'നിറകണ്ണുകളോടെയും, ഭാരിച്ച മനസ്സോടെയുമാണ് ഞാൻ മൂത്തോൻ കണ്ടിറങ്ങിയത്...'

By Speak UpFirst Published Mar 1, 2020, 1:14 PM IST
Highlights

ഒരാളുടെ ഭാഷ എന്നത് അയാളുടെ പാരമ്പര്യത്തിന്റെ പ്രതീകമാണ്. ഒരു വാണിജ്യ താല്പര്യത്തിനു വേണ്ടിയും അത് വളച്ചൊടിക്കപ്പെട്ടുകൂടാ. നിലനിൽപ്പ് ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന അനേകം ഭാഷകളിൽ ഒരു ഭാഷയാണ് ഞങ്ങളുടേതും. 

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം. ഈ പംക്തിയില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എഴുതുന്നവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്.

അതിരുകളില്ലാത്ത ആകാശത്തിന് കീഴെ മനുഷ്യൻ സ്വന്തമായി മേൽവിലാസവും അടയാളങ്ങളും സൃഷ്ടിച്ചെടുത്തിരിക്കുന്നു. പേര്, മതം, ജാതി, വംശം, വർഗ്ഗം, ഭാഷ, സംസ്‍കാരം, വീട്, നാട് തുടങ്ങിയ എല്ലാം തന്നെ അവൻ ഉണ്ടാക്കിയെടുത്തു... കടന്നുകയറ്റം എന്ന മനുഷ്യ സഹജമായ (ഉള്ളവന് ഇല്ലാത്തവന് എതിരെയുള്ള) സ്വഭാവം, സമാധാനം നശിപ്പിച്ച് ഭൂമിയിലെ ജീവിതം യുദ്ധസമാനമാക്കി. സ്വന്തം നിലനിൽപ്പ് അടിവരയിട്ടുകൊണ്ട്, സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരുടെ അടിവേരു പിഴുതെടുക്കാനുള്ള മനുഷ്യന്റെ വ്യഗ്രത ലോകസന്തുലിതാവസ്ഥയെ തന്നെ തകർത്തുകൊണ്ടിരിക്കുന്നു. രാജ്യം അനേകം പ്രതിസന്ധികൾ നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകൾ നിര്‍മ്മിക്കപ്പെടേണ്ടത് അത്യന്താപേക്ഷികമാണ്. ഇത് നന്നേ ഉത്തരവാദിത്തത്തോടെ നിറവേറ്റുന്ന ചുരുക്കം ചില ഇന്ത്യൻ സിനിമാ സംവിധായകരിൽ രണ്ടുപേരാണ് ഗീതു മോഹൻദാസും അനുരാഗ് കശ്യപും. ലക്ഷദ്വീപിന്‍റെ സാമൂഹിക പശ്ചാത്തലത്തിൽ ഒരു സിനിമ ഉണ്ടാക്കിയെടുക്കുക, അതിൽ ഹോമോ സെക്ഷ്വാലിറ്റി ( homo-sexuality) എന്ന ആശയം വളരെ ഭംഗിയോടെ  അവതരിപ്പിക്കാൻ പറ്റുക എന്നതൊക്കെ എല്ലാവരെ കൊണ്ടും സാധിക്കുന്ന കാര്യമല്ല. അതിനു മനോധൈര്യവും, സാമൂഹിക അർപ്പണ ബോധവും ആവശ്യമാണ്.

നിവിൻ പോളി എന്ന നടന്‍റെ കരിയർ ഗ്രാഫിനെ ഉയർത്താൻ പാകതയുള്ള സിനിമയാണ് 'മൂത്തോൻ'. അഭിനേതാക്കളെ  തെരഞ്ഞെടുക്കുന്നതിൽ ഒരു വീഴ്ചയും അധികൃതർക്ക് സംഭവിച്ചിട്ടില്ല എന്നതിൽ തർക്കമില്ല. പക്ഷേ, ഒരു സിനിമ എന്ന നിലയിൽ തെറ്റായ  സന്ദേശം ഒന്നും തന്നെ മൂത്തോനിലൂടെ വിഭാവനം ചെയ്യപ്പെടുന്നില്ല എന്ന് വാദിക്കുവാൻ സാധിക്കില്ല. കാരണം മൂത്തോൻ ഒരു ഭാഷയുടെ ബലിതർപ്പണം കൂടിയായിരുന്നു.

ലക്ഷദ്വീപ് ഒരു ഒറ്റപ്പെട്ട പ്രദേശമാണ്. ആ സമൂഹത്തിന് 'കരക്കാരെ' ബഹുമാനമാണ്, അതുകൊണ്ടുതന്നെ അവരെ എളുപ്പത്തിൽ കബളിപ്പിക്കുവാൻ സാധിക്കും . കൂട്ടിച്ചേർക്കലുകൾക്ക് വിധേയമായിരിക്കുകയാണ് ഇന്ന് ലക്ഷദ്വീപിലെ ഭാഷ. അതിനു കാരണമായത് മലയാള സിനിമകളും. 'ഹണി ബീ' എന്ന സിനിമയാണ് ലക്ഷദ്വീപിൽ ചിത്രീകരിച്ച ആദ്യത്തെ സിനിമ. അതിനുമുമ്പൊന്നും അവിടെ  സിനിമാ ചിത്രീകരണത്തിന് അനുമതി ലഭിച്ചിരുന്നില്ല. പിന്നീട്  'മോസയിലെ കുതിരമീനുകൾ', 'അനാർക്കലി','പ്രണയമീനുകളുടെ കടൽ', ഏറ്റവും ഒടുവിൽ ‘മൂത്തോനും’ ലക്ഷദ്വീപിൽ വച്ച് ചിത്രീകരിക്കപ്പെടുകയുണ്ടായി.

ദ്വീപിലെ കടലിന്‍റെ മനോഹാരിത മാത്രം ഒപ്പിയെടുത്തതിനാൽ 'ഹണി ബീ' എന്ന സിനിമ നിരുപദ്രവകാരിയായിരുന്നു. എന്നാൽ 'മോസയിലെ കുതിരമീനുകൾ' തൊട്ട് കഥ മാറുകയാണ്. അതിന്റെ ഭൂപ്രകൃതിയെ പറ്റിയും, ഭാഷയെ പറ്റിയും, സംസ്‍കാരത്തെ പറ്റിയും, ഒട്ടനേകം തെറ്റായ സന്ദേശങ്ങളാണ് ഈ മലയാള സിനിമകൾ വഴി പുറത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

സിനിമകളിലൂടെ ഒരു മാറ്റവും ആൾക്കാരുടെ ചിന്താരീതിക്കു സംഭവിക്കില്ല എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ, അത് ശുദ്ധ  മണ്ടത്തരമാണ്. ജനങ്ങൾ കാണാത്തതും, കേൾക്കാത്തതുമായ സ്ഥലങ്ങളെ കുറിച്ചും, ആൾക്കാരെ കുറിച്ചും മാധ്യമങ്ങൾ വഴി ലഭിക്കുന്ന വിവരങ്ങളാണ് അവർ വിശ്വസിക്കുക. സിനിമകളിലൂടെ ആൾക്കാരെ സ്വാധീനിക്കുക എളുപ്പമാണ്. ഇലക്ഷൻ സമയത്ത് ഇറങ്ങുന്ന പ്രൊപ്പഗാണ്ട (propoganda) മൂവീസ് ഇതിനൊരുദാഹരണമാണ്. 'ക്ലാസ്സ്മേറ്റ്സ്' എന്ന സിനിമയ്ക്ക് ശേഷം കേരളത്തിലെ വർധിച്ച പൂർവ വിദ്യാർത്ഥി സംഗമങ്ങളും, 'ചാന്തുപൊട്ട് ' എന്ന സിനിമയ്ക്കുശേഷം തനിക്ക് നേരിടേണ്ടി വന്ന അപമാനങ്ങൾ, തന്നെ ആത്മഹത്യയുടെ വക്കിൽ കൊണ്ട് എത്തിച്ചിരുന്നു എന്ന് ഒരു homo-sexual സുഹൃത്ത് ഫേസ് ബുക്കിൽ കുറിച്ചതും, 'ധൂം' സിനിമയ്ക്ക് ശേഷം നടന്ന 'ധൂം മോഡൽ' മോഷണ ശ്രമങ്ങളും മറ്റും ഉദാഹരണങ്ങളിൽ ചിലതാണ്. 

