
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അസര്‍പ്പു
കടല്‍ കടന്നുവന്ന പറങ്കിപ്പടയെ വിറപ്പിച്ച വീരനായകന്‍ കുഞ്ഞാലിമരക്കാറും കുഞ്ഞാലിച്ചയും തമ്മില്‍ പേരില്‍ ചെറിയ സാമ്യം മാത്രമേയുള്ളൂ. പക്ഷെ ഇപ്പോള്‍ ഞാന്‍ കുഞ്ഞാലിച്ചയെ കുറിച്ച് ഓര്‍ക്കാന്‍ കാരണം കുഞ്ഞാലിമരക്കാറാണ്.
കുഞ്ഞാലിമരക്കാറെക്കുറിച്ച് ചുവര്‍പത്രിക തയ്യാറാക്കാന്‍ വേണ്ടിയാണു മോള്‍ സഹായം ചോദിച്ചത്. അറിയുന്നതും, വിക്കിപീഡിയയും ഗൂഗിളും നല്‍കിയതുമായ അറിവുകളും ചേര്‍ത്ത് രണ്ടുമൂന്ന് ചിത്രവും ചാര്‍ട്ട് പേപ്പറില്‍ ഒട്ടിച്ചപ്പോള്‍ സംഗതി കിടു. നാളെ സ്‌കൂളില്‍ കാണിക്കുമ്പോള്‍ ടീച്ചറില്‍ നിന്നും കിട്ടുന്ന വെരിഗുഡ് ഓര്‍ത്തു തെല്ലൊരു ഗമയോടെ ഇരിക്കുന്ന മോളെ കിടക്കാന്‍ പറഞ്ഞയച്ചിട്ട് ഞാന്‍ വീണ്ടും കുഞ്ഞാലിച്ചയിലേക്ക് മടങ്ങിവന്നു.
എന്തുകൊണ്ടായിരിക്കും അയാളെ മറന്നുപോയത്?
നാടുവിടുമ്പോള്‍ കൂടെകൊണ്ടുവന്ന ഓര്‍മകളുടെ കെട്ടില്‍ നിന്നും കുഞ്ഞാലിച്ച വഴുതിമാറിയത് അറിഞ്ഞതേയില്ല. ഒരു രസികന്‍ കഥാപാത്രമായിരുന്നു. ഒരുപാട് വീരസ്യം പറയുന്ന, കുട്ടികളെ മക്കാറാക്കുന്ന, പരോപകാരിയായ മനുഷ്യന്‍. കുഞ്ഞാലിച്ചാക്ക് ഒന്നിനേയും പേടിയുണ്ടായിരുന്നില്ല. സന്ധ്യക്ക് ഓരിയിടുന്ന കുറുക്കനെയും, ഭ്രാന്തന്‍ നായയെയും, പ്രേതത്തെയും, റിപ്പര്‍ ചന്ദ്രനെയും വരെ പേടിയില്ല. പാതിരാത്രി ശ്മാശാനത്തിന്റെ നടുവിലൂടെ വീട്ടിലേക്കു നടന്നു പോകും. അവിടെ അടക്കം ചെയ്യപ്പെട്ടവരൊക്കെയും ശ്മാശാനത്തിനു ഒത്ത നടുക്കുള്ള വലിയ പൊന്നമരത്തിനു ചുറ്റും ഇരിക്കുന്ന നേരമായിരിക്കും. ഒന്നിനെയും കൂസാതെ അവര്‍ക്കരികിലൂടെ അയാള്‍ നടന്നു പോകും.
അന്ന് നൂമ്പില്‍ പുഴയില്‍ വെള്ളം ഇറങ്ങിയ സമയം. മീന്‍ പിടിക്കല്‍ കുഞ്ഞാലിച്ചാക്ക് ഹരമാണ്. നല്ല നിലാവുണ്ടായിരുന്നതിനാല്‍ നെറ്റിയില്‍ കെട്ടിവെച്ച ടോര്‍ച്ചു പിണങ്ങിയത് കാര്യമാക്കിയില്ല. വല സ്വന്തമായി നെയ്തു ഉണ്ടാക്കിയതാണ്. ഏതു മാളത്തില്‍ ഒളിച്ച മീനും ആ വലയില്‍ വന്നു കുടുങ്ങുമെന്നാണ് അയാള്‍ പറയാറ്. പക്ഷെ മാല് നിറയെ മീന്‍ കിട്ടേണ്ട സമയം കഴിഞ്ഞിട്ടും കാര്യമായിട്ട് ഒന്നും കിട്ടിയതുമില്ല. മുതലക്കയത്തിന്റെ ഭാഗത്തു വെള്ളത്തില്‍ നിന്ന് ഒരു പിടച്ചില്‍ കേട്ടു. മീനായിരിക്കുമോ? നീര്‍നായയുടെ ശല്യം കൂടുതല്‍ ഉള്ള ഇടമാണത്. പോയിനോക്കാം, വെറും കയ്യോടെ മടങ്ങിപ്പോകേണ്ടല്ലോ എന്ന് കരുതി അയാള്‍ അങ്ങോട്ടേക്ക് നടന്നു.
രാത്രിക്കു വല്ലാത്ത നിശ്ശബ്ദത. തണുത്ത കാറ്റും. വലയുടെ ചുരുളുകള്‍ നിവര്‍ത്തി വീശിയെറിയാനായി ആഞ്ഞപ്പോഴാണ് ദയനീയമായ ഒരു കരച്ചില്‍ കേട്ടത്. ഒരു പെണ്‍ ശബ്ദം. പതംപറച്ചില്‍ ഇല്ലാത്ത, കേട്ടുനില്‍ക്കന്നവരുടെ നെഞ്ചില്‍ തുളച്ചു കയറുന്ന എങ്ങിയേങ്ങിയുള്ള കരച്ചില്‍. തൊട്ടടുത്ത് തന്നെയാണ്. ഒന്ന് എത്തിനോക്കിയപ്പോ കണ്ടു, കരയോട് ചേര്‍ന്ന് മുണ്ടക്കാടില്‍ കുടുങ്ങികിടക്കുന്ന ഒരു രൂപം. മുഖം മാത്രമേ വെള്ളത്തിന് മുകളില്‍ കാണുന്നുള്ളൂ. ചാവാന്‍ വന്നതായിരിക്കും. അല്ലെങ്കില്‍ ആരെങ്കിലും കൊണ്ടിട്ടതാവാം. ആ തടസമൊന്നു വിട്ടാല്‍ അവള്‍ കയത്തിലേക്കു ഒഴുകും. പിന്നെ തിരിഞ്ഞു നോക്കേണ്ടിവരില്ല. പകല്‍ സമയത്തുപോലും ആരും ഇറങ്ങാന്‍ കൂട്ടാക്കാത്ത സ്ഥലം. അതിനകത്തു ഒരു ചുഴിയുണ്ട്. എത്രയോ ജീവനുകള്‍ അതില്‍ പെട്ടുപോയിട്ടുണ്ട്.
ചിന്തിച്ചു നിന്ന് സമയം കളയാതെ അവളെ വെള്ളത്തില്‍ നിന്നും വലിച്ചുകയറ്റാനായി അങ്ങോട്ടേക്കു നീങ്ങി. ധൃതിയില്‍ വെള്ളത്തില്‍ കാല്‍ വെച്ചപ്പോള്‍ കുഴിയുള്ളത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. നിലകിട്ടാതെ അയാള്‍ വെള്ളത്തിലേക്ക് വീണു. വീണ ശക്തിയില്‍ വെള്ളം മോതയടിച്ചപ്പോള്‍ അവള്‍ തടസം വിട്ട് പതുക്കെ ഒഴുകാന്‍ തുടങ്ങി. കൈ എത്തി എത്തിയില്ല എന്ന രീതിയില്‍ ഒഴുകുന്ന പെണ്ണിന്റെ പിറകെ അയാളും നീന്തി. കുറച്ചു ദൂരം പിറകെ നീന്തിയപ്പോഴാണ് അത് ശ്രദ്ധിച്ചത്. വെള്ളത്തില്‍ പരന്നൊഴുകുന്ന മുടിയും മുഖവും മാത്രമേ കാണുന്നുള്ളൂ. അവളുടെ ശരീരമെവിടെ? അവളാണെങ്കില്‍, ഇപ്പോള്‍ കരയുന്നുമില്ല.
എന്തോ ഒരു പന്തികേട്. ചുറ്റും നോക്കിയപ്പോഴാണ് മനസിലായത്, കയത്തിന്റെ ഒത്ത നടുക്കാണിപ്പോള്‍. നിലാവ് കരിമ്പടം പുതച്ചിട്ടുണ്ട്. കുറേ തട്ടുകൊടുത്തപ്പോള്‍ ടോര്‍ച്ച് ഒന്നു മിന്നി. ഒറ്റ പ്രാവശ്യമേ നോക്കാന്‍ പറ്റിയുള്ളൂ. അവള്‍ക്ക് ഉടല്‍ ഇല്ലായിരുന്നു. വെറും തല മാത്രം. കണ്ണുകള്‍ തിളങ്ങുന്നു. വികൃതമായ പല്ലുകള്‍.
അയാള്‍ക്ക് കാര്യം മനസിലായി. ഇനി രക്ഷപ്പെടല്‍ അസാധ്യം. മരണം ആ ചുടലയുടെ നോട്ടത്തില്‍ കാണുന്നു.
യാ റബ്ബേ...കൈത്തണ്ടയില്‍ കെട്ടിയ ഉറുക്കില്‍ മുറുകെ പിടിച്ചു. അരയില്‍ കൊളുത്തിയ പിച്ചാത്തിയെടുത്തു ഉറുക്കില്‍ ചേര്‍ത്ത് ഉരസി. മന്ത്രം ചൊല്ലി അതിലേക്കു ഊതി. കൃത്യം ആ തല ലക്ഷ്യം വെച്ച് ഒരേറ്. വെള്ളം വലിയ ശബ്ദത്തില്‍ ഉയര്‍ന്നു പൊങ്ങി പിന്നെ ശാന്തമായി. മുതലക്കയത്തിനു നടുവില്‍ അയാളും അങ്ങിങ്ങു തലപൊക്കുന്ന നീര്‍നായ്ക്കളും മാത്രം. എല്ലാ ശക്തിയും സംഭരിച്ച കരയിലേക്ക് നീന്തി.
പീടികയില്‍ വരുന്നവര്‍ക്കൊക്കെയും കുഞ്ഞാലിച്ചയുടെ ഇത്തരം വീരകഥകള്‍ മനഃപാഠമാണ്. എത്രയോ പ്രാവശ്യം വായും പൊളിച്ചു നിന്ന് ഞാനും കേട്ടിട്ടുണ്ട്.
'മോള്‍ടെ പണി കഴിഞ്ഞിട്ടും അച്ഛന്റേതു തീര്‍ന്നില്ലേ...? ആടെന്നെ ഇരിക്കുന്നോ, കിടക്കുന്നില്ലേ?' ഓര്‍മകള്‍ക്ക് അര്‍ദ്ധവിരാമമിടുവിച്ച് സഹധര്‍മിണിയുടെ ചോദ്യം.
'ങാ.. കിടക്കാം..'
'അനൂ... നമ്മുടെ കുഞ്ഞാലിച്ച ഇല്ലേ ഇപ്പൊ?'
'ഏതു കുഞ്ഞാലിച്ച?'
'ഞാന്‍ പറയാറില്ലേ.. ചെറുപ്പത്തില്..'
'ഓ... നിങ്ങളെ സൂപ്പര്‍മാര്‍ക്കറ്റ് കുഞ്ഞാലിച്ച'- ചിരിച്ചുകൊണ്ടാണ് അനു അതുപറഞ്ഞത്. 'സുഖോല്ലെന്നാ കേട്ടത്. പെണ്ണുങ്ങളെ ഇടക്കൊരു ദിവസം കണ്ടപ്പോ പറഞ്ഞതാ..'
സൂപ്പര്‍മാര്‍ക്കറ്റ് കുഞ്ഞാലിച്ച. അതൊരിക്കല്‍ ഞാനവളോട് പറഞ്ഞതാ. എന്റെ കൈപിടിച്ചു കൂടെ വരുന്നതിനുമുമ്പ് ഈ നാട്ടിലെ പുല്ലും പുല്‍ച്ചാടിയെയുംവരെ ഞാനവള്‍ക്കു പരിചയപ്പെടുത്തിയിട്ടുണ്ട്. അതിടയ്ക്കു ബൂമറാങ് പോലെ തിരിച്ചുവരാറുമുണ്ട്. അന്ന് ഒരു സൂപ്പര്‍മാര്‍ക്കറ്റ് തന്നെ ആയിരുന്നു ആ പീടിക. മൊട്ടുസൂചി മുതല്‍ പച്ചമീന്‍ വരെകിട്ടും. ബസ്സിറങ്ങി പത്തുമിനിറ്റ് നടക്കണം വീട്ടിലെത്താന്‍. അതിനിടയില്‍ ആകെയുള്ള പീടിക കുഞ്ഞാലിച്ചയുടേതാണ്. കള്ളിമുണ്ടും മുറിക്കൈ കുപ്പായവുമിട്ട് എണ്ണ തേച്ചുചീകി പറ്റിച്ച മുടിയുമായി ഒരു കുറിയ മനുഷ്യന്‍. വെള്ളിയാഴ്ചയൊഴികെ ഏതു നേരവും അയാള്‍ കടയില്‍ ഉണ്ടാകും.
