പൊന്നാനി: ഒരു പ്രതിഷ്ഠാപന കല, പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത

Published : Jan 15, 2025, 07:06 PM IST
പൊന്നാനി: ഒരു  പ്രതിഷ്ഠാപന കല, പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

പൊന്നാനി: ഒരു  പ്രതിഷ്ഠാപന കല

ഇടശ്ശേരി മാവ് പോലെ
കവിതയില്‍ തണല്‍ വിരിച്ചോ
തളിര്‍ത്തോ
പൂത്തോ
എന്ന ഖേദമില്ലാതെ
വലം വെക്കും
വേഗം കുറച്ച്
ഫാസ്റ്റും ടി.ടിയും സൂപ്പറും സ്വിഫ്റ്റും...

ബുദ്ധനും ഞാനും ഇടശ്ശേരിയും എന്ന മട്ടില്‍
അത്രമേല്‍ വിനീതമായ്
കിളരം കുറഞ്ഞ ഉടലില്‍ 
ഇളംപച്ചത്തളിര്‍പ്പ്
ചാരും യൂണിയന്‍ ബോര്‍ഡ് .
വരിയും ചുവപ്പരങ്ങ്.

ആ.... ആല്‍
അരയാല്‍
സ്റ്റാന്‍ഡിന്‍
നടുവില്‍ 

ലാഞ്ചിയും ജങ്കാറും
കപ്പലും തിരയും
കനോലിയും കനാലും
ബസ്സും 
നാല്‍വരി നിരയെടുപ്പും
അക്ബര്‍ ട്രാവല്‍സുമായ്
മഹായാനങ്ങളുടെ ഗതിവിഗതിചരിത സാക്ഷിയെന്നപോല്‍...

തറയോ
കുളമോ
ഇല്ലാതെ
നിര്‍വികാരതയുടെ ആലഭാരവുമായി...


തഥാഗത സ്പര്‍ശമേല്‍ക്കാത്ത മന്ദസ്മിതനിലാവായി...

'ഒരു പൊന്നാനിക്കാരന്റെ 
മനോരാജ്യ 'മെന്നപോല്‍

ഇപ്പോള്‍
കൊടുങ്ങല്ലൂരിനും കോഴിക്കോടിനുമിടയില്‍
അറിഞ്ഞോ അറിയാതെയോ ഇറങ്ങിപ്പോയ 
വേണ്ടപ്പെട്ട ആരെയോ കാത്തെന്നപോലെ

പോരിശയുടെ
പൊന്‍നിലത്ത്
ഒറ്റാന്തടി .

സ്റ്റാന്‍ഡിനഭിമുഖം
പഴം നിറച്ച പൊന്നാനി മധുരമായ് പലഹാരമാലയായ് വരവേല്‍ക്കും
ഹുബ്ബന്‍ വ  കറാമത്തന്‍ മട്ടില്‍ 
'നമ്മള്‍' എന്ന മക്കാനി .

കണ്‍കണ്ട ചെറുപ്പത്തിലേയുണ്ട്
ഈ വേരും നിനവുമെന്ന്
ഓരോ ആപ്പ് ചായയും ഖിസ്സയും....


*പൊന്നാനി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനകത്തുള്ള അരയാല്‍. ബസ് സ്റ്റാന്‍ഡിന് അഭിമുഖം ഉള്ള 'നമ്മള്‍ 'എന്ന് പേരായ ഹോട്ടല്‍. ഈ കവിതയില്‍ രേഖപ്പെട്ട കാഴ്ചകള്‍ .

ഹുബ്ബന്‍ വ കറാമത്തന്‍ - സ്‌നേഹത്തോടും ആദരവോടും കൂടി


 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത