കടൽകാക്ക: ഡി. അനിൽകുമാറിന്റെ കവിതകൾ

By Vaakkulsavam Literary FestFirst Published Jan 31, 2021, 3:50 PM IST
Highlights

വാക്കുത്സവത്തില്‍ ഇന്ന് ഡി. അനില്‍കുമാറിന്‍റെ കവിതകള്‍.

 കടലിനും കവിതയ്ക്കുമിടയില്‍ പണ്ടേയുണ്ട് ഭാവനയുടെ ഒരാകാശം. ഏതു വികാരത്തിനും കൊളുത്തിടാവുന്ന ഭാഷയുടെ ഒരു സാദ്ധ്യത. കരയില്‍നിന്നും വാക്കുകളെ ചൂണ്ടയിടാന്‍ പറ്റിയ ഒരിടം. സങ്കടത്തിനും സന്തോഷത്തിനും ഉന്‍മാദത്തിനുമെല്ലാം ചേര്‍ത്തുവെയ്ക്കാവുന്ന ബിംബം.  എന്നാല്‍, ഡി അനില്‍കുമാറിന്റെ കവിതകളിലെത്തുമ്പോള്‍ കടല്‍ ഒരു സാഹിത്യ ഉരുപ്പടിയല്ല. മനുഷ്യര്‍ക്കും മീനുകള്‍ക്കും പക്ഷികള്‍ക്കുമിടയില്‍ രക്തംപോലൊഴുകുന്ന ജീവസ്പര്‍ശം. കരയില്‍നിന്നുള്ള വെറും കാഴ്ചയല്ല അത്. കടലിനെ ചുറ്റി അലയടിക്കുന്ന ജീവിതങ്ങളില്‍നിന്നുള്ള നോട്ടം. അതിനാല്‍, ആ കവിതകളില്‍ കടല്‍ നമുക്ക് പരിചിതമല്ലാത്ത മറ്റു പലതുമാവുന്നു.  ഇരമ്പിയാര്‍ക്കുന്ന ജീവിതമാവുന്നു. കടലിലേക്ക് അന്നം തേടിയുള്ള നെട്ടോട്ടങ്ങളാവുന്നു. കടലെടുത്തുപോവുന്ന ഇടങ്ങളില്‍നിന്നുള്ള പതംപറച്ചിലാവുന്നു. കടല്‍ച്ചൂരുള്ള കിതപ്പുകളുടെ വൈകാരിക സ്ഥലികളാവുന്നു. 

കടലുപോലെ പിടികിട്ടാത്ത മനുഷ്യര്‍ കഴിഞ്ഞുപോരുന്ന ഇടങ്ങളുടെ ഉണക്കവും, ഉപ്പും അനില്‍കുമാറിന്റെ വരികളില്‍ തുടിക്കുന്നു. ആടി അറുതികള്‍ പ്രതീക്ഷിച്ച് അവയ്ക്കായി കരുതിവെച്ചുകഴിയുന്ന കടലോരജനതയുടെ അനുഭവ പരിസരമാണ് അവയുടെ ആഖ്യാന ഇടങ്ങള്‍. അതിന് കടപ്പുറഭാഷയുടെ പരുക്കന്‍ താളമാണ്. ജീവിതത്തിന്റെ ഉപ്പുകാറ്റേറ്റ് പാകംവന്ന വാക്കുകള്‍ ഒട്ടും പരിചിതമല്ലാത്ത ഇടങ്ങളിലേക്ക് വായനക്കാരെ കൂട്ടുവിളിക്കുന്നു. അനില്‍കുമാറിന്റെ കവിതയിലെത്തുമ്പോള്‍ കടല്‍ സ്വന്തം ആവാസവ്യവസ്ഥകളെ ഗാഢമായി പുല്‍കുന്നു.

 

കടൽകാക്ക
   
കൈത്തണ്ട് പോകും കാലം
കച്ചാൻക്കാറ്റടിക്കും കാലം
കട്ടമരം കമഴ്ന്ന് ചത്തവർ
കടൽകാക്കകളായി പറക്കും കാലം

അക്കാക്ക കടൽ താണ്ടി
കര താണ്ടി കുളിർ താണ്ടി
മലമുകളിൽ തലനെറയെ
പേനുള്ളൊരു പെണ്ണിനെ കാണും

അവളുണ്ട് തീറ്റുന്നു
കാക്കയെ, കടൽകാക്കയെ
കൂട്ടിലിട്ട് വളർത്തുന്നു
അതിൻ തൂവൽ തഴുകുന്നു

ഒരു നട്ടുച്ചനേരം
വെയിൽ താണ് നില്ക്കുമ്പോൾ
കടൽകാക്ക പറയുന്നു
വരുന്നോ നീ എനിക്കൊപ്പം

നിന്റെ കണ്ണ് നക്ഷത്രമീന്
നിന്റെ മുടി പാമ്പാട
ചെവിയിൽ ഇരമ്പവും
ഉടലിൽ മുഷിവും നിനക്ക്

അവളേതോ പുരാവൃത്ത
കഥയിലെ തന്വിയായി
അവനൊപ്പം പോകാമോ
എന്നു സ്വന്തം മനതോട്
സമ്മതം തിരക്കുന്നു

കടൽകാക്ക തുടരുന്നു
എനിക്കുടയോർ ഇവിടില്ല
അവർ വാഴും നീലവാനം
തുഴയെറിയും നീലജലം
അതിൽ മുക്കളിയിട്ട്
തിന്നാം നമുക്കൊരുമിച്ച്

പറക്കാം ഉപ്പുക്കാറ്റിൽ
നീച്ചലടിക്കാം ഉപ്പുനീരിൽ
കടൽപിറകോട്ടിയ
ചേരൻ ചെങ്കുട്ടുവൻ
കപ്പൽ വള്ളമോട്ടിയ
വലിവറിഞ്ച വലയൻ
വിടിയവെള്ളി പാത്ത്
പൊഴുതു വെടിയതറിയാമേ
ഇനിയുള്ള കാലമെല്ലാം
അവർക്കൊപ്പം വാഴാമേ

മലമുകളിൽ തലനെറയെ
പേനുള്ളവൾ അതുകേട്ട്
കടൽക്കാക്കയ്ക്കൊപ്പം
കാറ്റ് താണ്ടി പറക്കുന്നു
വെയില് താണ്ടി പറക്കുന്നു

ഒറ്റ കടകടയ്ക്കിപ്പോ

വള്ളം കേറ്റാൻ
പണ്ടൊക്കെ ഒരു കൈ മതി
പോരാതെ വന്നാൽ
നാലു കൈ താനേ വരും
അതിനിടയിൽ പാട്ടുണ്ട്

ഏലേഅയ്യാ അയ്യയ്യാ
ഏലവിലയ്യാ അയ്യയ്യാ

സൊറയുടെ താളം
മേലോട്ട് കേറി കേറി പോകും
മടക്കുകളയച്ചു
പടിക്കെട്ടിൽ പിടിച്ച്
ഉന്തിയുന്തി പോകും പോലെ

ഒരു തൊഴ ദൂരം
ഒരു കാൽ ദൂരം
ഒരു കുഴി ദൂരം
ഒരു മൂച്ചു ദൂരം
നടു വളഞ്ഞു വളഞ്ഞു
നിവർന്ന് താണ്

മണ്ണുകളുരസുമ്പോൾ
തീയല്ല ജലമാണ്
പടരുന്നതെന്നും
ഓരോ വിയർപ്പിലും
കിതപ്പല്ല കരുത്താണ്
ഉറയുന്നതെന്നും കാട്ടും

അപ്പോൾ തണുപ്പിലെ
ചൂട് മാതിരി ഒരു തണുപ്പ്
മേലാകെ പെരുത്തു കേറി
പെരുവിരൽ തുമ്പത്ത്
കൂട്ടിയിടിക്കും

ചീലാന്തി മരമേ
ഊറയിട്ട കട്ടേ
മീന്തലയും കുറുവാലും
നിനക്ക് തന്നതാര്

എന്നൊരു തെറി
തെറിച്ചു നിൽക്കും തുപ്പൽ
കേറ്റി വയ്ക്കും വള്ളത്തെ
ഒറ്റയ്ക്ക്

അല്ലെങ്കിൽ നാലു
തെറി താനേ വരും

അത്തെറികൾക്കും
തുപ്പലിനും മോളിലൂടെ
പുതിയൊരു വണ്ടി
പാഞ്ഞുപോവുന്ന കണ്ടാ
അതിൻ തുഞ്ചം
പിടിച്ചു കേറ്റുന്നു വള്ളത്തെ
ഒറ്റ കട കടയ്ക്കിപ്പോ

അമ്മേടപ്പൻ
                
അമ്മേടപ്പന് ഒരു വെപ്പാട്ടിയുണ്ടായിരുന്നു
ഞങ്ങളറിയാത്ത അവർക്കായ്
അമ്മേടപ്പൻ എടയ്ക്കിടെ വണ്ടിക്കേറി
എല്ലാ തെര്നാളിനും പോയി
കോനംക്കുപ്പ പുളിയംപ്പെട്ടി ഒവരി
പിന്നാലെ പാഞ്ഞു ഞങ്ങട കണ്ണുകൾ
പല ഊരുകളിൽ പല പേരുകളിൽ

അമ്മേടപ്പൻ എടയ്ക്കിടെ തിരിച്ചു വന്നു
രാത്രിയിൽ വെറച്ച് വെറച്ച്
പകൽ സ്നേഹവും പലഹാരവുമായി

നട്ടുച്ചയ്ക്ക്
കാറ്റാടിമരങ്ങൾക്കിടയിൽ ഉറങ്ങി
ചൊരിമണൽ തലയിണയായ് കൂമ്പി
അമ്മേടപ്പൻ എടയ്ക്കിടെ പുലമ്പി

മറുത്തിണയിൽ എനിക്കുണ്ട് പെണ്ണ്
ചിപ്പി, യുപ്പ്, ആമത്തോടുമായ് ഒരുവൾ
ഉമ്മണർ ചാർത്തർക്കുലം
പരതവനെൻ അൻപ്

അവൾ മുറുക്കും
ഓട്പായ് വേഗത്തിൽ മിണ്ടും
അവളോടൊപ്പം ഞാനലഞ്ഞു
പലമരക്കാടുകളിൽ
പാലൈയിൽ കുറിഞ്ചിയിൽ മുല്ലൈയിൽ

അമ്മേടപ്പൻ എഴുന്നേറ്റ് പോകും
ദൂരെയിരുന്ന് അക്കരച്ചായും
സൂര്യനെ നോക്കും

അവൾക്ക് പനിയൊണ്ട്
വെറയൊണ്ട്
ഏങ്ങല് കേൾക്കാം
ഇത്രടം വരെ

പിറ്റേന്ന് പുറപ്പെടും അമ്മേടപ്പൻ

ബെറ്റ്    

തോട്ടുങ്കര പോയി
ഉരുളൻപാറ കണ്ടു
അതൊരു തെറിച്ച കല്ല്
ഉരുണ്ടുരുണ്ട് വന്നതിപ്പോ

പണ്ട്
പല്ലുത്തേപ്പ്
കുളിക്ക് പോകുമ്പോൾ
കൊക്ക് നോട്ടത്താൽ
മീൻ പാച്ചിലാൽ
നീർക്കോലി ഇഴയലാൽ
രൂപം മാറിയിരുന്നു ഈ കല്ല്

ഇപ്പോ
തടിച്ചു
കൊഴുത്തു
ഇരുണ്ടു

വറ്റിപ്പോയ വെള്ളം മുഴുവൻ
കുടിച്ച മുഴുപ്പ്

എങ്കിലും സാധിക്കുന്നുണ്ട്
പണ്ടത്തെയാ ബെറ്റ്
എനിക്കൊപ്പം വളർന്ന്
എനിക്കൊപ്പം ഉരുണ്ട്

ചേട്ടത്തി       

മരിച്ചവർ തിരിച്ചു വരും
അവർക്ക് കൂടിയുള്ളതാണ് ഈ ലോകം
വൈകുന്നേരങ്ങളെ നോക്കൂ
മരിച്ചുപോയ ഏട്ടത്തിയല്ലേ വരുന്നത്
അവരുടെ മക്കളെ വാരിയെടുക്കുന്നു
ഉമ്മ വയ്ക്കുന്നു
കൊഞ്ചിക്കുന്നു
മാമൂട്ടുന്നു
പതുപതുപ്പ് താളത്തിൽ
അടുത്തു കിടത്തുന്നു.

കുടിച്ചുവരുന്ന അണ്ണന് വിളമ്പുന്നു
കുളിപ്പിക്കുന്നു
അവർ രമിക്കുന്നതിൻ നിശ്വാസം
കാറ്റിൽ കലരുന്നു

രാവേറെ കഴിയുമ്പോൾ
കണ്ണു തുറക്കൂ
മരിച്ചവർ ചരിക്കുന്നത്
നിങ്ങൾക്ക് കേൾക്കാം
അവർ അതിനിശബ്ദരെങ്കിലും

മരിച്ചവരെ ഇനിയെങ്കിലും
വാനിലൊരു പൊട്ടായി
ഉറക്കത്തിൽ പിറുപിറുപ്പായി
ഒരുപിടി മണ്ണും പൂവുമായി
ചുമരിൽ തൂക്കിയ ചിരിവറ്റിയ പടമായി
ഏഴാം നാളോർമ്മയായി
ഓർമിക്കാതിരിക്കൂ
അവർക്ക് കൂടിയുള്ളതാണ് ഈ ലോകം

അല്ലെങ്കിൽ ഈ കുട്ടികളെ കേൾക്കൂ
അവർ പറയും ഇതൊന്നും തോന്നലല്ലെന്ന്
അവരുടെ അമ്മ അടുത്തിരിക്കുന്നത്
അവരിൽപരം ആരറിയും

പരിണാമം         

കിളികരച്ചിൽ
ഒരു വിത്തായ്
മാനത്ത്

മുളച്ചു
കതിരിട്ടു
മഴയായ്

അതേറ്റു ഭൂമിയിൽ
കിളികളെയെണ്ണി
എണ്ണം പഠിക്കുന്ന കുട്ടി

തെന്നന്തോപ്പുകൾക്കിടയിൽ
ദിവസത്തേ പണിയുന്ന
വെയിൽ
തിളച്ചു

കരിംപച്ചയിരുളിൽ
അഴിച്ചിട്ട ചൂളംവിളി
കൂടുതൽ തിമിർത്തു

ഒരു കുഞ്ഞിൻ കരച്ചിൽ
റെയിൽവേ ട്രാക്കിൽ
ചിറ്റേരിയ്ക്കുള്ള അടുത്ത വണ്ടിയായി
പരിണമിച്ചു

click me!