അതുപോലെ ലക്ഷദ്വീപില്‍ ചിത്രീകരിക്കപ്പെട്ട സിനിമകളിലൊന്നും ലക്ഷദ്വീപിലെ പ്രശ്‍നങ്ങൾ കടന്നു വന്നിട്ടില്ല. ഗതാഗത- ആരോഗ്യ മേഖലകളിലെ പ്രശ്‍നങ്ങൾ, അടിക്കടി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികൾ, പരിസ്ഥിതി പ്രശ്‍നങ്ങൾ കരയുമായി ബന്ധപ്പെടുന്നതിലുണ്ടാകുന്ന പ്രശ്‍നങ്ങൾ, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കൽ, ജാതി വേർതിരിവ്, ഇദ്ദ സമ്പ്രദായം തുടങ്ങിയവ ചർച്ചയ്ക്ക് വിധേയമാവേണ്ടവയാണ് (ഈ പറഞ്ഞതിൽ പലതും ആണധികാര (patriarchal) സമൂഹത്തിന് ഒരു പ്രശ്നമായി തോന്നണമെന്നില്ല). 'മൂത്തോനിൽ' 'കുത്ത് റാത്തീബ്' നടക്കുമ്പോൾ പെണ്ണുങ്ങൾ ഒരു വേലിക്കപ്പുറം നിന്ന് ഇത് വീക്ഷിക്കുന്നതായി കാണിക്കുന്നുണ്ട്. സിനിമയിൽ മാത്രമേ അത് സാധ്യമാവുകയുള്ളൂ, കാരണം 'കുത്ത് റാത്തീബ്' ലക്ഷദ്വീപിൽ പെണ്ണുങ്ങൾക്ക് കാണൽ അനുവദനീയമല്ല.
                                                                                   
ഭാഷയെ കൊല്ലരുത്

ഇന്ന് ഈ പ്രപഞ്ചത്തിലുള്ള എല്ലാ ഭാഷകളും, ആചാരങ്ങളും മനുഷ്യനിർമ്മിതമാണ്.ഓരോ സംസ്കാരത്തിന്റെയും വേര് അന്വേഷിച്ചു നടന്നാൽ, അത് അന്തമില്ലാത്തൊരു യാത്രയായി പോയേക്കാം. സ്വന്തമായിട്ട് ലിപിയില്ലാത്ത ഒരു 'creole'(രണ്ടു ഭാഷകള്‍ ചേര്‍ന്നുണ്ടാകുന്ന പുതിയ ഭാഷ) ആണ് ലക്ഷദ്വീപിലെ ഭാഷ. ജസ്രി എന്ന് വിളിക്കുമെങ്കിലും, അതിന് ഔദ്യോഗികമായിട്ടൊരു പേരില്ല എന്നതാണ് സത്യം. പതിറ്റാണ്ടുകളോളം, ജീവിച്ച മണ്ണിൽ നിന്നും പുറത്താക്കപ്പെടുമോ എന്ന ആശങ്കയോടെ ഓരോ നിമിഷവും മുൾമുനയിൽ നിൽക്കുന്ന, സ്വന്തം അസ്‍തിത്വം പോലും ചോദ്യചിഹ്നമായി മാറുന്ന ഇന്നത്തെ സാഹചര്യത്തിൽ, മുസ്ലിം സമുദായക്കാരുടെ മാത്രം ജന്മദേശമായ ലക്ഷദ്വീപിന്‍റെ പാരമ്പര്യം കാത്തു സൂക്ഷിക്കുക എന്നത് ഏതൊരു ദ്വീപുകാരന്റെയും അഭിമാന പ്രശ്‍നമായി മാറിയിരിക്കുകയാണ്. ഇങ്ങനെയൊരു സന്ദർഭത്തിലാണ് 'മൂത്തോനിൽ' അവതരിപ്പിച്ച 'പുതിയ' ഭാഷ ഒരു പ്രശ്‍നമായി മാറുന്നത്. ഈ പുതിയ ഭാഷ ജസ്രി ആണെന്ന തെറ്റായ സന്ദേശമാണ് സിനിമ നൽകുന്നത്. ചില സമയങ്ങളിൽ മുഴുനീള തമിഴ് ഡയലോഗുകൾ ആണെങ്കിൽ, മറ്റു ചിലപ്പോൾ തനിമലയാളമാണ് ഉപയോഗിച്ചിരിക്കുന്നത്. ചില അവസരങ്ങളിൽ 'പ' എന്ന അക്ഷരത്തിനു പകരം 'ഫ' ചേർത്ത് പുതിയ വാക്കുകൾ സൃഷ്‍ടിക്കപ്പെട്ടിരിക്കുന്നു. സിനിമ കാണുന്ന ഒരു ലക്ഷദ്വീപുകാരന് ഈ 'സ്വന്തം ഭാഷ' മനസ്സിലാവാൻ സബ്ടൈറ്റിൽസിനെ ആശ്രയിക്കേണ്ടി വരുന്നു. ഈ ഒരു വേളയിൽ, സ്വന്തം ഭാഷയും, പാരമ്പര്യവും അഭിമാനത്തോടെ നെഞ്ചോട് ചേർത്തുകൊണ്ട് നടക്കുന്നൊരു ദ്വീപുകാരന്റെ വികാരം എന്തായിരിക്കും എന്ന്, ഈ സിനിമയ്ക്ക് ചുക്കാൻ പിടിച്ചവർ ആരും തന്നെ ചിന്തിച്ചിട്ടുണ്ടാവില്ല. പുതുതലമുറയുടെ അമിതമായ മലയാള 'അഡിക്ഷൻ' കാരണം ലക്ഷദ്വീപിലെ ഭാഷ നശിക്കാൻ തുടങ്ങുകയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള നല്ല സംവിധായകർ (എല്ലാവരേയും ഈ കൂട്ടത്തിൽ ഉൾപ്പെടുത്താൻ പറ്റില്ല), മരിച്ചു കൊണ്ടിരിക്കുന്ന ഒരു ഭാഷയെയോ, സംസ്‍കാരത്തെയോ കുഴിതോണ്ടി അടക്കാൻ മനപ്പൂർവ്വം കൂട്ടുനിന്നുകൂടാ.

