Malayalam Poem: മഞ്ഞും ചെരുപ്പുകുത്തിയും, സുജേഷ് പി പി എഴുതിയ രണ്ട് കവിതകള്‍

Published : Nov 29, 2024, 02:55 PM IST
 Malayalam Poem:  മഞ്ഞും ചെരുപ്പുകുത്തിയും, സുജേഷ് പി പി എഴുതിയ രണ്ട് കവിതകള്‍

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുജേഷ് പി പി എഴുതിയ രണ്ട് കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

ഒന്ന്

തണുപ്പ് കാലത്തെ കീറപ്പുതപ്പിനുള്ളില്‍ നിന്നയാള്‍ വെളിച്ചം പോലെ എഴുന്നേറ്റു
തെരുവിനപ്പോള്‍ നിലാവ് പൊടിഞ്ഞു വീണപോലെ മുഖാവരണം,

മഞ്ഞ് വാരിക്കൂട്ടിയിട്ട് അയാള്‍
ചെരുപ്പുതുന്നുന്ന ജോലിയിലേര്‍പ്പെട്ടു,
തലേന്നത്തെ ബാക്കി വന്ന 
മിനുക്കു പണികളെല്ലൊ ചെയ്തു തീര്‍ത്തു,

ദൂരെ പച്ചക്കറി വണ്ടിയും പാല്‍ക്കാരനും
തുകല്‍ തീര്‍ന്നു പോയോ എന്ന മട്ടില്‍
അരികില്‍ വന്ന് അന്വേഷിക്കുന്നു,
അവരവരുടെ ചെരുപ്പ് പൊതികളെ
ഏല്പിച്ച് വേഗത്തില്‍ വിപ്ലവകാരിയുടെ
പാട്ട് പോലെ ലോകത്തെ തുന്നിവെക്കുന്നു

അയാളൊരു നാടക നടനായിരുന്നു
തെരുവിലെ സ്‌ക്വയറില്‍ 
വസന്തകാലത്തെ നാടകത്തില്‍
എല്ലായിപ്പോഴും വേഷമിട്ടു
പലര്‍ക്കും അതറിയില്ലായിരുന്നു,

ചെരുപ്പുകുത്തിയുടെ നാടകം
ദൂരെ തെരുവ് മാറിക്കയറിയവര്‍ക്ക്
പോലും അത്ഭുതമായിരുന്നു
അയാള്‍ തന്റെ കുതിരയെ 
വിളിക്കുന്ന പോലെ
നാടകത്തിലെ കുതിരയെ 
വിളിച്ചു തലോടി ,

കുതിരയുടെ ഇണക്കങ്ങളില്‍
കാണികളുടെ ഇണക്കം തോന്നിപ്പിച്ചു 
കുതിര സ്വന്തമായുള്ളവര്‍ 
ഒരു വേള ചാട്ട ഉപേക്ഷിച്ച്
സ്‌നേഹത്തെ കൈമാറ്റം ചെയ്തു,

കുനിഞ്ഞിരുന്ന് ചെരുപ്പ് 
തുന്നുമ്പോഴെല്ലാം അയാള്‍
നാടകാന്തത്തിന്റെ കെട്ടുകള്‍ 
ഒന്നുകൂടി മുറുക്കിക്കെട്ടി
തുകലിന്റെ അരിക് മുറിച്ചിട്ട
കഷ്ണങ്ങളെ പുരാതന റോമന്‍
പടയാളികളെ പോലെ പേരെടുത്തു
വിളിച്ചു കൊണ്ടേയിരുന്നു,


രണ്ട്

ചെരുപ്പ് കുത്തിയുടെ തുന്നലിനെ
തെരുവിന്റെ പാട്ടു പോലൊരുവള്‍ സ്‌നേഹിച്ചു
സായാഹ്നങ്ങളില്‍ സ്‌ക്വയറിലെ
പാട്ടു സംഘങ്ങളുടെ അരികിലിരുന്നു
ഓരോ പാട്ടും അവള്‍ക്ക് വേണ്ടിയെന്ന്
തോന്നിക്കുന്ന വിധം ഈണമുണ്ട്
ഒരുപാട്ട് കഴിയുമ്പോഴും അടുത്തത് 
എന്ന പോലെ അവളുടെ മുഖം തെളിഞ്ഞു
അപ്പോഴും അയാള്‍ ചെരുപ്പു തുന്നുകയാണ്
അതിന്റെ വള്ളി മുറുക്കുമ്പോള്‍
അവള്‍ക്ക് അണിയേണ്ടുന്നതിന്റെ
ആഹ്‌ളാദമെല്ലാമുണ്ട് ,
ഇട്ടു നടക്കുന്നതോര്‍ക്കുമ്പോള്‍
പൂക്കളുടെ അരികിലേക്കെന്ന് 
തോന്നിപ്പോകുന്ന സുഗന്ധം നിറയുന്നു,
അവള്‍ അയാള്‍ക്കരിക്കിലേക്ക് നടന്നു
പാട്ടു സംഘങ്ങള്‍ അന്നത്തെ
അവസാന ഗാനത്തിലാണ്,
കേള്‍ക്കൂ തെരുവിന്റെ ഗീതം കേള്‍ക്കൂ
എന്ന ഈരടിയില്‍ അവള്‍
അയാളെ തൊട്ടു 
തലയുയര്‍ത്തി നോക്കുമ്പോള്‍
അയാളുടെ മുഖത്തിന്
പണ്ടെങ്ങോ കണ്ടു മറന്ന
വിപ്ലവകാരിയുടെ ചിരി
തോളില്‍ നക്ഷത്രം താഴ്ന്നിറങ്ങിയിട്ടുണ്ട്
അയാളുടെ കൈകളില്‍ ചെരിപ്പ്
ഉണങ്ങിയ പശയുടെ പാടുകള്‍
തെരുവിലെ ചുവരെഴുത്തിന്റെ
വാക്കുകളെല്ലാം ഉണങ്ങിയിട്ടുണ്ട്,
അവളുടെ മറുചിരിയില്‍ ലോകത്തിന്റെ
വെളിച്ചമെല്ലാം അടങ്ങിയിരിക്കുന്നു

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത