
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
തുംഗാനദിക്കരയിലെ കരിങ്കല്‍ പടവില്‍ നിന്ന് നദിയിലെ മീനുകളെ നോക്കിയിരിക്കുകയായിരുന്നു അയാള്‍. തീര്‍ത്ഥാടകര്‍ എറിഞ്ഞുകൊടുക്കുന്ന ചോളപ്പൊരിക്കു വേണ്ടി നീന്തി അണയുന്ന കറുത്ത മീനുകളില്‍നിന്നും അകലെയായിരുന്നു അയാളുടെ മനസ്സ്. എന്നാലോ വളരെ അകലെ ആയിരുന്നില്ലതാനും.
നദിക്കു കുറുകെ മഴവില്ലിന്റെ ആകൃതിയിലുള്ളപാലത്തിലൂടെ ജഗദ്ഗുരു ദര്‍ശനംകഴിഞ്ഞ് രണ്ട് കുട്ടികളോടോപ്പം ആ സ്ത്രീ തിരിച്ചുവരികയാണ്. കുട്ടികളുടെ കയ്യില്‍ ചരട് കെട്ടിയ ബലൂണുകളുണ്ട്. ഒരുനിമിഷം അവര്‍ പാലത്തിന്റെ കൈവരിയില്‍ തൊട്ടുനിന്നുകൊണ്ടു നദിയിലേക്കു നോക്കിനില്‍ക്കുന്നത് അയാള്‍ കണ്ടു. മഴവില്‍പാലത്തിനു താഴെ തുംഗയുടെ സ്വച്ഛ നീലിമയില്‍ ആ സ്ത്രീയും കുട്ടികളും ബലൂണുകളും ഒരെണ്ണച്ചായ ചിത്രം പോലെ...
ചെരിപ്പിടാത്ത കാലുകളുമായി കരിങ്കല്ല് പാകിയ നിലത്തുകൂടി ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നും രക്ഷതേടി നിരന്തരം ജനങ്ങള്‍ പരക്കം പായുകയാണ്. ശൃംഗേരിയിലെ വെയിലിനു ആത്മീയതയുടെ കടുത്ത ചൂടായിരുന്നു.
നിമിഷ നേരത്തിനുള്ളിലാണ് അവര്‍ നദിക്കരയിലെ വഴുക്കുന്ന പടവുകളില്‍ എത്തിയത്. വഴുതിവീഴാന്‍ സാധ്യതയുള്ളതിനാല്‍ അവള്‍ കുട്ടികളുടെ കൈകള്‍ മുറുകെപ്പിടിച്ചിരുന്നു. ചന്തത്തിന്റെ കാര്യത്തില്‍ ഇതരസ്ത്രീകളില്‍നിന്നും അവള്‍ ഏറെ മുന്നിലായിരുന്നു. എങ്കിലും ഒരുനുള്ള് ദുഃഖം അവളുടെ മുഖത്തുണ്ടായിരുന്നു.
ധര്‍മ്മസ്ഥലയില്‍നിന്നും തിരിച്ചുവരുമ്പോഴേ അവള്‍ കൂടെ ഉണ്ടായിരുന്നതാണ്. ഉപ്പിനങ്ങാടിയില്‍നിന്നും കിഴക്കോട്ടുപോകുന്ന ബസ്സിനാണവള്‍ രണ്ടുകുട്ടികളുമായി ധര്‍മ്മസ്ഥലയില്‍ വന്നിറങ്ങിയത്. നഗ്നമായ ഗോമതേശ്വരപ്രതിമക്ക് കീഴിലിരുന്നു അവള്‍ വിദൂരതയിലേക്ക് കണ്ണോടിക്കുന്നതും അയാള്‍ ശ്രദ്ധിച്ചതാണ്. അവള്‍ കരയുന്നുണ്ടോ എന്നുപോലും അപ്പോഴയാള്‍ക്കു തോന്നി. ധര്‍മ്മസ്ഥലയിലെ ഭോജനശാലയില്‍ വെണ്ണക്കല്‍ പാകിയ നിലത്ത് ചമ്രം പടിഞ്ഞിരുന്നവര്‍ക്കു ഈര്‍ക്കില്‍കൊണ്ട് തുന്നിക്കൂട്ടിയുണ്ടാക്കിയ ഉണക്കി ലപ്പാത്രത്തില്‍ കുപ്പായമിടാത്ത പൂണൂല്‍ ധാരികള്‍ രണ്ടുകൈകള്‍ കൊണ്ടും കോരി ഉപയോഗിച്ച് കോല്‍ക്കളിക്കാരെപ്പോലെ വളരെ വേഗത്തില്‍ ചോറും കറികളും വിളമ്പി വിളമ്പിപ്പോവുന്നതു വിസ്മയത്തോടെ നോക്കിനിക്കുകയായിരുന്നു അവളും കുട്ടികളും. പിന്നീടവളെക്കണ്ടത് മഞ്ജുനാഥന്റെ തിരുമുമ്പിലെത്താനുള്ള നീണ്ട ക്യുവിലാണ്.
ധര്‍മ്മസ്ഥലത്തുനിന്നും മഞ്ജുനാഥ ദര്‍ശനവും കഴിഞ്ഞ് പുണ്യഭൂമിയായ ശൃംഗേരിയിലേക്കുള്ള ബസ്സില്‍ അവള്‍ അയാളുടെ തൊട്ടടുത്ത സീറ്റിലായിരുന്നു. അപ്പോളൊന്നും അവള്‍ അയാളെ ശ്രദ്ധിച്ചിരുന്നേയില്ല. പക്ഷെ ഇപ്പോളവള്‍ അയാളെ ശ്രദ്ധിക്കുന്നുണ്ടെന്നു അയാള്‍ക്ക് തോന്നി. ചിലപ്പോള്‍ അയാള്‍ക്കങ്ങനെ വെറുതെ തോന്നിപ്പോകുന്നതായിരിക്കാം.
ഭര്‍തൃമതിയാണെന്നു കരുതാന്‍ ന്യായമുള്ള, രണ്ടുകുട്ടികളുടെ അമ്മയും കൂടിയായ ഒരു സ്ത്രീ സാധാരണ നിലയില്‍ അന്യപുരുഷന്റെ വായില്‍ നോക്കിനില്‍ക്കില്ലെന്നു അയാള്‍ക്കറിയാമായിരുന്നു. എന്നിട്ടും അയാള്‍!
അവള്‍ ഇടക്കൊക്കെ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഇടങ്കണ്ണിട്ടു തന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ടോ?
അയാള്‍ അവളെ നോക്കുമ്പോഴൊക്കെയും അവള്‍ അങ്ങിനെ ആയിരുന്നില്ല . അപ്പോഴെല്ലാം ടവല്‍ കൊണ്ട് ഇളയ കുഞ്ഞിന്റെ മുഖത്തെ വിയര്‍പ്പ് ഒപ്പിക്കളയുന്നതില്‍ അവള്‍ വ്യാപൃതയായിയുന്നു. അല്ലെങ്കില്‍ കുട്ടികളോട് തിരക്കിട്ട് എന്തോക്കെയോ സംസാരിച്ചുനില്‍ക്കുകയായിരിക്കും അവള്‍. എന്നിട്ടും അയാള്‍ പുറം തിരിഞ്ഞു നില്‍ക്കുകയോ, നടക്കുകയോ, അലക്ഷ്യമായി എവിടെക്കെങ്കിലും നോക്കിയിരിക്കുകയോ ചെയ്യുമ്പോള്‍ അവളുടെ ദൃഷ്ടികള്‍ തന്നില്‍ പതിയുന്നുണ്ടെന്നയാള്‍ക്കു സംശയം അതുകൊണ്ടുതന്നെ ജനക്കൂട്ടത്തിലെവിടെയോ അവളും കുഞ്ഞുങ്ങളും ഇടക്കിടെ അപ്രത്യക്ഷമായപ്പോള്‍ അയാള്‍ക്കു വേവലാതിയായി.
ഒറ്റക്കരിങ്കല്ലില്‍പണിത മനോഹരമായ കൊത്തുപണികളോടുകൂടിയക്ഷേത്രപരിസരത്തു പലപ്പോഴും അയാള്‍ അവളെ പരതിനടന്നു.
അമ്പലത്തിന്റെ കരിങ്കല്‍മേലാപ്പിനുമുകളില്‍ തത്തിയും പറന്നും നടക്കുന്ന പ്രാവുകള്‍ അയാളെ നിരന്തരം നിരീക്ഷിക്കുകയായിരിന്നു. കാണെക്കാണെ ചിലപ്പോള്‍ അവള്‍ പൊടുന്നനെ അപ്രത്യക്ഷമാവുകയാണ്. നൈരാശ്യത്തിന്റെ ഭൂഗര്‍ഭത്തിലേക്കു ചിതറിത്തെറിക്കുകയാണ് താനെന്നു അയാള്‍ക്കപ്പോള്‍ തോന്നിപ്പോയി. അയാള്‍ കുറച്ചുനേരം ഉഴറിയ മനസുമായി ധ്വജസ്തംഭത്തിനുകീഴില്‍ ചുറ്റും കണ്ണോടിച്ചുനിന്നു. നിരന്തരമായ ഭക്തജനപ്രവാഹത്തില്‍ അയാള്‍ അവളെത്തേടി. ഇല്ല, അവള്‍ എവിടെയോ ഒളിച്ചിരിക്കുന്നു. അയാള്‍ തുംഗനദിക്കരയിലൂടെ, മഴവില്‍ പാലത്തിലൂടെ പലപ്പോഴും തിരക്കിട്ട് നടന്നു.
അങ്ങോട്ടും ഇങ്ങോട്ടും!
കാല്‍വെള്ള ചുട്ടുപൊള്ളുന്നുണ്ടായിരുന്നുവെങ്കിലും അയാളതറിഞ്ഞതേയില്ല. ഭോജനശാലയില്‍ നിരനിരയായി ഇരുന്ന് വെളുത്ത കട്ടച്ചോറിനും കാവിനിറത്തിലുള്ള രസത്തിനും വേണ്ടി വിശന്നുവലഞ്ഞിരിക്കുന്ന ജനക്കൂട്ടത്തിനിടയില്‍ അയാള്‍ അവള്‍ക്കു വേണ്ടി പരതി.
ഈ ജനതതി മുഴുവനും നിമിഷമാത്രയില്‍ അപ്രത്യക്ഷമാകണമെന്നും ക്ഷേത്രവും പരിസരവും അവളെ തനിച്ചാക്കി വിജനമാകണമെന്നും അയാള്‍ ആശിച്ചു. ആഗ്രഹങ്ങള്‍ക്ക് കടകവിരുദ്ധമായി നിമിഷംപ്രതി അമ്പലത്തിലേക്ക് ജനപ്രവാഹം തുടരുകയാണ്. തുംഗയിലെ മീനുകള്‍ക്ക് എറിഞ്ഞുകൊടുക്കുവാന്‍ ചോളപ്പൊരിനിറച്ച കടലാസ് പൊതികളുമായി ഭക്തര്‍ ചുട്ടുപൊള്ളുന്ന കരിങ്കല്‍പടവുകളിലൂടെ താഴോട്ട് താഴോട്ട് പാഞ്ഞിറങ്ങുകയാണ്. പെട്ടന്നയാളുടെ കണ്ണുകള്‍ തുംഗക്ക് മുകളിലൂടെ ആകാശത്തിന്റെ മറുചരിവിലേക്കു ശാന്തയായൊഴുകുന്ന നദിപോലെ കിടക്കുന്ന മഴവില്‍പ്പാലത്തിലേക്കു തിരിഞ്ഞു. ഏതു ജനനിബിഡതയില്‍നിന്നും തിരിച്ചറിയാവുന്നത്ര ആകര്‍ഷകമായ നിറമായിരുന്നു അവള്‍ക്ക്. അവളുടെ വസ്ത്രത്തിനും. എന്നിട്ടും അയാള്‍ക്ക് മഴവില്‍ പാലത്തിലൂടെ ഒഴുകി നീങ്ങുന്ന ജനക്കൂട്ടത്തിനിടയില്‍ അവളെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.
അയാള്‍ ശാരദാംബയെ മനസ്സില്‍ ധ്യാനിച്ച് പിന്നോട്ട് നടന്നു. ശ്രീശങ്കരന്റെ ധന്യപാദങ്ങള്‍ പതിഞ്ഞ വേദ ഭൂമിയിലൂടെ ഉഴറി നടന്നു.
'നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്?... അന്വേഷണത്തിന്റ അന്ത്യം ഫലപ്രദമാകണമെന്നില്ല. എങ്കിലും നിങ്ങള്‍ അന്വേഷിക്കുന്ന ശക്തിസ്വരൂപം ഇവിടെത്തന്നെയാകുന്നു. നിങ്ങള്‍ ചവിട്ടിനില്‍ക്കുന്ന പൂഴിമണ്ണിനടിയില്‍പ്പോലും ആ ശക്തി വിശേഷമുണ്ട്...'
പൂണൂലിട്ട ഉച്ചിക്കുടുമവെച്ച ബ്രാഹ്മണന്റെ സത്യ നാദങ്ങള്‍ക്കു അയാള്‍ ഏറെനേരം ചെവികൊടുത്തില്ല. അയാള്‍ക്ക് ഇനിയുമവളെ ഒരുനോക്കു കാണാനായില്ലെങ്കില്‍ എന്തോക്കെയോ സംഭവിച്ചേക്കുമെന്നായി.
ചിലപ്പോള്‍ മാനസിക വിഭ്രാന്തിയില്‍ ഈ അന്വേഷണം അവസാനിച്ചേക്കാം. അല്ലെങ്കില്‍ തികഞ്ഞ ഭ്രാന്തിലായിരിക്കാം ഇതു കലാശിക്കുക.
അയാള്‍ നിമിഷ നേരത്തിനുള്ളില്‍, ശൃംഗേരിയില്‍നിന്നും അഗുംബേയിലെ മലകളും കാടുകളും കടന്ന്
കിതച്ചു കിതച്ചു മൂകാംബികയിലേക്കു പായാന്‍ മുക്രയിട്ടുനില്‍ക്കുന്ന നിറം മങ്ങിയ ബസ്സിലേക്ക് ദൃഷ്ടി പായിച്ചു. അപരിചിത മുഖങ്ങളോട് പ്രതീക്ഷയോടെ മൂകമായി അയാള്‍ കെഞ്ചി
'നിങ്ങളവളെ കണ്ടുവോ? നിങ്ങളവളെ...?'
'കുഞ്ഞേ ആരെയാണ് അന്വേഷിക്കുന്നത്?'
മുന്നില്‍ ലലാടം നിറയെ ഭസ്മമണിഞ്ഞ ഒരു വൃദ്ധ ബാഹ്മണന്‍.
'കുഞ്ഞേ നിങ്ങള്‍ അന്വേഷിക്കുന്നത് ആരെയാകുന്നു?'
അയാള്‍ വിക്കിവിക്കപ്പറഞ്ഞു...'ഹെന്റെ..... ഹെന്റെ...' അയാള്‍ക്കതു മുഴുമിപ്പിക്കുവാന്‍ കഴിയുമായിരുന്നില്ല.
പുരികം പോലും നരച്ചുപോയിരുന്ന ആ വൃദ്ധ ബ്രാഹ്മണന്‍ തുടര്‍ന്നു:
'കുറച്ചു മുന്‍പ് ഇവിടം വിട്ട ബസ്സില്‍നിന്നും ഒരു സ്ത്രീ ഉദ്വേഗത്തോടെ ജനക്കൂട്ടത്തിനിടയില്‍ ആരെയോ തേടുന്നതായി തോന്നി. അവളുടെ കയ്യില്‍ ബലൂണുകളുമായി രണ്ട് കുട്ടികളുമുണ്ടായിരുന്നു. അതുകൊണ്ടു ചോദിച്ചതാണ്; നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നതെന്ന്.'
അയാള്‍ക്ക് പിന്നീടൊന്നും പറയാനുണ്ടായിരുന്നില്ല.
അപ്പോഴേക്കും അങ്ങേയറ്റം അവശനായിക്കഴിഞ്ഞിരുന്നു. ഒരു നിമിഷം അയാള്‍ ശൃംഗേരിയുടെ പൊള്ളുന്ന ആകാശത്തേക്ക് നോക്കി. ക്ഷേത്രത്തിന്റെ കരിങ്കല്‍ മേലാപ്പിനുമുകളില്‍ നിന്ന് അയാളെ ഇത്രനേരവും നിരീക്ഷിക്കുകയായിരുന്ന പ്രാവുകളും ദൗത്യം മതിയാക്കി എങ്ങോട്ടോ പറന്നുപോയിരിക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...