മലയാളി പ്രേക്ഷകരെ ഉദ്ദേശിച്ചുണ്ടാക്കിയ സിനിമയായത് കൊണ്ടാണ് ലക്ഷദ്വീപിലെ ഭാഷയെ മാറ്റി മലയാളവും തമിഴും ചേർത്ത് പുതിയ ഭാഷയുണ്ടാക്കിയത് എന്ന ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് മുംബൈയിലെ കാമാത്തിപുരം കാണിക്കുന്ന രംഗങ്ങളിൽ ഹിന്ദിക്ക് പകരം മലയാളം ചേർത്ത ഹിന്ദിയുടെ പുതിയ രൂപം ഈ സിനിമയിൽ ഉപയോഗിച്ചില്ലാ? എല്ലാ മലയാളികൾക്കും ഹിന്ദി അറിയാം എന്നത് കൊണ്ടാണോ! അതോ, ഹിന്ദി വളച്ചൊടിച്ചാൽ  വിവരമറിയും എന്ന് പേടിച്ചിട്ടാണോ? ഒരു ഭാഷ മാറ്റി, പകരം പുതിയൊരെണ്ണം ഉണ്ടാക്കി സിനിമയിൽ അവതരിപ്പിക്കുന്നത് ആൾക്കാർക്ക് മനസ്സിലാവാനാണെങ്കിൽ  പിന്നെ സബ്ടൈറ്റിൽസിന്റെ ആവശ്യമെന്ത്? ഏതൊക്കെ ഭാഷകൾ ഇന്നേവരെ ഇതേപോലെ സിനിമാ ആവശ്യങ്ങൾക്കായി മാറ്റപ്പെട്ടിട്ടുണ്ട്? അതോ, വെറും 60000 മാത്രം വരുന്ന ജനസംഖ്യയായത്  കൊണ്ട് അവരുടെ വികാരങ്ങൾ മാനിക്കപ്പെടേണ്ടതില്ല എന്നാണോ?

ലക്ഷദ്വീപിൽ നിന്നാണ് എന്ന് പറയുമ്പോൾ ആൻഡമാനിൽ ആണോ ലക്ഷദ്വീപ് എന്ന ചോദ്യം ജെ.എൻ.യു വിലെ മുൻ professor emeritus ആയിരുന്ന ഒരാളിൽ നിന്നും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഗുജറാത്ത് അസ്സാമിലാണോ എന്ന് ചോദിക്കുന്നതിനു തുല്യമാണ് ഇതും. ഡൽഹിയിലുള്ള ഒരു മലയാളി ഡോക്ടർ ‘നിങ്ങളുടെ നാട്ടിൽ നരഭോജികളുണ്ടോ’ എന്ന് ചോദിച്ചപ്പോഴും, കരയിലുള്ള ചില സുഹൃത്തുക്കൾ 'നീ എപ്പോഴാണ് ദ്വീപിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നത്?' എന്ന് ചോദിച്ചപ്പോഴുമൊക്കെ വല്ലാതെ വിഷമിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിൽ, അവിടത്തെ ഭാഷ 'അനാർക്കലിയിലും', ' മൂത്തോനിലും' കേട്ടിട്ടുണ്ട് എന്ന് മറ്റുള്ളവർ പറയുമ്പോൾ, അതല്ല എന്റെ ഭാഷ എന്നതിന് ഒരു മുഴുനീള വിശദീകരണം പല സമയങ്ങളിലായി ഒരുപാട് ആൾക്കാർക്ക് കൊടുക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെയും ഈ പറഞ്ഞ സിനിമകളുടെ സംവിധായകരോട് വല്ലാതെ അമർഷം തോന്നിയിട്ടുണ്ട്. ഞങ്ങളെ തെറ്റായി നിര്‍വ്വചിക്കുവാനുള്ള അധികാരം നിങ്ങൾക്ക് ആരാണ് തന്നത് എന്ന് ചോദിക്കാൻ കൊതിച്ചിട്ടുണ്ട്.

ഒരാളുടെ ഭാഷ എന്നത് അയാളുടെ പാരമ്പര്യത്തിന്റെ പ്രതീകമാണ്. ഒരു വാണിജ്യ താല്പര്യത്തിനു വേണ്ടിയും അത് വളച്ചൊടിക്കപ്പെട്ടുകൂടാ. നിലനിൽപ്പ് ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന അനേകം ഭാഷകളിൽ ഒരു ഭാഷയാണ് ഞങ്ങളുടേതും. മൂത്തോൻ എന്ന സിനിമയിലെ 30 സെക്കന്റ് ദൈർഘ്യം വരുന്ന ഒരു കഥാപാത്രം മാത്രമാണ് യഥാർത്ഥത്തിൽ ജസ്രി സംസാരിക്കുന്നത് എന്നത് വേദനാജനകമാണ്. മൂത്തോനിലെ നടീ- നടന്മാരെ ഭാഷ പഠിപ്പിക്കുവാനായി ഒരു പ്രത്യേക ഭാഷാ പരിശീലന ടീം ഉണ്ടായിരുന്നു എന്ന് കേട്ടു (ഇതിൽ എത്രത്തോളം വസ്‍തുതയുണ്ടെന്നറിയില്ല) അങ്ങനെയാണെങ്കിൽ, ആ ചുമതല അവർ കൃത്യമായി നിർവ്വഹിച്ചിട്ടില്ല എന്ന് വേണം കരുതാൻ.

നിറകണ്ണുകളോടെയും, ഭാരിച്ച മനസ്സോടെയുമാണ് ഞാൻ മൂത്തോൻ കണ്ടിറങ്ങിയത്. പലരോടും സങ്കടം പറയാൻ ശ്രമിച്ചെങ്കിലും ആർക്കും ഈ ഒരു വശം മനസ്സിലായില്ല. എന്തായാലെന്താ പടം നല്ലതാണല്ലോ എന്ന് പറഞ്ഞു തുടർചർച്ച എല്ലാരും ഒഴിവാക്കി. ഒരു ഭാഷ എന്നത് ഒരു സംസ്‍കാരത്തിന്റെ കാതലാണ്. അത് നശിച്ചാൽ, ആ മണ്ണിൽ അതേവരെ ജീവിച്ച മുൻതലമുറകളുടെ ശേഷിപ്പുകളെല്ലാം തന്നെ അതോടെ മണ്ണടിയും. സ്വന്തം ഭാഷ കണ്മുന്നിൽ ഇല്ലാതായിക്കൊണ്ടിരിക്കുമ്പോഴും നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടി വരികയാണ് ഓരോ ദ്വീപുകാരനും. നടി അനു സിതാരയുടെ വാക്കുകൾ കടമെടുത്ത് പറയുകയാണെങ്കിൽ, 'ഉപ്പൂപ്പാന്റെ അടിയാധാരം' തപ്പുമ്പോഴാണ്, ഭാഷ എന്ന നിലപാടിലേക്ക് എത്തിനിൽക്കാൻ നിർബന്ധിതരായിരിക്കുകയാണ് ദ്വീപുകാർ. ഞങ്ങൾക്ക് വേണ്ടി വാക്പോര് നടത്തുവാൻ ഒരു നാവും മുന്നോട്ടു വരില്ല. എല്ലാ അർത്ഥത്തിലും ഞങ്ങൾ അനാഥരാണ്. സ്വയം ശബ്‍ദമായി മാറിയാൽ ഈ നാട് തന്നെ നഷ്ടപ്പെട്ടേക്കുമോ എന്ന ഭയം നിഴൽ വീഴ്ത്തിയ മുഖങ്ങളാണ് ഇവിടെയുള്ളത്.

(ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍നിന്നുള്ള റസീല, ജെ എന്‍ യു -വിലെ എം എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയാണ്.) 

click me!