Malayalam Short Story: വളയാപതി, ഹരിരാഗ് പാക്കന്‍ എഴുതിയ ചെറുകഥ

Published : Jun 02, 2025, 06:03 PM IST
Malayalam Short Story:  വളയാപതി, ഹരിരാഗ് പാക്കന്‍ എഴുതിയ ചെറുകഥ

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഹരിരാഗ് പാക്കന്‍ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


നഗരം വിട്ടൊരു യാത്ര ആദ്യമാണ്, നഗരത്തില്‍ നിന്നും പിരിഞ്ഞുപോകാനാകാതെ അമ്മയവിടെത്തന്നെ നിന്നു.അച്ഛനും ഞാനും വളയാപതിയിലേക്ക് വന്നു.

ഈ സ്ഥലത്തിന്റെ പേരെന്താണെന്ന് എനിക്കിന്നും അറിയില്ല, അല്ലെങ്കില്‍ അതറിയാനുള്ള താല്പര്യമോ സമയമോ ലഭിച്ചതുമില്ല.

അമ്മയെന്താണ് കൂടെ വരാഞ്ഞതെന്ന ചോദ്യം എന്നില്‍ നിന്നും ഒരു സൈക്കിള്‍ വാങ്ങിത്തന്ന് അച്ഛന്‍ വിദഗ്ദ്ധമായി തുടച്ചുകളഞ്ഞു. സത്യത്തില്‍ ആ സൈക്കിള്‍ കിട്ടിയതോടെ അമ്മയേയും അച്ഛനേയും ഞാന്‍ മറന്നുകളഞ്ഞിരുന്നു. പിന്നീട് എന്റെ ലോകം മുഴുവന്‍ ആ സൈക്കിളായി. അങ്ങനെ ഞാനാ സൈക്കിളിലൂടെ സഞ്ചരിച്ച ചെറിയ ലോകത്തെ വളയാപതിയെന്ന് വിളിച്ചു.

സംഭവങ്ങളുടെ ആരംഭം ഒരുച്ചനേരത്തായിരുന്നു. ഞാന്‍ അവിടെയെങ്ങനെ എത്തിച്ചേര്‍ന്നു എന്നത് എനിക്കിന്നും വ്യക്തമല്ല. എങ്ങനെയോ നീണ്ടു നില്‍ക്കുന്ന റോഡിലൂടെ സഞ്ചരിച്ചുകൊണ്ട് ആ ചെറിയ വഴിയിലേക്ക് വണ്ടി തിരിച്ചു. സൈക്കിളില്‍ അല്‍പ്പം സഞ്ചരിച്ചപ്പോഴാണ് അയല്‍പക്കത്തെ സ്പന്ദന ചേച്ചിയെ കണ്ടത്. ചേച്ചി വഴിയിലൂടെ താഴേക്ക് ധൃതിപ്പെട്ട് നടന്നു പോകുകയായിരുന്നു.

എന്റെ സൈക്കിളിന്റെ ശബ്ദം കേട്ടപ്പോള്‍ ചേച്ചി തിരിഞ്ഞു നോക്കി.

ഡാ, നീ എങ്ങോട്ടാ?

സ്വതസിദ്ധമായി ചിരിച്ചുകൊണ്ട് ചേച്ചി ചോദിച്ചു.

ഞാനിതാ താഴേക്ക് പോണു. ചേച്ചി വരുന്നുണ്ടോ?

ഞാന്‍ ചോദിച്ചു, സത്യത്തില്‍ കാരിയറില്‍ ഒരാളെ വെച്ചു ചവിട്ടാനുള്ള കൊതികൊണ്ടായിരുന്നു അങ്ങനെ ചോദിച്ചത്.

ചേച്ചി ഒരു മിനുട്ട് ആലോചിച്ചു.

നീ എന്നെ വീഴ്ത്തുമോ?

ഇല്ല, വാ കേറൂ. ഞാന്‍ ഉത്സാഹഭരിതനായി.

എന്നെ പിടിച്ചു കൊണ്ട് ചേച്ചി വേഗം വണ്ടിയില്‍ കേറിയിരുന്നു.

സൈക്കിള്‍ കുത്തനെയുള്ള ഇറക്കത്തിലേക്ക് മെല്ലെ ഉരുണ്ടുനീങ്ങി.

അപ്പോഴാണ് വഴിയുടെ തുടക്കത്തില്‍ രണ്ടുപേര്‍ നില്‍ക്കുന്നത് കണ്ടത്. നാട്ടിലെ അറിയാവുന്ന രണ്ടു ഏട്ടന്മാരായിരുന്നു.

ഡാ, ഇതാരാ. അവര്‍ ചോദിച്ചു.

ഇതെന്റെ ചേച്ചിയാണ്, ഞാന്‍ സന്തോഷത്തോടെ പറഞ്ഞു.

അവര്‍ ചിരിച്ചുകൊണ്ട് തലയാട്ടി.

കുത്തനെയുള്ള വലിയൊരു ഇറക്കത്തിനു ശേഷം വലിയൊരു ഗ്രൗണ്ടാണ്.

കുത്തനെയുള്ള ഇറക്കത്തിലൂടെ വണ്ടി ബ്രേക്കുപിടിച്ചുകൊണ്ട് മെല്ലെയിറങ്ങി.

അച്ഛന്‍ വേഗം വരാന്‍ പറഞ്ഞതാ. ഇന്ന് ഫസ്റ്റ് ഷോക്ക് എല്ലാവരും കൂടി പോകാ. ചേച്ചി പറഞ്ഞു.

ആണോ?

ഏതാ പടം

അതറിയില്ലേടാ.

ഞാന്‍ എന്തായാലും സമയം വൈകിക്കേണ്ടേന്ന് കരുതി കുറച്ചു വേഗത്തില്‍ വണ്ടിയോടിച്ചു.

ഇറക്കത്തിന്റെ അവസാനം എത്താനായപ്പോള്‍ ചേച്ചി പെട്ടെന്ന് വണ്ടി നിര്‍ത്താന്‍ പറഞ്ഞു.

എന്ത് പറ്റി ചേച്ചി?

ഒന്നുമില്ലെടാ ചെറിയൊരു വയറുവേദന പോലെ. ഞാനിനി നടന്നോളാം.

ചേച്ചി വേഗം ബാഗും തോളിലിട്ടുകൊണ്ട് ഓടി.

കുറച്ചു ദൂരെ അച്ഛന്‍ കാത്തു നില്‍ക്കുന്നതായിക്കണ്ടു.

ഇനി അതാണോ വണ്ടിയില്‍ നിന്നും ഇറങ്ങിയത്?

അതാവില്ല.

ചേച്ചി വേഗം ഓടിപ്പോയി അച്ഛനോട് എന്തൊ പറഞ്ഞു.

അവര്‍ വളരെ വേഗത്തില്‍ ദൂരേക്ക് ഓടിമറഞ്ഞു.

ഇറക്കത്തിനവസാനം ഉള്ള ഗ്രൗണ്ടിന്റെ അറ്റത്തു വലിയൊരു വീടായിരുന്നു.

അയാളുടെ പേരെനിക്ക് അറിയില്ല. കഷണ്ടിയുള്ള ഒരു മധ്യവയസ്‌കന്‍.

അയാള്‍ ആ വീട്ടിലും വീടിനപ്പുറം ഉള്ള തൊഴുത്തിലും ഗ്രൗണ്ടിലും ആകെ വ്യാപിച്ചുകിടന്നു. അയാള്‍ക്ക് ഒരു മകന്‍ ഉണ്ടായിരുന്നു അല്‍പ്പം വിപ്ലവ ചിന്താഗതിയുള്ള അയാളെ എല്ലാവരും അംബരീഷേട്ടന്‍ എന്നു വിളിച്ചു. ഏട്ടനും ഏട്ടന്റെ സഹായിയും കൂടി പരമാവധി ശ്രമിച്ചിട്ടും, മധ്യവയസ്‌കന്റെ വ്യാപനം തടയാന്‍ കഴിഞ്ഞില്ല.

ധാരാളം കുട്ടികള്‍ക്ക് കളിക്കാന്‍ സാധിക്കുമായിരുന്ന ആ ഗ്രൗണ്ട് അയാളുടെ കൃഷിസ്ഥലം പോലെയായി.
 
അങ്ങനെ ഗ്രൗണ്ടിലെ കുട്ടികളുടെ പന്തുകളിയെന്ന് സ്വപ്നവും നിലച്ചു. ഇപ്പോഴവിടെ എന്നെപ്പോലുള്ള ആളുകള്‍ സൈക്കിള്‍ ചവിട്ടാന്‍ വരാറുണ്ട്.

അന്നും ഗ്രൗണ്ടില്‍ ഒരു നാലഞ്ചു ആളുകള്‍ ഉണ്ടായിരുന്നു. ഗ്രൗണ്ടിനപ്പുറം വളരെ അകലെയായി എന്റെ ജന്മഗൃഹത്തെ ഞാന്‍ സങ്കല്പിച്ചു, തൊഴുത്തിനപ്പുറം കാടായിരുന്നു.

സന്ധ്യ മയങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ ഉത്സാഹഭരിതരായി.

കൂട്ടം കൂടിയ ആളുകള്‍ പരസ്പരം സംസാരിക്കാന്‍ ആരംഭിച്ചു.

അവരവരുടേതല്ലാത്ത സൈക്കിളുകള്‍ എടുത്തുകൊണ്ട് ചവിട്ടാനും തുടങ്ങി.

ഞാനും അംബരീഷേട്ടനും സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു.  പെട്ടന്ന് ഇരുണ്ടുമൂടിയ ആകാശത്തിനൊപ്പം മഴപെയ്യാന്‍ തുടങ്ങി. അതല്പം കനത്ത രീതിയില്‍ പെയ്തപ്പോള്‍ ഞങ്ങള്‍ ഓടി, എന്റെ സൈക്കിള്‍ അവിടെയുള്ള ആരുടെയോ കൈയില്‍ ആയിരുന്നു. എല്ലാവരും മഴയില്‍ നിന്നും രക്ഷനേടാന്‍ അഭയസ്ഥാനങ്ങളിലേക്ക് നീങ്ങി.

ഞാനും അംബരീഷേട്ടനും ഒരു വലിയ പാറക്കല്ല് കൊണ്ട് കെട്ടിയുയര്‍ത്തിയ പുരയിടത്തിലേക്ക് കയറിനിന്നു.
ദൂരക്കാഴ്ച്ചകള്‍ മുഴുവന്‍ കനത്ത മഴയോടൊപ്പം മറഞ്ഞു. തണുപ്പുകൊണ്ടും മുഖത്തേക്ക് വീണുകൊണ്ടിരുന്ന ജലത്തുള്ളികളാലും ഞങ്ങള്‍ തണുത്തു വിറച്ചുകൊണ്ടിരുന്നു.

ആ മഴയോടൊപ്പമാണ് അംബരീഷേട്ടന്‍ ഒരു കഥ പറയുന്നത്.

ഭൂമിയിലെ മഴയുടെ ദേവതയുടെ കഥ. അവളുടെ പേര് ചൈത്രയെന്നായിരുന്നു. അംഗരീത നഗരത്തിന്റെ രാജകുമാരി. ഒരിക്കല്‍ വിരുന്നു വന്ന ഇന്ദ്രന്റെ ഐരാവതത്തെയവള്‍ ഒളുപ്പിച്ചു നിര്‍ത്തി, ഇതറിഞ്ഞപ്പോള്‍ ഇന്ദ്രന്‍ അവളെ ശപിച്ചു.എന്റെ വാഹനത്തെ അപഹരിച്ചുകൊണ്ട് എന്നെ അപമാനിച്ച നിന്റെ രാജ്യം മഴയാല്‍ മൂടപ്പെട്ടു നശിച്ചുപോകട്ടെയെന്ന്. ഇതറിഞ്ഞ രാജാവും രാജ്ഞിയും ഇന്ദ്രന്റെ കാല്‍ പിടിച്ചുകൊണ്ട് ശാപം തിരിച്ചെടുക്കാന്‍ വേണ്ടി അപേക്ഷിച്ചു. എന്നാല്‍ കോപാകുലനായ ഇന്ദ്രന്‍ അതൊന്നും കേള്‍ക്കാതെയാ രാജ്യത്തെയുപേക്ഷിച്ചു പോയി.

നഗരം മഴയാല്‍ നശിച്ചു. എല്ലാവരും മരിച്ചുപോയി. അവള്‍ ഒറ്റക്കായിത്തീര്‍ന്നു. ദുഃഖങ്ങളെ മുഴുവന്‍ ഉപേക്ഷിച്ചുകൊണ്ട് നഗരത്തില്‍ നിന്നും യാത്രയായ അവള്‍ സന്യാസം സ്വീകരിച്ചുകൊണ്ട് കഠിനമായ തപസ്സിലൂടെ ശരീരത്തെ ദഹിപ്പിച്ചുകൊണ്ട് ദേവതപരിവേഷത്തിലേക്ക് പകര്‍ന്നു. യുഗാന്തരങ്ങള്‍ക്കപ്പുറം മഴയുടെ ദേവതയായിത്തീര്‍ന്നു.

കനത്ത മഴ തോരാതെ പെയ്തുകൊണ്ടേയിരുന്നു. വീട്ടിലെന്റെ വിവരം അറിയിക്കാന്‍ വഴിയില്ലാതെ ഞാന്‍ വിഷമിച്ചുകൊണ്ടിരുന്നു. ഇതറിഞ്ഞപോലെ അംബരീഷേട്ടന്‍ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

ഞാന്‍ പുരയിടത്തില്‍ ചിതറിത്തെറിക്കുന്ന മഴയെ നോക്കിക്കൊണ്ടിരുന്നു, ചൈത്രയേക്കുറിച്ചോര്‍ത്തൊരു ദിവാസ്വപ്നത്തില്‍ മുഴുകിപ്പോയപ്പോള്‍.

അതില്‍ നിന്നും ഉണര്‍ത്തുന്ന തരത്തില്‍ അംബരീഷേട്ടന്‍ അലറിക്കരയുന്നത് കേട്ടു.

അയാള്‍ ബോധം നഷ്ടപ്പെട്ടപോലെ വിലപിച്ചുകൊണ്ടിരുന്നു. എന്താണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ താഴേക്ക് വിരല്‍ ചൂണ്ടി. ഉള്‍ക്കിടിലത്തോടെയല്ലാതെ എനിക്കെന്തോ അതിനെ കാണാതിരിക്കാനായില്ല.

ഞങ്ങള്‍ നിന്ന തിട്ട് ഒഴിച്ചുള്ള ഭാഗം മുഴുവന്‍ കടല്‍ ജലം പോലെ വെള്ളം ഉയര്‍ന്നു പൊങ്ങിയിരിക്കുന്നു.കടലിനു നടുവില്‍ ഒറ്റപ്പെട്ടുപോയൊരു ഉള്‍ഭീതിയെന്നില്‍ ഉടലെടുത്തു. ഇനിയൊരിക്കലും അതില്‍ നിന്നും ഒരു മോചനം ഇല്ലെന്ന് ഞാന്‍ ഭയന്നു വിറച്ചു. 

എന്റെ സൈക്കിള്‍ എവിടെ?

ഞാന്‍ ഭയന്നു വിറച്ചു. വെള്ളത്തില്‍ ഒറ്റപ്പെട്ടുപോയ ഞാനും ഭയം കൊണ്ട് വിറച്ചു. ഇരുട്ടും മഴയും ഞങ്ങള്‍ക്ക് ചുറ്റും പ്രളയത്തെ സൃഷ്ടിച്ചു. ഭയം നിറഞ്ഞ ഞാന്‍ ആകാശത്തേക്ക് നോക്കി.

അപ്പോഴാദ്യമായി മഴക്കിടയിലൂടെ ഞാന്‍ ചൈത്രയെക്കണ്ടു. അവളുടെ രൂപം ഇന്നും ഞാന്‍ മറന്നു പോയിട്ടേയില്ല. അത്ര ദൈവികതയുള്ള ഒരാളെ ഞാന്‍ പിന്നീടൊരിക്കലും കണ്ടിട്ടേയില്ല. ആകാശത്തിന്റെ അവസാനങ്ങളില്‍ അവള്‍ നിന്ന് ഭൂമിയെ നോക്കുന്നതായി ഞാന്‍ കണ്ടു. അവള്‍ കണ്ണീര്‍ വമിപ്പിച്ചുകൊണ്ടേയിരുന്നു.

ക്രമേണയവളുടെ കണ്ണുകളെ ഞാന്‍ കണ്ടു. ലോകങ്ങള്‍ മുഴുവന്‍ അനന്തമായി അവളുടെ കണ്ണുകള്‍ക്കുള്ളില്‍ സ്ഥിതിചെയ്തിരുന്നതായി എനിക്ക് തോന്നി. മനസ്സില്‍ ഭയം വര്‍ദ്ധിച്ചു. ക്രമേണ എന്റെ ബോധം നഷ്ടമായി ഞാനാ ജലത്തിന്റെ അഗാധതയിലേക്ക് വീണുപോയിക്കൊണ്ടിരുന്നു. ഇരുളിന്റെയിടയിലൂടെ ഒരു കൈയെന്നെ പിടിക്കുന്നതായി മാത്രം ഞാനറിഞ്ഞു.

