
സ്റ്റോക്ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019ലെ നൊബേല്‍ പുരസ്കാരം ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്കെയ്ക്ക്. 2018ലെ പുരസ്കാരം പോളിഷ് എഴുത്തുകാരി ഓള്‍ഗ തൊകോര്‍സുകിന്.
മീടു വിവാദത്തിന്‍റെയും സാമ്പത്തിക അഴിമതിയുടെയും പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചിരുന്നില്ല. അതുകൊണ്ടാണ് ഇത്തവണ രണ്ട് വര്‍ഷത്തെ പുരസ്കാരങ്ങള്‍ ഒന്നിച്ച് പ്രഖ്യാപിക്കാന്‍ സ്വീഡിഷ് അക്കാദമി തീരുമാനിച്ചത്.
ഓസ്ട്രിയന്‍ നോവലിസ്റ്റും നാടകകൃത്തും വിവര്‍ത്തകനുമായ പീറ്റര്‍ ഹാന്‍ഡ്‍കെ, പഠനകാലത്തു തന്നെ എഴുത്തുകാരനായി പ്രശസ്തനായ വ്യക്തിയാണ്. ദ ഗോളീസ് ആങ്സൈറ്റി അറ്റ് ദി പെനാല്‍റ്റി ക്ലിക്, സ്ലോ ഹോം കമിങ് എന്നിവയാണ് പ്രധാന രചനകള്‍. യുഗോസ്ലാവിയന്‍ യുദ്ധങ്ങളെക്കുറിച്ചും യുഗോസ്ലാവിയയിലെ നാറ്റോ ബോംബിങ്ങനെക്കുറിച്ചുമുള്ള ഹാന്‍ഡ്‍കെയുടെ എഴുത്തുകള്‍ വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഓള്‍ഗ തൊക്കാര്‍ചുക് 2018ലെ മാന്‍ ബുക്കര്‍ പുരസ്കാര ജോതാവ് കൂടിയാണ്. മാന്‍ ബുക്കര്‍ പുരസ്കാരം നേടിയ ആദ്യ പോളിഷ് സാഹിത്യകാരിയുമാണ് അവര്‍. ജനപ്രീതിയില്‍ മുന്‍പന്തിയിലുള്ള ഓള്‍ഗ സാധാരണജീവിതങ്ങളെ തന്‍റെ എഴുത്തുകളിലൂടെ പ്രതിഫലിപ്പിച്ചു എന്നാണ് നൊബേല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടത്. നര്‍മ്മവും ബുദ്ധികൂര്‍മ്മതയും നിറഞ്ഞുനില്‍ക്കുന്ന കൃതികള്‍,ലോകത്തെ ഉന്നതങ്ങളില്‍ നിന്ന് നോക്കിക്കാണുന്നവയാണെന്നും കമ്മിറ്റി പ്രശംസിച്ചു. ഫ്ലൈറ്റ്സ്, ദി ബുക്ക് ഓഫ് ജേക്കബ്‍സ്, പ്രൈമീവല്‍ ആന്‍റ് അദര്‍ ടൈംസ് എന്നിവയാണ് പ്രധാന കൃതികള്‍.