
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ശേഷിപ്പ്
ഞാന്‍ തുറന്ന ഏട്
എന്നെ നോക്കി ചിരിച്ചു
മായ്ച്ചുകളഞ്ഞ, ആരുംകാണാ വരയെല്ലാം
വെപ്രാളപ്പെട്ട് പൊടിതട്ടി
ഏട് വിട്ടുപോയി.
ശൂന്യതയില്‍ പിന്നെയും ഞാന്‍ പെന്‍സിലൂന്നി..
നിശയുടെ കാഠിന്യത്തില്‍
ചിറക് നഷ്ടപ്പെട്ടൊരു ശലഭം
താളില്‍ വന്നുവീണു.
പെന്‍സിലൂന്നി ഏടില്‍ ഞാനതിനൊരു ചിറകുവരച്ചു.
ചിറകേന്തി ശലഭം നിശയിലേക്ക് മടങ്ങി.
ഏട്, വര കാണാതെ കരഞ്ഞു.
ഇടം
പിന്തിരിഞ്ഞു നോക്കാന്‍
ഒരു വിളിയും ബാക്കിയില്ലെന്ന
ബോധ്യത്തില്‍
ഞാന്‍ ആഞ്ഞു നടന്നു
ഇരുളില്‍ ഒരു നിഴലെങ്കിലും
മനുഷ്യരൂപം പ്രാപിക്കുന്നതും
എന്നെ പേര് ചൊല്ലി വിളിക്കുന്നതും
ഞാന്‍ സ്വപ്നം കണ്ടു
തോളിലെ ഭാരം എന്നെ
ചുമക്കുന്നതും
എന്റെ ഭാണ്ഡം കാലിയാണെന്നതും
ഞാന്‍ അറിഞ്ഞു
ഞാന്‍ എന്റെ നടത്തത്തിന്റെ ആക്കം കൂട്ടി
ആഞ്ഞു നടന്ന് എത്തിച്ചേരാന്‍
ഒരിടവും അവശേഷിക്കുന്നില്ലെന്ന
ബോധ്യം
പൊടുന്നനെ എന്നെ കൊന്നു കളഞ്ഞു!
സ്വത്വം
ഉടുപ്പ് മാറുംപ്പോലെ
ഞാന്‍ മനുഷ്യരെ മാറി
എനിക്ക് ചേര്‍ന്നത് തപ്പി തപ്പി
നിറങ്ങളായ നിറങ്ങളെല്ലാം ശ്രമിച്ചു നോക്കി
ഒന്നും ഏതും ചേര്‍ന്നില്ല.
ചിലത് മുട്ടോളം മാത്രം എത്തി
ചിലത് എന്നെ കടന്ന് നീണ്ടു പോയി
ചിലത് തുന്നി ചേര്‍ക്കപ്പെട്ടപോലെ തോന്നി
ചിലതെല്ലാം പാകമായിട്ടും
ചേരായ്മ തോന്നി
നഗ്‌നതയാണ് വേണ്ടതെന്നു മനസ്സിലാവാനും വൈകി!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...