ദൂരെ നിന്ന് നോക്കുമ്പോള്‍ വലിയ വളവില്‍ ഒരു ചെമ്പകമരം കാണാം. പൂരം പിറക്കുന്നത് ആ ചെമ്പകത്തില്‍ ആണെന്നാണ് പറയാറ്. കാമന് മാല ചാര്‍ത്താന്‍ ആ മരമൊന്നു കുലുക്കിയല്‍ മതി. അത്രയും പൂക്കള്‍ ഉണ്ടാകും. നല്ല മണവും. ചെമ്പകത്തിനടിയിലാണ് പീടിക. മുളി കൊണ്ട് പുതച്ച പീടിക ദൂരെ നിന്ന് നോക്കിയാല്‍ ഒരു കറുത്ത പിരമിഡ് പോലെ തോന്നും. വര്‍ഷത്തില്‍ ഒരിക്കല്‍ കരിപിടിച്ച മുളിയും ഓലയുമൊക്കെ വലിച്ചുമാറ്റി പുതിയതിട്ട് പുതയ്ക്കുമ്പോള്‍ അതിന്റെ നിറം മാറും.
തലകുനിച്ചു വേണം പീടികയിലേക്കു കയറാന്‍. ഇല്ലെങ്കില്‍ മുളങ്കോല്‍ തലയ്ക്കു കുത്തും. അകത്തു കയറിയാല്‍ നല്ല തണുപ്പ്. അകത്താണ് മരപ്പലക നിരത്തിവെച്ച് അടക്കുകയും തുറക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ പീടിക. സദാ കരയുന്ന ഓട്ട ബെഞ്ച്, കരിപിടിച്ച പെട്രോമാക്സ്, ഭരണി നിറയെ പല നിറത്തിലുള്ള മിഠായികള്‍, സ്വര്‍ണ്ണനിറമുള്ള പഴക്കുലകള്‍, നിലത്തിട്ട, തൂക്കിയിട്ട പലചരക്കുസാധനങ്ങള്‍. എങ്കിലും ഓരോ സാധനവും എവിടെയാണെന്ന് മനഃപ്പാഠമാണ് അയാള്‍ക്ക്. അണ്ടിയോ, അടയ്ക്കയോ, മുട്ടയോ എന്നുവേണ്ട ഏതു സാധനങ്ങളും നമുക്ക് അവിടെ വില്‍ക്കാം.
ഒരുവശത്തു ചായയും ചെറുകടിയുമുണ്ട്.
'മ്മളെ ചായ, അത് ഒരു ഒന്നൊന്നര ചായയാണ്. ബെള്ളത്തില്‍ പാല് കൂട്ടിയതല്ല.. നല്ല കയറു പിരിച്ചപോലത്തെ ചായ. ഒരിക്ക കുടിച്ചോറ് ഈ ദുനിയാവില്‍ ഏട പോയാലും ഈട ബരും.'
ഇത്രയും പറഞ്ഞിട്ടേ അയാള്‍ ഓരോ ചായയും കൊടുക്കൂു. രുചി അറിഞ്ഞവര്‍ അതുകേട്ടു തലയാട്ടും. വലുതാകുമ്പോ ഞാനും കുടിക്കും, അന്നേ മനസ്സില്‍ ഉറപ്പിച്ചതാ. പക്ഷെ ചായക്കും ചായപ്പാത്രത്തിനും ഒരേ കളറാ. അത് കാണുമ്പോ വേണ്ടാന്ന് തോന്നും.
''നിങ്ങള് വരുന്നില്ലേ.? ഞാന്‍ കിടക്കുന്നു. നിങ്ങളെ പോലെ പത്തുമണിക്കു എണീറ്റാപ്പോര എനിക്ക്.''
അനുവിന്റെ ശബ്ദത്തില്‍ നേരിയ ഇഷ്ടക്കേട് തോന്നി. മോള്‍ ശാന്തമായി ഉറങ്ങുന്നു. ഉറക്കത്തിലും നേരിയ പുഞ്ചിരിയുണ്ട്. ചിലപ്പോള്‍ അവളിപ്പോള്‍ സ്‌കൂളിലാകും. ഉണര്‍ത്തേണ്ട. സ്വപ്നം അവരവരുടെ സ്വന്തമാണല്ലോ. മുറിഞ്ഞുപോയാല്‍ ആര്‍ക്കും പകുത്തുനല്‍കാനോ കൂട്ടിച്ചേര്‍ക്കാനോ പറ്റില്ല.
''എടീ നാളെ എനിക്ക് ഒന്ന് അവിടം വരെ പോണം. ആ ഒന്നര ചായ കുടിക്കണം. പിന്നെ... ഒരു കടം ബാക്കിയുണ്ട്.''
''നാളെയല്ലേ നമുക്ക് വഴിയുണ്ടാക്കാം. ഇപ്പൊ കിടന്നു ഉറങ്ങു.'' അവള്‍ തിരിഞ്ഞു കിടന്നു.
ഉറങ്ങട്ടെ. അവള്‍ക്കറിയില്ലല്ലോ ഒന്നും. കുഞ്ഞാലിച്ചയും, നാരാണേട്ടനും, കുമാരേട്ടനും, രാഘവേട്ടനും, പാറുവേട്ടിയും, കാദറും, കല്യാണിയേട്ടിയും, അസര്‍പ്പുവും, ഇസ്മാന്‍ഞ്ഞിയും പാത്തുവും മക്കളും ഒന്നും അവള്‍ക്കാരുമല്ലല്ലോ.
ആദ്യം പറഞ്ഞ മൂന്നുപേര്‍ കുഞ്ഞാലിച്ചയുടെ സ്ഥിരം പറ്റുകാരാണ്. പണിയില്ലായെങ്കില്‍ പിന്നെ അവരെ അവിടെ നോക്കിയാമതി. ഒന്നര ചായയും കുടിച്ച് ചക്ലിയും തിന്നു കുഞ്ഞാലിച്ചയുടെ വീരകഥകള്‍ക്കു എരിവും പുളിയും നല്‍കി ഇരിക്കും. പാറുവേട്ടി എന്നും മുറുക്കുവാനായി വരുന്നതാ. നല്ല കാരമുള്ള, തലയ്ക്കു മത്തുപിടിക്കുന്ന ചപ്പുണ്ടാകും കുഞ്ഞാലിച്ചയുടെ പെട്ടിയില്‍. ആളുകള്‍ ഉണ്ടെങ്കില്‍ അകത്തുകയറാറില്ല. കല്ല്യാണിയേട്ടി നാടിന്റെ പ്രതീക്ഷയാണ്. മീന്‍ കൊട്ടയും ചുമന്നു തത്തോ പിത്തോ നടന്നു എത്തുമ്പോഴേക്കും ഒരു നാടുമുഴുവന്‍ കാത്തിരിക്കുന്നുണ്ടാകും. പിന്നെ അവിടുത്തെ കാറ്റിനുമുഴുവന്‍ നല്ല പച്ചമീന്‍ കറിയുടെ മണമായിരിക്കും.
കല്ല്യാണിയേട്ടിയുടെ വരവില്‍ ഏറ്റവും സന്തോഷിക്കുന്നത് അസര്‍പ്പുവും, ഇസ്മാന്‍ഞ്ഞിയും പാത്തുവുമൊക്കെയാകും. ഓ.. അവരെ പരിചയപ്പെടുത്താന്‍ വിട്ടുപോയി. അവര്‍ കുഞ്ഞാലിച്ചയുടെ മക്കളാണ്. മക്കള്‍ എന്നുവെച്ചാ മക്കളെപ്പോലെ സ്‌നേഹിക്കുന്ന പൂച്ചകള്‍. അവിടെ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യമുള്ളത് അവര്‍ക്കാ. മിഠായി ഭരണിയുടെ മുകളിലും അരിച്ചാക്കിലും എന്ന് വേണ്ട ആരുടെ മടിയിലും കേറി ഇരിക്കാനുള്ള അവകാശം പതിച്ചു കൊടുത്തിട്ടുണ്ട്. കൂട്ടത്തില്‍ അസര്‍പ്പുവിനോടാണ് കൂടുതല്‍ സ്‌നേഹം. അവനാ ആദ്യം വന്നത്. അതിന്റെ ഗര്‍വും ഉണ്ട്. വലതു ചെവിയുടെ വെളുപ്പൊഴിച്ചാല്‍ കറുത്തു് തടിച്ചു ഉണ്ടക്കണ്ണും വിശറിപോലെയുള്ള മീശയുമായി അങ്ങനെ വിലസുന്നുണ്ടാകും. ഒറ്റയ്ക്കാകുമ്പോള്‍ അയാള്‍ എപ്പോഴും അതിനെ മടിയില്‍ ഇരുത്തി പുന്നാരം പറഞ്ഞു താലോലിച്ചുകൊണ്ടിരിക്കും. എന്തെങ്കിലും കുരുത്തക്കേടുകള്‍ കാണിക്കുമ്പോള്‍ ഒന്ന് ഒച്ചയെടുത്താല്‍ മതി എല്ലാം ഓരോ മൂലയ്ക്ക് പതുങ്ങും. കുഞ്ഞാലിച്ചയെ പോലെത്തന്നെ അയാളുടെ പൂച്ചകളും അവിടെ വരുന്നവരുടെ പരിചയക്കാരാണ്!
പൂച്ചകളെപോലെ കുട്ടികളോടും ഭയങ്കര സ്‌നേഹമായിരുന്നു അയാള്‍ക്ക്. അവരെ കുരങ്ങുകളിപ്പിക്കുക എന്നതാണ് പ്രധാന കാര്യം. പീടികയില്‍ നിറയെ ആള്‍ക്കാര്‍ ഉണ്ടെങ്കില്‍ അങ്ങോട്ട് പോകാത്തതാ നല്ലത്. ആരുമില്ലാത്തപ്പോള്‍ ഒന്നും പറയില്ല.
അന്ന് പഞ്ചസാര തീര്‍ന്നപ്പോള്‍ വാങ്ങികൊണ്ടുവരാന്‍ അമ്മ കൂട്ടില്‍ നിന്നും മുട്ടകളെടുത്തു കയ്യില്‍തന്നു പറഞ്ഞു വിട്ടു. നാലുമണി ചായകുടിക്കാന്‍ വന്നവര്‍ പീടികയില്‍ ഉണ്ടായിരുന്നു. വലിയ മുട്ടകള്‍. ഒന്നു കയ്യില്‍ എടുത്തപാടേ അയാള്‍ പറഞ്ഞു.
'മുട്ടയ്ക്ക് നല്ല ചൂട് ണ്ടല്ലോ.. ആര് ബെച്ചതാ..? അച്ഛനോ അമ്മയോ?.' അതുകേട്ട് എല്ലാവരും ചിരിച്ചു. അതിനാണല്ലോ അയാള്‍ ശ്രമിക്കുന്നതും.
കണ്ണിറുക്കി ചിരിച്ചുകൊണ്ടുള്ള ചോദ്യം എനിക്കിഷ്ടായില്ല.
'ഞങ്ങളെ കോഴി വെച്ചതാ'
' കോയിരേ മുട്ട ഇങ്ങനെ അല്ലല്ലാ.. നീ സത്യംപറിയ് .. അച്ഛനോ അമ്മയോ? അല്ല നീ ബര്ന്ന ബൈക്കിന്നു ബെച്ചതാ?'- ഞാന്‍ ഒന്നും മിണ്ടിയില്ല.
'കുഞ്ഞാലി.. ബെര്‍തെ പുള്ളോറ മക്കാറാക്കല്ലപ്പാ...സാധനം കൊടുത്ത് വിട്'' നാരാണേട്ടനാണ് അന്ന് രക്ഷിച്ചത്.
ഗീതയുടെ കുപ്പായത്തിന്റെ കുടുക്ക് പൊട്ടിയപ്പോ സൂചിവാങ്ങാന്‍ പോയതാ . സൂചി ഒരു പേപ്പറില്‍ കുത്തിവെച്ചു അവളുടെ കയ്യില്‍ കൊടുക്കുന്നതിനു മുമ്പ് അയാള്‍ എന്തോ മന്ത്രിച്ചു അവളോട് പറഞ്ഞു.
'ബെള്ളം കിട്ടുമ്പോ എന്നോട് ചെല്ലണം, ഞാന്‍ ബിസ്മി കൂട്ടിയിരിക്ക്ണ്'
എന്താ പറയുന്നത് എന്നറിയാതെ അവള്‍ അന്തംവിട്ടുനിന്നു.
''അല്ല... നീയ് കെണറു കുയിക്കാന്‍ അല്ലേ സൂചി കൊണ്ടുപോന്നെ? ബെള്ളം കാണുമ്പോ ചെല്ലണം.'' കൂട്ടച്ചിരിയില്‍ നിന്ന് അവള്‍ എങ്ങനെയോ ഓടി രക്ഷപെട്ടു.
