടില്ലല്ലോ നിങ്ങള്‍.'

തിരിച്ചിറങ്ങുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു. നിരത്തിലൂടെ ഒഴുകി നീങ്ങുന്ന വാഹനങ്ങളും മനുഷ്യരും വിളറിക്കത്തുന്ന തെരുവ് വിളക്കിന്റെ കീഴിലൂടെ കുട്ടിയുടെ കൈ പിടിച്ച് അയാള്‍ നടക്കുകയായിരുന്നു.

ഏതോ ഒരു നിമിഷത്തില്‍ തന്റെ കൈ സ്വതന്ത്രമായതായും തന്നോടൊപ്പം അവന്‍ ഇല്ലെന്നും അയാള്‍ മനസ്സിലാക്കി. ഒരു പ്രവാഹം പോലെ ഇരച്ചുവരികയും തുള്ളികള്‍ പോലെ അകന്നുപോവുകയും ചെയ്യന്ന മനുഷ്യരെ നോക്കി അയാള്‍ പകച്ചു നിന്നു

click me!