പെണ്ണ് ഉടലെഴുതുമ്പോള്‍ ഭയക്കുന്നതാര്?

By Vaakkulsavam Literary FestFirst Published May 15, 2020, 4:40 PM IST
Highlights

ഉടലെഴുത്തുകളെ തള്ളിക്കളയുന്നത് വരേണ്യമായ ശുദ്ധവാദമാണ്, സവര്‍ണ്ണപുരുഷന്റെ ലോകവീക്ഷണവും. രശ്മി ടി എന്‍ എഴുതുന്നു

ഉടലെഴുത്തുകളെ തള്ളിക്കളയുന്നത് വരേണ്യമായ ശുദ്ധവാദമാണ്. ശരീരത്തിന് വിശേഷിച്ചും പെണ്ണ് ആവിഷ്‌കരിക്കുന്ന പെണ്‍ ശരീരത്തിന് അയിത്തം കല്പിക്കുന്നത്, അത്തരം എഴുത്തുകളെ തരംതാഴ്ത്തുന്നത് ഉടലെഴുത്തുകളുടെ രാഷ്ടീയപ്രഖ്യാപനത്തെ തിരിച്ചറിയാന്‍ സാധിക്കാത്തതുകൊണ്ടോ മനഃപൂര്‍വം വിസ്മരിക്കുന്നതുകൊണ്ടോ ആണ്. കവിതയിലെ എന്ന് വേണ്ട ഏതു മേഖലയിലെയും പെണ്‍ സാന്നിധ്യത്തെ അവളുടെ ശരീരമായും ശരീരത്തിന്റെ ഉപരിപ്ലവാഖ്യാനങ്ങളുമായും മാത്രം കാണുകയും അത്തരം കാഴ്ചകള്‍ക്ക് സ്വയം നിര്‍ണയിക്കുന്ന കാഴ്ചശീലങ്ങളുടെ പരിധി മാത്രം സമ്മാനിക്കുകയും ചെയ്യുന്നത് സവര്‍ണ്ണപുരുഷന്റെ ലോകവീക്ഷണമാണ്.

 

 

ദേശത്തോടും കാലത്തോടുമൊപ്പം ശരീരവും പുതുകവിതയില്‍ രാഷ്ട്രീയവത്കരിക്കപ്പെടുന്നുണ്ട്. ഒളിപ്പിച്ചുവെച്ചും പ്രതീകാത്മകമായി അവതരിപ്പിച്ചും സദാചാരത്തിന്റെ വ്യവസ്ഥകളെ പിന്തുടരുന്ന ശരീരാവിഷ്‌കാരങ്ങള്‍ സ്വത്വത്തിന്റെ രാഷ്ട്രീയമാനങ്ങളെ പിന്‍പറ്റുന്നതില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം ആഖ്യാനങ്ങളില്‍ തെളിയുന്ന സ്ത്രീകള്‍ക്കും സ്‌ത്രൈണഉടല്‍ വിവക്ഷകള്‍ക്കും, സ്വന്തം ഇച്ഛകളോ പൗരത്വകാംക്ഷകളോ കര്‍തൃത്വ പദവിയോ കയ്യാളാന്‍ പ്രാപ്തി ഇല്ലാത്ത ഇരകളുടെയും വിഷയികളുടെയും ചരിത്രമാണ് ഉള്ളത്.

