
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഉറക്കം
1
അടച്ചിട്ട മുറിയില്‍
അഴിച്ചിടുന്നെന്നെ
ഇരുട്ടതു കാണ്‍കെ.
2
മെരുങ്ങാതിരിക്കുക_
യാണുറക്കം.
പരുങ്ങിയിരിക്കുക_
യാവും സ്വപ്നം.
3
തുറക്കുകയാണാരോ
ഇരുട്ടത്തൊരു ജാലകം.
അതില്‍ നൂണു കടക്കുന്നു,
എത്തപ്പെടുന്നതെങ്ങെടോ?
4
ഉറങ്ങി നിശ്ചലമായി
കിടക്കുമ്പോള്‍
കാലം ആമയായി
ഏറെ മുന്നേറിക്കഴിഞ്ഞിരിക്കും.
നമ്മള്‍ മുയലുകള്‍
എന്തറിയുന്നു?
5
ഉറക്കം ഒരു ചതിയാണ്.
നമ്മെ ഉണരാതെ
ഉറക്കിക്കിടത്തിയിട്ട്
രാത്രി എന്താവും
ചെയ്യുന്നത്?
6
ഞെട്ടി ഞെട്ടിയുണരാം ഞാ_
നുറക്കത്തിലുമിന്ന്
പൊട്ടിപ്പൊട്ടി വിടരുന്നൊ_
രമിട്ടെന്നതു പോലെ.
അത്രയത്ര വെടിമരു_
ന്നമര്‍ത്തി നിറച്ചതാ_
ണിത്രമേലുദാസീനം
ഉറക്കപ്പൂരമല്ലോ!
7
ഉറക്കമെന്നാലെന്താ_
ണെന്നേ ഞാന്‍ ചോദിച്ചുള്ളൂ
ഉറക്കമതിന്‍ വാതില്‍
എന്നെയും ചേര്‍ത്തടച്ചു.
8
മയക്കു വെടിവെച്ചു
വീഴ്ത്തുന്നു
രാ,വെന്നെയും.
9
ഒരുപാട് സ്വപ്നങ്ങള്‍
കയറിയിറങ്ങാനുള്ളതാണ്,
ഞാനുറക്കത്തിന്റെ
ചവിട്ടുപായ വിരിക്കുന്നു.
10
കറക്കം നിര്‍ത്തി ഞാ_
നുറക്കത്തിലേക്കു
വഴുതി വീഴുമ്പോള്‍
അറിയരുതാരു_
മൊരു സ്വപ്നത്തിന്റെ
ചിറകിലാണു ഞാന്‍
പറന്നകലേക്കു
മറഞ്ഞു പോകുന്നു.
11
ഉണര്‍ച്ചയുണ്ടെന്ന്
ബോധ്യപ്പെടുത്തും
ബാധ്യതയാകുമെപ്പോഴും
ഉറക്കം.
12
ഇരുട്ടിലുള്ള കിടപ്പാണ്
ഉറക്കം.
13
ഒരായുസ്സിന്റെ
മൂന്നിലൊന്നെങ്കിലും
മറവിയിലാണു നാം,
ഉറക്കത്തില്‍.
ആയുസ്സൊടുങ്ങുന്നതോ
നിത്യമായ ഉറക്കത്തില്‍.
14
നിത്യേന ഉറങ്ങിയുള്ള
പരിശീലനമാണ്
ഒരാളെ
അന്ത്യനിദ്രയില്‍
ശാന്തനാക്കുന്നത്.
15
ഉറക്കത്തില്‍
തപ്പിനോക്കും
എന്നെ ഞാന്‍,
കൂടെ കിടന്നതല്ലേ!
16
മറവിയാണുറക്കം,
മരണവും.
ഉറക്കത്തില്‍
ജീവിതമോര്‍മ്മിപ്പിക്കും
സ്വപ്നം,
മരണത്തിലോ?
17
ശിശുക്കളുമുറക്കത്തില്‍
ചിരിക്കുമത്രെ,
ദൈവത്തോടെന്ന പോലെ.
മുതിര്‍ന്നവരുറക്കിലും
ചിരിപ്പതുണ്ടാം
പിശാചിനോടെന്ന പോലെ.
18
മിഴി പൊത്തി_
പ്പിടിക്കുമേ
ഉറക്കവും
നിന്നെപ്പോലെ.
ആരാരെന്നു
മറിയാതെ
ആകാംക്ഷ തന്‍
ഞെട്ടലില്‍.
19
ഉറങ്ങുമ്പോളോരോരുത്തരും
ഓരോരുത്തരാവും.
ഒറ്റയ്ക്കാവും.
ഒറ്റപ്പെടലാണുറക്കം.
20
ഉറങ്ങിയുറങ്ങി_
ത്തെളിഞ്ഞതാ_
ണിക്കാണും
പ്രപഞ്ചമെന്നറിയുവോ_
നുറക്കമുണ്ടോ?
21
മയക്കു മരുന്നാകു_
മുറക്കം,
ഉണര്‍വിലും.