Malayalam Short Story: മധുരം, സജിത ചന്ദ്രിക എഴുതിയ അഞ്ച് മിനിക്കഥകള്‍

Published : Nov 26, 2024, 02:16 PM ISTUpdated : Nov 26, 2024, 02:30 PM IST
Malayalam  Short Story: മധുരം, സജിത ചന്ദ്രിക എഴുതിയ അഞ്ച് മിനിക്കഥകള്‍

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സജിത ചന്ദ്രിക എഴുതിയ അഞ്ച് മിനിക്കഥകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

മധുരം

മൂര്‍ച്ചയേറിയ വാക്കിനാല്‍ കുത്തും മുന്‍പേ അയാള്‍ മാധുര്യം നിറഞ്ഞ വാക്കുകള്‍ പറഞ്ഞതെന്തിനായിരിക്കണം? 

മധുരം നുണയാനെത്തുന്ന ഉറുമ്പുകളുടെ മേല്‍ പഴിചാരാനായിരിക്കണം!

വിശപ്പടക്കും മുന്‍പേ ഉറുമ്പുകള്‍ പറഞ്ഞതെന്തായിരിക്കും?

കുത്തിക്കൊന്നവന്റെ വിഷം ഒട്ടും പുരണ്ടില്ലല്ലോ; എത്ര നല്ല മനുഷ്യനാണ് മരിച്ചിട്ടും എന്തൊരു മധുരം! 

പ്രഷര്‍ കുക്കര്‍

പ്രഷര്‍ കുക്കറുകള്‍പോലെ എത്രയെത്ര ജീവിതങ്ങള്‍ വീടുകള്‍ക്കുള്ളില്‍ ഒരു വിസിലടി കൊതിച്ചു കിടക്കുന്നു. ചിലതൊക്കെ നെഞ്ചുപൊട്ടി നിലവിളിക്കുന്നു. ഒന്നോ രണ്ടോ നിലവിളിയില്‍ ആരുടെയെങ്കിലും കൈയിലുള്ള തവികൊണ്ട് തലയില്‍ കിട്ടുന്ന അടിയില്‍ ഒതുങ്ങുന്ന പ്രതികരണം..

ചില കുക്കറുകള്‍ ജീവിതം വെന്തമണം ആഞ്ഞുതുപ്പി അടുത്തുള്ള വീടുകളിലേക്കുവരെ ഒച്ചകേള്‍പ്പിക്കുന്നു. 
ചിലത് ഒരു തുള്ളി വെള്ളംപോലുമില്ലാതെ കരിഞ്ഞു പുകഞ്ഞു അവസാനം തേഞ്ഞുരഞ്ഞു കഴിയുന്നു. 

അപ്പോഴും കുത്തിഞെരുക്കി അമര്‍ത്തിയടച്ചു ഒരു ശ്വാസംപോലും വിടാനാകാതെ ചിലത് പൊട്ടിത്തെറിക്കാറുമുണ്ട്. 

തുറന്ന കലത്തില്‍ ഒന്ന് സ്വാതന്ത്ര്യത്തോടെ തിളച്ചുമറിഞ്ഞ കാലത്തെ സ്മരിച്ചുകൊണ്ട് ഒന്ന് വീണ്ടും തുറന്നിരുന്നു; തിളച്ചു തൂവാനായെങ്കിലും...

മന്ദാക്രാന്ത

അമ്മ നഷ്ടമായതിന് ശേഷമാണ് ലക്ഷണവും അലങ്കാരവും ഇല്ലാത്ത അവളിലേക്കൊരു വൃത്തം കയറിവന്നത്. ഏതൊക്കെ രീതിയില്‍ ഗുരുവും ലഘുവും തിരിച്ചാലും ആ ഒറ്റ വൃത്തത്തിനുള്ളില്‍ അവള്‍ മാത്രമായിരുന്നു. അവളുടെ ലക്ഷണം കണ്ടിട്ടാകും എല്ലാവരും  അവളെ മന്ദാക്രാന്തയെന്ന് വിളിച്ചത്. 

അല്‍ഗൊരിതം

അപരിചിതര്‍ ഒരിക്കലും പരിചിതരാവാതെ വിഷമവൃത്തത്തിനുള്ളില്‍ ആരവും വ്യാസവും കണ്ടുപിടിക്കാനെടുത്ത നാളുകളെ പൂര്‍ണമായും വെട്ടി ഹരിച്ചു കളഞ്ഞ ദിവസമായിരുന്നോ കടലാഴങ്ങളില്‍ മുത്തുകള്‍ തേടാന്‍ ഞാന്‍ എത്തിചേര്‍ന്നിട്ടുണ്ടാവുക? 

ബന്ധങ്ങളുടെ ദ്വിമാന സമവാക്യങ്ങളില്‍ നിര്‍വചിക്കാനാവാത്ത വഴികളിലൂടെ പറിച്ചെറിഞ്ഞ താളുകളില്‍ ആരോ പകര്‍ത്തിത്തന്ന വഴികണക്കുകളുടെ ഒരിയ്ക്കലും കിട്ടാത്ത ഉത്തരങ്ങള്‍ തേടിയ 
ദിവസങ്ങളിലായിരുന്നോ ഞാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ടാവുക?

പഞ്ചാരമണലില്‍ പരസ്പരം പേരുകളെഴുതി രസിക്കുന്ന പ്രണയികളുടെ കണ്ണുകളിലെ കടലാഴങ്ങള്‍ കാണുമ്പോഴും ഒരിയ്ക്കലുമവസാനിക്കാത്ത ദുരിതങ്ങളുടെ ദശാംശവിപുലീകരണത്തിനിടയിലാണോ ജീവിതമാകുന്ന 'പൈ' വില തേടി ഞാന്‍ ഇവിടെ എത്തിചേര്‍ന്നിട്ടുണ്ടാവുക?

മോഹങ്ങളുടെ ഗുണിതങ്ങളില്‍ സ്വപ്നങ്ങളുടെ എണ്ണം പെരുകിയപ്പോഴാണോ തിരമാലകള്‍ തഴുകിനിന്ന വിരലുകളില്‍ ആരെങ്കിലും മുറുകെപിടിച്ചു ജീവിതത്തിന്റെ വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിക്കുമെന്നു കരുതിയിട്ടാവുമോ അനന്തതയിലേക്ക് മിഴിനട്ടു നിന്നിട്ടുണ്ടാവുക? 

പ്രതീക്ഷകളുടെ പൊതുവ്യത്യാസങ്ങളില്‍ കണക്കുകൂട്ടലുകള്‍ ഏല്ലാം തെറ്റി എവിടേയ്ക്ക് ഓടിരക്ഷപ്പെടണമെന്നറിയാത്ത നാളുകളിലാവുമോ ഒട്ടും ശിഷ്ടം വരാത്ത ജീവിതത്തിന്റെ ലാ-സാ-ഗു തേടി ഇങ്ങനെ ചിരിച്ചു നിന്നിട്ടുണ്ടാവുക.

കഥ കഴിഞ്ഞു

അയാള്‍ കഥയെഴുത്തുകാരനായിരുന്നു. ഒരു നാള്‍ കഥകള്‍ക്ക് വല്ലാത്ത ക്ഷാമം നേരിട്ടു. നാടായ നാട്ടിലെല്ലാം അലഞ്ഞു നടന്നു. കവിതയെ പ്രണയിക്കുന്നത് ഈ അലച്ചിലുകള്‍ക്കിടയിലാണ്. അവള്‍ ഊണിലും ഉറക്കത്തിലും അയാള്‍ക്കൊപ്പം ചേര്‍ന്നു. വൃത്തവും ലക്ഷണവും അലങ്കാരങ്ങളും തേടി അഗാധമായ പാണ്ഡിത്യം മോഹിച്ചയാള്‍ അവള്‍ക്കൊപ്പം വന്യതയിലേക്ക് നടന്നു. പിന്നീടൊരിക്കലും അയാളെ ആരും കണ്ടില്ല.

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത