മനുഷ്യന്റെ അഹങ്കാരത്തിനുള്ള ശിക്ഷയാണോ കൊറോണ വൈറസ്?

By corona daysFirst Published May 8, 2020, 2:07 PM IST
Highlights

കൊറോണക്കാലം. ബംഗളുരുവില്‍നിന്ന് പ്രീതി നന്ദനന്‍ എഴുതുന്നു 

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

ഒരു ഫാന്റസി പോലെയുണ്ട്. ഇടക്ക് എപ്പോഴോ കണ്ട 'ഐ ആം ലെജന്റ്' എന്ന സിനിമയിലെ രംഗങ്ങളും മനസ്സിലൂടെ കടന്നുപോകുന്നു. എങ്ങും നിശ്ശബ്ദത. അടഞ്ഞുകിടക്കുന്ന കടകമ്പോളങ്ങള്‍ പ്രേതസിനിമകളിലെ പോലെ ചിത്രം വരച്ചു നില്‍ക്കുന്നു. കാറ്റിനു പോലും ചലിക്കാന്‍ പേടി.

സ്വന്തം കൈകളെ വിശ്വാസമില്ലാതെ സോപ്പിട്ടും സാനിറ്റൈസര്‍ തേച്ചും കൈകളിലെ തൊലി അടര്‍ന്നു തുടങ്ങിയിരിക്കുന്നു. നീറ്റലുണ്ടായാലും കുഞ്ഞുങ്ങളുടെ മുഖം ഓര്‍ക്കുമ്പോള്‍ ബിസ്‌ക്കറ്റ് പാക്കറ്റും പാല്‍ പാക്കറ്റും തൈരും എന്നു വേണ്ട കവര്‍ ചെയ്ത  സകല സാധങ്ങളും സോപ്പു നിറച്ച ബക്കറ്റില്‍ മുക്കുന്നു. പ്രിയപ്പെട്ടവര്‍ക്കായുള്ള കരുതല്‍. 

ബാംഗ്ലൂര്‍ സര്‍ജാപുരയില്‍ വന്നിട്ട് ഒരു വര്‍ഷമായി. പ്രകൃതി സുന്ദരമായ ഗ്രാമം. നിരവധി അഗ്രഹാരങ്ങളും കൊച്ചുകൊച്ചമ്പലങ്ങളും ചെറുകിട മാര്‍ക്കറ്റുകളും വഴിവാണിഭക്കാരും അടങ്ങുന്ന കൊച്ചു ഗ്രാമം. എവിടെ നോക്കിയാലും മഞ്ഞ സൂര്യകാന്തികളും അരളിമരങ്ങളും ആര്യവേപ്പും നന്ത്യാര്‍വട്ടവും ചെത്തിയും ഏഴിലം പാലയും സൗരഭ്യം പൊഴിച്ചു നില്‍ക്കുന്ന കാണാം. പക്ഷേ ഇപ്പോള്‍ എവിടെയും മൗനം കനം വെച്ചിരിക്കുന്നു.

ഫ്‌ളാറ്റില്‍ ഭര്‍ത്താവും രണ്ടു കുഞ്ഞുങ്ങളുമായി കഴിയുന്നു. അപ്പാര്‍ട്‌മെന്റിന് ചുറ്റുമുള്ള പൂന്തോട്ടങ്ങളും പാര്‍ക്കുകളും വിജനമാണ്. എപ്പോഴും കുഞ്ഞുങ്ങളുടെ ശബ്ദങ്ങള്‍ അലയടിച്ചിരുന്ന അവിടം മൂകമായിരിക്കുന്നു. ആരെയും പുറത്തു കാണുന്നില്ല. ഇടയ്ക്ക് തോട്ടം നനയ്ക്കാന്‍ വരുന്ന ഗാര്‍ഡനറെ മാത്രം കാണാറുണ്ട്. രാവിലെ ഒന്‍പതു മണിയ്ക്ക് ഇവിടെയുള്ള സൂപ്പര്‍മാര്‍ക്കറ്റ് തുറക്കും. ഒരു സമയം അഞ്ചു പേര്‍ക്ക് അകത്തു കയറാം. .ഒരാള്‍ക്ക് അഞ്ചു സാധനങ്ങള്‍ വാങ്ങാം. പന്ത്രണ്ടു മണിയ്ക്ക് അടയ്ക്കും.

സായംസന്ധ്യയില്‍ കുറേ ആളുകള്‍ ചെറിയ മണിനാദത്തോടെ ലോണുകളില്‍ ഇരുന്നു ഭജന്‍ ആലപിയ്ക്കാറുണ്ട്. ഭക്തിമയമായ ആ അന്തരീക്ഷം നല്ല പോസിറ്റീവ് എനര്‍ജി നല്‍കാറുണ്ട്. ഇപ്പോള്‍ എല്ലാം നിലച്ചിരിക്കുന്നു. രാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും ശംഖനാദം ഇപ്പോഴും  ഉയര്‍ന്നു കേള്‍ക്കാറുണ്ട്. എല്ലാവരും അകം നിറയുന്ന പ്രാര്‍ത്ഥനയിലാണ്. സമസ്ത ഐശ്വര്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന.

അപ്പാര്‍ട്‌മെന്റ് മുഴുവന്‍ നിയന്ത്രണത്തിന് അതീതമായിരിക്കുന്നു. എങ്ങും തളം കെട്ടി നില്‍ക്കുന്ന നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് ഇടയ്ക്കിടെ ഉയരുന്ന കുഞ്ഞുങ്ങളുടെ കരച്ചിലുകള്‍ കേള്‍ക്കാം. എത്ര നേരം അവരെ റൂമിനുള്ളില്‍ ഇരുത്താന്‍ കഴിയും. കുഞ്ഞുങ്ങള്‍ എല്ലാവരും വീര്‍പ്പുമുട്ടി  കഴിയുകയാണ് വലിയ കുട്ടികളെ പറഞ്ഞു മനസിലാക്കാം. പക്ഷേ അതിനു കഴിയാത്തവരുടെ കരച്ചിലുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കും. പുറത്തു പോകാന്‍ കഴിയാത്തതിന്റെ വാശിയിലാണ് അവര്‍.

കുട്ടികള്‍ കാര്‍ട്ടൂണുകള്‍ കണ്ടും മടുത്തിരിയ്ക്കുന്നു. ഇടയ്‌ക്കൊന്നു ചാനല്‍ മാറ്റി ന്യൂസ് കാണും. പക്ഷേ അപ്പോഴേ ഓഫ് ചെയ്യും. കാരണം നേരുള്ള വാര്‍ത്തയാണെങ്കിലും ഇപ്പോഴതൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും ഉള്ളില്‍ തീ കോരിയിടുന്ന പോലെയാണ് തോന്നുക. 

വീട്ടില്‍ വിളിക്കുമ്പോള്‍ വലിയ ആശ്വാസമാണ്. എല്ലാവരുടെയും ശബ്ദം കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു കുളിര്‍മ. നാട്ടില്‍ പോകാന്‍ ഒരുപാട് ആഗ്രഹമുണ്ട് .ഇവിടെ നില്‍ക്കുന്തോറും മനസ്സു പിടയ്ക്കുകയാണ്. നാട്ടില്‍ ചെന്നാല്‍ എന്തുകൊണ്ടും സുരക്ഷിതര്‍ ആവുമെന്ന തോന്നല്‍ ഉറയ്ക്കുകയാണ്.എന്താവും എന്നറിയില്ല.

ലോക് ഡൗണില്‍ ഭര്‍ത്താവ് വര്‍ക്ക് ഫ്രം ഹോം ആണ് ഇപ്പോള്‍ ജോലി അധികമാണെന്ന് തോന്നുന്നു. ഓണ്‍ലൈന്‍ കോളുകളും മീറ്റിംഗുകളും വരുമ്പോള്‍, അതെല്ലാം അറ്റന്‍ഡ് ചെയ്യേണ്ടി വരുന്നത് കുഞ്ഞുങ്ങളുടെ ബഹളത്തിന് നടുവിലാണ്. ഇപ്പോള്‍ എല്ലാം സഹിക്കാന്‍ പഠിച്ചിരിക്കുന്നു.

ബാംഗ്ലൂര്‍ വീഥികളെല്ലാം വിജനമാണ് .ആകെ തുറക്കുന്നത് മെഡിക്കല്‍ ഷോപ്പുകള്‍ മാത്രം. ഉറുമ്പുകള്‍ നിരയിട്ടപോലെ വാഹനങ്ങള്‍ ഓടിക്കൊണ്ടിരുന്ന  നിരത്തുകള്‍ നിര്‍ജീവമായിരിക്കുന്നു. ഇടയ്ക്ക് ഇരമ്പിപ്പായുന്ന ആംബുലന്‍സുകളുടെ ശബ്ദം മാത്രം കേള്‍ക്കാം.

അടുക്കളയില്‍ നിന്ന് മാറി നില്‍ക്കാന്‍ സമയമില്ല. നല്ല ഭക്ഷണം വൃത്തിയായി ഒരുക്കിക്കൊണ്ടേയിരിക്കണം. ഇടയില്‍ കുന്നു കൂടുന്ന പാത്രങ്ങളും.

നാട്ടിലും എല്ലാവരുടെയും സാമീപ്യം അമ്മമാരെ സന്തോഷിപ്പിക്കുന്നു എങ്കിലും അവരുടെ അധ്വാനം കൂടിയിരിക്കുന്നു. കുട്ടികളെയും പ്രായമായവരെയും പ്രത്യേകം ശ്രദ്ധിക്കണം. പ്രഭാത ഭക്ഷണം കഴിയുമ്പോഴേക്കും ഉച്ചയ്ക്കുള്ളത് ഒരുക്കണം. വിശ്രമിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും ചായ ഒരുക്കണം. പിന്നെ അപ്പോഴേ അത്താഴത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയായി. എങ്കിലും കുടുംബം ഇപ്പോഴാണ് കൂടുമ്പോള്‍ ഇമ്പമായി മാറിയത്. 

എല്ലാവരും പ്രകൃതിയോടിണങ്ങി ലളിത സുന്ദരമായി ജീവിക്കാന്‍ പഠിച്ചു വരുന്നു. പുകമറയില്ലാതെ ഇപ്പോള്‍ നക്ഷത്രങ്ങളെ വ്യക്തമായി കാണാം. വിഷമയമില്ലാത്ത ഓക്‌സിജന്‍ ആവോളം ശ്വസിയ്ക്കാം. ഭൂമിയും ധന്യയായി. തന്നെ തുരന്നു മാറ്റാനോ പൈലുകള്‍ ആഞ്ഞിറക്കി വേദനിപ്പിക്കാനോ കുന്നുകളിടിച്ചും പാറപൊട്ടിച്ചും തന്റെ സന്തുലന സ്ഥിതി മാറ്റാനും ആരുമില്ല. ലോക്ക് ഡൗണിന്റെ രണ്ടു വശങ്ങള്‍ ആണ്  ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.

ലോക്ക് ഡൗണ്‍ എത്ര നാള്‍ തുടരുമെന്നത് ചിന്തനീയം. ഈ ഒരു സാഹചര്യത്തില്‍ മനുഷ്യര്‍ സ്വയം തന്നെ ഫീഡ് ബാക്ക് ചെയ്യുന്നത് നന്നായിരിക്കും. സൂക്ഷ്മജീവികള്‍ മുതല്‍ വന്യജീവികളെ വരെ തന്റെ ബുദ്ധിയിലും ശക്തിയിലും അധീനരാക്കി ഭൂമി തന്റേതെന്ന് തീറെഴുതിയെടുത്ത മനുഷ്യന്റെ അഹങ്കാരത്തിനുള്ള ശിക്ഷയാണോ കൊറോണ വൈറസ്?  നേടിയെടുത്ത ആധിപത്യം ഒരുകാലത്ത് ഭൂമിക്ക് അധിപധികളായിരുന്ന സൂക്ഷ്മജീവികള്‍ക്ക് തിരികെക്കൊടുക്കേണ്ടി വരുമോ?

click me!