ലോകത്തിലെ ഏറ്റവും നല്ല മനുഷ്യരിലൊരാൾ, അദ്ദേഹം മരിച്ചശേഷം കടുത്ത ഏകാന്തത; ഹാർഡിയെ കുറിച്ച് രണ്ടാംഭാര്യ എഴുതിയത്

By Web TeamFirst Published Apr 3, 2020, 12:44 PM IST
Highlights

ഹാർഡിയുടെ മരണശേഷം അയച്ച ഒരു കത്തിൽ, അവർ മരിച്ചുപോയ തന്‍റെ ഭർത്താവിനെ ആദ്യമായി കണ്ടുമുട്ടിയ മുറിയിൽ ഇരിക്കുന്നതിനെ കുറിച്ച് എഴുതുന്നുണ്ട്. 

ഈ എഴുത്തുകാര്‍ എഴുതിക്കൂട്ടുന്നതുപോലെ അവരെല്ലാം ഭയങ്കര റൊമാന്‍റിക് ആയിരിക്കുമോ? ജീവിതത്തിലും വളരെ നല്ലവരായിരിക്കുമോ? ആയിരിക്കണമെന്നില്ല അല്ലേ? ചിലരൊക്കെ തങ്ങളുടെ എഴുത്തില്‍ മാത്രമേ റൊമാന്‍റിക് ആകാറുള്ളൂ, നല്ല മനുഷ്യരായിരിക്കാറുള്ളൂ, ചിലര്‍ തനി ബോറന്മാരായിരിക്കും. എന്നാല്‍, പ്രസിദ്ധ നോവലിസ്റ്റും ഇംഗ്ലീഷ് കവിയുമായിരുന്ന തോമസ് ഹാര്‍ഡി വളരെ നല്ല ആളായിരുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ രണ്ടാം ഭാര്യ എഴുതിയ കത്തുകളില്‍ പറയുന്നത്. 

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കത്തുകളില്‍ പറയുന്നത് ഹാര്‍ഡിയും അവരുമായി ഒന്നുചേര്‍ന്നതിലുള്ള സന്തോഷം, പിന്നീട് ഹാര്‍ഡിയുടെ മരണശേഷം അവരനുഭവിച്ച വേദന, അതോടൊപ്പം തന്നെ ഏറെക്കുറെ ഒരു നൂറ്റാണ്ട് മുമ്പ് സെലിബ്രിറ്റികളായ മനുഷ്യരുടെ ജീവിതത്തിൽ മാധ്യമങ്ങളുണ്ടാക്കുന്ന സമ്മര്‍ദ്ദം എന്നിവയെല്ലാമാണ്. 

വിവാഹത്തിന് തൊട്ടുപിന്നാലെ എഴുതിയ ഒരു കത്തിൽ, ഹാര്‍ഡിയുടെ രണ്ടാം ഭാര്യ ഫ്ലോറൻസ് ഡഗ്‌ഡേൽ ഹാർഡിയെ ലോകത്തിലെ ഏറ്റവും നല്ല, ഏറ്റവും മനുഷ്യത്വമുള്ള ഒരാളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അതേസമയം അദ്ദേഹത്തിന്റെ പ്രശസ്തി യുകെയിലെയും യുഎസിലെയും മാധ്യമങ്ങളുടെ നിരന്തരമായ ശ്രദ്ധയെ അവരുടെ ജീവിതത്തിലേക്ക് വിളിച്ചുവരുത്തി എന്നും അവരെഴുതുന്നുണ്ട്. ഹാർഡിയുടെ മരണശേഷം അയച്ച ഒരു കത്തിൽ, അവർ മരിച്ചുപോയ തന്‍റെ ഭർത്താവിനെ ആദ്യമായി കണ്ടുമുട്ടിയ മുറിയിൽ ഇരിക്കുന്നതിനെ കുറിച്ച് എഴുതുന്നുണ്ട്. 

ഹാർഡിയുടെ എമ്മ ഗിഫോർഡുമായുള്ള ആദ്യ വിവാഹം അദ്ദേഹം ജീവിച്ചിരിക്കുമ്പോൾത്തന്നെ കൂടുതൽ ശ്രദ്ധ നേടിയിരുന്നു. കാരണം 1912-13 -ലെ കവിതകൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ മഹത്തായ കൃതികള്‍ക്കെല്ലാം ആധാരമായിരുന്നത് എമ്മയുമായുള്ള ബന്ധമാണ് എന്ന് പറയപ്പെട്ടിരുന്നു.