ശരീരകര്‍തൃത്വത്തിന്റെ സുതാര്യമായ ആവിഷ്‌കാരങ്ങള്‍ സ്വാതന്ത്ര്യസങ്കല്‍പനങ്ങളുടെ പ്രഖ്യാപനങ്ങള്‍ കൂടിയാണ്. സദാചാരപരമായ അടക്കിപ്പിടിക്കലുകള്‍ ആവിഷ്‌കാരങ്ങള്‍ക്ക് വിലങ്ങുതടികള്‍ ആവുന്നു. പുതുകവിതയില്‍ ശരീരം കടന്നുവരുന്നത് മൂര്‍ത്തമായിതന്നെയാണ്. തിരശ്ശീലക്കുപിന്നിലെ നിഴലോ, വാതില്‍പ്പുറത്തെ വിരല്‍ത്തുമ്പോ ഒന്നുമല്ല. സര്‍വ്വേന്ദ്രിങ്ങളും അവയുടെ സ്ഥാപിതമായ ഒതുക്കത്തോട് കലഹിച്ചുകൊണ്ട് പുതുകവിതയില്‍ സംസാരിക്കുന്നുണ്ട്.


ഉടലെഴുത്തുകള്‍ പുതുകവിതയുടെ മുഖമുദ്രതന്നെയാണ്.

ഉടല്‍ ഒരു വസ്ത്രമാണ്
ഇറുക്കമോ അയവോ
തോന്നാത്ത അത്രയും
കൃത്യമായ ഉടുപ്പ്


(പരകായം, സുധീഷ് കോട്ടേമ്പ്രം )

ഈ ഉടലോടെ നടക്കുക എന്നത് എത്ര പ്രയാസകരമാണെന്ന് കവി പറയുന്നത് ഉടല്‍ ഒരു ഭാരമായതുകൊണ്ടല്ല മറിച്ച് ഉടലിന്റെ ഒതുക്കത്തില്‍ ചിലവഴിക്കുന്ന അനാവശ്യ സമ്മര്‍ദത്തെയും ശ്രദ്ധയെയും കുറിച്ച് ഓര്‍ത്താണ്. എന്നാല്‍ ശരീരത്തിലെ എല്ലാ അവയവങ്ങളും ലൈംഗികാവയവങ്ങളായി വീക്ഷിക്കപ്പെടുന്ന സ്ത്രീയെ സംബന്ധിച്ചാണെങ്കില്‍ ഉടലോടെ നടക്കുകയും ഉടലിനെ ആവിഷ്‌കരിക്കുകയും ചെയ്യുന്നത് താരതമ്യേന പ്രയാസമേറിയ കാര്യമാകുന്നു.

ഉടലിന്റെ വ്യഥകളെയും ആഘോഷങ്ങളെയും വിവര്‍ത്തനം ചെയ്യുന്ന പരിഭാഷകരായി കൂടി പുതുകവികള്‍ പ്രവര്‍ത്തിക്കുണ്ട്.

വിമത -പെണ്‍ -ആണ്‍ ആഖ്യാനങ്ങളില്‍ ഉടല്‍ വിഷയമായി കടന്നുവരുന്നുണ്ട്. വിഷ്ണു പ്രസാദിന്റെ കവിതകള്‍ ആണിനെക്കുറിച്ചും ആണ്‍ ശരീരത്തെക്കുറിച്ചും ആണ്‍ കര്‍തൃത്വ സ്ഥാനത്തു നിന്നു കൊണ്ട് എഴുതുന്നവയാണ്. ലിംഗരാജ്, ലിംഗവിശപ്പ് തുടങ്ങിയ കവിതകള്‍ ഇത്തരത്തില്‍ ശ്രദ്ധേയങ്ങളാണ്. സംസ്‌കാരത്തില്‍ പതിഞ്ഞുപോയ ശരീരാഖ്യാനങ്ങളെ വെല്ലുവിളിക്കാനും വ്യവസ്ഥകളെ ലംഘിക്കാനും ഇത്തരം കവിതകള്‍ക്കുള്ള പ്രഹരശേഷി ചെറുതല്ല എന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. കവിതയുടെ ഇന്ദ്രിയാത്മകതയ്ക്കൊപ്പംതന്നെ ശരീരിയായ കവി എം ആര്‍ വിഷ്ണു പ്രസാദിന്റെ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഉടലെഴുത്തുകളും ഇച്ഛകളുടെ ആഖ്യാനങ്ങളും രണ്ടാം തരമാക്കുന്ന വ്യവസ്ഥാപിത സങ്കല്‍പങ്ങളോടുള്ള കലഹം ഇവിടെ കാണാം. ശരീരസംബന്ധിയായതിനെ അധമമാക്കി അവതരിപ്പിക്കുന്ന കപട ആദര്‍ശവല്‍കരണത്തിന്റെ പൊളിച്ചെഴുത്താവാന്‍ 'ആണിറച്ചി 'എന്ന സമാഹാരത്തിനു കഴിഞ്ഞിട്ടുണ്ട്. . ആണിറച്ചി എന്ന കവിതാസമാഹാരത്തില്‍ പ്രത്യക്ഷപ്പെട്ട ലിംഗാരാധന ലിംഗബലി തുടങ്ങിയ സങ്കല്പങ്ങളെ വിലയിരുത്തുമ്പോള്‍ കവിതകള്‍ ആഘോഷമെന്നപോലെ ജൈവിക ഇച്ഛകളെ ശരീരത്തിന്റെ ഭാഷയില്‍, പങ്കാളിത്തത്തില്‍ അവതരിപ്പിച്ചിട്ടുള്ളതായി കാണാം. ഭൗതികേതരവും ശരീരാതീതവുമായ ആഖ്യാന ലോകത്തുനിന്ന് ഉടലിന്റെ യാഥാര്‍ഥ്യത്തിലേക്കും ജൈവികതയിലേക്കും പുതുകവിത സഞ്ചരിച്ചു.

സ്ത്രീയെ സംബന്ധിച്ച് ശരീരത്തിന്റെ അതിരുകള്‍തന്നെ അവളുടെ സ്വാതന്ത്ര്യത്തിന്റെ അതിരുകളായി മാറിപ്പോകുന്ന അവസ്ഥയുണ്ട്. എന്നാല്‍ കവിത ഇത്തരം സമസ്യകളെ അഭിമുഖീകരിക്കാന്‍ മടിച്ചിട്ടില്ല. ശരീരത്തെ ആഘോഷം ആക്കിക്കൊണ്ടാണ് കവിത ഇതിനോട് പ്രതികരിച്ചത്. പെണ്ണനുഭവങ്ങളെ ഏറ്റുവാങ്ങാന്‍ ഭാഷയില്‍ പുതുപദങ്ങളെ ഖനനം ചെയ്‌തെടുക്കുന്നു.

അവളുടെ അണ്ഡങ്ങള്‍
തക്കാളിപ്പഴം ഞെക്കിയപോലെ
പ്ലുക്ക് എന്ന് പഴുത്ത്
അടിവയറ്റിന്ന് തുരുതുരെ ഒലിച്ചിറങ്ങി

(മധുരനീലി തീണ്ടാരിത്തണുപ്പില്‍, പത്മാ ബാബു )

എന്ന് ഇന്നോളം കവിത സംസാരിച്ചിട്ടില്ലാത്ത ഭാഷയില്‍ സ്ത്രീയുടെ ജൈവികമായ അനുഭവങ്ങള്‍ ആഖ്യാനം ചെയ്യപ്പെട്ടു. അതേ സമയം ഉടലിന്മേലുള്ള ഒളി നോട്ടത്തിനോടും കൈയേറ്റത്തോടും രൂക്ഷമായി പ്രതികരിക്കുകയും പലപ്പോഴും പരിഹസിക്കുകയും ചെയ്തു.

