മധുമിതാസെന്നിന്റെ നെയ്മണമുള്ള വീട് , സിമി കുറ്റിക്കാട്ട് എഴുതിയ കവിതകള്‍

By Vaakkulsavam Literary FestFirst Published Jan 14, 2020, 7:37 PM IST
Highlights

വാക്കുല്‍സവത്തില്‍ ഇന്ന് സിമി കുറ്റിക്കാട്ട് എഴുതിയ നാല് കവിതകള്‍

'കടലിരമ്പം ചോര്‍ന്ന് പോയൊരു ശംഖ് പോലെ മണ്ണില്‍ തറഞ്ഞു പോയൊരു 'ഞാന്‍' ഉണ്ട് സിമ്മി കുറ്റിക്കാട്ടിന്റെ കവിതകളിലൊന്നില്‍. അതിര്‍ത്തികളും ആകാശങ്ങളും വിട്ടൊഴുകിയിട്ടും, ഏതോ മണ്ണില്‍ തറഞ്ഞുപോയ ഓര്‍മ്മയെ ഒരു നദി കൈയെത്തിത്തൊടുന്നത് പോലെ, സിമ്മിയുടെ കവിതകള്‍ മുറിഞ്ഞുപോയ വേരുകളെ ഗാഢമായി പുല്‍കുന്നുണ്ട്. നില്‍ക്കുന്ന ഇടമല്ല ആ കവിതകളില്‍. ഒഴുകിപ്പോയ ഓര്‍മ്മകളാണ്. െചന്നുപെട്ട ഇടങ്ങളെ വാക്കുകൊണ്ട്  മാറ്റിവരയ്ക്കുന്ന കവിതയുടെ മായാജാലം. ഇടങ്ങള്‍ മാത്രമല്ല, ആളുകളുമുണ്ടതില്‍. പച്ചജീവിതങ്ങള്‍. വിങ്ങലുകളും സന്തോഷങ്ങളും നെടുവീര്‍പ്പുകളും സ്‌നേഹങ്ങളും കൊണ്ട് അതിരിട്ട നിത്യജീവിതക്കലക്കങ്ങള്‍. മലയാള കവിതയുടെ തറവാടുകളില്‍ നാം പതിവായി കണ്ടുകൊണ്ടിരിക്കുന്ന അനുഭവരാശികളല്ല  അവിടെ. നാട്ടുമണ്ണടരുകളില്‍, വെളിമ്പ്രദേശങ്ങളില്‍, ഓരങ്ങളില്‍, നമ്മുടെ കാഴ്ചകളിലേക്ക് വന്നുകേറാന്‍ മടികാണിക്കുന്ന കാഴ്ചകളും കേള്‍വികളുമാണ്. അധികം തുളുമ്പാത്ത നിറകുടങ്ങള്‍. അധികം വെളിച്ചമെത്താത്ത മങ്ങിയ ഇടങ്ങള്‍. സിമ്മിയുടെ കവിതയിലെത്തുമ്പോള്‍ ആ ജീവിതങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും സ്വപ്‌നത്തിന്റെ ഒരധികമാനം കൈവരുന്നു.  

 

 

സങ്കടക്കണ്ണേ...

ടൗണിലെ കടയില്‍ നിന്നും 
മോനൊരു കളിപ്പാട്ടം 
വാങ്ങുന്നതിനിടയിലാണ് 
സങ്കടം നിറഞ്ഞ 
കണ്ണുകളുള്ളവനെ കണ്ടത് . 

എന്തേയെന്ന് ചോദിക്കാന്‍ 
തിരിഞ്ഞപ്പോളേക്കും 
അവനെ കണ്ടതേയില്ല . 

രാത്രിയിലൊരിക്കല്‍ 
മോന് പനി കൂടിയതറിയാതെ 
ഉറക്കത്തിലായിരുന്നു . 