പക്ഷെ വീട്ടുകാര്‍ക്കൊക്കെ അയാളെ മതിപ്പാ. എന്ത് സഹായത്തിനും, കടം വാങ്ങാനും ആശ്രയിക്കാം. അതുവഴി ആര് വീടറിയാതെ വന്നാലും അവരെ എത്തേണ്ട വീട്ടിലേക്കു കൃത്യമായി എത്തിച്ചിട്ടുണ്ടാകും.
അജയന്റെ ട്രൗസര്‍ എപ്പോളും രണ്ടു ചന്തിക്കും ഓട്ടയായിരിക്കും. ഒരുദിവസം പീടികയില്‍ ചെന്നപ്പോ തറയില്‍ കിടക്കുന്ന ഒരു ഉറുപ്പിക എടുത്തുകൊടുക്കുവാന്‍ കുഞ്ഞാലിച്ച പറഞ്ഞു. ഓലക്കീറിലൂടെ അരിച്ചുവരുന്ന വെളിച്ചമാണ് വട്ടത്തില്‍ കാണുന്നത് എന്നറിയാതെ അതു എടുക്കാന്‍ കുത്തിയിരുന്നപ്പോ ചന്തിക്കു തീപ്പെട്ടിക്കൊള്ളി കൊണ്ട് ഉരസി പൂച്ച കരയുന്നപോലെ ഒച്ചയുണ്ടാക്കി. ട്രൗസറിന്റെ ഓട്ടയില്‍ കൂടി പൂച്ചമാന്തിയെന്നു കരുതി അവന്‍ പേടിച്ചു തുള്ളിയത് പാറുവേട്ടിയുടെ മോളിലേക്കാ. രണ്ടാള്‍ക്കും അവരുടെ വായില്‍ നിന്നും കണക്കിന് കിട്ടി അന്ന്. ഇങ്ങനെ എത്രയെത്ര കഥകള്‍. അതൊന്നും അനുവിനറിയില്ലല്ലോ. അവള്‍ ഉറങ്ങട്ടെ .
ആയിടക്കാണ് പീടികയ്ക്കു തൊട്ടുള്ള ചെമ്പകത്തില്‍ കൊമ്പു വന്നത്. കാളക്കൊമ്പിനെ പോലെ വളഞ്ഞ രണ്ട് കായകള്‍ ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നത് പാട്ടിയമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും കണ്ടുപിടിക്കാനാവില്ല. ചെമ്പകത്തില്‍ കായ പിടിച്ചാല്‍ ആ വീട്ടുകാര്‍ക്കു ഭാഗ്യം വരുമെന്നാണ് പാട്ടിയമ്മ പറയുന്നത്. പാട്ടിയമ്മയായിരുന്നു അക്കാലത്തെ ഞങ്ങടെ ആകാശവാണി. അവര്‍ അറിയാത്ത ഒരു വിവരവും ഉണ്ടാകില്ല. കായ മൂത്തു കഴിഞ്ഞാല്‍ നട്ടുച്ചയ്ക്ക് ആരും കാണാതെ മുറിച്ചെടുത്ത് ശുദ്ധിയോടെ വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചുവെക്കണം. എങ്കില്‍ സര്‍വ്വ സൗഭാഗ്യങ്ങളും കുമിഞ്ഞുകൂടും. ഇല്ലെങ്കില്‍ മരണം വരുമത്രെ. നേരം ഇരുട്ടിയാല്‍ അതിനു ഗന്ധര്‍വ്വന്‍ കാവല്‍ നില്‍ക്കുന്നുണ്ടാകും. പിന്നെ അതിനടുത്തേക്കു പോകാന്‍ പാടില്ല. പാട്ടിയമ്മയുടെ വര്‍ണ്ണനകള്‍ കേട്ടാല്‍ ശ്വസിക്കാന്‍ പോലും മറന്നുപോകും.
സന്ധ്യയ്ക്ക് പലഹാരം ഒരുക്കുന്ന സമയത്താണ് ഉപ്പു തീര്‍ന്ന കാര്യം അമ്മയ്ക്ക് മനസിലായത്. വാങ്ങികൊടുത്തില്ലെങ്കില്‍ പട്ടിണി കിടക്കേണ്ടിവരും. ചെറിയ ഇരുട്ട് പരന്നിരുന്നു. പീടികയില്‍ ആരെയും കണ്ടില്ല. പെട്രോമാക്‌സ് വിളക്ക് കത്തുന്നുണ്ട്. കുറച്ചുനേരം നിന്നു. പുറത്തു ഇരുട്ട് കൂടി വരുന്നു. പെട്ടന്നാണ് പാട്ടിയമ്മയുടെ വാക്കുകള്‍ ഓര്‍മ്മ വന്നത്. ഒരു വലിയ ഭീകര സത്വം പോലെ ചെമ്പകം നില്‍ക്കുന്നു. ഗന്ധര്‍വ്വന്‍ വന്നിട്ടുണ്ടാകുമോ?
'കുഞ്ഞാലിച്ചാ..' ചെറിയ പേടിയോടെ വിളിച്ചു. ആരും വിളി കേട്ടില്ല.
'കുഞ്ഞാലിച്ചാ...'
ചെമ്പകത്തിനടുത്തു നിന്നും ഒരു മണിയൊച്ച പോലെ. പേടിയോടെ ഒന്ന് അങ്ങോട്ട് പാളി നോക്കി.. അതാ ഇരുട്ടത്ത് നിന്നു അടിമുടി വെളുത്ത ഒരു രൂപം മെല്ലെ മെല്ലെ അടുത്തേക്കു വരുന്നു. പിന്നെയൊന്നും ഓര്‍മ്മയില്ല. അലറിവിളിച്ചു വീട്ടിലേക്കുള്ള ഓട്ടത്തിനിടയില്‍ വീണു മുട്ടുപൊട്ടി ചോര ഒഴുകി. പനി പിടിച്ചു മൂടിപ്പുതച്ചു കിടന്ന കുഞ്ഞാലിച്ച ചെമ്പകത്തിനു മറവില്‍ മൂത്രമൊഴിച്ചു വന്നതായിരുന്നു എന്ന് അറിയുമ്പോഴേക്കും ഞാന്‍ പേടിപ്പനിവന്നു കിടപ്പിലായി.
'അയാള്‍ അറിഞ്ഞോണ്ട് ചെയ്തതാ.. പിള്ളേരെ അങ്ങന്നെയാ ചെയ്യുന്നേ..'
