അര്‍ജുന്‍ രക്ഷാദൌത്യം; ഏഴ് പകലുകള്‍ കഴിഞ്ഞു പക്ഷേ, ഇന്നും കാണാമറയത്ത്

Published : Jul 22, 2024, 11:40 PM IST
അര്‍ജുന്‍ രക്ഷാദൌത്യം; ഏഴ് പകലുകള്‍ കഴിഞ്ഞു പക്ഷേ, ഇന്നും കാണാമറയത്ത്

Synopsis

അര്‍ജുനെ കാത്ത് ഒരു നാടും വീടും മാത്രമല്ല, ഒരു സംസ്ഥാനം തന്നെയുണ്ട്. പക്ഷേ, അക്കേഷ്യാ ലോഡ് കയറ്റിയ ആ ഭരത് ബെന്‍സിന്‍റെ ലോറി മണ്ണിലെവിടെയോ പുതഞ്ഞിരിക്കുന്നു.  

ചെറുപ്പം മുതൽ വളയം പിടിച്ചാണ് അര്‍ജുൻ, തന്‍റെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളിലേക്ക് യാത്ര തുടങ്ങിയത്. കുടുംബത്തിന്‍റെ മുഴുവൻ ഭാരവുമേറ്റിയുള്ള യാത്രയിപ്പോൾ മണ്ണിൽ പൊതിഞ്ഞ് കാണാമറയത്ത് കിടക്കുന്നു. രക്ഷാപ്രവർത്തനത്തിന്‍റെ വേഗം മാത്രമേ ഇനി അർജുനെ വീടണയാൻ തുണയ്‌ക്കൂ. അപ്പോഴും അപകടം കഴിഞ്ഞ് ദിവസം ഏഴ് കഴിഞ്ഞുവെന്നത് വലിയൊരാശങ്കയായി മുകളില്‍ നില്‍ക്കുന്നു. പക്ഷേ, അര്‍ജുന്‍റെ വീടും നാടും ഇന്നും കാത്തിരിപ്പാണ്. ഒരു വിളിപ്പുറത്തിനപ്പുറത്ത് അര്‍ജുന്‍ വരുമെന്ന പ്രതീക്ഷയില്‍. 

ഒരു നാട് മുഴുവനും ഇങ്ങ് കാത്തിരിക്കുമ്പോള്‍... അങ്ങ് അകലെ എന്‍എച്ച് 66 കടന്ന് പോകുന്ന ഷിരൂരില്‍ ഗംഗാവാലി തീരത്ത് രാജ്യത്തെ സൈന്യം തന്നെ നേരിട്ട് അവന് വേണ്ടി ഊർജ്ജിതമായ തെരച്ചിലിലാണ്. പക്ഷേ... ഉറ്റവരുടെ കാത്തിരിപ്പ് എന്ന് തീരുമെന്നതിന് ഇനിയും ഒരു കൃത്യമായ സമയം പറയാറായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 

ഇങ്ങ് കോഴിക്കോട് ജില്ലയിലെ മൂടാലിക്കുഴിയിലെ അര്‍ജുന്‍റെ വീട്ട് പടിക്കലേക്ക്, അവനെ അന്വേഷിച്ചെന്നവണ്ണം പൂനൂര്‍ പുഴ പോലും കരകവിഞ്ഞെത്തി. വീട്ടിനകത്ത് തളം കെട്ടിയ ദൂഃഖം മാത്രം. മൗനം തളം കെട്ടിയ വീടായി ഇന്ന് അര്‍ജുന്‍റെ വീട് മാറിയിരിക്കുന്നു. ഷൂരൂരിനും കണ്ണാടിക്കലിനുമിടയിൽ ഫോണ്‍ കോളിലെ ഒരൊറ്റ വാക്കിന്‍റെ അകലം മാത്രം ബാക്കി. അതിനായി കാത്തിരിപ്പാണ് നാടും നാട്ടുകാരും. കഴിഞ്ഞ ദിവസങ്ങളിൽ ഇരുണ്ടു കൂടിയ ആകാശം പതുക്കെയെങ്കിലും തെളിഞ്ഞു തുടങ്ങിയത് ഇന്നാണ്. ഏഴ് പകലുകൾ കടന്ന് പോയി. പക്ഷേ കുടുംബത്തിന്‍റെ മുഖത്ത് ആശ്വാസം തെളിയാൻ ഇനിയെത്ര കാത്തിരിക്കണം? 

കരസേന തെരച്ചിൽ അവസാനിപ്പിച്ചോ? ഇനി പ്രതീക്ഷ മുങ്ങൽ വി​ദ​ഗ്ധരിലോ?

അര്‍ജുനായി തെരച്ചിൽ: വീണ്ടും സിഗ്നൽ ലഭിച്ചു; ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാൻ സാധ്യതയെന്ന് സൈന്യം

വീടുപോറ്റാൻ 21 ആം വയസ്സിൽ വളയം പിടിച്ചവനാണ് അര്‍ജുൻ. ജൂലൈ 8 ന് കോട്ടക്കലിൽ നിന്ന് ബ്രിക്‌സ്സുമായി മൈസൂരു മലവള്ളിയിലേക്ക് പോയതാണ്. അവിടെ ലോഡ് ഇറക്കി. കുശാൽ നഗറില്‍ നിന്ന് തടിയുമായി ബെൽഗമിലേക്ക്. അവിടുന്ന് അക്കേഷ്യ ലോഡുമായി 15 -ാം തിയതി വൈകീട്ട്  എടവണ്ണായ്ക്ക് തിരിച്ചു.  ആ യാത്ര 250 കിലോമീറ്റര്‍ പിന്നിട്ടപ്പോൾ ഗംഗാവാലി തീരത്തെ ലക്ഷ്മണന്‍റെ കടയ്ക്ക് അരികെ പതിവ് വിശ്രമം. ദീര്‍ഘദൂര യാത്ര പോകുന്ന ലോറികളിലെ ഡ്രൈവര്‍മാര്‍ യാത്രയുടെ ക്ഷീണം മാറ്റാനായി അല്പമൊന്ന് തല ചായ്ക്കാനും കുളിക്കാനും മറ്റുമായി നിർത്തുന്ന സ്ഥലമാണ് ലക്ഷ്മണന്‍റെ കട. കേരളത്തില്‍ നിന്നും പോകുന്ന ദീർഘദൂര സഞ്ചാരികള്‍ക്ക് ഏറെ പരിചിതമാണ് ലക്ഷ്മണന്‍റെ കടയെന്ന് അർജ്ജുന്‍റെ സുഹൃത്ത് ഷമീര്‍ പറയുന്നു. 

പതിവ് വിശ്രമത്തിനായി അര്‍ജ്ജുനും അക്കേഷ്യ ലോഡ് കയറ്റിയ വണ്ടിയുമായി അന്നും ലക്ഷ്മണിന്‍റെ കടയ്ക്ക് മുന്നില്‍ നിര്‍ത്തി. പക്ഷേ... മണിക്കൂറുകളുടെ ഇടവേളകളിൽ വീട്ടിലേക്ക് എത്തിയിരുന്ന ആ വിളികള്‍ മാത്രം ഉണ്ടായില്ല. മറു തലയ്ക്കൽ അർജുന്‍റെ ശബ്ദം കേൾക്കാതെ ഉറ്റവരുടെ കാത്തിരിപ്പ്. ഇടയ്ക്കെപ്പോഴോ ഒരു തവണ ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ ജീവന്‍റെ തുടിപ്പ് കണ്ടെത്തിയ ആശ്വസം. പിന്നാലെയാണ് അര്‍ജുന് വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുന്നതും. പിന്നെ നടന്നത്... നടക്കുന്നത് എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നു. സൈന്യം കരയിലും നദിയിലും തെരച്ചിലിലാണ്. ഏറ്റവും ഒടുവില്‍ നദിയില്‍ നിന്നും സിഗ്നല്‍ ലഭിച്ചെന്ന് സൈന്യം. പക്ഷേ... തെരഞ്ഞ് കൊണ്ടിരിക്കുന്ന ആള്‍ മാത്രം ഇപ്പോഴും കാണാമറയത്ത് തന്നെ. ആശ്വാസ വാക്കുമായി മഴ കടന്ന് വീട്ടിലേക്ക് പലരുമെത്തുന്നു. അർജുന്‍ ഉടനെ വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കുടുംബവും നാടും. 

PREV
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്