
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ജീവിതാനന്തരം
തീരെ നിനച്ചിരിക്കാതെയാണ് 'ഹൈ ഇംപോര്‍ട്ടന്‍സ്' എന്ന കടുംചുവപ്പ് എക്‌സ്പ്ലനേഷന്‍ മാര്‍ക്കോടുകൂടി എന്റെ ഇന്‍ബോക്‌സിലേക്ക് ഒരു മെസേജ് വന്നത്.
നാട്ടിലെ ഏറ്റവും പ്രചാരത്തിലുള്ള ടൂര്‍ കമ്പനിയുടെ, വിശുദ്ധനാടുകളുടെ സന്ദര്‍ശനത്തിനായുള്ള പ്രത്യേക ടൂര്‍ പാക്കേജിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിലരില്‍ ഞാനും ഉള്‍പ്പെടുന്നു എന്നതായിരുന്നു ആ സന്ദേശത്തിന്റെ സാരം. മുന്നൊരുക്കങ്ങള്‍ അനവധി വേണ്ടുന്ന, ദൈര്‍ഘ്യമുള്ള യാത്രയാണ്. പ്രായം 40 കളുടെ മധ്യം. ജീവിതത്തിലെ കയറ്റിറക്കങ്ങളെ മെതിച്ച് മെരുക്കിയെടുത്ത് വരുതിക്ക് കൊണ്ടുവന്നിട്ട് അധികമായിട്ടില്ല.
ഒരുപാട് പരിശ്രമിച്ച് നേടിയെടുത്ത ഔദ്യോഗികജീവിതസ്ഥാനവും, കുടുംബജീവിതത്തില്‍ ഞാനെന്ന നെടുംതൂണിനെ ചുറ്റിക്കറങ്ങുന്ന സ്‌കൂള്‍ കുട്ടികളായ മക്കളും, തൊഴിലില്‍ ഏറ്റവും സമര്‍പ്പിതനായ ഭര്‍ത്താവും എന്റെ നീണ്ട അഭാവത്തെ തരണം ചെയ്യുമെന്ന് തോന്നിയില്ല. എന്നാലും ടൂര്‍ ഓഫര്‍ നിരസിക്കാനും കഴിയുമായിരുന്നില്ല.
ആറുമാസത്തിനുള്ളില്‍ പോകേണ്ടിയിരുന്ന ആദ്യട്രിപ്പില്‍ നിന്നും എന്നെ ഒഴിവാക്കി, സമയം നീട്ടി ചോദിച്ചുകൊണ്ട് യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. സ്വയം സജ്ജമാക്കുന്നതിനേക്കാള്‍ കുടുംബത്തെ സ്വയം പര്യാപ്തമാക്കാനായിരുന്നു കൂടുതല്‍ ശ്രദ്ധിച്ചത്. യാത്രയ്ക്കുള്ള സാമഗ്രികള്‍ സമാഹരിക്കുന്നതിനേക്കാള്‍ അതുവരെ സ്വായത്തമാക്കിയവയില്‍ നിന്നും വിടുതല്‍ നേടാനും. കാരണം, ഈ യാത്രയുടെ ഒരു വ്യവസ്ഥ ആരെയും ഒന്നിനെയും കൂടെ കൂട്ടാന്‍ പാടില്ല എന്നതായിരുന്നു.
തനിച്ചൊരു നീണ്ട യാത്ര പോകുന്നതിനേക്കാള്‍ അലട്ടിയിരുന്നത് ചെയ്തുതീര്‍ക്കേണ്ടിയിരുന്ന കര്‍മ്മങ്ങളും കടമകളുമാണ്. അതുകൊണ്ടുതന്നെ വീണ്ടും പലതവണ അവധി ചോദിച്ചു മാനേജര്‍ക്ക് കത്തെഴുതി. ഓരോ എക്സ്റ്റന്‍ഷനും ചില കഠിനക്ലേശങ്ങള്‍ അവര്‍ പകരം വച്ചു. ശരീരത്തെ അവരുടെ നിയമാവലികള്‍ക്ക് അനുസരിച്ച് കൊടിയ പരീക്ഷണങ്ങള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് മനസ്സിനെ ഞാന്‍ ബലപ്പെടുത്തിക്കൊണ്ടിരുന്നു. നിരന്തര അപേക്ഷകള്‍ കൊണ്ടാകാം ഒരു ഘട്ടത്തില്‍ അവര്‍ എന്നെ ഈ യാത്രയുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതായിപ്പോലും തോന്നി.
ഏത് യാത്രയിലും കൂടെ കൊണ്ടുപോകാനാകുന്ന നല്ല ഓര്‍മ്മകളുടെ ഒരു ശേഖരം ഉണ്ടാക്കാന്‍ ഈ സമയം ഉപകാരപ്പെടുത്തി. എട്ടുവര്‍ഷം നീണ്ട പരുവപ്പെടലിനുശേഷം എന്റെ ഒടുവിലത്തെ ആഗ്രഹവും സാധിക്കും വരെ കാത്ത കമ്പനിക്ക് നന്ദിയും, യാത്രയ്ക്കുള്ള സന്നദ്ധതയും അറിയിച്ചുകൊണ്ട് ഞാന്‍ വീണ്ടും ഒരു സന്ദേശമയച്ചു.
അധികം വൈകാതെ തന്നെ ഓരോ രാജ്യത്ത് നിന്നുമുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ ഡോക്യുമെന്റ്‌സ് ഓരോന്നായി എത്തിത്തുടങ്ങി. അവ എന്റെ പാദം മുതല്‍ മുകളിലേക്ക് ഓരോ ഇടങ്ങളിലായി സീല്‍ ചെയ്യപ്പെട്ടു. ഫൈനല്‍ ക്ലിയറന്‍സ് കൂടി ഗ്രാന്‍ഡ് ചെയ്തതോടെ ഞാന്‍ അത്യാവശ്യം വേണ്ടപ്പെട്ടവരോടൊക്കെ യാത്രപറഞ്ഞു വീട്ടില്‍ നിന്നുമിറങ്ങി.
റിസര്‍വ് ചെയ്ത സീറ്റില്‍ സൗകര്യപ്രദമായിരുന്ന് ഉറക്കത്തിലേക്ക് പ്രവേശിച്ചു- സ്വച്ഛമായ, നീണ്ട ഉറക്കം. യാത്രയുടെ ആരംഭത്തില്‍ എനിക്ക് ചുറ്റും ശബ്ദമാനമായിരുന്നു. അതെന്നെ അലോസരപ്പെടുത്തിയെങ്കിലും ആകാശ യാനത്തിലെ ആതിഥേയര്‍ ഏറ്റവും സുഖദമായ യാത്രയൊരുക്കി. അത്രയും നന്നായി ഞാന്‍ ഉറങ്ങിയിട്ട് എട്ടു വര്‍ഷമായിട്ടുണ്ടാകണം.
ആ ഉറക്കത്തില്‍ ഞാനൊരു സ്വപ്നം കണ്ടു. എന്റെ തലയ്ക്കുള്ളില്‍ പ്രകാശത്തിന്റെ ഒരു വിസ്‌ഫോടനം! അത് ശരീരമാസകലം പ്രസരിച്ച് ഞാന്‍ വജ്രം പോലെ തിളങ്ങി. ആ പ്രകാശത്തിലാണ് എന്റെ കാല്‍ച്ചുവട്ടില്‍ നിരന്നുനിന്നിരുന്ന നാല് കിങ്കരന്മാരെ ഞാന്‍ കണ്ടത്. കറുത്ത കോട്ടണിഞ്ഞിരുന്ന അവര്‍ എന്റെ ശരീരത്തെ തൂവല്‍ ഭാരത്തില്‍ പൊക്കിയെടുത്ത് ചുമലിലേറ്റി പുറത്തേക്ക് നടന്നു. അഴിഞ്ഞുപോയ പഞ്ഞിക്കെട്ടുകള്‍ക്കു സമാനമായ മേഘങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ച് ഒരു കവാടത്തിനു മുന്നില്‍ എന്നെ നിര്‍ത്തി അവര്‍ മാഞ്ഞുപോയി. എന്റെ കാലുകള്‍ നിലത്തു പതിഞ്ഞിട്ടുണ്ടായിരുന്നില്ല. ശരീരം ശുഭ്രമായ തിരശ്ശീല പോലെ ഒഴുകിക്കൊണ്ടിരുന്നു. എങ്ങോട്ടാണെന്ന് അറിയില്ലെങ്കിലും മുന്നില്‍ ഒറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ.
അകത്തേക്ക് പ്രവേശിച്ചപ്പോള്‍ കണ്ടത് വഴിക്കിരുവശവും നിന്ന് കമാനാകൃതിയില്‍ കൈകള്‍ കോര്‍ത്തുപിടിച്ച, മഞ്ഞു പൂത്തുലഞ്ഞു നില്‍ക്കുന്ന മരച്ചില്ലകളാണ്. മഞ്ഞിന്റെ ദളങ്ങള്‍ അടര്‍ന്നുവീണ പതുപതുത്ത വഴി എന്നെ കുളിര്‍പ്പിച്ചു. അവിടെമാകെ അകിലിന്റെ സുഗന്ധം പടര്‍ന്നിരുന്നു. മുന്നോട്ടു ചലിക്കുമ്പോള്‍ അദൃശ്യമായ ഏതോ ശരീരത്തില്‍നിന്നും അനേകായിരം വിരല്‍ത്തുമ്പുകള്‍ എന്നെ സ്വീകരിക്കാന്‍ ചാറ്റല്‍മഴയായ് വിരിഞ്ഞുവന്നു.
കോട, വഴിയുടെ മറുഭാഗത്തെ മറച്ചുപിടിച്ചിരുന്നു. അടുത്ത വളവ് തിരിയുമ്പോള്‍ വലതുവശം പച്ചപ്പു പടര്‍ന്ന കുന്നിന്‍ചെരിവും, ഇടത്ത് വെള്ളിനിറമുള്ള കൈവരിയും പിടിപ്പിച്ച ഇടുങ്ങിയ വഴിയായിരുന്നു. അതിനപ്പുറം പാല്‍നിറമുള്ള തടാകത്തില്‍ മത്സ്യകന്യകകള്‍ നീന്തിത്തുടിക്കുന്നത് അത്ഭുതത്തോടെ നോക്കിനിന്നു. അപ്പോഴാണ് കുന്നിന്‍ചെരിവിലെ മരച്ചില്ലകളില്‍ നിന്നും പക്ഷികളുടെ ചിലമ്പല്‍ കേട്ടത്. കുന്നിനു മുകളില്‍ വിരിച്ചിട്ട വിഹായസില്‍ മേഞ്ഞുനടക്കുന്ന മുകിലുകളെയും, കീഴെ അവയുടെ ഛായ എന്നോണം അനേകം മൃഗങ്ങളെയും കാണാനായി. എവിടെ നിന്നറിയാതെ ഒഴുകിയെത്തിയ സംഗീതസാന്ദ്രമായ മണിനാദം വീണ്ടും വഴിനടത്തി. ആ വഴിയുടെയറ്റം കുത്തനെയുള്ള ചവിട്ടുപടികളുടെ തുടക്കമായിരുന്നു.
ഞരക്കമെന്ന് കേള്‍വിക്കാര്‍ക്ക് തോന്നിയേക്കാവുന്ന ഒച്ചയോടെയാണ് ഓരോ പടിയിലേക്കും കാലെടുത്തുവെച്ചത്.
പടികള്‍ പലതും പിന്നിടുമ്പോഴേക്കും ഞാന്‍ കിതക്കാന്‍ തുടങ്ങിയിരുന്നു. മുകളിലേക്ക് പോകുന്തോറും പടികളുടെ വീതി കുറയുകയും ഉയരം കൂടുകയും ചെയ്തു. ക്ലേശപ്പെട്ട് അവയെ കീഴടക്കുമ്പോള്‍ ചിലപ്പോഴൊക്കെ എന്റെ മുഖം ചുളുങ്ങുകയും ശബ്ദം നീളുകയും ചെയ്തു. അതിനിടയില്‍ മനുഷ്യരൂപമുള്ള ചിലരെ കണ്ടു. അവര്‍ ശരീരഭാഗങ്ങളില്‍ നിന്ന് ചോര ഒലിപ്പിച്ചുകൊണ്ട് പടിയിറങ്ങുകയായിരുന്നു. ചിലര്‍ക്ക് വിരലുകള്‍ ഉണ്ടായിരുന്നില്ല, ചിലര്‍ക്ക് കൈകള്‍, മറ്റു ചിലര്‍ക്ക് കാലുകള്‍, ചിലരുടെ തല ഒരുവശത്തേക്ക് ചരിഞ്ഞിരുന്നു. ആരുടെയും മുഖമോ, സ്ത്രീയോ പുരുഷനോ എന്നുപോലും വ്യക്തമായിരുന്നില്ല. ആ പടികളുടെ മുകളില്‍ ഞാന്‍ എത്തുമ്പോള്‍ രണ്ടു രാത്രികളും രണ്ടു പകലുകളും കടന്നിരുന്നു.
അവിടെക്കണ്ട കൂറ്റന്‍ വാതിലുകള്‍ തുറന്നു തന്ന കാവല്‍ക്കാര്‍ക്ക് ഞാനൊരു പുഞ്ചിരി സമ്മാനമായി കൊടുത്തു.
തട്ടുകളായി തിരിച്ച ആ മുറിയില്‍ ന്യായാധിപസഭയെന്ന പോലെ അഞ്ചുപേര്‍ നിരന്നിരിക്കുന്നുണ്ടായിരുന്നു. ഒരാളുടെ കയ്യില്‍ കണക്കുപുസ്തകം, വേറൊരാളുടെ കയ്യില്‍ ആയുധങ്ങളുടെ തട്ടം, മൂന്നാമന് മുന്നില്‍ ചോരപുരണ്ട ബലിപീഠം, അഷ്ടഗന്ധങ്ങള്‍ പുകയുന്ന ധൂപക്കുറ്റി വീശുന്ന മറ്റൊരാള്‍ക്ക് സമീപത്തായി പുണ്യജലവുമായി അഞ്ചാമത്തെയാള്‍!
എനിക്കു മുന്നിലൂടെ ചോരയൊലിപ്പിച്ചു കടന്നുപോയവര്‍ക്ക് എന്തായിരിക്കും സംഭവിച്ചതെന്ന് ഊഹിക്കാന്‍ കഴിഞ്ഞു. കണക്കുപുസ്തകത്തിലെ എന്റെ പേര് എഴുതിയ താളുകള്‍ പ്രകാരം വിചാരണയ്ക്കുശേഷം ഞാന്‍ ആ മുറിയില്‍ നിന്നും മറുപുറത്ത് കടക്കുമ്പോള്‍ മൂന്നാം രാത്രി പുലരാന്‍ തുടങ്ങിയിരുന്നു.
അവിടെയതാ ഒരു മഞ്ചത്തില്‍ നിശ്ചലമായി കിടക്കുന്ന എന്റെ ശരീരം! അതില്‍നിന്നും വെണ്‍മേഘമായി ഞാന്‍ പറന്നു പൊന്തി. പ്രിയപ്പെട്ടവര്‍ അപ്പോഴും എനിക്ക് ചുറ്റും ഉറക്കമിളച്ച് കാത്തിരിക്കുന്നുണ്ടായിരുന്നു. അവരില്‍ നിന്നും ഒളിച്ചുകടന്ന എന്നെ അവസാന പടിയിലേക്ക് കൈ പിടിച്ചുയര്‍ത്തി സ്‌നാന ജലം തളിച്ച് മാലാഖമാര്‍ പറുദീസയിലേക്ക് ആനയിച്ചു.
അവിടെ എനിക്കു മുന്നേ സ്ഥാനം പിടിച്ച പ്രിയപ്പെട്ടവരെ കണ്ടപ്പോഴാണ് അത് സ്വപ്നമല്ല; എന്റെ യാത്രയുടെ പൂര്‍ത്തീകരണമായിരുന്നു എന്ന് മനസ്സിലായത്. അക്കൂട്ടത്തില്‍ വളരെക്കാലം താലോലിച്ചു വളര്‍ത്തിയ എന്റെ തത്ത ജെസ്സിയും ഉണ്ടായിരുന്നു. നല്ല കാറ്റും മഴയും ഉണ്ടായിരുന്ന ഒരു മഴക്കാലത്താണ് കൂടിന്റെ വാതില്‍ ഇളകിത്തുറന്ന് അവളെ കാണാതായത്. ജെസ്സി ഉത്സാഹത്തോടെ പറന്നുവന്ന് എന്റെ തോളിലിരുന്നു. ചെവിയില്‍ ചിലതു ചിലമ്പിയശേഷം വിശാലമായ ആ മുറിയുടെ ജാലകം കടന്ന് അവള്‍ പറന്നുപോയി. നിശ്ചയിക്കപ്പെട്ട സ്വര്‍ഗീയവാസം കഴിഞ്ഞ് ഭൂമിയില്‍ പുനര്‍ജന്മത്തിനായി പോകുന്നു എന്നാണ് അവള്‍ എന്നോട് മന്ത്രിച്ചത്.
അവളുടെ ആദ്യനിയോഗം എന്റെ സ്വര്‍ഗ്ഗപ്രവേശനത്തിന്റെ അടയാളം, എന്റെ വിയോഗത്തില്‍ പരിതപിക്കുന്ന പ്രിയപ്പെട്ടവരില്‍ എത്തിക്കുകയാണത്രേ!