ഉമ്മ മറയിലാണ്, വി.കെ.മുസ്തഫ എഴുതിയ കഥ

By Chilla Lit SpaceFirst Published Jun 16, 2021, 7:55 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് വി.കെ.മുസ്തഫ എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

അപ്രതീക്ഷിതമായി പിതാവ് നഷ്ടപ്പെട്ട മക്കള്‍ വേദനയോടെ ഇടയ്ക്കിടെ ഒത്തുചേരും. അതിനിടയില്‍ ബാപ്പയുടെ മണമുള്ള തറവാട്ടില്‍, സ്ഥിരതാമസമാക്കാനുള്ള ആഗ്രഹം മൂത്ത മോന്‍ പ്രകടിപ്പിച്ചു.  ഒപ്പം, ''ഒറ്റ മോളായ നിന്റെ ഭാര്യയ്ക്ക് ഒരൂ ബംഗ്ലാവ് തന്നെയുള്ളപ്പോള്‍ നിനക്കെന്തിനാണ് ഈ പഴഞ്ചന്‍ വീട്'' എന്ന പരിഹാസവും. 

അത് അനിയന് പിടിച്ചില്ല. റോഡിനടുത്തുള്ള കണ്ണായ സ്ഥലം തനിക്ക് മാത്രമായി വേണമെന്നായി അവന്‍.

അതൊരു വലിയ വാക്ക് തര്‍ക്കമായി മാറാന്‍ അധിക സമയം വേണ്ടി വന്നില്ല. 

അതിനിടയില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉപ്പയുടെ ചാരുകസേരയിലേക്ക് നോക്കി ഓര്‍മ്മകളില്‍ ലയിച്ചിരുന്ന ഏക മകളുടെ ശബ്ദവും ഉയര്‍ന്നു. ''സ്വത്തൊക്കെ നിങ്ങള്‍ ആണ്‍മക്കള്‍ പകുത്തെടുത്താല്‍ ഞാനെന്ത് ചെയ്യും? എന്റെ വീടിന്റെ പണി തുടങ്ങിയിട്ടേയുള്ളു. രണ്ട് പെണ്‍മക്കളാണെങ്കില്‍ മല്‍സരിച്ച് വളര്‍ന്ന് വരുന്നു.''

അത് വരെ പരസ്പരം തര്‍ക്കിച്ച് കൊണ്ടിരുന്ന ആങ്ങളമാര്‍ ഈറ്റപ്പുലികളായി അവളുടെ നേരെ ചാടി വീണു.

''ഉപ്പാന്റെ സ്വത്തില്‍ കൂടുതല്‍ സ്ത്രീധനമായിട്ടും മറ്റും നിനക്കല്ലെ എഴുതി തന്നത്? ഇട്ട് മൂടാന്‍ മാത്രം പൊന്നും തന്നില്ലേ? വീണ്ടും കണക്ക് പറയാന്‍ നാണമില്ലേടീ?''

വാദപ്രതിവാദത്തിന്റെ ഇടിയിലും മിന്നലിലും വീട് വിറച്ചു. 

അകത്തിരുന്ന് ഉമ്മ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു.

ഉമ്മ 'മറ'യിലാണ്. 

നല്ല പാതി നഷ്ടമായ ഉമ്മ വെള്ള വസ്ത്രവും അണിഞ്ഞ് പുറത്തിറങ്ങാതെ തന്റെ സങ്കടങ്ങളൊതുക്കി മറയിലിരിക്കുകയാണ്.

ബഹളം കനത്തപ്പോള്‍ ഉമ്മ പതുക്കെ പാതി തുറന്നു വെച്ച ജാലക പാളികള്‍ക്കിടയിലൂടെ  പൂമുഖത്തേക്ക് നോക്കി. ഉമ്മയുടെ നെഞ്ചിടിപ്പുയര്‍ന്നു. 

കണ്ണീര്‍ പേമാരിയായി പെയ്തിറങ്ങി. 

പക്ഷെ ഉമ്മയെ ആരും കാണുന്നുണ്ടായിരുന്നില്ല.

 

...........................

മറ: ഭര്‍ത്താവ് മരണപ്പെട്ടാല്‍ ഭാര്യ നാലു മാസവും പത്തുദിവസവും പുറത്തിറങ്ങാതെ, അന്യരെ കാണാതെ, മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന ഇസ്‌ലാമിക ആചാരത്തിന് (ഇദ്ദ) മലബാറിലെ ചില പ്രദേശങ്ങളില്‍ വിളിക്കുന്ന പേര്. 

click me!