ശരീരങ്ങള്‍ക്ക് മാര്‍ക്കിടാന്‍ നിങ്ങളെ ആരാണ് ഏല്‍പ്പിച്ചത്?

Published : Jul 08, 2019, 04:20 PM ISTUpdated : Jul 09, 2019, 02:23 PM IST
ശരീരങ്ങള്‍ക്ക് മാര്‍ക്കിടാന്‍  നിങ്ങളെ ആരാണ് ഏല്‍പ്പിച്ചത്?

Synopsis

ബോഡി ഷെയിമിംഗ് ഉണ്ടാവുന്നത്. അമീറ അയിഷാബീഗം എഴുതുന്ന ലേഖനപരമ്പരയുടെ ആദ്യ ഭാഗം. 

അതിസാധാരണമെന്നോണം പൊതുസമൂഹം കണക്കാക്കുന്ന ഷെയിമിംഗിന്റെ ഉറവിടങ്ങള്‍ എന്തൊക്കെയാണ്? ആരാണ് സമൂഹത്തെ ഉടലഴകുകളെ സംബന്ധിച്ച ശരിതെറ്റുകള്‍ പഠിപ്പിക്കുന്നത്? നിലവിലെ സൗന്ദര്യ ധാരണകള്‍ എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത്? അതെങ്ങനെയാണ് നമ്മള്‍ തൊണ്ട തൊടാതെ, ചോദ്യം ചെയ്യാതെ വിഴുങ്ങുന്നത്? ഈ ചോദ്യങ്ങളിലേക്ക് കടക്കുമ്പോള്‍ നാമെത്തിപ്പെടുന്നത് വ്യത്യസ്തമായ ചില ഉത്തരങ്ങളിലേക്കാണ്. മറ്റാരോ അവരവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി സൃഷ്ടിക്കുന്ന ഒരു വ്യവസ്ഥയുടെ ഇരകള്‍ മാത്രമാണ് ബോഡി ഷെയിമിങ് ഇരകളും വേട്ടക്കാരുമെന്ന് സൂക്ഷ്മമായി അവലോകനം ചെയ്താല്‍ നമുക്ക് ബോധ്യമാവും. അത്തരമൊരു അന്വേഷണമാണ് ഇത്. 

'സത്യസന്ധമായി ഞാന്‍ പറയും, എന്റെ മകള്‍ ഇരുണ്ടതാണ്. അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി. അങ്ങനെ അല്ലെന്ന് ആര്‍ക്കും എന്നോട് പറയാനാവില്ല'' 

ഇത് ഷാരൂഖ് ഖാന്റെ വാക്കുകള്‍. തന്റെ മകളുടെ ശാരീരിക പ്രത്യേകതകളെ പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയായാണ്, അദ്ദേഹം മകളെ ചേര്‍ത്ത് നിര്‍ത്തി വൈകാരികമായി ഈ വാക്കുകള്‍ പങ്കുവെക്കുന്നത്.

ഷാരൂഖ് ഖാന്റെ മകളെ ബോഡി ഷെയിമിംഗിന് വിധേയമാക്കിയത് സാമൂഹ്യ മാധ്യമങ്ങളാണ്. വിധിയെഴുത്തുകാരുടെ ഇടം കൂടിയാണ് ഇപ്പോള്‍ ട്വിറ്ററും ഫേസ് ബുക്കുമെല്ലാം. ആരുടെയും ശാരീരിക സവിശേഷതകളെ താന്താങ്ങളുടെ ധാരണയ്ക്കും മുന്‍വിധിക്കും അനുസരിച്ച് പരിഹസിക്കുക അവിടെ സാധാരണം. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളെ, അതിന്റെ വൈയക്തിക പരിസരങ്ങള്‍ മനസ്സിലാക്കാതെ അഭിപ്രായം പറയുക എന്നത് അവിടെ അനുഷ്ഠാനം. അപരശരീരങ്ങളെ വിചാരണയ്ക്ക് വെച്ച് വിധി കല്‍പ്പിക്കുന്ന ഈ 'കോടതി മുറി'കളുടെ കാലത്ത് നിരന്തരം കേള്‍ക്കുന്ന വാക്കായി മാറിയിട്ടുണ്ട്, ബോഡി ഷെയിമിങ്. ആ പരിഹാസ മുനമ്പില്‍ ആരും പെടാം. എങ്കിലും, സെലിബ്രിറ്റികളാണ് കൂടുതലും ഇതിന് ഇരയാവുന്നത്. സ്വന്തം ശരീരങ്ങളെക്കുറിച്ച് കളിയാക്കലുകള്‍ക്ക് അവര്‍ നിരന്തരം സാമൂഹ്യ മാധ്യമങ്ങളില്‍ മറുപടി പറയേണ്ടി വരുന്നു. എത്രയോ സെലിബ്രിറ്റികള്‍ക്കാണ് ഈ അടുത്തകാലത്തായി സ്വയം പൊള്ളിപ്പിടഞ്ഞ് ഈ പരിഹാസശരങ്ങള്‍ക്കു മുന്നില്‍ വന്നുനില്‍ക്കേണ്ടി വന്നത്. 

.................................................................................................................................................

ഷാരൂഖ് ഖാന്റെ മകളെ ബോഡി ഷെയിമിംഗിന് വിധേയമാക്കിയത് സാമൂഹ്യ മാധ്യമങ്ങളാണ്.

 

പറഞ്ഞത് സെലിബ്രിറ്റികളുടെ കാര്യം. സോഷ്യല്‍ മീഡിയയുടെ കാര്യം. എന്നാല്‍, അവിടെ മാത്രമല്ല ബോഡി ഷെയിമിംഗ് നടക്കുന്നത്. സെലിബ്രിറ്റികള്‍ മാത്രമല്ല അതിനിരയാവുന്നതും. നമുക്ക് ചുറ്റും, നാം കൂടി പങ്കാളികളായി, നാം കൂടി ഇരകളും വേട്ടക്കാരുമായി, നിത്യജീവിത ഇടങ്ങളിലും ബോഡി ഷെയിമിംഗ് കാലങ്ങളായി നടന്നുപോരുന്നു. അത് വീടകങ്ങളിലാവാം, ക്ലാസ് മുറികളിലാവാം, ഓഫീസുകളിലാവാം, പൊതു ഇടങ്ങളിലാവാം. സൗന്ദര്യം എന്ന് തങ്ങള്‍ക്കു തോന്നുന്ന ഒന്നില്‍നിന്ന് മാറിനില്‍ക്കുന്ന ആരെയും ബോഡിഷെയിമിംഗ് നടത്താന്‍ അധികാരമുണ്ടെന്ന മട്ടില്‍ നില്‍ക്കുന്നത് പൊതുസമൂഹമാണ്. അതിനടിസ്ഥാനം  നിറമാവാം, ശരീര വലുപ്പമാവാം, ഉടലളവുകളാവാം, ജാതീയമായ വേര്‍തിരിവുകളാവാം, സാമൂഹ്യധാരണകളുടെ ലംഘനമാവാം എന്തും ബോഡി ഷെയിമിംഗിനുള്ള കാരണമാവുന്നു.  അതിനിരയാവുന്നവര്‍ സദാ അപമാനിതരായി കഴിയുന്നു. തങ്ങളുടേതല്ലാത്ത തെറ്റുകളാല്‍ ജീവിതത്തിലുടനീളം മാനസിക സംഘര്‍ഷങ്ങള്‍ക്ക് വിധേയമാവുന്നു. രക്ഷാ മാര്‍ഗങ്ങളില്ലാത്ത ഉടല്‍ കെണികളില്‍ ജീവിതം കഴിച്ചുകൂട്ടേണ്ടിവരുന്നു. 

അതിസാധാരണമെന്നോണം പൊതുസമൂഹം കണക്കാക്കുന്ന ഈ പീഡനങ്ങളുടെ ഉറവിടങ്ങള്‍ എന്തൊക്കെയാണ്? ആരാണ് സമൂഹത്തെ ഉടലഴകുകളെ സംബന്ധിച്ച ശരിതെറ്റുകള്‍ പഠിപ്പിക്കുന്നത്? നിലവിലെ സൗന്ദര്യ ധാരണകള്‍ എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത്? അതെങ്ങനെയാണ് നമ്മള്‍ തൊണ്ട തൊടാതെ, ചോദ്യം ചെയ്യാതെ വിഴുങ്ങുന്നത്? ഈ ചോദ്യങ്ങളിലേക്ക് കടക്കുമ്പോള്‍ നാമെത്തിപ്പെടുന്നത് വ്യത്യസ്തമായ ചില ഉത്തരങ്ങളിലേക്കാണ്. മറ്റാരോ അവരവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി സൃഷ്ടിക്കുന്ന ഒരു വ്യവസ്ഥയുടെ ഇരകള്‍ മാത്രമാണ് ബോഡിഷെയിംഗിലെ ഇരകളും വേട്ടക്കാരുമെന്ന് സൂക്ഷ്മമായി അവലോകനം ചെയ്താല്‍ നമുക്ക് ബോധ്യമാവും. അത്തരമൊരു അന്വേഷണമാണ് ഇത്. 

.................................................................................................................................................

 എന്റെ ശരീരത്തിന് ആരും മാര്‍ക്കിടേണ്ടതില്ലെന്ന് ചങ്കൂറ്റത്തോടെ പ്രഖ്യാപിക്കുകയാണ് വിദ്യ. 

 

സെലിബ്രിറ്റികള്‍ എന്ന ടാര്‍ഗറ്റ്
ബോഡി ഷെയ്മിങ്ങിന് ഇന്ത്യയില്‍ ഏറ്റവും അധികം ഇരയായ നടിയാണ് വിദ്യാബാലന്‍. തടിച്ച ശരീര പ്രകൃതിയുടെ പേരില്‍ സ്ഥിരമായി വിമര്ശിക്കപ്പെടുന്നവള്‍. പ്രസവ ശേഷം തടികൂടിയതിന്റെ പേരില്‍ കളിയാക്കലുകള്‍ക്ക് ഇരയായവരില്‍ ഐശ്വര്യ റായ്, കരീന കപൂര്‍, ശില്പ ഷെട്ടി, സമീറ റെഡ്ഢി, ശരണ്യ മോഹന്‍,  സംവൃത സുനില്‍ എന്നിങ്ങനെ പല നടികളുമുണ്ട്.  പരിനീതി ചോപ്രയും സോനാക്ഷി സിന്‍ഹയും മീര ജാസ്മിനും എല്ലാം ഇതുപോലെ സീറോ സൈസ് അല്ലാത്തതിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ക്കിരയായവരാണ്. വിവാഹശേഷം തടികൂടിയതിന്റെ പേരില്‍ നസ്രിയ നസീം ഈയടുത്താണ് പരിഹാസത്തിനു ഇരയായത്. തടി കൂടിയതിന്റെ പേരില്‍ മാത്രമല്ല പരിഹാസം. മെലിഞ്ഞ ശരീരത്തിന്റെ പേരിലും പരിഹാസം പതിവാണ്. നടി ഇല്യാന ഡിക്രൂസ് പങ്കു വെക്കുന്നത് അത്തരമൊരനുഭവമാണ്. 

എന്നാല്‍ പല നടിമാരും അധിക്ഷേപങ്ങളോട് പ്രതികരിക്കുന്നത് ഈ വിമര്‍ശകരുടെയും ആരാധകരുടെയും സൗന്ദര്യ സങ്കല്പങ്ങള്‍ക്കനുസരിച്ചു തങ്ങളുടെ ഉടലുകളെ മെരുക്കി പ്രദര്‍ശിപ്പിച്ചാണ്. പൊതു സമൂഹം മുന്നോട്ടുവെയ്ക്കുന്ന സൗന്ദര്യ സങ്കല്പങ്ങളോട് കോംപ്രമൈസ് ചെയ്തു കൊണ്ടാണ് പലപ്പോഴും ഈ നടിമാര്‍ക്ക് ആരാധകര്‍ക്ക് മറുപടി കൊടുക്കാറുള്ളത്. 

ഇവിടെ വിദ്യ ബാലന്‍ ഒരു പടി കൂടെ മുന്നോട്ട് പോകുന്നുണ്ട്. തൊലി നിറത്തിന്റെ പേരില്‍, ശരീര ഭാരത്തിന്റെ പേരില്‍ എല്ലാം നിന്ദിക്കപ്പെടുന്നവര്‍ക്ക് വേണ്ടി സംസാരിക്കുകയാണ് അവര്‍ 'ലെറ്റ്സ് ടോക്ക് എബൗട്ട് ബോഡി ഷേമിംഗ്' എന്ന വീഡിയോയിലൂടെ. വിദ്യ ബാലന്‍ തന്നെയാണ് ഇതില്‍ പാടി അഭിനയിക്കുന്നത്. ഉടലളവുകളുടെ പേരില്‍ പരിഹസിക്കപ്പെടുന്നവരുടെ വേദനയാണ്  ഈ വീഡിയോയില്‍ അവര്‍ പങ്കുവെക്കുന്നത്. കറുത്ത ഒരു ഷാള്‍ കൊണ്ട് ശരീരം മൂടി വികാരാധീനയായി കരയുന്ന വിദ്യ ഒടുവില്‍ ആ ഷാള്‍ വലിച്ചെറിഞ്ഞ് ആത്മവിശ്വാസത്തോടെ ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ്.  എന്റെ ശരീരത്തിന് ആരും മാര്‍ക്കിടേണ്ടതില്ലെന്ന് ചങ്കൂറ്റത്തോടെ പ്രഖ്യാപിക്കുകയാണ് വിദ്യ. 

.................................................................................................................................................

ബിക്കിനി വേഷത്തില്‍ വെളിപ്പെട്ട മാറിടത്തെ പരിഹസിക്കുന്നവര്‍ക്ക് ഷമ സികന്ദർ നല്‍കിയ മറുപടി കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്

 

ബിക്കിനി വേഷത്തില്‍ വെളിപ്പെട്ട മാറിടത്തെ പരിഹസിക്കുന്നവര്‍ക്ക് ഷമ സികന്ദർ നല്‍കിയ മറുപടി കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. 'സ്ത്രീകള്‍ക്ക് മാറിടം ഉണ്ടാകും. അതാണ് അവളെ പുരുഷനില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. ഞാന്‍ സ്ത്രീയായതില്‍ നന്ദിയുള്ളവളാണ്, തീര്‍ച്ചയായും അനുഗ്രഹിക്കപ്പെട്ടവളും. അതെ,  എനിക്ക് മാറിടമുണ്ട്. അത് വളരെ മനോഹരമായ ഒന്നാണ്. നിങ്ങള്‍ക്ക് തോന്നുന്ന പേരുകളില്‍ നിങ്ങളതിനെ വിളിച്ചോളൂ.'-അവര്‍ പറയുന്നു.  

.................................................................................................................................................

ഹിലരി ഡഫ് ബോഡി ഷെയിമിങ്ങിനെ നേരിട്ടത് സ്വിം സ്യൂട്ടുമണിഞ്ഞ് കടപ്പുറത്ത് മകനെയെടുത്ത് പുറംതിരിഞ്ഞുനില്‍ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്താണ്.

 

ഹോളിവുഡ് താരങ്ങളും ബോഡിഷെയ്മിങ്ങിനു അതീതരല്ല. നടിയും ഗായികയുമായ ഹിലരി ഡഫ് ബോഡി ഷെയിമിങ്ങിനെ നേരിട്ടത് സ്വിം സ്യൂട്ടുമണിഞ്ഞ് കടപ്പുറത്ത് മകനെയെടുത്ത് പുറംതിരിഞ്ഞുനില്‍ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്താണ്. പ്രസവം ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രകടമായ ആ ചിത്രം, കളിയാക്കേണ്ടവര്‍ക്ക് വേണമെങ്കില്‍ കളിയാക്കാം എന്ന തലക്കെട്ടോട് കൂടെയാണ് ഹിലരി പോസ്റ്റ് ചെയ്തത്. ഡാന്‍സിനിടയില്‍ കുനിഞ്ഞപ്പോള്‍ വെളിവാക്കപ്പെട്ട കുടവയറിന്റെ പേരില്‍ അധിക്ഷേപിക്കപെട്ട ലേഡി ഗാഗ വിമര്‍ശകരെ  നിശ്ശബ്ദരാക്കുന്നത് 'എന്റെ ശരീരം എന്റെ അഭിമാനം' എന്ന് പറഞ്ഞു കൊണ്ടാണ്.

.................................................................................................................................................

ലേഡി ഗാഗ വിമര്‍ശകരെ  നിശ്ശബ്ദരാക്കുന്നത് 'എന്റെ ശരീരം എന്റെ അഭിമാനം' എന്ന് പറഞ്ഞു കൊണ്ടാണ്.

 

സിനിമാ താരങ്ങള്‍ മാത്രമല്ല, പൊതുസമൂഹത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ആരും അതിനിരയാവാം. രാഷ്ട്രീയത്തില്‍ ഉന്നത പദവി അലങ്കരിക്കുന്ന സ്ത്രീകള്‍പോലും  ബോഡി ഷെയ്മിങ്ങിന്റെ സ്ഥിരം ഇരകളാണ്. രാഷ്ട്രീയമായ ശത്രുതയും പക്ഷം തിരിഞ്ഞുള്ള ആക്രമണങ്ങളുമെല്ലാം അതിന് കാരണമാവുന്നു. മായാവതിയുടെ തടിയെ പരിഹസിച്ചു കൊണ്ട് പരോക്ഷമായി അവരുടെ പാര്‍ട്ടി ചിഹ്നമായ ആനയോട് ഉപമിച്ച അഖിലേഷ് യാദവും വസുന്ധരരാജാ സിന്ധ്യയുടെ തടിയെ പരിഹസിച്ചതിന്റെ പേരില്‍ മാപ്പു പറയേണ്ടി വന്ന ശരത് യാദവും എല്ലാം ഉദാഹരണങ്ങള്‍ മാത്രം. 

സൗന്ദര്യം അതേ സമയം പോസിറ്റീവ് ക്വാളിറ്റി ആയി വരുന്നതും നമ്മള്‍ കാണാറുണ്ട്. ഇന്ദിരാഗാന്ധിയും പ്രിയങ്കഗാന്ധിയും അവരുടെ നേതൃപാടവത്തിനൊപ്പം സൗന്ദര്യത്തിന്റെ പേരില്‍ എപ്പോഴും പ്രകീര്‍ത്തിക്കപ്പെടുന്നു. ഉയരവും ഒതുങ്ങിയ ശരീരവും മൂക്കും നിറവും എല്ലാം സൗന്ദര്യത്തികവായി എപ്പോഴും പരാമര്‍ശിക്കപ്പെടുന്നു. ഇത്, സൗന്ദര്യവും വ്യക്തിത്വവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. 

ശരീര ഭംഗിക്ക് മാര്‍ക്കിടാനുള്ള ന്യായാധിപരായി സ്വയം അവരോധിച്ചവര്‍ സെലിബ്രിറ്റികളെ മാത്രമല്ല ഉന്നമിടുന്നത്. അവരുടെ കുടുംബാംഗങ്ങളെ പോലും അവര്‍ വെറുതെ വിടാറില്ല. ഐശ്വര്യ റായിയുടെ മകളുടെ മെലിഞ്ഞ കാലുകള്‍ സൂം ചെയ്ത് പോളിയോ ബാധിച്ചതെന്നു പറയുന്നതും അജയ്‌ദേവ്ഗണിന്റെയും കാജോളിന്റെയും മകളെ നിറത്തിന്റെ പേരില്‍ പരിഹസിക്കുന്നതും എല്ലാം വാര്‍ത്തയായിരുന്നു. 

.................................................................................................................................................

ഇന്ദിരാഗാന്ധിയും പ്രിയങ്കഗാന്ധിയും അവരുടെ നേതൃപാടവത്തിനൊപ്പം സൗന്ദര്യത്തിന്റെ പേരില്‍ എപ്പോഴും പ്രകീര്‍ത്തിക്കപ്പെടുന്നു.

സാധാരണക്കാര്‍ ടാര്‍ഗറ്റുകളാവുന്നത്
പ്രശസ്തര്‍ മാത്രമല്ല, സാധാരണക്കാരും സോഷ്യല്‍ മീഡിയയില്‍ ബോഡി ഷെയിമിംഗിന് വിധേയമാവാറുണ്ട്. വിവാഹ ഫോട്ടോകള്‍ മുതല്‍ ഗ്രൂപ്പ് ഫോട്ടോകളും സെല്‍ഫികളും വരെ അതിന് കാരണമാവാറുണ്ട്. ആരെങ്കിലും പോസ്റ്റ് ചെയ്യുന്ന വിവാഹ ഫോട്ടോകളിലെ വരനെയും വധുവിനെയും തങ്ങളുടെ സൗന്ദര്യ സങ്കല്‍പ്പം വെച്ച് നിശിതമായി പരിഹസിക്കുന്ന പ്രവണതയാണ് അതിലേറ്റവും വ്യാപകം. തടി കൂടുതല്‍, നിറം കുറവ്, പൊക്കം കുറവ്, മുഖസൗകുമാര്യം പോരാ, ഇവര്‍ തമ്മില്‍ ചേര്‍ച്ചയില്ല എന്നിങ്ങനെ പല തരം കമന്റുകളുമായാണ് ഈ ഫോട്ടോകളെ നേരിടുന്നത്. അവ ഷെയര്‍ ചെയ്യപ്പെടുന്നത്. ട്രോളുകളാക്കപ്പെടുന്നത്. 

മലയാളം സോഷ്യല്‍ മീഡിയയില്‍ ഈയടുത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബോഡി ഷെയിമിംഗ് നവദമ്പതികളുമായി ബന്ധപ്പെട്ടാണ്.  പുതുതായി കല്യാണം കഴിഞ്ഞ ദമ്പതികളുടെ ചിത്രമാണ് ഈ ന്യായാധിപക്കൂട്ടത്തെ ഇളക്കിവിട്ടത്. വധുവിന്റെ തടിയായിരുന്നു അവര്‍ കണ്ട കുറ്റം. അവരുടെ ചിത്രങ്ങള്‍ വില കുറഞ്ഞ കമന്റുകളോടെ ഷെയര്‍ ചെയ്ത ഈ കൂട്ടങ്ങള്‍ പരിഹാസ്യമാം വിധം  അവരെ വേട്ടയാടി. അവസാനമവര്‍ക്ക് ആ ഫോട്ടോയുടെ പേരില്‍ പൊലീസിനെ സമീപിക്കേണ്ടിവന്നു. വരനെക്കാള്‍ നിറം കുറഞ്ഞ വധുവിനെ പരിഹസിച്ചു കൊണ്ട് ട്രോളുകള്‍ ഉണ്ടായതും ഇവിടെത്തന്നെ.

സമാനമാണ് ഗ്രൂപ്പ് ഫോട്ടോകളുടെ കാര്യം. പെണ്‍കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോകള്‍ കടുത്ത പുച്ഛവും പരിഹാസവും വിളിച്ചുവരുത്തുന്ന സംഭവങ്ങള്‍ പതിവാണ്. അവരുടെ നില്‍പ്പോ, ചിരിയോ, നിറമോ, തടിയോ ഒക്കെയാവാം കാരണം. തങ്ങള്‍ക്ക് പിടിക്കാത്ത എന്തിനെയും വിമര്‍ശിക്കാമെന്ന മനോഭാവം മറ്റുള്ളവരുടെ മനസ്സുകളില്‍ ആഴത്തിലുള്ള മുറിവുകളാണ് തീര്‍ക്കുന്നത് എന്ന് ഈ ആള്‍ക്കൂട്ടം മനസ്സിലാക്കുന്നേയില്ല. സെല്‍ഫികളുടെ കാര്യത്തിലുമുണ്ട് ഈ ആക്രമണ സാദ്ധ്യത. ഇതിനെ ഒരു കുറ്റകൃത്യമായി പോലും കാണാനാവാത്തവരാണ് ഏറെയും. കോമഡി ഷോകള്‍ തിന്നുജീവിക്കുന്ന ഒരു ജനതയ്ക്ക് സഹജമായ വിധം, അതിസാധാരണമായ ഒരു കാര്യമായി ബോഡിഷെയിമിംഗിനെ പരിഗണിക്കുന്ന മനോഭാവമാണ് നിലനില്‍ക്കുന്നത്. ഇതിനെതിരായി വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ ഇതിലൊക്കെ എന്താണ് പ്രശ്‌നം എന്ന് അന്തം വിടുന്ന നിഷ്‌കളങ്കരെയും സോഷ്യല്‍ മീഡിയയില്‍ കാണാം. 

.................................................................................................................................................

മായാവതിയുടെ തടിയെ പരിഹസിച്ചു കൊണ്ട് പരോക്ഷമായി അവരുടെ പാര്‍ട്ടി ചിഹ്നമായ ആനയോട് ഉപമിച്ച അഖിലേഷ് യാദവും വസുന്ധരരാജാ സിന്ധ്യയുടെ തടിയെ പരിഹസിച്ചതിന്റെ പേരില്‍ മാപ്പു പറയേണ്ടി വന്ന ശരത് യാദവും എല്ലാം ഉദാഹരണങ്ങള്‍ മാത്രം. 

ഓഫ് ലൈന്‍ ലോകത്തും ഇതുതന്നെ
ഓണ്‍ലൈനില്‍ മാത്രമല്ല, ഓഫ് ലൈന്‍ ലോകത്തും ഇതുതന്നെയാണ് സ്ഥിതി. നിറത്തിന്റെയും വണ്ണത്തിന്റെയും ജാതിയുടെയും പേരില്‍ നമ്മുടെ സ്‌കൂള്‍ കോളജ് കാമ്പസുകളില്‍ കാലങ്ങളായി നടക്കുന്നത് ബോഡിഷെയിമിംഗ് തന്നെയാണ്. 

കറുപ്പിനോടുള്ള ഇഷ്ടക്കേടും വെളുപ്പിനോടുള്ള പ്രതിപത്തിയും നമ്മുടെ നഴ്‌സറി ക്ലാസ്സുകള്‍ തൊട്ടേ നമ്മള്‍ കുത്തി വെക്കുന്നത് കൊണ്ടാണ് സ്‌കൂളില്‍ എത്തുന്ന വിശിഷ്ടാതിഥിയെ സ്വീകരിക്കാന്‍ ക്ളാസ്സിലെ വെളുപ്പും തുടിപ്പുമുള്ള കുഞ്ഞുങ്ങളെ നമ്മള്‍ തിരഞ്ഞെടുക്കുന്നത്. അവിടെ ബൊക്കെ കൊടുക്കാന്‍ ആഗ്രഹമുള്ള കുട്ടിയല്ല പകരം വെളുപ്പ് നിറം എന്ന പ്രിവിലേജ് ഉള്ള കുഞ്ഞിനെയാണ് നാം തിരഞ്ഞെടുക്കുന്നത്.

കറുത്ത കുട്ടിയെ ഒപ്പനയിലെ മണവാട്ടി ആക്കിയ എത്ര ഉദാഹരണം ഉണ്ടാകും? കറുത്തവര്‍ക്കു മണവാട്ടി ആകാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞു വെച്ചത്? ഒപ്പനയിലെ മൊഞ്ചത്തിക്കു നമ്മള്‍ അഴകളവുകള്‍ നിശ്ചയിക്കുമ്പോള്‍, 'തുമ്പപ്പൂവിന്റെ നിറം' തന്നെ ഉള്ള കുട്ടിയെ തന്നെ തിരഞ്ഞു പിടിച്ചു സ്റ്റേജില്‍ കേറ്റുന്നതിനു മുന്‍പ് നാലിഞ്ച് കനത്തില്‍ പിന്നെയും മേക്കപ്പ് ഇട്ടുകൊടുത്തു നമ്മള്‍ എന്താണ് പറഞ്ഞു വെക്കുന്നത്? വെളുത്ത തൊലിക്കാര്‍ക്ക് മാത്രമുള്ളതാണ് വിവാഹ സങ്കല്‍പ്പങ്ങള്‍ എന്ന് ആരാണ് നമ്മളെ പഠിപ്പിക്കുന്നത്? കറുത്ത തൊലിയുള്ള ഒരു കുട്ടി വളരെ നിഷ്‌കളങ്കമായി എനിക്കും മണവാട്ടിയാകണം എന്ന് പറഞ്ഞാല്‍ എങ്ങിനെ ആയിരിക്കും അത് കേള്‍ക്കുന്നവര്‍ എടുത്തിട്ടുണ്ടാകുക എന്ന് നമുക്ക് ഊഹിക്കാം. സ്റ്റാഫ് റൂമിലെ കൂട്ടച്ചിരിയും അപമാനഭാരത്തോടെ ഇറങ്ങി പോകുന്ന ഒരു പെണ്‍കൊടിയും, നിശ്ചയം, അതൊരു ഭാവനയല്ല.

എത്ര നടന വൈഭവം ഉണ്ടെങ്കിലും മേക്കപ്പ് ഇല്ലാതെ അല്ലെങ്കില്‍ വെളുപ്പിക്കാതെ നമ്മുടെ കുഞ്ഞുങ്ങള്‍ സ്റ്റേജില്‍ എത്തുമോ? എത്തിയാല്‍ വിധികര്‍ത്താക്കള്‍ അത് സ്വീകരിക്കുമോ? വെളുപ്പിക്കാതിരിക്കണമെങ്കില്‍ ഒന്നുകില്‍ ആ കുട്ടി വേലക്കാരിയോ നാടോടി സ്ത്രീയോ രാക്ഷസിയോ ഒക്കെ ആകണം. നമ്മള്‍ കണ്ട യുവജനോത്സാവ വേദികളോരോന്നും ഇതുപോലെ വെളുപ്പെന്ന മരീചികയിലേക്കു നമ്മളെ കൂട്ടികൊണ്ടു പോയിട്ടില്ലേ?

ഒരു കട ഉദ്ഘാടനത്തിന് താലം പിടിക്കാനും, സമ്മേളനങ്ങളില്‍ പ്രാര്‍ത്ഥന ആലപിക്കാനും രാഷ്ട്രീയ പാര്‍ട്ടികളുടെ ജാഥകള്‍ക്ക് ബാനര്‍ പിടിക്കാനും വരെ നമുക്ക് വെളുത്ത തരുണീമണികളെ വേണം. സ്വര്‍ണക്കടകളില്‍, വസ്ത്ര വ്യാപാര ശാലകളില്‍,വിമാനത്തില്‍, വിവാഹത്തിന് വരുന്ന അതിഥികളെ സ്വീകരിക്കാന്‍ എല്ലാം നമ്മള്‍ ഇവരെ നിരത്തി നിര്‍ത്തും. സ്ത്രീയെ ഉപഭോഗ വസ്തുക്കളാകുന്നത്തിനെതീരെ പ്രതികരിക്കുന്ന ആരുടേയും ശബ്ദം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്നു കാണാറില്ല. അതിനേക്കാളും വികൃതമായ രീതിയില്‍ ഈ പ്രദര്‍ശന രീതി കണ്ടിട്ടുള്ള വേദികളാണ് ബൗദ്ധികത ഘോഷണം ചെയ്യുന്ന സെമിനാര്‍ വേദികള്‍.

അതിഥികളെ സ്വീകരിക്കാന്‍ കേരള സാരിയും താലപ്പൊലിയുമായി നില്‍ക്കാന്‍ വെളുത്ത സുന്ദരികളെ തിരയല്‍ അക്കാദമിക സെമിനാറുകളുടെ ഒരുക്കങ്ങളില്‍ പ്രധാനമാണ്. അഴകളവുകള്‍ തികഞ്ഞ, വെളുത്തു തുടുത്ത സുന്ദരികളെ പൂച്ച നടത്തവും നടത്തിച്ചു സല്‍ക്കരിച്ചാലേ സ്വീകരണം പൂര്‍ണമാകൂ എന്ന് എവിടെയോ എഴുതി വെച്ചപോലെയാണ് സംഘാടകരുടെ പരാക്രമം. അതിഥികള്‍ക്ക് വേദിയില്‍ പൂ നല്‍കാന്‍, കുടിവെള്ളം നല്‍കാന്‍, അവര്‍ക്കു വെഞ്ചാമരം വീശാന്‍ എല്ലാം വെളുത്ത സുന്ദരികള്‍ വേണം.

അമ്പലങ്ങളില്‍ പ്രതിഷ്ഠയ്ക്കു മുന്നില്‍ ആചാരങ്ങളുടെ ഭാഗമായി താലപ്പൊലിയുമായി നില്‍ക്കുന്ന സ്ത്രീകളുണ്ട്. വിശ്വാസത്തിന്റെ പേരില്‍ അത് ചെയ്യുന്നതിനോട് എതിരുപറയുന്നില്ല. എന്നാല്‍ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരും നടന്മാരും ആള്‍ ദൈവങ്ങളും വരുമ്പോള്‍ ഇതുപോലെ തൊലി വെളുത്ത കുഞ്ഞുങ്ങളെ തേടിപിടിക്കുന്നത് എന്തിനാണ്? 

(രണ്ടാം ഭാഗം നാളെ)

...........................................................

(കടപ്പാട്: സംഘടിത മാസിക)
 

PREV
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്