
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അവളുടെ മൂന്ന് മരണങ്ങള്‍
കൃത്യമായി പറഞ്ഞാല്‍ മൂന്ന് തവണയാണ് അവള്‍ മരിച്ചത്. ഒന്ന് അവളുടെ പതിനേഴാം വയസ്സില്‍ പള്ളിമുറ്റത്ത് വെച്ച്. രണ്ടാമത് സ്‌കോട്‌ലന്‍ഡിലെ കൊട്ടാര മുറ്റത്തു വെച്ച്. മൂന്നാമത് അവളുടെ വീട്ടില്‍ സ്വന്തം മുറിയില്‍. രണ്ടു മരണം പിന്നില്‍ നിന്ന് കുത്തിയതും, ഒരെണ്ണം കണ്ണില്‍ നോക്കി നെഞ്ചിന്റെ അടിയില്‍ കത്തി കുത്തികയറ്റിയതു പോലെ ഹൃദയം രണ്ടായി പിളര്‍ക്കത്തക്ക വിധത്തിലുമായിരുന്നു. ഒരു മരണത്തില്‍ നിന്ന് അവള്‍ ഉയിര്‍ത്തു വന്നപ്പോഴായിരുന്നില്ല അടുത്ത മരണം. ഓരോ മരണവും പൂര്‍ണ്ണമായ ഒരു മരണത്തിലേക്കായിരുന്നു അവളെ എത്തിച്ചത്. ഒന്നിന്റെ തുടര്‍ച്ച മറ്റൊന്നെന്ന പോലെ.
ഒന്നാം മരണം
ആദ്യ പ്രണയം തുറന്നു പറഞ്ഞപ്പോയായിരുന്നു അവള്‍ ആദ്യമായി മരിച്ചത്. ആറു വര്‍ഷമായി തന്റെ ഉള്ളിലുള്ള ഹൃദയ വ്യഥ തുറന്നു പറഞ്ഞപ്പോള്‍ അയാള്‍ കൈയ്യിലുള്ള കത്തി നല്ലവണ്ണം മൂര്‍ച്ച കൂട്ടി. അവളെന്നെ സ്ത്രീയില്‍ ഭാര്യയെന്ന ഘടകത്തെ കാണുന്നില്ല എന്നയാള്‍ പറഞ്ഞപ്പോള്‍ അവള്‍ അന്തിച്ചു പോയി. കാമുകി, സുഹൃത്ത്, ഒരു രാത്രിയിലേക്ക് കരുതാവുന്ന വേശ്യ അങ്ങനെ പലതും ഉണ്ടത്രെ. പക്ഷെ ഒരു സ്ത്രീയെ ഭാര്യയാക്കുന്ന ആ പ്രത്യേക ഗുണം മാത്രമില്ല.
അയാളുടെ വിശിഷ്ടമായ ഭാര്യാ പദവി താങ്ങാന്‍ കരുത്തില്ലാതെ അല്ലെങ്കില്‍ അതിനര്‍ഹത ഇല്ലാതെ അവള്‍ നിന്നുരുകി. ഏതെല്ലാം ഗുണങ്ങള്‍ ഇനിയും അവളില്‍ കരുതിയാല്‍ ആ പദവി ലഭിക്കുമെന്ന് ആലോചിക്കാന്‍ പോലും അവള്‍ക്ക് ശക്തിയുണ്ടായിരുന്നില്ല. ആ മഞ്ചാടി മരങ്ങള്‍ക്കിടയിലിരുന്നു അവള്‍ നെഞ്ച് പൊട്ടി കരഞ്ഞു. വാകകളെയും, ഇലഞ്ഞി മരങ്ങളെയും തഴുകിയ കാറ്റു അവളെയും തഴുകിപ്പോയി. അടയ്ക്കാക്കുരുവികള്‍ താന്നും പൊങ്ങിയും ലൈന്‍ കമ്പികളില്‍ സ്ഥാനം പിടിച്ചു. അവള്‍ വര്‍ഷങ്ങള്‍ അവിടെത്തന്നെ അടിഞ്ഞു പോയി.
അയാള്‍ അവളുടെ കൈയ്യില്‍ തന്നെ അയാളുടെ കല്യാണക്കുറി കൊടുത്തു. ആഘോഷത്തോടെ തങ്കം പോലെ അടക്കവും ഒതുക്കവുമുള്ള ഒരു പെണ്ണിനെ കല്യാണം കഴിച്ചു. ആ നാട്ടിലെ വെള്ളം വന്നിരുന്ന കിണറുകള്‍ കാലക്രമേണ പൊട്ടക്കിണറുകളായി. അവള്‍ കാലങ്ങള്‍ ജോലിക്കു ശ്രമിച്ചു കൊണ്ടേയിരുന്നു. വീട്ടു മുറ്റത്തെ റോസും, ഓര്‍ക്കിഡും വേരോടെ പിഴുതെറിഞ്ഞു വീട്ടുകാര്‍ വളര്‍ത്താന്‍ പ്രയാസമില്ലാതെ ചെമ്പരത്തി നട്ടു. സുഹൃത്തുക്കളെല്ലാം വിവാഹം കഴിച്ചു തുടങ്ങി. കല്യാണങ്ങള്‍ക്കു പോയും ഒരേ പോലത്തെ കടല്‍ തീരത്തു ഓടുന്നതും, എടുത്തു പൊക്കുന്നതുമായ ഫോട്ടോ ഷൂട്ടുകള്‍ കണ്ടുമവള്‍ക്കു മടുത്തു. രാവും പകലും ഒരുപോലെ മത്സരിച്ചു അവളുടെ ജീവിതം വിരസമാക്കി.
സമയം കിട്ടുമ്പോഴെല്ലാം പൊട്ടക്കിണറുകളുടെ ഇടയില്‍ എത്ര ദൂരമുണ്ടെന്നു അവള്‍ വെറുതെ അളന്നു കൊണ്ടിരുന്നു.
രണ്ടാം മരണം
സ്‌കോട്‌ലന്‍ഡിലെ മഞ്ഞു മൂടിയ കൊട്ടാരത്തിന്റെ മുന്നില്‍ അവള്‍ മൂന്നു ലയര്‍ ജാക്കറ്റില്‍ പൊതിഞ്ഞു നിന്നു. മായാജാലക്കാരനെപ്പോലെ അയാള്‍ കാറില്‍ മുന്നില്‍ വന്നിറങ്ങി. മഞ്ഞില്‍ ഒരു മണിക്കൂറോളം അയാളെ കാത്തു നിന്നപ്പോള്‍ അവളുടെ ഞെരമ്പുകളിലെ രക്തമാകെ പച്ച നിറത്തിലായി.
അയാള്‍ ഗൗരവത്തോടുകൂടി വണ്ടിയില്‍ നിന്നിറങ്ങി അവളെ നോക്കി പറഞ്ഞു. പ്രണയിച്ചു കഴിഞ്ഞു ഒരു കൊല്ലത്തിനു ശേഷമാണ് ഞാന്‍ ഉദ്ദേശിക്കുന്ന ഗുണഗണങ്ങള്‍ നിന്നില്‍ ഇല്ലെന്നു മനസ്സിലായത്. അവള്‍ക്കു തല പെരുക്കുന്നത് പോലെ തോന്നി. അവര്‍ നിന്നിരുന്നതിനു അരികിലുള്ള ഐസ് ആയിപ്പോയ തടാകത്തിന്റെ അടിത്തട്ടില്‍ മീനുകള്‍ കൂട്ടമായി പ്രാണവായു കിട്ടാതെ പിടഞ്ഞു.
'പ്രണയിക്കാന്‍ ഭയമുള്ള എന്റെ പിറകെ മാസങ്ങള്‍ നടന്ന് പിന്നെ എന്തിനാണ് മിണ്ടാന്‍ ശ്രമിച്ചത്? കൂടെ ഉണ്ടാകുമെന്നു ഉറപ്പു തന്നതും കൂടെ കിടന്നതും?'
അവള്‍ വിക്കിയും, വിറച്ചും കൊണ്ട് ചോദിച്ചു.
അയാള്‍ ദൂരെയെവിടെയോ നോക്കി കൊണ്ട് പറഞ്ഞു. 'അപ്പോള്‍ എനിക്ക് നിന്നെ പൂര്‍ണ്ണമായി മനസ്സിലായിരുന്നില്ല. ഇഷ്ടമല്ലെന്നു ഞാന്‍ പറഞ്ഞപ്പോള്‍ നീ എന്ത് കൊണ്ട് അത് അംഗീകരിക്കുന്നില്ല? എന്തിനു വേണ്ടി പ്രണയത്തിനായി ഇരക്കുന്നു? ഒരാള്‍ മറ്റൊരാളെ ഇഷ്ടമില്ല എന്ന് പറയുമ്പോള്‍ ഒഴിഞ്ഞു മാറുകയാണ് വേണ്ടത്. എനിക്ക് തിരക്കുണ്ട്. വേറെയൊന്നും പറയാനില്ലല്ലോ?'
അയാള്‍ തിരിഞ്ഞു നോക്കാതെ തിരക്കിട്ടു വണ്ടിയില്‍ കയറി. അവള്‍ ദൂരേയ്ക്ക് മായുന്ന വണ്ടി നോക്കി തന്റെ ആത്മാഭിമാനത്തിനു ഏറ്റ ക്ഷതത്തില്‍ നിന്ന് വന്ന രക്തത്തെ കൈ കൊണ്ട് പൊത്തിപ്പിടിച്ചു.
ശൈത്യകാലമായതിനാല്‍ വാത്തകള്‍ കൂട്ടത്തോടു കൂടി അവളുടെ തലയ്ക്കു മുകളിലൂടെ പറന്നു കിഴക്കോട്ടു പോയി. അവള്‍ മഞ്ഞില്‍ നിന്നും മരവിച്ച കാലുകള്‍ പുറത്തെടുത്തു പതുക്കെ നടന്നു തുടങ്ങി. മനുഷ്യരും, അവര്‍ തരുന്ന വാഗ്ദാനങ്ങളും കെട്ടുകാഴ്ചകളെ പോലെ അവളുടെ ചുറ്റും വലം വെച്ചു.
പ്രണയ നൈരാശ്യം കാരണം ആത്മഹത്യ ചെയ്ത അവളുടെ കൂട്ടുകാരി നരിച്ചീലുകളെ വകഞ്ഞു മാറ്റി കുഴി തോണ്ടി പുറത്തു വന്നു അവളെ കൂടെക്കൂട്ടാന്‍ ശ്രമിച്ചു.
അവള്‍ തണുത്തുറഞ്ഞ തടാകത്തിലെ മീനിനെപ്പോലെ ശ്വാസം കിട്ടാതെ കിടന്നു പിടഞ്ഞു
മൂന്നാം മരണം
സ്‌കോട്‌ലന്‍ഡില്‍ നിന്നും എമിറേറ്റ്‌സ് വിമാനത്തില്‍ കൊച്ചിയിലെത്തിയ അവളെ കാത്തു വിമാനത്താവളത്തില്‍ ആരും വന്നില്ല. വിമാനമിറങ്ങി വന്നവരെ ആലിംഗനം ചെയ്യുന്ന വീട്ടുകാരുടെയും കൂട്ടുകാരുടെയും ഇടയില്‍ക്കൂടി അവള്‍ ഇരുണ്ട മനസ്സുമായി ടാക്‌സി തപ്പി നടന്നു. വഴികളിലെല്ലാം വീണു കിടക്കുന്ന മന്ദാരപ്പൂക്കള്‍ കണ്ടു അവള്‍ പഴയതൊന്നും ഓര്‍മ്മയില്‍ വരാതെയിരിക്കാന്‍ ചെവിയില്‍ ഹെഡ്‌സെറ്റ് കുത്തിത്തിരുകി വെച്ചു പാട്ടു കേള്‍ക്കാന്‍ തുടങ്ങി.
വീട്ടുമുറ്റമാകെ മഞ്ഞ ബാല്‍സം പൂക്കള്‍ പൂത്തു നിന്നിരുന്നു. അതിനു വെള്ളമൊഴിച്ചു കൊണ്ടിരുന്ന തോട്ടക്കാരന് അവളെ മനസിലായില്ല. വരാന്തയില്‍ ചാരുകസേരയില്‍ കിടന്നു പത്രം വായിക്കുന്ന അപ്പന്‍ അവളെ നോക്കിയിട്ടു മുഖഭാവമൊന്നും കൂടാതെ വീണ്ടും പത്രത്താളുകളിലേക്കു ഊളിയിട്ടു. അടുക്കളയില്‍ മീന്‍ കറിയുണ്ടാക്കി കൊണ്ടിരുന്ന അമ്മ കണ്ട ഭാവം പോലും നടിച്ചില്ല. ആരും തന്നെ തിരിച്ചറിയാത്തതെന്തെന്നു അവള്‍ ആലോചിച്ചു, അവര്‍ക്കു ശെരിക്കും അവളെ കാണാന്‍ പറ്റാത്തതാണോ അതോ അവള്‍ രൂപം മാറിപ്പോയതാണോ?
മുകളിലത്തെ നിലയിലുള്ള അവളുടെ മുറി തുറന്നു അവള്‍ അകത്തു കയറി. ആ മുറി മാത്രം വര്‍ഷങ്ങളായി തൂത്തിട്ടോ, തുടച്ചിട്ടോ ഇല്ല. ബാക്കി മുറികളെല്ലാം കണ്ണാടി പോലെ വെട്ടിത്തിളങ്ങുന്നു. അവള്‍ മാറാല മാറ്റി ജനലുകള്‍ തുറന്നു. അവിടുന്ന് നോക്കിയാല്‍ കാണാവുന്ന ദേവദാരു മരം ഉണങ്ങി പോയിരിക്കുന്നു.
പൊടിപിടിച്ച കട്ടിലില്‍ കിടന്നപ്പോള്‍ അവളുടെ വളര്‍ത്തു പൂച്ച കാലില്‍ വന്നുരുമ്മി.
നെഞ്ചില്‍ കെട്ടി നിന്ന വേദന കണ്ണില്‍ നിന്നും തുളുമ്പാന്‍ നിന്ന കണ്ണീരിനെ ഘനീഭവിപ്പിച്ചു കളഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...