ആരോ വിളിച്ചുണര്‍ത്തിയപ്പോലെ 
ഞെട്ടിയുണര്‍ന്നപ്പോള്‍ 
മുറിക്കുള്ളിലവന്റെ 
ഞരക്കവും തേങ്ങലും. 

ചേര്‍ത്ത് പിടിച്ചവനെ 
നെഞ്ചിലൊതുക്കുമ്പോള്‍ 
കട്ടിലിന്റെ ഓരം ചേര്‍ന്ന് 
സങ്കട കണ്ണുള്ളവന്‍ വീണ്ടും. 

ഉരുളയുരുട്ടി ഊട്ടുമ്പോള്‍ 
എണ്ണ തേച്ചു കുളിപ്പിക്കുമ്പോള്‍ 
ഓടിച്ചിട്ട് തല തുവര്‍ത്തുമ്പോള്‍ 
രാസ്‌നാദിയിടുമ്പോള്‍ 
പാട്ട് പാടി ഉറക്കുമ്പോള്‍ 
പിന്നെയും പിന്നെയും 
സങ്കടക്കണ്ണുള്ളവനെ 
അവിടവിടെ കണ്ടു. 

'ഇങ്ങടുത്ത് വാ, ഒരുരുള തരട്ടെ 
മഴ നനയല്ലേ, നീങ്ങി നില്‍ക്ക്' 
എന്നൊക്കെ ഉയര്‍ന്ന പറച്ചിലില്‍ 
അമ്മയിതാരോടാ 
എന്ന ചോദ്യത്തിലാണ് 

എനിക്ക് മാത്രം കാണാനാവുന്ന 
മായ കാഴ്ചയാണ് 
അവനെന്നറിഞ്ഞത്. 

മുറ്റത്ത് പറന്നെത്തുന്ന 
പേരില്ലാ പക്ഷിയെ പോലെ
പിന്നെയും ഇടയ്ക്കിടെയവന്‍ 
വന്നു കൊണ്ടിരുന്നു. 

ഞാനവനോട് 
മിണ്ടിയും പറഞ്ഞും കൊണ്ടും. 

'ഒപ്പം വന്നൂടമ്മേ, 
ഒറ്റയ്ക്കിങ്ങനെയിവിടെയെന്ന്'
ചോദിച്ചു മടുത്ത് 
മകന്‍ നഗരത്തിലേക്ക് പോയന്ന് 
ഒച്ചയനക്കമില്ലാത്ത 
വീട്ടില്‍ ചടഞ്ഞിരിക്കുമ്പോള്‍ 
അവനെയോര്‍ത്തു. 

'സങ്കട കണ്ണേ നീയെവിടെ'യെന്ന് 
ചോദിച്ചു തീരും മുന്‍പേ 
ഞാനിവിടെയുണ്ടമ്മേയെന്ന് 
അന്നാദ്യമായവന്‍ വിളി കേട്ടു. 

അനുസരണയുള്ള  
കുഞ്ഞിനെപ്പോലെ 
എന്റെ മടിയില്‍ തല വെച്ച് കിടന്നു.

തൊട്ടാല്‍ മാഞ്ഞുപോകുമോ
അവനെന്ന് ഭയന്ന്
ഞാനവനെ നോക്കി നോക്കിയിരുന്ന്
എപ്പോഴോ സ്വയം മാഞ്ഞു പോയി.

 

മധുമിതാസെന്നിന്റെ നെയ്മണമുള്ള വീട് 

അഞ്ചാം നിലയിലെ 
ഫ്ളാറ്റിലേയ്ക്ക് 
താമസം മാറിയ അന്ന് 
മകള്‍ മധുമിത സെന്‍
വയസ്സറിയച്ചതിന്റെ 
മധുരവുമായാണവര്‍ 
കാണാനെത്തിയത്. 

അവരുടെ ബാല്‍ക്കണിയില്‍ 
നിറയെ പൂച്ചെടികളും 
വഴുതനങ്ങയും കണ്ടതേ 
അതുപോലൊരു തോട്ടമെനിയ്ക്കും  
വേണമെന്ന്  തോന്നി. 