എന്നാൽ ഫ്ലോറൻസുമായുണ്ടായിരുന്ന അടുപ്പത്തെ സൂചിപ്പിക്കുന്നതിൽ ഈ കത്തുകളാണ് വലിയ പങ്ക് വഹിച്ചിരിക്കുന്നത്. അദ്ധ്യാപികയും എഴുത്തുകാരിയുമായ ഫ്ലോറൻസുമായുള്ള ഹാര്‍ഡിയുടെ ബന്ധത്തെക്കുറിച്ച് പുതിയ ഉൾക്കാഴ്ച നൽകുന്നതിനാൽത്തന്നെ അടുത്തിടെ കണ്ടെത്തിയ അവരുടെ മൂന്ന് കത്തുകൾ വളരെയധികം പ്രാധാന്യമർഹിക്കുന്നുവെന്ന് അക്കാദമിക് വിദ​ഗ്ദരും പറയുന്നു. 

ആദ്യത്തെ കത്ത് 1914 ഫെബ്രുവരി 10 -ന് ഡോർസെറ്റിലെ ഡോർചെസ്റ്ററിന്റെ പ്രാന്തപ്രദേശത്തുള്ള ഹാർഡിയുടെ ഭവനമായ മാക്സ് ഗേറ്റിൽ നിന്നാണ് ഫ്ലോറൻസ് അയച്ചിരിക്കുന്നത്. ആഫ്രിക്കയിൽ ജോലി ചെയ്തിരുന്ന ഹരോൾഡ് ബാർലോ എന്ന ഫ്ലോറൻസിന്റെ മുൻ വിദ്യാർത്ഥിക്കയച്ചതാണ് ഈ കത്ത്.

 

അതില്‍ ഫ്ലോറൻസ് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: 'നിങ്ങൾക്ക് ഇംഗ്ലീഷ് പേപ്പറുകൾ ഉണ്ടെങ്കിൽ, ഒരുപക്ഷേ നിങ്ങൾ വായിച്ചിട്ടുണ്ടാകും. ഞാനിപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഇംഗ്ലീഷ് എഴുത്തുകാരനായ തോമസ് ഹാർഡിയുടെ അഭിമാനമുള്ള സന്തുഷ്ടയായ ഭാര്യയാണെന്ന്.'

അദ്ദേഹം എന്നെക്കാൾ വളരെ പ്രായമുള്ളവനാണെങ്കിലും, ഇത് ഒരു യഥാർത്ഥ പ്രണയമാണ്. ലോകത്തിലെ ഏറ്റവും ദയയും മനുഷ്യത്വവുമുള്ള പുരുഷന്മാരിൽ ഒരാളാണ് എന്‍റെ ഭര്‍ത്താവെന്ന് എനിക്കറിയാമെന്നും ഫ്ലോറൻസ് എഴുതിയിരുന്നു. 

സെലിബ്രിറ്റി സംസ്കാരവും മാധ്യമങ്ങളും തന്നെ എങ്ങനെ തളർത്തിയെന്നതിനെക്കുറിച്ചും ഫ്ലോറൻസ് എഴുതിയിട്ടുണ്ട്: 'എന്നെ കുറിച്ചും എന്‍റെ ചിത്രവും ഇംഗ്ലണ്ടിലെ എല്ലാ പേപ്പറിലും അച്ചടിച്ചു വന്നിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലും  സിനിമാട്ടോഗ്രാഫിലും എന്നെ കാണിച്ചിരിക്കുന്നു. ഈ പബ്ലിസിറ്റികൊണ്ട് ഞാന്‍ മടുത്തിരിക്കുന്നു.' എന്നാണ് ഫ്ലോറൻസ് അതിനെ കുറിച്ച് എഴുതിയത്.

ബാർലോക്കയച്ച ഈ കത്തുകൾ ബാർലോയുടെ മകൾ ജോസഫിൻ ബാർലോ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു. മരണശേഷം അവരുടെ പേരക്കുട്ടികളായ ഇയാനും കോളിൻ നിക്കോളുമാണ് ഈ കത്തുകള്‍ കണ്ടെത്തിയത്. ഈ കത്തുകൾ പിന്നീട് എക്സെറ്റര്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. റിച്ചാര്‍ഡ്സണിന് കൈമാറുകയായിരുന്നു. ഹാർഡിയുടെ കറസ്പോണ്ടന്റ്സ് പ്രോജക്റ്റിന് നേതൃത്വം നൽകുന്നയാളാണ് പ്രൊഫ. റിച്ചാര്‍ഡ്സണ്‍. 

റിച്ചാർഡ്സൺ പറയുന്നത് ഇങ്ങനെയാണ്: “ഇത്തരം പ്രധാനപ്പെട്ട എഴുത്തുകള്‍ കണ്ടെത്തുന്നത് വളരെ അപൂർവമാണ്. ഫ്ലോറൻസെഴുതിയ കത്തുകൾ അവരുടെ മാക്സ് ഗേറ്റിലെ ജീവിതത്തെക്കുറിച്ചും ഫ്ലോറൻസ്, ഹാർഡിയുമായി പങ്കിട്ട പ്രണയങ്ങളെയും അദ്ദേഹത്തിനുശേഷമുണ്ടായ നഷ്ടങ്ങളെയും കുറിച്ച് വളരെ കൃത്യമായ വിവരങ്ങള്‍ നൽകുന്നു. ഹാര്‍ഡിയുമായുള്ള പ്രണയത്തില്‍ എത്രയേറെ സ്വയം സമര്‍പ്പിച്ചിരുന്നവളാണ് ഫ്ലോറന്‍സ് എന്നതിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ മരണശേഷം അവര്‍ക്കുണ്ടായ വേദനയെ കുറിച്ചും ഈ കത്തില്‍ നിന്നും മനസിലാക്കാം' എന്നും റിച്ചാര്‍ഡ്സണ്‍ പറയുന്നു. 

രണ്ടും മൂന്നും കത്തുകള്‍ ബാര്‍ലോയ്ക്കെഴുതിയിരിക്കുന്നത് ആദ്യകത്തെഴുതിക്കഴിഞ്ഞ് ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 1932 -ല്‍ ഹാര്‍ഡിയുടെ മരണത്തിന് നാല് വര്‍ഷത്തിനുശേഷമാണ് ഫ്ലോറന്‍സ് ആ കത്തുകളെഴുതിയിരിക്കുന്നത്. അതിലിങ്ങനെ എഴുതിയിരിക്കുന്നു, വൈകുന്നേരത്തിന്‍റെ അവസാനങ്ങളിലാണ് ഞാനീ കത്തെഴുതുന്നത്. ഞാനിരിക്കുന്ന ഈ മുറിയില്‍ വെച്ചാണ് ഞാനാദ്യമായി എന്‍റെ ഭര്‍ത്താവിനെ കാണുന്നത്. 

'എനിക്കുണ്ടായ വലിയ നഷ്ടത്തില്‍ വേദനയറിയിച്ചുകൊണ്ടുള്ള നിന്‍റെ എഴുത്തിന് ഞാന്‍ നന്ദി പറയുന്നു. അത്രയും നല്ലവനും കുലീനനുമായ ആ മനുഷ്യനുമായി ഇത്രയും അടുത്തൊരു ബന്ധമുണ്ടായിരുന്നുവെന്നത് എത്ര മനോഹരമാണ്. അത്തരമൊരു കൂട്ടുകാരനോടൊപ്പം 14 വർഷം ജീവിച്ച എനിക്ക് ഇന്ന് ഏകാന്തത അനുഭവപ്പെടുന്നതിൽ അതിശയം തോന്നുന്നില്ല - എന്‍റെ ലോകമിന്ന് വളരെ ശൂന്യമായി കാണപ്പെടുന്നു. '

ഹാരോള്‍ഡിന്‍റെ 16 വയസ്സുകാരിയായ മകള്‍ ജോസഫിന്‍ 1947 -ല്‍ തുടര്‍ച്ചയായി ഫ്ലോറന്‍സിന് എഴുത്തുകളെഴുതിയിരുന്നു. ഹാര്‍ഡിയോടുള്ള ആദരവിനെ സൂചിപ്പിക്കുന്നതായിരുന്നു ആ കത്തുകള്‍. എന്നാല്‍, ആ കത്തുകള്‍ 10 വര്‍ഷം കഴിഞ്ഞ് ഫ്ലോറന്‍സിന്‍റെ മരണശേഷം അയച്ചയാള്‍ക്ക് തന്നെ തിരികെ കിട്ടുകയായിരുന്നു. ആ വീട് ശൂന്യമാണ് എന്ന് ഒരു പോസ്റ്റല്‍ ജോലിക്കാരൻ കവറിനുമുകളിലെഴുതിയിരുന്നു. 

ഏതായാലും ഈ കത്തുകളെല്ലാം ഇപ്പോള്‍ ഡോര്‍സെറ്റ് മ്യൂസിയത്തിലെ ഹാര്‍ഡി ശേഖരത്തിലാണുള്ളത്. 

click me!