കന്നീസാ പെരുന്നാളിന് സൈക്കിളില്‍, സുള്‍ഫിക്കര്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published Mar 3, 2021, 5:26 PM IST
Highlights

ചില്ല. വാക്കുല്‍സവത്തില്‍ പുതിയൊരു പംക്തി ആരംഭിക്കുന്നു. ആദ്യ ലക്കത്തില്‍ സുള്‍ഫിക്കര്‍ എഴുതിയ കവിത

ചില്ല. വാക്കുല്‍സവത്തില്‍ പുതിയൊരു പംക്തി ആരംഭിക്കുന്നു. ചില്ലയിലേക്കുള്ള സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും. 

 

 

കന്നീസാ പെരുന്നാളിന്
സൈക്കിളില്‍

കടലാസൊട്ടിച്ച് നക്ഷത്രങ്ങളെ
നാലുപാടും വിടര്‍ത്തി
അതിശയിപ്പിച്ച
അതേ കൂട്ടുകാരന്‍
ഇപ്പൊഴിതാ ഒരു നാലാം നമ്പര്‍
പന്തുമായി വന്ന്
കളിക്കാന്‍ വിളിക്കുന്നു


കറുപ്പും മഞ്ഞയും തുന്നിയ
തുകല്‍പ്പന്തിനെ  
ഞാനൊന്ന് മണക്കാനായവേ
അവന്‍ ഒരൊറ്റ കശക്ക്;
പന്ത് മാനത്തോളം പൊന്തിവളരുന്നു

കളിച്ചുവിയര്‍ത്ത് തിരിച്ചുപോരുമ്പോള്‍
ആ നക്ഷത്രം കടം ചോദിച്ചു
അവള്‍ക്കു കൊടുക്കാനായിരുന്നു
കടപ്പുറത്തെ  രാജാക്കന്‍മാരുടെ
പള്ളിക്കടുത്തായിരുന്നു
ആ കൊച്ചിന്റെ വീട്

അബൂക്കയുടെ മുക്കാല്‍ സൈക്കിള്‍
മണിക്കൂറൊന്നിന് അമ്പതുപൈസയ്ക്ക്
വാടക വീട്ടി
അവനെന്നെ അവിടേക്ക് ചവിട്ടിപ്പോയി

അന്ന് കന്നീസാ പള്ളിയിലെ പെരുന്നാള്!

തിര പതഞ്ഞ് അടിമണ്ണിളക്കി ഒലിച്ചിറങ്ങിയതും
അവനെന്നെ ശടേന്നു പിടിച്ചു,
മണലുരഞ്ഞെന്റെ കൈത്തണ്ട നൊന്തു
ഒരു ചിരി മിന്നായം പോലെ കണ്ടു

അക്കൊല്ലം *മലനട ഉത്സവത്തിന്
അവന്‍ ഒറ്റയ്ക്കു പോയി

നക്ഷത്രങ്ങള്‍ ചിന്നിച്ചിതറിയതായും
മഞ്ഞപ്പന്ത് മിന്നലേറ്റ് പിളര്‍ന്നതായും കണ്ട്
നിലവിളിച്ച അതേ സ്വപ്നത്തില്‍
കടപ്പുറത്തെ
കരിമണലില്‍ ചിറകുനീര്‍ത്തി
ചീര്‍ത്തുകിടന്നു
ഞാന്‍ കടം ചോദിച്ച സമ്മാനം

ഒറ്റയ്ക്ക് സൈക്കിള്‍ ചവുട്ടി
ഞാന്‍ അടുത്ത പെരുന്നാളിനും പോയി
ഒറ്റയ്ക്ക് സൈക്കിള്‍ ചവുട്ടി...


*  കൊല്ലം മലനട ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വെടിക്കെട്ടപകടം 1990 മാര്‍ച്ച് 24നായിരുന്നു. ഇരുപതിലേറെ പേര്‍ മരിച്ചു. *

 

മലയാളത്തിലെ ഏറ്റവും മികച്ച കവിതകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!