വാരാന്ത്യങ്ങളില്‍ 
അവരുടെ അടുക്കളയിലെ 
കടുകെണ്ണ മണവും 
എന്റെ അടുക്കളയിലെ 
വെളിച്ചെണ്ണ മണവും 
ഭിത്തികള്‍ക്കപ്പുറം നിന്ന് 
കുശലം പറഞ്ഞു. 

മധുരപലഹാരങ്ങള്‍ 
അവര്‍ക്കൊരു 
ലഹരിയായിരുന്നു . 
ചുവന്ന് തുടുത്ത 
അവരുടെ കൈകള്‍ക്കും  
എന്തിനേറെ ആ വീടിനുപോലും 
പഞ്ചാരയില്‍ കുതിര്‍ന്ന 
നെയ് മണമാണെന്ന് 
ഞാന്‍ കളി പറയുമായിരുന്നു. 

മധുമിത ക്ലാസ് പരീക്ഷകളില്‍ 
ഒന്നാമതായപ്പോള്‍ 
ബാറ്റ്മിന്റണില്‍ 
ട്രോഫി നേടിയപ്പോള്‍ 
മെട്രിക്കുലേഷനില്‍ 
റാങ്ക് നേടിയപ്പോള്‍ 
കോളേജില്‍ ചേര്‍ന്നപ്പോള്‍ 
ആദ്യമായ് സാരിയുടുത്തപ്പോള്‍ 
ഭര്‍ത്താവൊന്നിച്ചു 
പെനിസില്‍വാനിയയിലേയ്ക്ക് 
നാട് വിട്ടപ്പോളൊക്കെ 
വട്ടത്തില്‍  മിന്നി തിളങ്ങുന്ന 
സ്റ്റീല്‍ തളികയിലടുക്കി 
അവരെനിയ്ക്ക് 
നെയ്മണമുള്ള 
മധുരപഹാരങ്ങള്‍ 
കൊണ്ടു തന്നിരുന്നു. 

മധുരപലഹാരങ്ങളെനിയ്ക്ക്
ഇഷ്ടമല്ലെന്ന് അവരറിഞ്ഞതുമില്ല 
ഞാന്‍ പറഞ്ഞതുമില്ല !

ഒന്നാം വര്‍ഷവും 
രണ്ടാം വര്‍ഷവും 
പഠനവും തിരക്കുകളുമായി 
മധുമിത നാട്ടില്‍ വന്നില്ല . 

മൂന്നാം വര്‍ഷം ഗര്‍ഭകാലം
നാലാം വര്‍ഷം ഇരട്ടക്കുഞ്ഞുങ്ങള്‍ 
അഞ്ചാം വര്‍ഷവും 
ആറാം വര്‍ഷവും 
മറ്റെന്തോ തടസ്സങ്ങള്‍ 
മധുമിത നാട്ടില്‍ വന്നതേയില്ല . 

മുന്‍വാതില്‍ വെട്ടിപ്പൊളിച്ച് 
അവരെ കണ്ടെടുക്കുമ്പോള്‍ 
മധുമിതയുടെ ഇരട്ടക്കുട്ടികള്‍ക്ക് 
ഒരേ നിറത്തിലുള്ള 
തൊപ്പി തുന്നുകയായിരുന്നവര്‍.

ശരീരമാകെ നിറഞ്ഞിരുന്ന  
നെയ്യുറുമ്പുകളൊന്ന് പോലും 
മേശപ്പുറത്തെ സ്റ്റീല്‍ തളികയിലെ 
മധുരം കണ്ടതേയില്ലെന്ന് 
വന്നവരൊക്ക മൂക്കത്ത് 
വിരല്‍ വെച്ചു 
പറഞ്ഞുകൊണ്ടേയിരുന്നു.   

ഞാനന്ന് ആദ്യമായി 
മരണവീടെന്ന് പോലും ഓര്‍ക്കാതെ 
അവരുടെ മധുരം കഴിച്ചു . 
എനിക്കെന്തോ 
മധുരക്കൊതിച്ചിയായവരുടെ 
മധുമിതയാകാന്‍ തോന്നി.

 

കൂട്ടിക്കൊണ്ട് പോവല്‍ 

ഭേദമാകുന്ന രോഗം 
ആയിരുന്നില്ല അവര്‍ക്ക്. 
കൈയില്‍ മുറുകെ 
പിടിക്കുമെന്നല്ലാതെ 
അനങ്ങുകയോ 
കണ്ണ് തുറക്കുകയോ 
അവര്‍ ചെയ്തിരുന്നില്ല. 

എങ്കിലും ഞാനവരോട് 
മിണ്ടിക്കൊണ്ടിരിക്കുമായിരുന്നു. 

ബസ്സ് പിടിക്കാന്‍ 
നെട്ടോട്ടമോടിയത്, 
കറിയ്ക്കരിഞ്ഞപ്പോള്‍  
കൈ മുറിഞ്ഞത് , 
കലങ്കാരി ബ്ലൗസിന്റെ 
കൈയിറക്കം 
കുറഞ്ഞുപോയതില്‍ 
തയ്യല്‍ക്കാരനോട് 
തര്‍ക്കിച്ചത്
തലേന്ന് വിരിഞ്ഞ 
താറാക്കുഞ്ഞുങ്ങളെ 
തനിച്ചാക്കി 
പോന്നതിന്റെ 
മനഃപ്രയാസത്തെപ്പറ്റി,

അങ്ങനെയങ്ങനെ 
ഞാനവരോട് 
മിണ്ടിക്കൊണ്ടിരിക്കുമായിരുന്നു . 

ഇടയ്‌ക്കെന്നെങ്കിലും 
അവരൊന്ന് 
മൂളുകയോ ഞരങ്ങുകയോ 
എന്നെ നോക്കി 
ചിരിക്കുകയോ ചെയ്യുമെന്ന് 
വെറുതെയൊന്ന് 
ആഗ്രഹപ്പെടുകയും 
ചെയ്തിരുന്നു . 

അന്നൊരുച്ചയ്ക്ക് 
നനച്ചു തുടച്ച് 
തിരിച്ചു കിടത്തുമ്പോള്‍ 
ആദ്യമായി കണ്ണ് തുറക്കുന്ന 
ഒരു ശിശുവിനെപ്പോലെയവര്‍ 
എന്നെ നോക്കി . 

'ഹാ, അവരെത്തിയല്ലോ!' 
എന്ന് പറഞ്ഞ് 
എന്റെ ചുമലിനപ്പുറം 
ആരെയോ കണ്ടിട്ടെന്നപ്പോലെ 
ചിരിച്ചു കാട്ടി. 

ആരെന്ന് ചോദിച്ചു 
തിരിഞ്ഞു നോക്കിയപ്പോളേക്കും 
അവരോടൊപ്പം 
അവര്‍ പോയി കഴിഞ്ഞിരുന്നു . 
അന്ന് വരേയ്ക്കും 
അത്രയും സമാധാനപൂര്‍വമായി 
ഒരാത്മാവും പറന്നുപോവുന്നത് 
ഞാന്‍ കണ്ടിരുന്നില്ല . 

അവര്‍ തണുത്തുറയുന്നതിന് മുന്‍പേ 
ഞാന്‍ വീട്ടിലേയ്ക്ക് തിരിച്ചു . 
കുട്ടയ്ക്കടിയിലെ 
താറാക്കുഞ്ഞുങ്ങളുടെ 
കരച്ചില്‍ പോലെയെന്തോ 
എന്റെ തൊണ്ടയില്‍ 
തടഞ്ഞു നിന്നിരുന്നു.

 

2051ലെ ഒരു സാധാരണ ദിവസത്തിലെ, 
രണ്ടാം കുര്‍ബാനയ്ക്ക് ശേഷം 

കാണാന്‍ 
കൊതിച്ചിരുന്നപ്പോളൊന്നും 
നമ്മള്‍ കണ്ടിട്ടോ 
മിണ്ടിയിട്ടോയില്ല. 

നഗരത്തിലെ 
പേര് കേട്ട ആശുപത്രിയുടെ 
കാത്തിരിപ്പ് മുറിയിലോ 
ഇടവകപ്പള്ളിയിലെ 
രണ്ടാം കുര്‍ബാനയ്ക്ക് ശേഷമോ 
ഒരു ദിവസമങ്ങനെ 
കണ്ട് മുട്ടുമ്പോള്‍ 
കയ്യിലും കാലിലും 
പെട്ടെന്നൊരു 
തരിപ്പും വിറയലും 
വന്നിട്ടെന്നപ്പോലെ 
നമ്മളങ്ങനെ നിന്ന് പോകും. 

തിമിരം മൂടിയ 
കണ്ണില്‍ നീ നിറയുമ്പോള്‍ 
പോകാന്‍ കൂട്ടാക്കാതെ 
മാറ്റിവെച്ച 
കണ്ണാശുപത്രിയുടെ ചീട്ട്
ഇന്ന് തന്നെ 
തപ്പിയെടുക്കണമെന്ന് 
മനസ്സ് പറയും . 

'നരച്ചു നരച്ചങ്ങനെ 
കിളവിയായല്ലോടീ' 
എന്ന് നിന്റെ ശബ്ദം 
വീണ്ടും കേള്‍ക്കുമ്പോള്‍ 
അടഞ്ഞുപോയ എന്റെ 
കവിളിലെ 
ഞരമ്പുകളൊക്ക 
കണ്ണ് തുറന്നൊന്നു നോക്കും. 

ദൈവമേയെന്ന 
ഉള്‍വിളിയോടെ 
അതിലുമേറെയൊരു 
പരിഭ്രാന്തിയോടെ 
പത്ത് മുപ്പത് വര്‍ഷങ്ങളുടെ 
കഥകളെങ്ങനെ 
ചുരുക്കി പറയുമെന്നോര്‍ത്ത് 
എനിക്ക് നെഞ്ചിലൊരു 
വേദന വരും. 

മക്കളും ചെറുമക്കളും 
നമുക്കിടയിലേയ്ക്ക് 
പിച്ച വച്ച് നടന്ന് വരും. 

ചിറക് വിരിച്ച് 
അവര്‍ പറന്നകന്ന 
ഇടങ്ങളെക്കുറിച്ച്, 
കണ്ട നഗരങ്ങളെപ്പറ്റി, 
യാത്രകളെപ്പറ്റി,
ജീവിതത്തിന്റെ 
തിരക്കുകളെ കുറിച്ച്, 
നമ്മള്‍ പറഞ്ഞു കൊണ്ടിരിക്കും . 

'സമയം പോയതറിഞ്ഞില്ല,
ന്നാ പിന്നെ' യെന്ന് 
ഒറ്റവാക്കില്‍ പറഞ്ഞ്
നീ തിരിഞ്ഞു നടക്കുമ്പോള്‍ 
നമ്മളെപ്പറ്റി നമ്മളിന്നും 
മിണ്ടിയില്ലല്ലോയെന്ന് 
നമുക്കോര്‍മ്മ വരും. 

ഹൃദയം തുളയ്ക്കുന്ന 
തിരിഞ്ഞു നോട്ടങ്ങള്‍ 
ഒന്നുമില്ലാതെ 
നടന്ന് മറയാന്‍ 
നമ്മള്‍ പഠിച്ചിരുന്നല്ലോ.

എന്നിട്ടും, കടലിരമ്പം 
ചോര്‍ന്ന് പോയൊരു  
ശംഖ് പോലെ ഞാനാ മണ്ണില്‍ 
തറഞ്ഞു പോയത് 
അറിഞ്ഞിട്ടെന്നപ്പോലെ 
നിന്റെ കാലുകളന്ന് 
ആദ്യമായ് വേച്ചു പോകും.

 

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!