ഫോട്ടോഗ്രാഫര്‍, സിവിക് ജോണ്‍ എഴുതിയ കഥ

By Vaakkulsavam Literary FestFirst Published Apr 20, 2021, 3:51 PM IST
Highlights

വാക്കുല്‍സവത്തില്‍ ഇന്ന് സിവിക് ജോണിന്റെ കഥകള്‍

ഏകാന്തത ഒരെഴുത്തുകാരനെങ്കില്‍, അയാള്‍ എഴുതുന്ന കഥ സിവിക് ജോണിന്റെ കഥ പോലിരിക്കും. അത്രയ്ക്കുണ്ട്, മലയാള കഥയിലെ ഈ പുതുമുറക്കാരന്റെ കഥകളില്‍ ഉറഞ്ഞുനില്‍ക്കുന്ന ഏകാന്തതയുടെ ഭാരം. എന്നാല്‍, ഏകാകികളുടെ കമ്യൂണ്‍ അല്ല ആ കഥകളിലെ ജീവിതം. മറിച്ച്, വിജനതയില്‍ ഉറഞ്ഞുപോയ അനേകം മനുഷ്യരുടെ സംഘഗാനമാണ്. പല മനുഷ്യരിലേക്ക് നീളുന്ന സ്‌നേഹത്തിന്റെയും കരുണയുടെയും നന്‍മയുടെയം ഇഴകള്‍ അവയുടെ അടിവേരായിക്കിടക്കുന്നു. കുഞ്ഞുന്നാളിലേ പുസ്തകങ്ങളില്‍ അടഞ്ഞുപോയൊരാളായിരുന്നു താനെന്ന് ഒരഭിമുഖത്തില്‍ സിവിക് ജോണ്‍ പറയുന്നുണ്ട്.  ഒരുപക്ഷേ, പുസ്തകങ്ങളില്‍നിന്നും സിനിമകളിലേക്കും സംഗീതത്തിലേക്കും ഏകാന്തയാത്രകള്‍ തന്നെയാവണം, സിവിക്കിന്റെ വളര്‍ച്ച. അതാവണം, ചെല്ലുന്നിടത്തെല്ലാം ഏകാകികളെ അയാളിലെ കഥപറച്ചിലുകാരന്‍ തേടിപ്പിടിക്കുന്നത്. അവരിലെ ഏകാന്തതകളിലേക്ക് ചൂണ്ടയെറിയുന്നത്. അനേകം ഏകാന്തതകളുടെ സംഘഗാനമായി അയാളുടെ കഥകള്‍ ഉറയുന്നത്. 

 

 


ഫോട്ടോഗ്രാഫര്‍

തുടര്‍ച്ചയായ മൂന്നാം ദിവസവും മഴ നിര്‍ത്താതെ പെയ്യുന്ന ഒരു കാലവര്‍ഷനേരമായിരുന്നു അത്. സാമാന്യം തെറ്റില്ലാത്ത ഒരു മഴയില്‍ തന്നെ വെള്ളം കയറുന്ന കാക്കത്തുരുത്തിലെ ഒറ്റപ്പെട്ട വീട്ടില്‍ മഴ കുറയുന്നതും കാത്ത് അയാള്‍ നിരാശനായി നിന്നു.

അടുത്ത ലക്കത്തില്‍ അച്ചടിക്കാനുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ തിരക്കിട്ട് വന്നതാണ് ഇവിടേക്ക്. പക്ഷേ അപ്രതീക്ഷിതമായി പെയ്ത മഴ കണക്കുകൂട്ടലുകളെല്ലാം പാടേ തെറ്റിച്ചുകളഞ്ഞു. രണ്ട് പാക്കറ്റ് സിഗരറ്റ്, അഞ്ച് കുപ്പി വെള്ളം, പാര്‍സല്‍ ആയി വാങ്ങിയ പതിനഞ്ച് പൊറോട്ടയും കറിയും; സാധാരണ ദിവസം ഇത്രയും ധാരാളമായിരുന്നു നാലുപേരുടെ സംഘത്തിന്. അവിടേക്കെത്തി അധികം വൈകാതെ തുടങ്ങിയ മഴ പിന്നെ തോര്‍ന്നില്ല. വാങ്ങിയ ഭക്ഷണം രണ്ടാം ദിവസം രാവിലെ ആയപ്പോഴേക്കും തീര്‍ന്നു. കഴിഞ്ഞ വരവില്‍ വാങ്ങി വെച്ചിരുന്ന സാധനങ്ങള്‍ എന്തെങ്കിലും  അവിടെയുണ്ടോ എന്ന് അവര്‍ തിരഞ്ഞത് അങ്ങനെയാണ്.

തിരച്ചില്‍ വെറുതെയായില്ല.

ചെറിയൊരു അലുമിനിയം പാത്രത്തില്‍ കുറച്ച് അരിയും, ഒരു കൂടയില്‍ കുറച്ച് ഉണക്കമീനും ഇരുന്നത് കണ്ടെത്തിയത് കൂട്ടത്തില്‍ മുതിര്‍ന്ന സ്ത്രീയാണ്. എന്നെങ്കിലും വന്നെത്തിയേക്കാവുന്ന വറുതിയുടെ കാലങ്ങളിലേക്കായി ശേഖരിച്ചുവെക്കാന്‍ അവരോളം വിരുത് വേറെ ആര്‍ക്കാണ്? മഴ നനയാതെ സൂക്ഷിച്ച ഉണക്കവിറകും തപ്പിയെടുത്ത് ആരോടെന്നില്ലാതെ പിറുപിറുത്ത് അവര്‍ ഉണ്ടാക്കിയ കഞ്ഞിയും മീനും കഴിച്ചത് രണ്ടാം ദിവസം ഉച്ചക്കാണ്. ഒരു രാത്രിയും പകലും കഴിഞ്ഞിരിക്കുന്നു. രാത്രിയിലേക്ക് പാകം ചെയ്ത ഭക്ഷണം അയാളോടൊത്ത് പങ്കുവെക്കാന്‍ എല്ലാവരും ഒരുങ്ങിയതാണ്. പക്ഷേ രണ്ട് പേര്‍ക്ക് പോലും ആവശ്യത്തിനു തികയാത്തിടത്ത് പങ്കുചേരുന്നത് ശരിയല്ല എന്ന് മനസ്സ് പറഞ്ഞത് കൊണ്ട് അയാള്‍ ഒന്നും കഴിക്കാതെ തന്നെ കിടക്കുകയാണ് ചെയ്തത്.

മൂന്നാം ദിവസം രാവിലെ, ഇടയ്ക്കിടെ പോയി വന്നിരുന്ന വൈദ്യുതി ഇനി വരുമോ എന്ന് തീര്‍ച്ചയില്ലാത്ത വിധം ഇല്ലാതായതോടുകൂടി, അതുവരെ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ പ്രതീക്ഷകളെല്ലാം തകരുന്നതായി അയാള്‍ക്ക് തോന്നി. ഒരു സിഗരറ്റ് കത്തിച്ച് വലിച്ചാല്‍ ചിലപ്പോള്‍ ഈ നിരാശയുടെ പടുകുഴിയില്‍ നിന്നും ഒരു വെളിച്ചം കണ്ടെത്താന്‍ കഴിഞ്ഞേക്കും എന്ന തോന്നലില്‍ അയാള്‍ പോക്കറ്റില്‍ തപ്പി. ഇല്ല. ജീവിതം പോലെ തന്നെ ശൂന്യമാണ് പോക്കറ്റും. ഉച്ചയൂണ് ഒരുക്കിയതിന്റെ അധികാരത്തില്‍ ആ സ്ത്രീ പോക്കറ്റില്‍ നിന്നും അവസാനത്തെ സിഗരറ്റ് ബലമായി കയ്യിട്ടെടുത്ത് വലിച്ചത് പിന്നെയാണ് ഓര്‍ത്തത്.

ഒരു രാത്രിയും ഒരു പകലും ഒരു ചെറുപുക പോലും എടുക്കാതെ. അയാള്‍ക്ക് അത്ഭുതം തോന്നി. ഒരു ദിവസം അവസാനിക്കുന്നതിനിടയില്‍ സാധാരണ  എരിഞ്ഞുതീരുന്നത് ഒന്നൊന്നര പാക്കറ്റാണ്. ഒരു പെരുമഴയില്‍ എന്തെല്ലാം ശീലങ്ങളാണ് മാറിമറിയുന്നത്. പ്രണയിച്ചു നടന്നപ്പോഴോ, കല്യാണം കഴിഞ്ഞ നാളുകളിലോ, അപ്പയുടെ കയ്യില്‍ എന്തോ പ്രത്യേക മണം എന്ന്  മകന്‍ പരാതി പറഞ്ഞപ്പോഴോ ഒന്നും ഒഴിവാക്കാന്‍ സാധിക്കാതിരുന്ന ശീലം, ഇപ്പോള്‍ നാലുദിക്കിലും വെള്ളം കൊണ്ട് മൂടി കിടക്കുന്ന ഈ മഴയത്ത് താനേ നനഞ്ഞലിഞ്ഞു പോകുന്നത് അയാള്‍ക്ക് അവിശ്വസനീയമായി തോന്നി.

ചില്ലടര്‍ന്ന ജനല്‍ ഒരു തകരഷീറ്റ് കൊണ്ട് മറച്ചത് ഒരിക്കല്‍ കൂടി നേരെയാക്കി ഒരു നെടുവീര്‍പ്പോടെ അയാള്‍ അടുക്കളയിലേക്ക് നടന്നു. പഴകിയ ഉള്ളിയുടെയും ഉണങ്ങിപ്പോയ ഇഞ്ചിയുടെയും അവശിഷ്ടങ്ങള്‍ അവരുടെ ഇടങ്ങളില്‍ നിന്നും അയാളെ നോക്കി കണ്ണ് മിഴിച്ചു. കുടിവെള്ളവും രണ്ടാം ദിനം വൈകിട്ടോടെ തീര്‍ന്നിരുന്നു. അവിടുന്നങ്ങോട്ട് മഴ വെള്ളം തന്നെയായി ദാഹം മാറ്റാന്‍ രക്ഷ. ഏറ്റവും ശുദ്ധമായ വെള്ളം മഴവെള്ളം ആണെന്ന് പണ്ട് നാലാം ക്ലാസില്‍ ഗ്രേസി ടീച്ചര്‍ പഠിപ്പിച്ചതോര്‍ത്ത്  അയാള്‍ മെല്ലെ ചിരിച്ചു. ഇങ്ങനെ മഴവെള്ളം കുടിച്ച് വിശപ്പിനെ പിടിച്ചുനിര്‍ത്തേണ്ട ഒരു അവസ്ഥ തന്റെ കുട്ടികളില്‍ ആര്‍ക്കെങ്കിലും ഉണ്ടാകും എന്ന് ടീച്ചര്‍ സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല.

വെള്ളം കുടിച്ചതിന് ശേഷം അയാള്‍ വീണ്ടും വീടിനകത്തേക്ക് നടന്നു. പുറമേ നിന്നും അടച്ച ഒരു മുറി മാത്രമേ ആ ചെറിയ വീട്ടില്‍ ബാക്കിയുള്ളു. അത് തുറക്കാതിരിക്കാന്‍ അയാള്‍ ആകുന്നത്ര സ്വയം വിലക്കി നോക്കിയതാണ്. പക്ഷേ, ആര്‍ത്തലച്ചുപെയ്യുന്ന മഴയെക്കാളുമുച്ചത്തില്‍ ആ മുറിയില്‍ നിന്നും ശബ്ദങ്ങള്‍ ഉയരുമ്പോള്‍ എത്ര നേരമാണ് അയാള്‍ അതിനെ അവഗണിക്കുക?

ഇരുപതാം വയസ്സിലായിരുന്നു അയാള്‍ ആദ്യമായി ഒരു ഫോട്ടോ എടുക്കുന്നത്; കോളേജില്‍ നിന്നും പോയ മൂന്നുദിവസത്തെ ഒരു സ്റ്റഡി ക്യാമ്പില്‍, സുഹൃത്തിനോട് കെഞ്ചി വാങ്ങിയ ക്യാമറയില്‍. ഒരു ക്ലിക്ക്.

അതിനേ അനുവാദമുണ്ടായിരുന്നുള്ളു. ക്യാമറ വൈകുന്നേരം ആറുമണിക്ക് ശേഷമാണ് കിട്ടിയത്. അനുവദിച്ചുകിട്ടിയ ഒരേയൊരു ക്ലിക്ക് പോലും ഉപയോഗിക്കാനാവാതെ പാഴായിപ്പോകുമല്ലോ എന്നയാള്‍ മനസ്സില്‍ കരഞ്ഞത് കേട്ടിട്ടെന്നവണ്ണമാണ് ഒരു ചിത്രശലഭം പാറിപ്പറന്ന് വന്നത്. വെളിച്ചം നിറഞ്ഞ പകലത്രയും പൂവുകള്‍ സന്ദര്‍ശിച്ചു മടുത്തിട്ടാവണം തൊട്ടടുത്ത പവിഴമല്ലിയുടെ ഇലകള്‍ക്കടിയിലേക്ക് അത് താണുപറന്നിരുന്നു. ചിറകുകള്‍ ഒതുക്കി ഉറക്കത്തിനു തയ്യാറെടുക്കുന്ന ആ ശലഭമായിരുന്നു അയാളുടെ ആദ്യചിത്രം. ചുറ്റും പരന്നു തുടങ്ങിയ ഇരുട്ടിന്റെ അകമ്പടിയില്‍ പവിഴമല്ലിയുടെ ഇലത്തുമ്പില്‍ തലകീഴായി ചേര്‍ന്നിരുന്ന മഞ്ഞചിറകുകളുള്ള ഒരു സുന്ദരന്‍ ചിത്രശലഭം.

ദൈവത്തിന്റെ അദൃശ്യമായ മൂന്നാം കണ്ണ് നിനക്കൊപ്പമുണ്ടെന്ന് ചിത്രം ഡെവലപ്പ് ചെയ്ത സുഹൃത്തിന്റെ അച്ഛന്‍ പറഞ്ഞത് നേരാണെന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. മരണവീടുകളില്‍ ഫോട്ടൊഗ്രാഫര്‍ വിശ്രമിക്കുന്ന നേരം പകരക്കാരനായപ്പോഴും അയാളുടെ കാഴ്ചയില്‍ മാത്രം ചില കാഴ്ചകള്‍ തെളിഞ്ഞുകണ്ടുകൊണ്ടിരുന്നു. ബന്ധുക്കള്‍ എത്ര ശ്രമിച്ചാലും പൂര്‍ണമായും അകത്താക്കാന്‍ കഴിയാതെ ചുണ്ടിന് വെളിയിലേക്ക് നില്‍ക്കുന്ന ഒരു നീണ്ട പല്ല്, തണുത്തുറഞ്ഞിട്ടും മൂക്കില്‍ നിന്നും പനച്ചിറങ്ങിവരുന്ന ചോരത്തുള്ളികളുടെ ചുവപ്പ്, മരണത്തെക്കുറിച്ച് ആശങ്കപ്പെടാന്‍ പ്രായമാവാത്ത കുഞ്ഞുങ്ങളുടെ കണ്ണിലെ കൗതുകത്തിളക്കം എന്നിങ്ങനെ ചില പ്രത്യേക കാഴ്ചകള്‍.

വാതില്‍ തുറന്ന് അകത്തുകയറിയ അയാളെ എതിരേറ്റത് പ്രായം ചെന്ന സ്ത്രീയുടെ ശാപവാക്കുകളാണ്.

''ഞങ്ങളെ മുറിക്കകത്തിട്ട് പൂട്ടാന്‍ മാത്രം എന്ത് ചെയ്തിട്ടാടാ മറ്റവനേ? നീ വിളിച്ചിട്ടാ നിന്റെ കൂടെ ഇവിടേക്ക് വന്നത്. നമ്മള്‍ എത്ര കൊല്ലമായി ഈ തൊഴിലില്‍ ഒരുമിച്ച്. എന്നിട്ടിപ്പോ. ഒരു ദിവസമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും വന്നതാ. ഇപ്പൊ ദിവസം മൂന്നായി. ഞാന്‍ ജീവിച്ചിരുപ്പുണ്ടോ ചത്തോ എന്നറിയാന്‍ കൂടി വയ്യാണ്ട് ഒരുത്തി ഒറ്റക്കാണ് അവിടെ. എനിക്ക് പോയേ പറ്റൂ.''

''ചേച്ചീ , ഈ മഴയത്ത് എന്ത് ചെയ്യാനാ? ചുറ്റും വെള്ളമാണ്. വാതില്‍ തുറന്നാല്‍ അകത്ത് മുഴുവന്‍ വെള്ളം കയറും. ചേച്ചി കാണുന്നില്ലേ?''

''എനിക്കതൊന്നും അറിയില്ല. ഇവിടെ തന്നെ ഇങ്ങനെ അടച്ചിരുന്നിട്ട് എന്ത് കാര്യാ ഉള്ളത്? വെശന്നാ തിന്നാന്‍ ഒന്നുമില്ല, കുടിക്കാന്‍ വെള്ളമില്ല. ഒന്ന് വെളിക്കിരിക്കാന്‍ മുറ്റത്ത് ഇറങ്ങാന്‍ പറ്റില്ല. ഈ നശിച്ച മഴ മാറിയില്ലെങ്കി ഇവിടെ കിടന്ന് ചാവത്തെയുള്ളൂ എല്ലാരും കൂടെ.''

'' നിങ്ങള് ഓരോന്ന് പറഞ്ഞ് ഈ പിള്ളേരെക്കൂടി പേടിപ്പിക്കാതെ എന്റെ ചേച്ചീ. മഴ കൊറയും. നിങ്ങള് സമാധാനപ്പെട്.''

'' അവന് പിള്ളേരുടെ കാര്യത്തില്‍ എന്ത് ശ്രദ്ധയാണെന്ന് നോക്കിക്കേ. എന്നിട്ടാണോടാ പട്ടീ നീ അതുങ്ങളെ ഇങ്ങനെ അടച്ചുപൂട്ടി ഇട്ടത്. വേറെ നിവര്‍ത്തി ഇല്ലാത്തത് കൊണ്ട് ഇറങ്ങിവന്നവരാ. അവരോടിങ്ങനെ ചെയ്താല്‍ ദൈവം പൊറുക്കുകേലാ.''

അയാള്‍ മുറിക്കകത്തേക്ക് ഒരിക്കല്‍ കൂടി നോക്കി. പല പ്രായങ്ങളിലുള്ള മൂന്ന് പെണ്ണുങ്ങള്‍. അവസാനിക്കാത്ത മഴയില്‍ അവരുടെ പ്രതീക്ഷകളെല്ലാം നശിച്ചതുപോലെ തോന്നി. കൂട്ടത്തില്‍ ഏറ്റവും ചെറിയ ആളുടെ മുഖം നിര്‍വികാരമായിരുന്നു. അയാള്‍ക്ക് സ്വയം വെറുപ്പ് തോന്നി. ന്യായീകരണമെന്ന വണ്ണം അയാള്‍ നേര്‍ത്ത ശബ്ദത്തില്‍ സംസാരിച്ചു.

'' എന്തിനാ അങ്ങനെ ചെയ്തതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. രാവിലെ ആയിട്ടും മഴ കുറയാതെ വന്നപ്പോ നിയന്ത്രണം വിട്ടുപോയി. അതാണ്. നിങ്ങള് പുറത്തേക്ക് വാ. അവിടെ ഇരിക്കണ്ട. തണുപ്പാണ്. എന്തെങ്കിലും ഇഴജന്തുക്കള്‍ ഉണ്ടെങ്കില്‍ അറിയില്ല.''

ഒന്നും പറയാതെ അവരൊരുമിച്ച് മുറിക്ക് പുറത്തിറങ്ങി.

 

 

യാദൃശ്ചികമായാണ് അയാള്‍ ആ ജോലിയില്‍ വന്നുപെടുന്നത്. ക്യാമറ കൈകാര്യം ചെയ്യാന്‍ അറിയാമെങ്കിലും സ്വന്തമായി ഒരു ക്യാമറ ഇല്ലാത്ത ഒരാള്‍ക്ക് നാട്ടില്‍ ആരും വലിയ വില കല്‍പ്പിക്കുന്നില്ല എന്ന് മനസിലായപ്പോഴാണ് അയാള്‍ നഗരത്തിലേക്ക് വെച്ചുപിടിച്ച് ഷന്മുഖണ്ണന്റെ പഴയ സ്റ്റുഡിയോയില്‍ സഹായിയായ് കയറിയത്. അഭിനയമോഹവുമായി വരുന്നവര്‍ക്ക് സിനിമാവാരികകളിലേക്കയക്കാന്‍ ചിത്രങ്ങളെടുത്തു നല്‍കുകയായിരുന്നു ആ സ്റ്റുഡിയോയുടെ പ്രധാന ലക്ഷ്യം.

രണ്ടുതരത്തിലായിരുന്നു ചിത്രമെടുപ്പ്. അഭിനയിച്ച് ജീവിതം ഒരു കരക്കടുപ്പിക്കാന്‍ കഴിയും എന്ന് സ്വന്തം കഴിവില്‍ വിശ്വസിച്ചു വന്നവര്‍- ഫുള്‍ സൈസില്‍, അവരില്‍ മറഞ്ഞിരുന്ന എല്ലാ അപകര്‍ഷതകളും തെളിയിച്ചെടുത്ത് അവരെ ഷന്മുഖണ്ണന്‍ പടമാക്കി. രണ്ടാമത്തെ വിഭാഗത്തിലാവട്ടെ അവരെ ഏതുവിധേനയും താരമാക്കിയേ അടങ്ങൂ എന്ന് നേര്‍ച്ചനോറ്റ് വന്ന ബന്ധുക്കളുണ്ടാവും. ചെറുതായൊന്ന് മിനുങ്ങിയിരിക്കുന്ന ഷണ്മുഖണ്ണന് അവരെ തിരിച്ചറിയാന്‍ വല്ലാത്ത കഴിവാണ്. ചില്ലറ വിട്ടുവീഴ്ച്ചയൊന്നുമില്ലാതെ സിനിമയില്‍ എത്തിപ്പെടാന്‍ പാടാണ് എന്ന് ഉദാഹരണസഹിതം വിശ്വസനീയമായി അവതരിപ്പിക്കുന്ന ഷന്മുഖണ്ണന് മുന്‍പില്‍ ബന്ധുക്കള്‍ എന്തും സമ്മതമെന്ന് പൂച്ചക്കുഞ്ഞുങ്ങളാവും.

അങ്ങനെയാണ് ഉടലളവുകളറിയുന്ന ചിത്രങ്ങളുടെ പിറവി. പെണ്‍കുട്ടികള്‍ താരങ്ങളാകുമോ ഇല്ലയോ, ആ ചിത്രങ്ങള്‍ ചോദിക്കുന്ന വില കൊടുത്ത് വാങ്ങാന്‍ ആളുകള്‍ എന്നും തിരക്ക് കൂട്ടിയിരുന്നു. കച്ചവടക്കണ്ണുകളല്ലാതെ സൗന്ദര്യബോധം അശേഷമില്ലാത്ത ഷന്മുഖണ്ണന് വേണ്ടി അയാള്‍ ചിത്രങ്ങളെടുത്തു. ക്യാമറക്കാഴ്ചയില്‍ തെളിയുന്ന വ്യത്യസ്തങ്ങളായ ശരീരവടിവുകള്‍ ഓരോരുത്തര്‍ക്കും യോജിക്കും വിധം അയാള്‍ സുന്ദരമായി പകര്‍ത്തി. തുടക്കക്കാരികളുടെ ശരീരങ്ങള്‍ നോക്കി അയാള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചില്ല. പ്രായം കടന്നിട്ടും തിരശീലയുടെ മായികവലയത്തില്‍ ഭ്രമിച്ചു വന്ന സ്ത്രീകളുടെ മടക്കുകളും ചുളിവുകളും വീണ വയര്‍പ്പാളികള്‍ ആര്‍ദ്രതയോടെ ചായം പൂശി മറക്കുമ്പോഴോ  ലേശം ഇടിഞ്ഞുതുടങ്ങിയ മുലകള്‍ അലിവോടെ സ്പര്‍ശിക്കുമ്പോഴോ അയാളുടെ നീണ്ട വിരലുകള്‍ വിരുതുകള്‍ കാണിച്ചില്ല.

ഷന്മുഖണ്ണന്‍ അയാളില്‍ തൃപ്തനായിരുന്നു. ഒരാള്‍ പോലും അയാളെക്കുറിച്ച് ഒരു പരാതിയും പറഞ്ഞിരുന്നില്ല. അതുകൊണ്ടാണ് പെട്ടെന്ന് ഒരുദിവസം പണി മതിയാക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ആരും അയാളെ കാര്യമായി എടുക്കാഞ്ഞത്. പിറ്റേന്ന് അയാള്‍ വന്നില്ല. അയാള്‍ക്ക്  പകരക്കാരനാവാന്‍ പറ്റിയൊരാളെ ഷന്മുഖണ്ണന്‍ ഒരുപാട് തിരഞ്ഞു, പക്ഷേ കിട്ടിയില്ല. നഗ്നശരീരങ്ങളുടെ ചെറുകാഴ്ചകളില്‍ പോലും നിലതെറ്റുന്നവരായിരുന്നു എല്ലാവരും. പോകെപ്പോകെ അയാളെ ഷന്മുഖണ്ണനും മറന്നു. അയാള്‍ എങ്ങോട്ടാണ് പോയതെന്ന് നഗരത്തിലാരും അത്ഭുതപ്പെട്ടില്ല. നഗരം ജീവിതത്തിന്റെ തിരക്കിലായിരുന്നു.

മഴ അവസാനിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ലല്ലോ എന്ന് ഭയപ്പെടുമ്പോഴാണ് അയാള്‍ പുറകിലൊരു ശബ്ദം കേട്ടത്. കൂട്ടത്തില്‍ ഏറ്റവും ചെറിയ കുട്ടി. കഷ്ടിച്ച് പതിനഞ്ച് വയസ്സ് കാണും. എന്തുറപ്പിലാവും തങ്ങള്‍ക്കൊപ്പം ആ കുട്ടി വന്നതെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. പക്ഷേ ആ കണ്ണുകളിലെ ദൈന്യതയാണ് അവളെ മടക്കിയയക്കുന്നതില്‍ നിന്നും തന്നെ പ്രേരിപ്പിച്ചതെന്ന് അയാള്‍ക്കുറപ്പാണ്. അവള്‍ക്ക് എന്താണ് പറയാനുണ്ടാകുക എന്നൂഹിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. തിരികെ വീടെത്തുമോ എന്ന ഭയം കഴിഞ്ഞ രണ്ടു ദിവസമായി അവളുടെ ചലനങ്ങളില്‍ പോലുമുണ്ട്. അയാള്‍ അവള്‍ക്ക് നേരെ നോക്കി. അവള്‍ മടിയോടെ ചോദിച്ചു,

''എന്റെ ഒരു ഫോട്ടോ എടുത്ത് തരോ? കഴിഞ്ഞ ദിവസത്തെ പോലെയല്ല.. ഒരു നല്ല ഫോട്ടോ.''

അയാള്‍ ചോദ്യഭാവത്തില്‍ അവളെ നോക്കി. അവള്‍ വീണ്ടും പറഞ്ഞു.

'' മഴ മാറി ഇവിടുന്ന് രക്ഷപ്പെട്ടാലും എന്റെ കാര്യം എന്താവുമെന്ന് ഒരു ഉറപ്പുമില്ല. എടുത്ത ഫോട്ടോകള്‍ നിങ്ങള് കൊണ്ടോവില്ലേ? പിന്നെ എന്റെ കാര്യം കൂടുതല്‍ കഷ്ടമായിരിക്കും. എല്ലാവരും ഓരോന്നൊക്കെ പറയും. ചിലപ്പോ ചാവണംന്ന് തോന്നുമായിരിക്കും. എങ്കിലും എങ്ങനെയും ആ  കാലമൊക്കെ താണ്ടി ഞാന്‍ ജീവിച്ചിരുന്നാല്‍ പണ്ട് ഞാന്‍ എങ്ങനെയായിരുന്നെന്ന് മറക്കാതിരിക്കാന്‍ വേണ്ടിയാണ്. ഒരു ഫോട്ടോ.....''

മഴ  മാറാതിരുന്നെങ്കില്‍ എന്ന് ആദ്യമായി പ്രാര്‍ത്ഥിച്ചുകൊണ്ട്  അയാള്‍  ക്യാമറ ഫോക്കസ് ചെയ്തു, പക്ഷേ കുട്ടിയുടെ മുഖം അയാള്‍ക്ക് വ്യക്തമായേയില്ല.

നിറഞ്ഞ കണ്ണുകള്‍ക്കും ക്യാമറ ലെന്‍സിനും അപ്പുറം കുട്ടി വിഷാദത്തോടെ ചിരിക്കുകയായിരുന്നു.

...............

 

മലയാളത്തില്‍ അടുത്തകാലത്തിറങ്ങിയ ഏറ്റവും മികച്ച കഥകളില്‍ ചിലത് ഇവിടെ വായിക്കാം
 

click me!