ഞാന്‍ എന്റെ വാദത്തില്‍ ഉറച്ചു നിന്നു. തൃസന്ധ്യയ്ക്ക് പീടികയില്‍ പറഞ്ഞു വിട്ടതിനു എല്ലാരും അമ്മയെ കുറ്റം പറഞ്ഞു.
'പോട്ടെ.. സാരൂല്ല .. ഇനി കാണുമ്പോ അയാളോട് ചോദിക്കാം.'അമ്മ ആശ്വസിപ്പിച്ചു.
'കുട്ട്യോളോട് അയാള്‍ അങ്ങന്നെ ചെയ്യുന്നേ. നോക്കിക്കോ അയാളുടെ മക്കളെ ഞാനും പേടിപ്പിക്കും.'
'അതിനു അയാള്‍ മംഗലം പോലും കഴിച്ചിറ്റില്ല.. പിന്നല്ലേ മക്കള്‍?'-എന്റെ ആവനാഴിയില്‍ മൂര്‍ച്ചകൂട്ടി വെച്ചിരുന്ന അസ്ത്രത്തിന്റെ മുനയൊടിച്ചുകൊണ്ട് അമ്മ പറഞ്ഞു.
പ്രതികാരത്തിന്റെ ആ വഴിയും അടഞ്ഞു. എന്തെങ്കിലും ചെയ്‌തേ പറ്റു. ഊണിലും ഉറക്കത്തിലും ഒരേ ചിന്ത. ആലോചിച്ചു കൂട്ടുന്നതിനിടയില്‍ ഒരു ദിവസം അവസരം വന്നെത്തി. അന്നൊരു വെള്ളിയാഴ്ച പീടികയില്‍ ആരുമുണ്ടായിരുന്നില്ല. അകത്തേക്കുള്ള വഴിമുടക്കി അസര്‍പ്പു കിടക്കുന്നു. ഇതുതന്നെ അവസരം. ഇവനാണല്ലോ അയാളുടെ ഓമന. അവിടെയുണ്ടായിരുന്ന വടിയെടുത്തു ആഞ്ഞൊരടി. അപ്രതീക്ഷിതമായ അടികൊണ്ടു പുളഞ്ഞ പൂച്ച ഉരുണ്ടു പിരണ്ട് പ്രാണരക്ഷാര്‍ത്ഥഥം ഓടി. ഒരു കാരണവും ഇല്ലാത്ത ഈ അടി എന്തിനെന്നു അറിയാതെ അസര്‍പ്പു കയ്യാലപുറത്തു നിന്ന് ഒരു നോട്ടം നോക്കി. ദഹിപ്പിക്കുന്ന നോട്ടം. നന്നായി കൊണ്ടിട്ടുണ്ട്. ചാവൂല്ല. ചാവാനല്ല അടിച്ചതും. ചത്താല്‍ ഞാന്‍ പൂച്ചപ്പാതാളത്തില്‍ വീഴുമല്ലോ. ഞൊണ്ടി ഞൊണ്ടിയുള്ള അതിന്റെ പോക്ക് കണ്ട് ഒരു തരം ആത്മനിര്‍വൃതിയോടെ ഞാന്‍ വീട്ടിലേക്കു നടന്നു.
പിറ്റേന്ന് സ്‌കൂള്‍ വിട്ടുവന്നപാടെ വിവരമറിയാനായി പോകാനൊരുങ്ങി.
'എങ്ങോട്ടാ സര്‍ക്കീട്ട്? പ്രാന്തന്‍ നായ എറങ്ങീട്ടുണ്ട്. ഒന്നിനെ കിട്ടി. എത്ര എണ്ണത്തിനെ കടിച്ചുവോന്തോ.. ആട അടങ്ങിയിരിക്ക്.' അമ്മയുടെ ഭീഷണി.
'ഞാന്‍ കുഞ്ഞാലിച്ചാന്റാട പോയിട്ട് ഇപ്പൊ വരം'
'ഓന്‍ പീട്യ തൊറന്നിട്ടില്ല. ഓന്റെ പൂച്ചേനേം കടിച്ചു കൊന്നിന്.'
'ഏതു..? അസര്‍പ്പൂവോ?'
അസര്‍പ്പോ കുഞ്ഞിരാമനോന്നൊന്നും അറീല. പണ്ടേ ഉള്ളതോലും. നായ വരുമ്പോ അയിന് പായാന്‍ കയ്ഞ്ഞില്ല. അപ്പോളേക്കും തല കടിച്ചു പറച്ചിന്.'
തലയ്ക്കു ഒരു അടികൊണ്ടപോലെയാണ്. അമ്മയുടെ വാക്കുകള്‍ കേട്ടത്. ഇന്നലത്തെ ആ നോട്ടം. നടത്തം. അപ്പൊ.. അറിയാതെ ഉറക്കെ കരഞ്ഞുപോയി.'
' ആരാന്റെ പൂച്ച ചത്തതിന് നീ എന്തിനാ കരയുന്നെ..? നീ കൊന്നതല്ലല്ലോ? അതിന് ആയുസ് തീര്‍ന്നു.'
ആശ്വാസവാക്കുകള്‍ക്കൊന്നും സമാധാനം തരാനായില്ല. കാലം അതു മായ്ക്കുന്നതുവരെ. പിന്നെ കുറേനാള്‍ അങ്ങോട്ട് പോയതേ ഇല്ല. അസര്‍പ്പൂന്റെ ദാരുണാന്ത്യം കുഞ്ഞാലിച്ചാനെ ചെറുതായിട്ടല്ല ബാധിച്ചത്. എന്നും കൂടെ ഉണ്ടായിരുന്നതാണ്. കുറച്ചുനേരം കണ്ടില്ലെങ്കില്‍ കരഞ്ഞുകൊണ്ട് ഓടി നടക്കും. അയാളെ കണ്ടാല്‍ മാത്രമേ പിന്നെ കരച്ചില്‍ നിര്‍ത്തു. മറ്റുള്ളവയോടൊന്നും അസര്‍പ്പുന്റെ അത്ര അടുപ്പമുണ്ടായിരുന്നില്ല. ആദ്യമായി കുഞ്ഞാലിച്ചാന്റെ കണ്ണ് നിറഞ്ഞു കണ്ടത് അന്നാണത്രെ.
കാലത്തിനൊപ്പം നാടും മാറി. ഇരട്ടപ്പാളം മുറിച്ചുകടക്കേണ്ടതിനാല്‍ കുഞ്ഞാലിച്ചാന്റെ ഒന്നര ചായ കുടിക്കാന്‍ ആള്‍ക്കാര്‍ വരാതെയായി. കഴുകി കമിഴ്ത്തിവെച്ച മീന്‍കൊട്ടയെ അനാഥമാക്കി കല്ല്യാണിയേട്ടിയും പോയി. പുതിയ കടകള്‍ വന്നു. കച്ചവടം കുറഞ്ഞു. ഇനിയും ചപ്പു തിന്നാല്‍ ഇങ്ങോട്ടു വരേണ്ടെന്ന് ഡോക്ടര്‍ അന്ത്യശാസനം നല്കിയതിനാല്‍ പാറുവേട്ടിയെ മക്കള്‍ വീട്ടുതടവിലാക്കി. ചെമ്പകം ഉണങ്ങി. കാടുവെട്ടിത്തെളിച്ചപ്പോള്‍ കുറക്കന്മാരോടൊപ്പം പ്രേതങ്ങളും നാടുവിട്ടു. കഥാപാത്രങ്ങള്‍ പലരും ചമയമഴിച്ചു പോയി. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി ഞാനും. കുഞ്ഞാലിച്ച കച്ചവടം വിട്ട് ആടുവളര്‍ത്താന്‍ തുടങ്ങി. ഇസ്മാഞ്ഞിയും പാത്തുവും മക്കളും എങ്ങും പോകാന്‍ കൂട്ടാക്കാതെ കുഞ്ഞാലിച്ചയുടെ പതിവുവരവും കാത്തു നില്‍ക്കും. ഒരു പെരുമഴയത്തു ചെമ്പകം ചുവടിളകി പീടികയില്‍ വീണു മണ്‍കൂനയായതോടെ ആ ചരിത്രം അവസാനിച്ചു.
രണ്ട്
പാറപ്പുറത്താണ് കുഞ്ഞാലിച്ചയുടെ വീട്. ഓടും കോണ്‍ക്രീറ്റും വന്നേപ്പിന്നെ ആരും മുളി അരിയാതെയായി. ദൂരെ നിന്ന് നോക്കുമ്പോള്‍ സ്വര്‍ണപ്പട്ട് വിരിച്ചപോലെ നിറഞ്ഞു നില്‍ക്കുന്നതു കാണാന്‍ നല്ല രസമാണ്. അതിന്റെ നടുവിലൂടെ ഏതോ വികൃതിപ്പയ്യന്‍ കോറിയിട്ട വരപോലെ വളഞ്ഞുപുളഞ്ഞ ഒരു നടവഴി. അതിന്റെ അറ്റം അയാളുടെ വീട്ടിലാണ് അവസാനിക്കുന്നത്. ആടുകളുടെയും പശുവിന്റെയും കരച്ചില്‍ ദൂരെ നിന്നെ കേള്‍ക്കാം.
വീട്ടുമുറ്റത്തു ആരും ഉണ്ടായിരുന്നില്ല. വളരെ വൈകിയാണ് കല്ല്യാണം കഴിച്ചതെന്ന് കേട്ടിരുന്നു. അപ്പോള്‍ കുട്ടികള്‍ മുതിര്‍ന്നിട്ടുണ്ടാകില്ല. അതുകൊണ്ട് കയ്യില്‍ ഒരു പൊതിയില്‍ കുറച്ചു ചോക്ലേറ്റും ബിസ്‌കറ്റും കരുതി. ഒരു പ്രായശ്ചിത്തം കൂടി ആവുമല്ലോ. കാല്‍പ്പെരുമാറ്റം കേട്ട് ഒരു സ്ത്രീ വാതിലിനു മറവിലേക്കുവന്നു തല പുറത്തേക്കിട്ടു. ബീവിയായിരിക്കണം. ആദ്യായിട്ടാ കാണുന്നത്.
'കുഞ്ഞാലിച്ച..?'
'ഉള്ളില്ണ്ട്. നല്ല സുഖൂല്ല.'
എന്തുപറ്റി എന്നര്‍ത്ഥത്തില്‍ ഞാനവരെ നോക്കി.
'പുല്ലരിയാന്‍ പോയടത്തന്നു തലചുറ്റി വീണ്. ഇപ്പൊ നടക്കാന്‍ കയ്യൂല.'
'ഞാനൊന്നു കണ്ടോട്ടെ?'
സമ്മതഭാവത്തില്‍ തലയാട്ടി അവര്‍ കുറച്ചുകൂടി മറവിലേക്കു ഒതുങ്ങി നിന്നു.
'ഓര്‍ക്ക് ഇപ്പൊ ഓര്‍മയൊന്നുല്ല.... ആരേം അറിയൂല'
കഷായം മണക്കുന്ന മുറിയില്‍ തുറന്നിട്ട ജനലരികില്‍ പുറത്തേക്കു നോക്കി മരക്കസേരയില്‍ ഇരിക്കുകയാണ് അയാള്‍. വിധി മായ്ച്ചുകളഞ്ഞ ഓര്‍മയുടെ പുസ്തകത്തില്‍ പുതിയതായി എന്തെങ്കിലും എഴുതുകയായിരിക്കുമോ? ജനലിലൂടെ അരിച്ചുവരുന്ന കാറ്റില്‍ അവശേഷിച്ച മുടിയിഴകള്‍ പാറിക്കളിക്കുന്നുണ്ട്.
'കുഞ്ഞാലിച്ചാ..'
വിളികേട്ടു കുറെ നേരം എന്നെ തന്നെ നോക്കി. ഇടയ്ക്കു മുഖത്തു ഒരു തെളിച്ചം വന്നപോലെ? എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ?
'എന്നെ ഓര്‍മ്മയുണ്ടോ?'. പ്രതീക്ഷയോടെ ഒന്നുകൂടി അടുത്തേക്ക് ചെന്നു.
കണ്ണൊന്നു ചലിപ്പിച്ചു. പിന്നെ മുഖം തിരിച്ചു പഴയപോലെ പുറത്തേക്കു നോക്കിയിരുന്നു. ഓര്‍മ്മ കാണില്ല. ഞാനിപ്പോള്‍ അയാള്‍ക്ക് മുജ്ജന്മത്തില്‍ എവിടെയോ കണ്ട ഒരു മുഖമാണല്ലോ. എന്നെ ഓര്‍ക്കുന്നുണ്ടാകില്ല. പീടിക ഓര്‍ക്കുന്നുണ്ടാകില്ല. നാരാണേട്ടനെ ഓര്‍ക്കുന്നുണ്ടാകില്ല. ആരെയും ഓര്‍ക്കുന്നുണ്ടാകില്ല.
അസര്‍പ്പുനെ ഓര്‍ക്കുന്നുണ്ടാകുമോ? ഉണ്ടാകില്ല. മനസ്സിന്റെ ഏതെങ്കിലും താളുകളില്‍ നിന്നു പരതിയെടുക്കാനാണെങ്കില്‍ അതെല്ലാം കഴുകിക്കളഞ്ഞു പോയല്ലോ. പൂര്‍വ്വജന്മമുപേക്ഷിച്ച അയാളിപ്പോള്‍ ഭൂമിയില്‍ എല്ലാറ്റിനെയും ആദ്യമായി കാണുന്ന പൈതലിനെപോലെ കണ്ണിമതെറ്റാതെ എങ്ങോട്ടോ നോക്കിയിരിക്കുന്നു. ആ നോട്ടം ജനാലയും കടന്നു പാറപ്പുറങ്ങള്‍ താണ്ടി, ചെമ്പകവും പിരമിഡും കടന്നു, ഓത്തുപള്ളി ഇറങ്ങി, ദൂരെ, ദൂരെ ഒരിടത്തു മടിയിലിരുത്തി കൊഞ്ചിക്കുന്ന ഉമ്മാന്റെ നെഞ്ചില്‍, അമ്മിഞ്ഞപ്പാലിനായി ചുണ്ടുകോട്ടുന്ന ഒരു കുഞ്ഞു കുഞ്ഞാലിയില്‍ എത്തിയിട്ടുണ്ടാകുമോ? ഒരു ജന്മം കൂട്ടിയതും കുറച്ചതും ഹരിച്ചതും ഗുണിച്ചതും എല്ലാം കാലം മായ്ച്ചുകളഞ്ഞപ്പോള്‍ ശൂന്യമായ മനസ്സില്‍ വീണ്ടും ഹരിശ്രീ കുറിച്ച് തുടങ്ങണം. അവിടുന്നായിരുന്നല്ലോ തുടക്കം.
അധികനേരം കണ്ടുനില്‍ക്കാനായില്ല. ചുടലയെ മന്ത്രങ്ങള്‍കൊണ്ട് പറപ്പിച്ച, പ്രേതങ്ങള്‍ക്കു നടുവിലൂടെ നടന്ന, ഒന്നിനെയും പേടിയില്ലാത്ത, കുട്ട്യോളെ മക്കാറാക്കുന്ന ആ കുഞ്ഞാലിച്ച മതി എനിക്ക്. യാത്ര പറയാതെ പുറത്തേക്കിറങ്ങി.
'മക്കളെവിടെ? കണ്ടില്ലല്ലോ? ഇതവര്‍ക്കുള്ളതാ..' പൊതി ബീവിയുടെ നേരെ നീട്ടി.
ഒരു നിമിഷം എന്നെത്തന്നെ നോക്കിനിന്നശേഷം, അവര്‍ അകത്തേക്ക് തല ചെരിച്ചുവിളിച്ചു.
'മക്കളെ ഇങ്ങട്ടു ബാ'
കുഞ്ഞാലിച്ചയുടെ മക്കള്‍. ഒരിക്കല്‍ എന്റെ കണക്കുപുസ്തകത്തില്‍ കുറിച്ചിട്ടവര്‍. എവിടെ...? ആരും പുറത്തേക്കു വരുന്നില്ലല്ലോ! ആകാംക്ഷയോടെ അകത്തേക്കു നോക്കി നിന്നു. കാലില്‍ എന്തോ വന്നുരസുന്നതുപോലെ.
'ഇബരെന്നാ ഞങ്ങളെ മക്കള്.... ബേറെ ഇല്ല. ഞങ്ങള്‍ ഈട ബന്നപ്പോ ബന്നുകൂടിയതാ.'
കാലില്‍ മുട്ടിയുരുമ്മി കയ്യിലെ പൊതിക്കായി കരഞ്ഞു കൊണ്ടിരിക്കുന്ന പൂച്ചകളെ നോക്കി അവര്‍ പറഞ്ഞു. എന്ത് പറയണമെന്നറിഞ്ഞില്ല. മനസ്സ് പിടിവിട്ടു പിറകിലേക്ക് പായുന്നു. എല്ലാറ്റിന്റെ കണ്ണുകളും എന്റെ കയ്യിലേക്കാണ്. പൊതിയില്‍ നിന്നും ഒരു ബിസ്‌ക്കറ്റ കൂട് പൊട്ടിച്ചു ഓരോന്നിനും നല്‍കി. വാലുകൊണ്ട് തലോടി സ്‌നേഹംകാണിച്ചു എനിക്ക് ചുറ്റും അവ വട്ടമിട്ടു.
'അപ്പൊ ഓനേടാ പോയെ..? കാണുന്നില്ലല്ലോ. അസര്‍പ്പൂ.. ?'
ആ വിളി ഒരു ഇടിത്തീ പോലെ തലയില്‍ പതിച്ചു. തൊണ്ട വരണ്ടു. ഒരു തളര്‍ച്ച.
'ഓ നീ ആട ഇണ്ടോ.. ഓന്‍ അങ്ങനെയാ.. എപ്പോളും ഓറെ മടിമ്മേല് കേറി കുത്തിരിക്കും. ങ്ങളെ കണ്ടപ്പോ മാറിയതായിരിക്കും.'
ഞാന്‍ അകത്തേക്ക് നോക്കി. അതെ, മടിയില്‍ അവന്‍ തന്നെ. അസര്‍പ്പു. അതെ രൂപം. നോട്ടം. മടിയില്‍ കയറിയിരുന്നു കുഞ്ഞാലിച്ചയുടെ ശോഷിച്ച വിരലുകള്‍ക്കിടയിലൂടെ മുഖമിട്ടു ഉരസി കളിക്കുന്നു. വിരലുകള്‍ ചുരുട്ടിയും നിവര്‍ത്തിയും അയാള്‍ അത് ആസ്വദിക്കുന്നപോലെ. മറ്റുള്ളവ ബിസ്‌ക്കറ്റിനു വേണ്ടി കടിപിടി കൂടുമ്പോഴും അവന്‍ മാത്രം ഗൗനിച്ചതേ ഇല്ല. കൂടില്‍ നിന്നും ഒരു ബിസ്‌ക്കറ് എടുത്ത് ഞാന്‍ അവനു നേരെ നീട്ടി. തുറിച്ച നോട്ടത്തില്‍ അത് എന്നെ തടഞ്ഞു. അന്ന് കയ്യാലപ്പുറത്തു നിന്ന് നോക്കിയ അതേ നോട്ടം.
'എന്തെ അനക്ക് ബേണ്ടേ...?'
'ഓന് വേണ്ടിവരില്ല ഉമ്മാ..ഓന്‍ തിന്നില്ല..'
കയ്യിലെ പൊതി കസേരയില്‍ വെച്ചു ഞാന്‍ പുറത്തേക്കിറങ്ങി. കുഞ്ഞാലിച്ചാ... നിങ്ങളെത്ര ഭാഗ്യവാന്‍.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...