Latest Videos

ഹുന്ത്രാപ്പി ബുസ്സാട്ടോ, ബഷീര്‍ കഥാപാത്രമായ കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു

By K P JayakumarFirst Published Jul 5, 2021, 6:30 PM IST
Highlights

വൈക്കം മുഹമ്മദ് ബഷീര്‍ കഥാപാത്രമായി വരുന്ന കുട്ടികളുടെ നോവല്‍ ഇന്നു മുതല്‍. രചന: കെ പി ജയകുമാര്‍. രേഖാചിത്രം: ജഹനാര. 

പ്രിയപ്പെട്ട കൂട്ടുകാരെ, 

ഇന്നു മുതല്‍ ഒരു നോവല്‍ വായിച്ചു തുടങ്ങാം. 
ഹുന്ത്രാപ്പി ബുസ്സാട്ടോ. 
ഈ പേര് ചിലരൊക്കെ കേട്ടിട്ടുണ്ടാവും. 
നമ്മുടെ നാട്ടിലെ ഒരേയൊരു സുല്‍ത്താന്‍ 
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേര്. 
ആ പേര് സ്വന്തമായി കിട്ടിയ രണ്ട് കുട്ടികളുടെ കഥയാണിത്. 
നിങ്ങളെ പോലെ രസികന്‍ കുട്ടികള്‍. 

അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ടപ്പെടാത്തതിനാല്‍
ബഷീറിനെ തേടിവന്നതാണ് ആ കുട്ടികള്‍. 
ബഷീര്‍ അവര്‍ക്ക്  ഹുന്ത്രാപ്പി എന്നും ബുസ്സാട്ടോ എന്നും പേരിട്ടു. 
എന്നിട്ടോ? അവര്‍ ലോകം കാണാനിറങ്ങി. 

ഈ കഥ എഴുതിയത്, കെ പി ജയകുമാര്‍ എന്ന അങ്കിളാണ്. 
ചേര്‍ത്തല എന്‍ എസ് എസ് കോളജിലെ മലയാളം അധ്യാപകനാണ് ജയകുമാര്‍. 
പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ എഴുതുന്ന ആളാണ്.  

ഇതിലെ ചിത്രങ്ങള്‍ വരച്ചത് നിങ്ങളെ പോലൊരു കുട്ടിയാണ്. 
ജഹനാരാ എന്നാണ് അവളുടെ പേര്. 
തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. 

അപ്പോള്‍, വായിച്ചു തുടങ്ങാം, ല്ലേ. 
ഇതു വായിച്ച് അഭിപ്രായം പറയണം. 
submissions@asianetnews.in എന്ന വിലാസത്തില്‍ മെയില്‍ അയച്ചാല്‍ മതി. 

എന്നാല്‍പിന്നെ, തുടങ്ങാം ല്ലേ...

 

 

ഹുന്ത്രാപ്പിയും ബുസ്സാട്ടോയും ഇവിടത്തുകാരല്ല. വേറെ ഏതോ നാട്ടിലാണ് അവര്‍ ജനിച്ചത്. എന്നാലും കുറുമ്പിനും കുസൃതിക്കും ഒരു കുറവുമില്ല.  

എന്നാല്‍, അവര്‍ക്കൊരു പേരിന്റെ കുറവുണ്ടായിരുന്നു. പേരിന്റെ കുറവോ? അതെ, നല്ലൊരു പേര് വേണം. അച്ഛനും അമ്മയുമിട്ട പേര് ഒരു രസവുമില്ല. പുതിയ പേരു കിട്ടിയില്ലെങ്കില്‍ നാണക്കേടാണ്. 

അങ്ങനെ അവര്‍ പേരു തപ്പിനടന്നു. ലോകം മുഴുവന്‍ തെരഞ്ഞിട്ടും ഒരു നല്ല പേര് കിട്ടിയില്ല. പെട്ടു!

ഒടുവില്‍ കൂട്ടുകാര്‍ പറഞ്ഞാണ് അവരറിഞ്ഞത്, കോഴിക്കോടിനടുത്ത് ഒരാളുണ്ട്. മൂപ്പരുടെ പേര് വൈക്കം മുഹമ്മദ് ബഷീര്‍. ആളുടെ കൈയില്‍ നിറയെ പേരുകളാണ്. അവിടന്നും കിട്ടിയില്ലെങ്കില്‍, ഇനി നല്ല പേരു നോക്കുകയേ വേണ്ട. 

അങ്ങനെ അവര്‍ പുറപ്പെടുകയായി. കോഴിക്കോട്ടേക്ക്. അവിടെ നിന്നും ബേപ്പൂരേക്ക്. ബേപ്പൂരുള്ള വൈലാലില്‍ വീട്ടിലേക്ക്. 
 
അവിടെ ചെന്നപ്പോള്‍ ഗേറ്റ് തുറന്നിട്ടില്ല. മുറ്റത്ത് കുഞ്ഞിപ്പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്നുണ്ട്. ഉള്ളിലേക്കു നോക്കിയപ്പോള്‍, മുന്നിലെ വാതില്‍ കണ്ടു. അതും അടഞ്ഞു കിടക്കുകയാണ്. മാത്രമല്ല, ജനാലകളും തുറന്നിട്ടില്ല. ഒരാളെയും ആ പരിസരത്ത് കാണുന്നുമില്ല. 

രണ്ടാളും ഗേറ്റില്‍ തട്ടി ഒച്ചയുണ്ടാക്കി. 

''ഇവിടെ ആരുമില്ലേ...?''

ഒരനക്കവുമില്ല. വീണ്ടും വിളിച്ചുകൂവി. ആരും വന്നില്ല. സമയം പോവാന്‍ തുടങ്ങി. 

''ഗേറ്റ് പൂട്ടിയിട്ടില്ല.'' കൂട്ടത്തിലെ പെണ്‍കുട്ടി കണ്ടുപിടിച്ചു. 

''നമുക്ക് അകത്തു കയറി നോക്കിയാലോ. ചിലപ്പോള്‍ വിളിച്ചിട്ട് കേക്കാഞ്ഞിട്ടാവും.'' 

''നോക്കാം.'' 

ഗേറ്റിന്റെ കൊളുത്ത് മെല്ലെ നീക്കി അവര്‍ ഉള്ളില്‍ കടന്നു. 

ആരേയും കാണാനില്ല. മുറ്റത്തെ മാങ്കോസ്റ്റിന്‍ മരം ഇലയനക്കാതെ നില്‍ക്കുന്നു. ആ ഒറ്റമരത്തണലില്‍ ഒരു ചാരു കസേര മാത്രം. കുട്ടികള്‍ കസേരയില്‍ തൊട്ടുനോക്കി. ആരോ ഇരുന്നതിന്റെ ചൂട് അപ്പോഴും കസേരയിലുണ്ടായിരുന്നു. അവര്‍ ചുറ്റും നടന്നുനോക്കി. അവിടെയെങ്ങും ആരേയും കാണാനില്ല. കാറ്റുപോലും ശ്വാസമടക്കിപ്പിടിച്ച് നില്‍ക്കുംപോലെ. . കുട്ടികളുടെ മുഖത്ത് ഒരു നിരാശ പടര്‍ന്നു. ''ഇനി നിന്നിട്ട് കാര്യമില്ല.'' അവര്‍ തീരുമാനിച്ചു. 

തിരിച്ച് ഗേറ്റിനടത്തെത്തിയപ്പോഴാണ് അതു സംഭവിച്ചത്. പിന്നില്‍ നിന്നൊരു ചിരി. ''ഹ....ഹ...ഹ..''

കുട്ടികള്‍ ഞെട്ടി തിരിഞ്ഞുനോക്കി. ആരേയും കാണാനില്ല. പേടിയോടെ അവര്‍ പരസ്പരം നോക്കി. 

ഭാര്‍ഗവീനിലയം എന്ന സിനിമയാണ് അവര്‍ക്ക് ഓര്‍മ്മ വന്നത്. ഇങ്ങോട്ട് വരും മുമ്പ്, ഒരു കൂട്ടുകാരിയാണ് അതിന്റെ കഥ പറഞ്ഞുകൊടുത്തത്. 

''പ്രേതമായിരിക്കുമോ?''

അവന്‍ ചോദിച്ചു. അവള്‍ മെല്ലെ നടത്തം തുടങ്ങി. 

''കള്ള ബുദ്ദൂസുകളേ നിങ്ങളെത്തിയല്ലേ?''

പെട്ടെന്നൊരു ചോദ്യം. അവരാകെ അന്തം. വിട്ടു. 

 

വര: ജഹനാര

 

നോക്കുമ്പോള്‍ മുന്നിലതാ സാക്ഷാല്‍ ബഷീര്‍!

കുറച്ചു സമയത്തേക്ക് രണ്ടുപേര്‍ക്കും ഒന്നും മിണ്ടാനായില്ല. 

ബഷീര്‍ അടുത്തുവന്ന് അവരുടെ മുടിയില്‍ തലോടി. എന്നിട്ട്, അവരെയും കൂട്ടി മാങ്കോസ്റ്റിന്‍ മരച്ചുവട്ടിലേക്ക് നടന്നു. 

അതോടെ അവരുടെ പേടി പോയി. അവര്‍ ബഷീറിന്റെ കഷണ്ടിത്തല നോക്കി ചിരിക്കാന്‍ തുടങ്ങി. 

''ബഡുക്കൂസുകളേ നിങ്ങള്‍ വരുമെന്ന് എനിക്കറിയാമായിരുന്നു. ഉം എന്താ കാര്യം?'' 

''ഞങ്ങക്കൊരു പേരു വേണം'' 

രണ്ടുപേരും ഒരുമിച്ചാണ് ഉത്തരം പറഞ്ഞത്.

''ഹ...ഹ...ഹ...'' ബഷീര്‍ പൊട്ടിച്ചിരിച്ചു.

അദ്ദേഹത്തിന്റെ കയ്യില്‍ നൂറായിരം പേരുകളുണ്ടായിരുന്നു. നല്ല ജഗജില്ലന്‍ പേരുകള്‍. 

''ശിങ്കിടി മുങ്കന്‍, ബങ്കുറു, ഗുറുഗുറു, ആകാശമിഠായി...'' 

കുട്ടികള്‍ അന്തംവിട്ടു നില്‍ക്കേ അദ്ദേഹം കേട്ടാല്‍ കോരിത്തരിച്ചുപോകുന്ന ചൈനാപ്പേരുകളില്‍ നിന്നും ഒരെണ്ണമെടുത്ത് കാച്ചി. ''ഡങ്ക് ഡിങ്കോഹോ..''

പേരുകള്‍ കേട്ട് കുട്ടികള്‍ ചിരിച്ചുമറിഞ്ഞു, മണ്ണുകപ്പി. അപ്പോഴതാ വരുന്നു ഒരൊന്നാന്തരം റഷ്യന്‍ പേര്. ''ചപ്ലോസ്‌കി...''

പിന്നെ നൂറുനൂറു നാടന്‍ പേരുകള്‍?

''കുള്‍ട്ടാപ്പന്‍, ചെമ്മീന്‍ കണ്ണന്‍, ആനവാരി....''

''ഇനിയുമുണ്ട്. ഏതുവേണം?'' ബഷീര്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. 
 
അവര്‍ പേരുകളോരോന്നും പരസ്പരം പറഞ്ഞു നോക്കി:  

-നീ ഡങ്ക് ഡിങ്കോഹോ, 

-നീ കുള്‍ട്ടാപ്പന്‍ 

-അല്ല നീ ചെമ്മീന്‍ കണ്ണന്‍ 

-നീ ബങ്കുറു

ഒരു തീരുമാനത്തിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 

അപ്പോള്‍ പെണ്‍കുട്ടി പറഞ്ഞു: ''നീയൊരു ഹുന്ത്രാപ്പിയാ...''

അവനും വിട്ടുകൊടുത്തില്ല: ''എന്നാ നീ ബുസ്സാട്ടോ...''

''ഹ... ഹ... ഹ... കൊള്ളാം. ഹുന്ത്രാപ്പി ബുസ്സാട്ടോ.'' ബഷീര്‍ കൈകൊട്ടിച്ചിരിച്ചു. 

എന്നിട്ട് അവരുടെ രണ്ടുപേരുടേയും ചെവിക്കുപിടിച്ചു.

''നല്ല കിഴുക്കുവച്ചുതരും പഞ്ചാരമിഠായികളേ... മോനേ ഹുന്ത്രാപ്പീ, മോളേ ബുസ്സാട്ടോ. പോയി ലോകം കീഴടക്കിവാ... കാടും പുഴയും മലയും കണ്ടുവാ...'' 

ബഷീര്‍ കുട്ടികളെ യാത്രയാക്കി. 

വൈലാലിലെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ നിന്നും ഹുന്ത്രാപ്പിയും ബുസാട്ടോയും തിരിഞ്ഞുനടന്നു. 

ഒരിളംകാറ്റ് അവരെത്തഴുകി കടന്നുപോയി. സൂര്യന്‍ പടിഞ്ഞാറ് അസ്തമിച്ചു. 

 

(അടുത്ത ഭാഗം നാളെ)

click me!