Malayalam Poem: പലായനത്തിന്റെ രണ്ട് കവിതകള്‍

Published : May 09, 2026, 02:27 PM IST
Poem by sujesh pp

Synopsis

ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് സുജേഷ് പി പി എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Sujesh PP

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

പലായനത്തിന്റെ രണ്ട് കവിതകള്‍

ഹേ കപ്പല്‍ യാത്രക്കാരാ
നീ ഉപേക്ഷിച്ച തുറമുഖങ്ങളിലെ
മരങ്ങളെല്ലാം പൂവിട്ടിരിക്കുന്നു


നിന്റെ കടല്‍ യാത്രയുടെ
വേഗതയെ
കാറ്റുകൊണ്ട് അളക്കുന്നു

നിന്റെ മീനുകള്‍ക്കുള്ള
പ്രണയപാരിതോഷികങ്ങളെ
കടലിന്റെ ആഴത്തിലുള്ള
കവിതപോലെ എഴുതി
സൂക്ഷിച്ചിട്ടുണ്ടൊരുപകല്‍,

നീ നിന്റെ കപ്പലിനെ
ഉപേക്ഷിച്ചേക്കുക

കരയില്‍ യുദ്ധം പുറപ്പെട്ടിട്ടുണ്ട്
ആകാശമിനിയും ചുവക്കും
കുട്ടികള്‍ പലായനത്തിന്റെ
തോണിയുണ്ടാക്കും,

പ്രീയപ്പെട്ട കപ്പല്‍ യാത്രക്കാരാ
ഒരുകുപ്പി ഉപ്പുവെള്ളം ശേഖരിച്ചേക്കുക

മുറിവിനും പ്രണയത്തിനും
ഉപ്പു പോലെ
മറ്റൊരും ലവണവും മഴയുമില്ല

പ്രീയപ്പെട്ട കപ്പല്‍യാത്രക്കാരാ
നിന്റെ തുഴയ്ക്കുള്ള
പല്‍ച്ചക്രങ്ങളെ
ഉപേക്ഷിച്ചേക്കുക

ജലത്തിന്റെ ഇന്ദ്രിയങ്ങളില്‍
സാന്ദ്രതയുടെ സ്പര്‍ശനങ്ങളില്‍
നിന്റെ കാല്‍ തൊട്ട് നനയേണ്ടതുണ്ട്

കരയുടെ യുദ്ധം
കപ്പലിന്റെ യുദ്ധം

തുറമുഖത്തെ കാവല്‍ക്കാരല്ലാം
കുട്ടികളുടെ വേഷമണിയുന്നു

കടത്തിവിടേണ്ട അമ്മമാരെ
അവര്‍ക്കിനിയും കാത്തിരിക്കേണ്ടതുണ്ട്

 

രണ്ട്

പലായനത്തിന്റെ തുറമുഖങ്ങളില്‍
അനേകം കുട്ടികളുടെ ബാഗുകള്‍
ഉപേക്ഷിച്ചിരിക്കുന്നു

പേരറിയാത്തതില്‍ നിന്ന്
അരിക് കീറിയ പെന്‍സില്‍
രാജ്യത്തിന്റെ അടയാളമാകുന്നു

ഒരു പാക്കറ്റ് റൊട്ടിക്ക്,
ഒരു പാക്കറ്റ് തൈരിന് ,
ഒരു കുപ്പിവെള്ളത്തിന്
അവരെല്ലാം കടല്‍ കടന്നിരിക്കുന്നു

മരങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി
തലതാഴ്ത്തിയിരിക്കുന്നു

താഴ്ന്ന ചില്ലയിലെ
വയലറ്റ് പൂക്കള്‍
കടല്‍ കടന്ന കുട്ടികളുടെ
ഉടുപ്പു പോലെ കരഞ്ഞുറങ്ങിപ്പോയി

അടുത്ത മണിക്കൂറിലൊരുകപ്പല്‍
തുറമുഖത്ത് എത്തേണ്ടതുണ്ട്

പ്രീയപ്പെട്ട കപ്പല്‍ യാത്രക്കാരെ
കപ്പലിന്റെ മുകള്‍ത്തട്ടിലെ
വിശേഷപ്പെട്ട പൂവിലുണ്ട്
യുദ്ധമവസാനിപ്പിക്കാനുള്ള
കുട്ടികളുടെ ഒസ്യത്ത്

അതിന്റെ രണ്ട് മടക്കുകളിലൊന്നില്‍
സൂര്യന്‍ മഞ്ഞ വിത്തുകളെ
സൂക്ഷിക്കാന്‍ ഏല്പിച്ചിട്ടുണ്ട്

 

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : നാരങ്ങാ മിട്ടായിയുടെ രുചി, ഷിഫാന സലിം എഴുതിയ ചെറുകഥ
Malayalam Short Story മരവി, സുകന്യ എസ് എഴുതിയ ചെറുകഥ