Translation : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Published : Sep 29, 2022, 04:25 PM ISTUpdated : Sep 29, 2022, 04:52 PM IST
Translation : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍,  ആലിസ് വാക്കര്‍ എഴുതിയ കവിത

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അമേരിക്കന്‍ എഴുത്തുകാരി ആലിസ് വാക്കര്‍ എഴുതിയ I Will Keep Broken Things എന്ന കവിത. മൊഴിമാറ്റം: ഐറിസ്  

ആലിസ് വാക്കര്‍

1944 -ല്‍  ജനിച്ച ആലിസ്  മാല്‍സന്വേ റ്റെലൂല കെയ്റ്റ് വാക്കര്‍ അമേരിക്കയിലെ കരുത്തുറ്റ എഴുത്തുകാരിയും സാമൂഹിക-രാഷ്ട്രീയപ്രവര്‍ത്തകയുമാണ്. അവരുടെ  പ്രസിദ്ധമായ 'ദ  കളര്‍ പേര്‍പിള്‍' എന്ന നോവലിന്  1983-ല്‍  പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചു. ആദ്യമായി ഒരു അമേരിക്കന്‍ എഴുത്തുകാരിക്ക് കിട്ടിയ പുലിറ്റ്‌സര്‍ അംഗീകാരം കൂടിയായിരുന്നു അത്. അതേ നോവല്‍  അക്കൊല്ലത്തെ നാഷണല്‍ ബുക്ക് അവാര്‍ഡും നേടി.  നിരവധി  നോവലുകളും കഥകളും കവിതകളും സാഹിത്യേതരരചനകളും ആലിസ് വാക്കറിന്റേതായുണ്ട്. ആദ്യകവിതാസമാഹാരം 'വണ്‍സ്'  കലാലയവിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ പ്രസിദ്ധീകരിച്ചു. 2010-ല്‍ സമാധാനത്തിനുള്ള ലണ്ണന്‍ ഓണോ ഗ്രാന്റ് പുരസ്‌കാരവും ആലിസിനെ തേടിയെത്തി. ആഫ്രിക്കന്‍ വംശീയസ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ  പോരാളി കൂടിയാണ് ആലിസ്. ഏകമകള്‍ റബേക്ക വാക്കറും  ശ്രദ്ധേയയായ എഴുത്തുകാരിയാണ്.

 

 

ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍

ഉടഞ്ഞു
പോയവ
കാത്തുവയ്ക്കും ഞാന്‍:

വാലിനായി
അന്യോന്യം
പിന്‍പായുന്ന
ഉടുമ്പുകള്‍ പതിച്ച
ആ വലിയ മണ്‍
ഭരണി;
പൊരുള്‍കണ്ട
അവയുടെ
രണ്ട്
തലയും
വീഴ്ചയില്‍
തകര്‍ന്നടര്‍ന്നിരുന്നു;

ഉടഞ്ഞു
പോയവ
കാത്തുവയ്ക്കും ഞാന്‍:
മിസ്സിസ്സിപ്പിയിലെ
ആ പഴയ
അടിമ-
ച്ചന്തയില്‍നിന്ന്
വാങ്ങിയ
കുട്ട
എന്റെ വാതിലിലുണ്ട്

അതിന്റെ 
തഴച്ച്
ഇരുണ്ട
ഓക്ക് പാളിയില്‍
തറഞ്ഞിറങ്ങിയ
തുള.

ഉടഞ്ഞു
പോയവ
ഞാന്‍ കാത്തുവയ്ക്കും:
നിനക്കൊപ്പം
രാവ് നീളെ
കൊതിനുണഞ്ഞ്
നീന്തിത്തുടിച്ച

ഓര്‍മ;

ഉടഞ്ഞു
പോയവ
കാത്തുവയ്ക്കും ഞാന്‍:
എന്റെ  വീട്ടില്‍
ഇപ്പോഴും
ഇരിപ്പുണ്ട്

പെരുമയുള്ള
അലമാര
ഉടഞ്ഞു
പോയവ
ഞാന്‍
കാത്തുവയ്ക്കുന്നത്
അതിലാണ്.

പിന്നൊരിക്കലും
'ഒട്ടിച്ചുചേര്‍ക്കേണ്ടതില്ല'
എന്നതിലാണ്
അവയുടെ ചന്തം.

നിന്റെ 
അടക്കമില്ലാത്ത
ഒതുക്കംവിട്ട
ചിരി
കാത്തുവയ്ക്കും
ഞാന്‍
അതിന്റെ 
ഉറപ്പും
അലിവും
ഇപ്പോള്‍
കണ്ണിയറ്റെന്നാലും.

ഉടഞ്ഞു
പോയവ
ഞാന്‍  കാത്തുവയ്ക്കും :

ഏറെ
നന്ദി!

ഉടഞ്ഞു
പോയവ
കാത്തുവയ്ക്കും ഞാന്‍:

നിന്നെ
കാത്തുവയ്ക്കും ഞാന്‍:

വേദന
തേടും
സഞ്ചാരീ.

കാത്തുവയ്ക്കും ഞാന്‍
എന്നെ.


 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

 

PREV
Read more Articles on
click me!

Recommended Stories

ധ്യാനത്തിന്റെ നിയമാവലി, എല്‍സ നീലിമ മാത്യു എഴുതിയ രണ്ട് കവിതകള്‍
Malayalam Short Story : ഞാന്‍; കാണാതായ പെണ്‍കുട്ടി, ചിന്തുരാജ് എഴുതിയ ചെറുകഥ