ഉയിരിന്റെ പുണ്യസ്‌നാനത്തിനു
തിരുസാക്ഷ്യം കുറിക്കാന്‍
വരൂ
വന്നീ വാതില്‍പ്പൊളിമേല്‍ ഇരിക്കൂ

(ജ്ഞാനസ്‌നാനം, രമ്യാ സഞ്ജീവ് )

എന്ന് കുളിമുറിയിലെ സാധാരണമായ പല്ലിപ്പേടിയെ സദാചാരത്തിന്റെ ഒളികണ്ണിന്റെ പ്രതീകമായി എതിരിടുന്ന രീതി സവിശേഷമാണ്. ഉടലിന്മേലുള്ള പരിഹാസ്യമായ എല്ലാ ഒളിഞ്ഞു നോട്ടങ്ങള്‍ക്കുമെതിരായ മറുവാക്കാണ് ഈ കവിത. പെണ്‍ശരീരത്തിന്റെ നഗ്നതക്ക് പെണ്ണ് വിലകല്‍പിക്കുന്നിടത്തോളം മാത്രമേ മാനമെന്ന പുരുഷാധിപത്യ സങ്കല്‍പത്തിനും അതിനെ ആശ്രയിച്ചുള്ള ഭീഷണികള്‍ക്കും നിലനില്‍പ്പുള്ളൂ എന്ന വസ്തുതയെ ഈ കവിത ആവിഷ്‌കരിച്ചു.
ഇത്തരത്തില്‍ ഉടലിനെതന്നെ ആഘോഷമാക്കാനും ഉടലിനെതന്നെ പ്രതിരോധമാക്കാനും പുതുകവിതയിലെ പെണ്‍ ആഖ്യാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

 

.................................................

Read more: പുതുകവിതയുടെ അധോലോകങ്ങള്‍!
.................................................

 

ഉടലെഴുത്തുകളെ തള്ളിക്കളയുന്നത് വരേണ്യമായ ശുദ്ധവാദമാണ്. ശരീരത്തിന് വിശേഷിച്ചും പെണ്ണ് ആവിഷ്‌കരിക്കുന്ന പെണ്‍ ശരീരത്തിന് അയിത്തം കല്പിക്കുന്നത്, അത്തരം എഴുത്തുകളെ തരംതാഴ്ത്തുന്നത് ഉടലെഴുത്തുകളുടെ രാഷ്ടീയപ്രഖ്യാപനത്തെ തിരിച്ചറിയാന്‍ സാധിക്കാത്തതുകൊണ്ടോ മനഃപൂര്‍വം വിസ്മരിക്കുന്നതുകൊണ്ടോ ആണ്. കവിതയിലെ എന്ന് വേണ്ട ഏതു മേഖലയിലെയും പെണ്‍ സാന്നിധ്യത്തെ അവളുടെ ശരീരമായും ശരീരത്തിന്റെ ഉപരിപ്ലവാഖ്യാനങ്ങളുമായും മാത്രം കാണുകയും അത്തരം കാഴ്ചകള്‍ക്ക് സ്വയം നിര്‍ണയിക്കുന്ന കാഴ്ചശീലങ്ങളുടെ പരിധി മാത്രം സമ്മാനിക്കുകയും ചെയ്യുന്നത് സവര്‍ണ്ണപുരുഷന്റെ ലോകവീക്ഷണമാണ്.

സ്ത്രീയെയും സ്ത്രീശരീരത്തെയും കവിതയില്‍ ഒരു സ്ത്രീ അടയാളപ്പെടുത്തുമ്പോള്‍ സംഭവിക്കുന്നത് ഒരു പുതിയ ഇടത്തെ നേടിയെടുക്കല്‍കൂടിയാണ്. അന്നോളം വിഷയിയായി മാത്രം സ്ഥാനനിര്‍ണയനം ലഭിച്ചതില്‍നിന്നും കര്‍തൃത്വ പദവിയിലേക്കുള്ള മാറ്റമാണ് ചരിത്രപരമായി അവിടെ സംഭവിക്കുന്നത്. ശരീരത്തിന്റെ നിര്‍ണയനാവകാശംകൂടി സാധ്യമാക്കുന്നവയാണ് ഇത്തരം പങ്കാളിത്തങ്ങള്‍.

click me!