
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഉരഗം
എത്ര നിശ്ശബ്ദമായാണ് ഇഴഞ്ഞു വരുന്നത്
ആരുമറിയാത്തൊരു കോണിലേക്ക് ചുരുണ്ട് കൂടുന്നത്,
വള്ളികളെന്ന പോലെ ആലിംഗനം ചെയ്യുന്നത്,
നിലവിളികളെ ഉള്ളില്‍ത്തന്നെ അടക്കം ചെയ്യുന്നത്
ബോധ്യങ്ങളെ മായ്ച്ചു കളയുന്നത്
ചേതനയെ ഇല്ലാതാക്കുന്നത്
ദീര്‍ഘനിദ്രയിലേക്ക് കടത്തിക്കൊണ്ടുപോകുന്നത്.
എന്താണ് സംഭവിച്ചത് എന്ന് ചികഞ്ഞപ്പോള്‍
ഏറ്റവും ഒടുവിലാണ് കണ്ടെത്തിയത്
പാദങ്ങളില്‍ ഗാഢചുബനമേറ്റതു പോലെ രണ്ട് പാടുകള്‍
ഉടലില്‍ സ്‌നേഹത്തിന്റെ നീലനിറം
വിഷമായിരുന്നത്രെ.
തിരിച്ചറിയുംമുന്‍പേ പടര്‍ന്നിരുന്നു.
ഹൃദയം പൊട്ടി മരിച്ചിരുന്നു.
കഠാരയില്ലാതെ,
കഴുത്ത് മുറുക്കാതെ
ലാഘവത്തോടെയുള്ള കൊല.
തെളിവ് തിരഞ്ഞപ്പോള്‍
പൊഴിച്ചിട്ട ഒരു പടം മാത്രം.
എവിടെയായിരിക്കും അത് ഇഴഞ്ഞു പോയിട്ടുണ്ടാകുക?
കാടിറങ്ങുമ്പോള്‍
കയറിവന്നത് പോലെളുപ്പമല്ല
കാടിറങ്ങിപ്പോകല്‍.
ആരുമറിയാതാഴങ്ങളില്‍ ഇറങ്ങിയ വേരുകള്‍
മുകളിലേക്ക് തലനീട്ടി നിന്നതില്‍
പിണഞ്ഞു കാലിടറി വീണുപോയേക്കാം.
മരങ്ങളിലൂയലാടുന്ന പൂവള്ളികള്‍
ഉന്മത്തഗന്ധം പൊഴിച്ച്
ഉയിരില്‍ മുറുകിപ്പുണര്‍ന്നെന്നു വരാം.
സ്മൃതി ഞരമ്പുകള്‍ പടര്‍ന്ന
ഇലച്ചാര്‍ത്തുകളുടെ നിഴല്‍ വീണ്
വഴികളാകെ ഇരുള്‍ മൂടിയേക്കാം .
മുള്‍വേലിപ്പടര്‍പ്പുകള്‍ ഉടയാടകളില്‍ കൊളുത്തി
പിന്നിലേക്ക് വലിച്ചുവെന്നു വരാം.
വനപുഷ്പഗന്ധം പേറുന്ന കാറ്റിന്‍കരങ്ങള്‍
പിന്നിലൂടെ വന്ന് ലോലമായ്
ഉടലിനെയാകെ വട്ടം പിടിച്ചെന്നിരിക്കാം.
മുറിച്ചു കടക്കാന്‍ നോക്കുന്തോറും
കാട്ടാറിനിടയിലെ പാറക്കൂട്ടങ്ങള്‍
പരിഭവങ്ങളുടെ നുര ചിറിത്തെറിപ്പിച്ചതില്‍
വഴുതി വീണെന്നിരിക്കാം.
മുന്നോട്ട് നടക്കുന്തോറും മണ്ണ്
പാദങ്ങളെ ചുംബിച്ചു ചോപ്പിച്ച്
വലിച്ചെടുക്കാനാവാത്തവിധം
പുതഞ്ഞു പോയെന്ന് വരാം
കയറിവരുമ്പോള്‍
അടയാളം വെക്കാന്‍ മറന്നതിനാല്‍
തിരിച്ചു പോവാനുള്ള വഴി
എന്നേക്കുമായടഞ്ഞ്
ഹൃദയമുറക്കെ മിടിച്ചെന്നിരിക്കാം
നിഗൂഢരഹസ്യങ്ങളുറങ്ങുന്ന കാട്ടില്‍
പ്രണയപ്പച്ചയില്‍ തളിര്‍ത്ത
മറ്റൊരു കാട് മുളച്ചേക്കാം.
കാറ്റിലുലഞ്ഞും
മഴയില്‍ തളിര്‍ത്തും
വിടര്‍ന്നും കരിഞ്ഞും
ഋതുപ്പകര്‍ച്ചകളില്‍
മാറിമാറിയങ്ങനെ
ഒറ്റക്കാടായ് പടര്‍ന്നേക്കാം.
കാടിറങ്ങുക അസാധ്യമാവാം.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...