ഉടലില്‍ തങ്ങും വാക്കുകള്‍

Vaakkulsavam Literary Fest   | Asianet News
Published : Mar 05, 2020, 04:36 PM ISTUpdated : Mar 22, 2022, 07:14 PM IST
ഉടലില്‍ തങ്ങും വാക്കുകള്‍

Synopsis

കവി എം പി പ്രതീഷ് എഴുതുന്ന 'കവിതയുടെ ഇടങ്ങള്‍ പരമ്പര അവസാനിക്കുന്നു. ജോര്‍ജിന്റെ കവിതയിലെ പുറം ഇടങ്ങള്‍.

ഒന്നിന്റെയുള്ളില്‍, വസ്തുവോ ഭാഷയോ സമയമോ പ്രവൃത്തിയോ ആവട്ടെ, ആഴത്തില്‍ വ്യാപരിക്കുമ്പോള്‍ വിചാരങ്ങളുടെ, ഭാഷയുടെ, സംസ്‌കാരത്തിന്റെ എല്ലാ ഉടുപ്പുകളും അഴിഞ്ഞ് വേര്‍പെട്ട് നഗ്‌നമാവുന്ന നേരങ്ങള്‍ ഉണ്ടാവുന്നു. ആ നേരങ്ങളെയാണ് ധ്യാനം എന്ന് വിളിക്കുക. അത് മതപരമായ ഒരു പ്രവൃത്തിയേ അല്ല. ഭൗതികമായ, ശരീരം കൊണ്ട് തിരിച്ചറിയാനാവുന്ന , ഭൗമികം തന്നെയായ അവസ്ഥാന്തരമാണ്. അത് നിശ്ചചലതയുടെ സന്ദര്‍ഭം കൂടിയാണ്. 

 


 

ഇടങ്ങളെക്കുറിച്ചാണ് പറയുന്നത്. വസ്തുക്കള്‍ക്ക് ചുറ്റിലുമുള്ള, വസ്തുക്കള്‍ക്കിടക്കുള്ള, മനുഷ്യര്‍ക്കും പദാര്‍ത്ഥങ്ങള്‍ക്കുമിടക്കുള്ള ഒഴിവിടങ്ങളെ കുറിച്ച്. മരങ്ങളേക്കാള്‍ മനോഹരമായ, മരങ്ങള്‍ക്കിടയിലെ സ്‌പേസിനെക്കുറിച്ച് റില്‍ക്കെയും പാര്‍പ്പിടങ്ങളുടെ ആന്തരിക ഇടങ്ങളെക്കുറിച്ച് ഗാസ്റ്റണ്‍ ബാച്‌ലാര്‍ഡും ഓര്‍മ്മിപ്പിക്കുന്നുണ്ട്. വ്യാഖ്യാനിക്കാനോ അര്‍ത്ഥങ്ങള്‍ വേര്‍തിരിച്ചെടുക്കാനോ അസാധ്യമായ ഇടങ്ങളെ കുറിച്ചുള്ള അഗാധമായ അറിവില്‍ നിന്നാണ് ജോര്‍ജിന്റെ കവിതകള്‍ രൂപപ്പെടുന്നത് എന്നു തോന്നുന്നു.

സ്പേസിനെപ്പറ്റിയുള്ള വിചാരങ്ങളെല്ലാം അതിഭൗതികം, ആത്മീയം എന്നെല്ലാമാണ് നാം വായിച്ചു പോരുക പതിവ്. എന്നാല്‍ വസ്തുവിനെ, ഇടത്തെ കുറിച്ചുള്ള സവിശേഷ ധാരണകള്‍ ഭൗതികം/ആത്മീയം എന്നുള്ള ദ്വന്ദ്വത്തെ മറികടക്കുന്ന ഒന്നാണ് . ആത്മീയത അങ്ങനെ ഭൗതികം തന്നെയാവുന്നു.

ഇടം(space) എന്നത് പക്ഷെ സ്ഥലം (place) അല്ല. സ്ഥലം മനുഷ്യനിര്‍മിതിയാണ്. ഭാഷ, അറിവ്, തുടങ്ങിയവ പോലെ സാംസ്‌കാരത്തിന്റെ ഭാഗമാണ്. ഇടമെന്നത് സംസ്‌കാരത്തിന് പുറത്തു കടക്കലായി മനസ്സിലാക്കാം. ജോര്‍ജിന്റെ കവിതകള്‍ ഭാഷയിലിടപെടുമ്പോഴും ഭാഷയുടെ 'പുറ'ത്തെയാണ് പരിചരിക്കുന്നത്. ഒരു പക്ഷെ മനുഷ്യര്‍ക്കു തന്നെ പുറത്തുള്ള ലോകത്തെ.


രണ്ട്

വസ്തുക്കള്‍ നില്‍ക്കുന്നത് ഇടത്തിലാണ്. ഇടത്തെ കുറിച്ചുള്ള ധാരണകള്‍ വസ്തുക്കളെ കുറിച്ചുള്ളതു കൂടിയാവുന്നു.വസ്തുവെന്നാല്‍ പദാര്‍ത്ഥമാണ്. ഭാഷയുടെ അടിസ്ഥാന ഘടകം കൂടിയാണ് പദാര്‍ത്ഥം. ജോര്‍ജിന്റെ കവിതയില്‍ പദാര്‍ത്ഥം വിടര്‍ന്ന് വാക്ക്, വസ്തു, ഭൂമി, പ്രപഞ്ചം എന്നിങ്ങനെ വിസ്തൃതമാവുന്നതു കാണാം. ശരീരം, മനുഷ്യരുടെ ശരീരം, ജീവികളുടെ ശരീരം,  ഭൂമിയുടെ ശരീരം എന്നിങ്ങനെ ഉടലിനെ മറ്റൊരു വിധം വിപുലപ്പെടുത്തി ഓരോന്നിനും ചുറ്റിനുമുള്ള ഇടത്തെ തൊടാന്‍ ശ്രമിക്കുന്നു.

'എന്റെ ശ്വാസം
ശ്വസിക്കും കടല്‍'

കടലിനും എനിക്കുമിടയിലെ ഇടത്തെ ഇങ്ങനെ കുറിക്കുന്നു. എന്റെ ശരീരവും കടലിന്റെ ശരീരവും ഒരേ ശ്വാസത്തെ പങ്കിടുന്നു. ശ്വാസം ഉടലിന്റെ വിസ്തൃതിയാണ്. അത് കടലില്‍ ചെന്നു തൊടുന്നു.

'മഴ പരിണമിച്ചുണ്ടായതാണ്
മുലകള്‍ '


'ശരീരത്തിലൂടെ ആകാശം വീശുമ്പോള്‍
ഞാനറിയുന്ന നീലകള്‍ അനന്തം'

ഉടലെന്നത് ഭൂമിയുടെ തന്നെ പ്രകൃതിയുടെ തന്നെ തുടര്‍ച്ചയെന്ന്, ജോര്‍ജിന്റെ കവിത പറയാനാശിക്കുന്നു. ഒരാള്‍ക്കുള്ളില്‍ പലതിന്റെയും ഉടലുകള്‍ സന്നിഹിതമാണ്. തിരിച്ചുമതെ. അയാളുടെ ഉടലും പലതായിരിക്കുന്നു.

'പലതരം പ്രപഞ്ചങ്ങളുടെ
സമാഹാരമായൊരാള്‍ '

 

....................................

ആദ്യ ഭാഗം:

രണ്ടാം ഭാഗം: ഇടനേരം നമ്മള്‍ ഇവിടെയാണ് - കെ. സി മഹേഷിന്റെ കവിതയിലെ എങ്ങുമല്ലാത്ത ഇടങ്ങള്‍

മൂന്നാം ഭാഗം: പ്രാണികള്‍, പറവകള്‍, വൃക്ഷങ്ങള്‍-കെ. എ ജയശീലന്റെ കവിതയിലെ ജീവലോകങ്ങള്‍
 

 

 

മൂന്ന്

 

'വാക്കുകളുടെ ആമ്പല്‍പ്പൂവ്
പെട്ടെന്ന് മറഞ്ഞു പോയി'

ഉടലിനും ഇടത്തിനും മധ്യേ ഭാഷയുടെ ഒരു ലോകം സാധ്യമാണ്. അതേ നേരം ഭാഷാതീതമായ ഒരു ലോകവും നിലനില്‍ക്കുന്നു. ഉടലില്‍ നിന്നും ഭാഷ
മാഞ്ഞു പോവുന്ന സവിശേഷ നിമിഷത്തെയാണ് ജോര്‍ജ് ശേഖരിച്ചു വെക്കുന്നത്. അതാവട്ടെ സമയത്തെ, കാലത്തെ മറ്റൊരു വിധത്തില്‍ തിരിച്ചറിയലാണ്. 

'ഞാനോ മാഞ്ഞു പോകുന്നു
നേരങ്ങളില്‍ '

ഒന്നിന്റെയുള്ളില്‍, വസ്തുവോ ഭാഷയോ സമയമോ പ്രവൃത്തിയോ ആവട്ടെ, ആഴത്തില്‍ വ്യാപരിക്കുമ്പോള്‍ വിചാരങ്ങളുടെ, ഭാഷയുടെ, സംസ്‌കാരത്തിന്റെ എല്ലാ ഉടുപ്പുകളും അഴിഞ്ഞ് വേര്‍പെട്ട് നഗ്‌നമാവുന്ന നേരങ്ങള്‍ ഉണ്ടാവുന്നു. ആ നേരങ്ങളെയാണ് ധ്യാനം എന്ന് വിളിക്കുക. അത് മതപരമായ ഒരു പ്രവൃത്തിയേ അല്ല. ഭൗതികമായ, ശരീരം കൊണ്ട് തിരിച്ചറിയാനാവുന്ന , ഭൗമികം തന്നെയായ അവസ്ഥാന്തരമാണ്. അത് നിശ്ചചലതയുടെ സന്ദര്‍ഭം കൂടിയാണ്. 

നിശ്ചലത ഒരു വേര്‍പെടല്‍ തന്നെ. രേഖീയമായ കാലബോധത്തില്‍ നിന്നും ചലിക്കുന്ന ഒരു ലോകത്തില്‍ നിന്നുമുള്ള വേര്‍പെടല്‍. ലോകത്തിനുള്ളിലായിരിക്കെ തന്നെ സാധ്യമായ ഒന്ന്.  

'ഭൂമിയുടെ കറക്കം
നിശ്ചലതകളുടെ സമാഹാരം '

ചലനത്തില്‍ നിന്ന് നിശ്ചലമാവുന്ന ഒരു കണികയെ, മാത്രയെ കണ്ടെടുക്കുന്ന ധ്യാനത്തിന്റെ ചിറകുകള്‍ കൂടിയുണ്ട് കവിതയില്‍ .

'മരങ്ങള്‍
വാക്കുകള്‍ക്കായി
ദാഹിക്കുന്നു '

ശരീരം, ഭൂമി, ഭാഷ, വിചാരം, മൗനം, നിശ്ചലത എന്നിവയില്‍ ഊന്നുന്ന ഒരു മറുലോകമാണ്, സമയമാണ്, ജീവനോടെ തനിച്ച്  നില്‍ക്കാനിടമാണ് ജോര്‍ജിന്റെ കവിത.

 

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത