
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കണക്കെടുപ്പ്
രാത്രിമഴയ്‌ക്കൊടുവില്‍,
നിലയ്ക്കാനിലവിളി തുളഞ്ഞുകയറി,
ഉടല്‍ഞെട്ടി ഞരങ്ങിയുണര്‍ന്നു
കുഞ്ഞുപൈതല്‍.
കറുത്ത തിരശ്ശീലപോലിരുട്ട്!
കലഹിക്കുന്നു ഇളംകണ്ണുകള്‍,
വിറയ്ക്കുന്നു ചൊടികള്‍,
പൈദാഹത്താല്‍
അവസാനം നുണഞ്ഞ
അമൃതോര്‍മ്മയില്‍
നാവുനീട്ടി കാറിക്കരയുന്നു,
ഞരക്കം നിശ്ചലം
പാതിരാവിലെപ്പോഴോ!
അറയ്ക്കുമദ്ധ്യേ ദിശതെറ്റിയാടുന്നു
കുഞ്ഞുതൊട്ടില്‍,
തൂങ്ങിയാടുന്നു
ഇളംകാലുകള്‍,
കട്ടില്‍ ചാരേ തട്ടി
നീര്‍പ്പൊടിഞ്ഞു തലയിലുമുടലിലും
പിളര്‍ന്നു വിരലറ്റങ്ങള്‍.
ചിതറിത്തെറിച്ചു മണ്ണുടലുകള്‍,
തുളവീണ ചുമര്‍ചിത്രങ്ങള്‍!
ഇളംചുണ്ടുകളില്‍ പാറിക്കളിയ്ക്കുന്നു
മഴപ്പാറ്റകള്‍
ഇരമ്പിയാര്‍ത്ത ഈച്ചകള്‍
നിണം കുടിയ്ക്കുന്നു.
തട്ടിമറിഞ്ഞ
പാത്രങ്ങള്‍ക്കിടയിലെവിടേയോ
കേള്‍ക്കാം കളിപ്പാട്ടക്കിലുക്കം!
മുറിയിലെമ്പാടും
കെട്ട രതിയുടെ ചൂര്!
പുറത്ത്
നിലച്ചഘടികാരത്തിന്റെ,
തെറ്റിക്കിടന്ന വസ്ത്രങ്ങളുടെ,
വിശപ്പുകെട്ട വയറിന്റെ,
അന്നം വിളമ്പിയ മുലകളുടെ,
ഇരുണ്ട നഗ്‌നതയുടെ
കണക്കെടുക്കുന്നു
വായ്‌മൊഴികളാല്‍,
അടക്കംപറഞ്ഞ് .
ദൂരെ കേള്‍ക്കാം,
ത്രിവര്‍ണ്ണപതാക പറത്തി,
സൈറണ്‍ മുഴക്കിപ്പായും
രഥചക്രമുരള്‍ച്ച.
ഇരുള്‍പുതപ്പ്
നിലാവിനെ ഒരുമിച്ചുണ്ടുറങ്ങിയ
കാലത്തെയോര്‍ത്ത്
മദിച്ചുമറിഞ്ഞ തിരമാലകളില്‍ നനഞ്ഞൊട്ടി
കടലിടുക്കില്‍ കെട്ടിപ്പുണര്‍ന്നുനിന്നതു നുണഞ്ഞ്,
പുഴ മടക്കിലേയ്ക്കു നീര്‍ത്തിയിട്ട പുടവത്തുമ്പില്‍
മത്സ്യകുഞ്ഞുങ്ങള്‍ നൃത്തം ചെയ്തതോര്‍ത്ത്
ചെമ്പകച്ചോട്ടില്‍ കുറുഞ്ഞിപ്പൂച്ച പെറ്റു കിടന്നിടത്ത്
ചന്ദ്രന്‍ കടലില്‍താഴുംമുമ്പ്
ഒരാവര്‍ത്തികൂടി ഇരുട്ടിനെ പുതച്ച്
അവനോട് ചേര്‍ന്നിരുന്നു ഇന്നലെ,
ഒരു വളകിലുക്കംപോലും
അലോസരപ്പെടുത്താത്തത്ര
നിശ്ശബ്ദതയിലലിഞ്ഞ്.
കാട്ടുപൂക്കളിറുത്തു
വിരിച്ചിട്ട മെത്തയിലേയ്ക്ക്
പ്രപഞ്ചം കണ്ണുകള്‍കൂപ്പി.
മണ്ണടരുകള്‍ കുഴഞ്ഞു വീണ
ഗര്‍ത്തത്തില്‍ നിന്നിഴഞ്ഞു
പാമ്പിന്‍കുഞ്ഞുങ്ങള്‍
പേടിപ്പിക്കുംപോലെ
ഒച്ചയടച്ചുപിടിച്ച്
പലവഴി അതിവേഗം
ഇഴഞ്ഞുനീങ്ങി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...