മഴ കനത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഗ്രൗണ്ടും പരിസരപ്രദേശങ്ങളും രൂപം നഷ്ടപ്പെട്ട് മറ്റെതോ രൂപത്തിലേക്ക് മാറിയിരുന്നു.

എന്റെ സൈക്കിള്‍, ബോധം വന്നപ്പോള്‍ വെള്ളിടിപോലെ ഓര്‍മയിലേക്കത് വന്നു. ഞങ്ങളാ ചെളിയില്‍ മുഴുവന്‍ സൈക്കിള്‍ തെളിഞ്ഞു. ചെളിയില്‍ നിന്നും മറ്റുള്ള കൂട്ടുകാരുടെ വണ്ടികളെല്ലാം തപ്പിയെടുക്കാന്‍ സാധിച്ചു.

വീട്ടിലേക്ക് പോകാതെ ഞാന്‍ രണ്ടു ദിവസം ആ വണ്ടിക്ക് വേണ്ടി അവിടെ മുഴുവന്‍ തിരഞ്ഞു. തിരിച്ചു പോകാന്‍ എനിക്ക് സൈക്കിള്‍ വേണമല്ലോ. എന്നെ വീടുമായി ബന്ധിപ്പിക്കുന്നത് ആ വണ്ടി മാത്രമായിരുന്നു. അതിനു മാത്രമേ തിരിച്ചു പോകാനുള്ള വഴിയറിയൂ എന്നെനിക്ക് അറിയാമായിരുന്നു.

രണ്ടു ദിവസത്തിനു ശേഷം തൊഴുത്തിന്റെ അവിടെ നിന്ന് എന്റെ വണ്ടിയുടെ ചില ഭാഗങ്ങള്‍ അംബരീഷേട്ടന്‍ എനിക്ക് എടുത്തു തന്നു. മധ്യവയസ്‌കന്‍ ഞങ്ങളെ ഉറ്റു നോക്കി അയാളുടെ വീട്ടില്‍ നിന്നിരുന്നു.

ഞാന്‍ അലറിക്കരഞ്ഞു, എനിക്കെന്റെ ദുഃഖം നിയന്ത്രിക്കാനായില്ല. ഇനിയെനിക്കോരിക്കലും അച്ഛനെയോ അമ്മയേയോ കാണാന്‍ സാധിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു.

അടുത്ത ദിവസം ഒരു സര്‍ക്കാര്‍ വണ്ടി വന്നു. പ്രളയത്തിന്റെ കണക്കെടുപ്പ് നടത്തി. മധ്യവയസ്‌കനോട് പല ചോദ്യങ്ങളും ചോദിച്ചുകൊണ്ടിരുന്നു.

അംബരീഷേട്ടന്‍ ഈ പ്രളയത്തിനു കാരണം അയാളുടെ അച്ഛനാണെന്ന് വാദിച്ചുകൊണ്ടേയിരുന്നു. അയാളുടെ സഹായി അംബരീഷേട്ടനോട് യാത്ര പറഞ്ഞിട്ടെങ്ങോട്ടൊ യാത്ര പോയി.

സര്‍ക്കാര്‍ ജീവനക്കാരോട് ഞാന്‍ എന്റെ സ്ഥലത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ പുതിയതായെന്തൊ കേള്‍ക്കുന്ന പോലെ എന്നെ നോക്കിയിരുന്നു. അവര്‍ക്കറിയില്ലെന്ന ഉത്തരം എന്നെ ചൊടിപ്പിച്ചു. ഒടുവില്‍ അവരും കണക്കെടുപ്പിനു ശേഷം തിരിച്ചു പോയി.

ഞാന്‍ ഗ്രൗണ്ടില്‍ ഒറ്റപ്പെട്ടു കൊണ്ട് അവിടങ്ങളിലാകെ എന്റെ സൈക്കിളിനെ അന്വേഷിച്ചു നടന്നു. എനിക്ക് തിരിച്ചു പോകാന്‍ ആ വണ്ടി വേണമായിരുന്നു. 

രണ്ടു ദിവസത്തിനു ശേഷം ആകാശത്തൊരു ഇടി വെട്ടി. വീണ്ടും ഒരു മഴക്കുള്ള ഒരുക്കം കണ്ടപ്പോള്‍ ഞാന്‍ തിട്ടിനെ ലക്ഷ്യമാക്കി വേഗത്തില്‍ ഓടിക്കൊണ്ടിരുന്നു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത