കോവിഡ് ഭീതിയിലെ ലളിത വിവാഹങ്ങള്‍...

By corona daysFirst Published Sep 9, 2020, 5:32 PM IST
Highlights

കൊറോണക്കാലം. അടിമുടി മാറി നമ്മുടെ ജീവിതം, നമിത സുധാകര്‍ എഴുതുന്നു 

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

 

കോവിഡ് എന്ന മഹാമാരി തകര്‍ക്കാത്ത മേഖലകള്‍ ഇല്ല. വ്യവസായികം, വ്യാണിജ്യം തുടങ്ങിയ മേഖലകള്‍ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ്.  ആരോഗ്യമേഖലയ്ക്ക് മാത്രം പരിചിതമായിരുന്ന ഒരു കാലത്ത് നിന്നും മാസ്‌കുകള്‍ക്കും സാനിറ്ററൈസറുകള്‍ക്കും അവശ്യ സാധനങ്ങളുടെ പട്ടികയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നു. വ്യത്യസ്ത നിറത്തിലും തരത്തിലുമുള്ള മാസ്‌ക്കുകള്‍ ഓണ്‍ ലൈന്‍ വിപണികളുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.

സാങ്കേതികരംഗം കുറച്ചു കൂടി ശക്തി പ്രാപിച്ചിരിക്കുന്നു. ഇ- കൊമേഴ്‌സ് സ്ഥാപനങ്ങളും ഓണ്‍ലൈന്‍ കൂടിക്കാഴ്ചകളും ശരാശരി മനുഷ്യ ജീവിതത്തിന്റെ ഘടകങ്ങളായി.പക്ഷെ തൊഴില്‍ മേഖലയില്‍ ഉണ്ടായ നികത്താനാകാത്ത നഷ്ടം, ജോലിയില്ലായ്മ കുത്തനെ വര്‍ധിപ്പിച്ചു. ദൈനംദിന സമ്പാദ്യം കൊണ്ട് കുടുംബം പുലര്‍ത്തിയ ഒട്ടനവധിയാള്‍ക്കാര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുന്നു. 

ദിവസേന ഒന്നും രണ്ടും ലക്ഷങ്ങള്‍ വീതം വാടക ഈടാക്കിയ കല്യാണമണ്ഡപങ്ങളില്‍  ആളനക്കമില്ലാതായിരിക്കുന്നു. എങ്കിലും വളരെ ലളിതമായും വിവാഹം നടത്താന്‍ മലയാളിക്കറിയാമെന്ന് കോവിഡ് പഠിപ്പിച്ചു. ആയിരക്കണക്കിനാളുകളും ആഡംബരവുമില്ലെങ്കിലും വിവാഹങ്ങള്‍ മുടങ്ങുന്നില്ല, സാധാരണ കുടുംബങ്ങള്‍ക്ക് ഇത് സമാശ്വാസമാണ്. നാട്ടുകാരെന്ത് പറയുമെന്ന് കരുതി വിളിക്കാന്‍ വിട്ടു പോയവരുടെ പട്ടിക തയ്യാറാക്കണ്ട, വിവാഹമണ്ഡപങ്ങളുടെ വലിപ്പം നോക്കി ആരും നിങ്ങളുടെ സാമ്പത്തിക ശേഷി അളക്കില്ല. വളരെ ലളിതമായുള്ള വിവാഹചടങ്ങുകള്‍ സജീവമായതോട് കൂടി ആളുകള്‍ ഇത്തരം വിവാഹങ്ങളെ അംഗീകരിച്ച് തുടങ്ങി. 

അധികം ആളുകള്‍ കാണാനില്ലാത്തത് കടം വാങ്ങി സ്വര്‍ണ്ണം കൊടുക്കുന്ന പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് വലിയ ആശ്വാസമായി. ഒരു കാലത്ത് നാട്ടുകാരെ കാണിക്കുക എന്നുള്ള ഉദ്ദേശത്തോട് കൂടി മാത്രം ചെയ്തിരുന്ന കാര്യങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കാനും മറിച്ചൊന്ന് ഇരുത്തി ചിന്തിപ്പിക്കാനും കോവിഡിനു കഴിഞ്ഞു.  വധൂവരന്മാര്‍ ആവശ്യപ്പെട്ടാല്‍ക്കൂടി ലളിതമായ വിവാഹങ്ങള്‍ നടത്തി നല്‍കാന്‍ തയ്യാറാകാത്ത മാതാപിതാക്കളും ഇതിനു നിര്‍ബന്ധിതരായി. പെണ്‍ വീട്ടുകാരുടെ മുന്നിലേക്ക് നിബന്ധനകള്‍ നിരത്തിയിരുന്ന ചെക്കന്റെ വീട്ടുകാര്‍ക്ക് പ്രത്യേകിച്ച് അഭിപ്രായങ്ങള്‍ നിരത്താന്‍ സാധിക്കാതെ വന്നു. കുറച്ചു കാലം മുമ്പേ വിവാഹം കഴിച്ച പലര്‍ക്കും ഇപ്പോഴാകാമായിരുന്നു എന്ന തോന്നലുണ്ടായി. സമൂഹത്തിനെ കാണിക്കുവാന്‍ വേണ്ടി മാത്രം ചെയ്തിരുന്ന ഒരു കാര്യമാണ് ആഡംബര വിവാഹമെന്നത് അന്വര്‍ത്ഥമായി.

ആരോഗ്യമേഖല കോവിഡ് കാരണം കുറെയധികം മെച്ചപ്പെട്ടു. ഒരു രാജ്യത്ത് ആരോഗ്യമേഖലയുടെ വികസനത്തിന്റെ അനിവാര്യത മറ്റെന്തിനെക്കാളും വലുതാണെന്ന ചിന്താഗതിക്ക് കോവിഡ് കാരണമായി. അതോട് കൂടി പലയിടങ്ങളിലും പുതിയ വികസന ്രപവര്‍ത്തനങ്ങള്‍ ആരോഗ്യരംഗത്തുണ്ടായി.

വിദ്യാഭ്യാസ മേഖലയുടെ അനിശ്ചിതത്വം പക്ഷെ പുതുതലമുറയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വികസനമെത്താത്ത ഉള്‍പ്രദേശങ്ങളില്‍ ഇപ്പൊഴും ഇന്റര്‍നെറ്റും അനുബന്ധ സാങ്കേതിക വിദ്യകളും അപര്യാപ്തമാണ്. വേഗതയില്ലാത്ത ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകള്‍ ലാപ് ടോപ്പുകള്‍ തുടങ്ങിയ അവശ്യ സജ്ജീകരണങ്ങളില്ലാതെ പോയതും കുട്ടികള്‍ക്ക് പ്രശ്‌നമായി. കൂട്ടുകാരോടൊപ്പം പങ്കുവെച്ചും ഇടപഴകിയും സമയം ചിലവാക്കാന്‍ കഴിയാതെ പോയതും വിദ്യാര്‍ത്ഥി സമൂഹത്തെ വളരെ മോശമായി ബാധിച്ചു.

കോവിഡിന്റെ ഭീതിയില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍. ഒരു വിഭാഗം മേഖലകള്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മഹാമാരിയോട് പൊരുത്തപ്പെട്ട് ജീവിക്കാന്‍ സമൂഹം പര്യാപ്തമായിക്കഴിഞ്ഞു എങ്കിലും ഇതുവരെ പഠിച്ചിട്ടും പഠിപ്പിച്ചിട്ടുമില്ലാത്ത പാഠങ്ങള്‍ സ്വയം പഠിക്കാന്‍ കോവിഡ് ഒരു കാരണമായി.

click me!