ഇവിടെ വെള്ളിയാഴ്ച ചന്തകളില്‍  ഇപ്പോഴും നിയന്ത്രണങ്ങളില്ലാത്ത ആള്‍ത്തിരക്കുണ്ട്

By corona daysFirst Published May 2, 2020, 5:07 PM IST
Highlights

കൊറോണക്കാലം. അങ്ങനെയാണ് ഞങ്ങള്‍ ഹൈദരാബാദില്‍ കുടുങ്ങിയത്. അരുണ്‍ ചന്ദ്രന്‍ കെ എഴുതുന്നു

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

 

കോറോണ കാലം തുടങ്ങുമ്പോള്‍ ഹൈദരാബാദില്‍ ആയിരുന്നു. ഇവിടെ ഇത്തിരി ചുട് കൂടുതല്‍ ആണല്ലോ. അത് കൊണ്ട് പെട്ടെന്നൊന്നും വൈറസ് എത്തില്ല എന്ന പൊതു ധാരണ ഇവിടുത്തെ ആളുകള്‍ക്കും ഉണ്ടായിരുന്നു. പിന്നെ പതിയെപ്പതിയെ കേരളത്തിന് പുറത്തും രോഗവ്യാപനം ഉണ്ടാവാന്‍ തുടങ്ങി. ഇവിടെ ഉള്ള ഐടി കമ്പനികള്‍ പതിയെ വര്‍ക് അറ്റ് ഹോം സംവിധാനം ഏര്‍പ്പെടുത്തി തുടങ്ങി . പറഞ്ഞിട്ടെന്താ കാര്യം, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഞങ്ങള്‍ക്കെന്ത് വര്‍ക് അറ് ഹോം? പക്ഷെ ആ തോന്നല്‍ അധികം നീണ്ടു പോകുന്നതിനു മുന്‍പ് ജനത കര്‍ഫ്യൂ വന്നു. 

കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലെ സാധാരണ തൊഴിലാളികള്‍ ഏറിയ പങ്കും നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ളവരാണ്. അവര്‍ക്കിടയില്‍ ചെറിയ തോതില്‍ ഭയം ഉണ്ടായി. ആരും സൈറ്റില്‍ വരില്ല എന്ന് ഫോണിലൂടെ അറിയിച്ചു. 

രണ്ട് ദിവസത്തിനുള്ളില്‍ ലോക് ഡൗണ്‍ വന്നു, പിന്നീട് ടെന്‍ഷന്‍ പിടിച്ച ദിവസങ്ങള്‍ ആയിരുന്നു. പലയിടത്തു നിന്നും ഹോസ്റ്റല്‍ ഒഴിപ്പിക്കുന്ന വാര്‍ത്തകള്‍, നാട്ടിലോട്ട് പോകാന്‍ പല വഴികളും നോക്കിയെങ്കിലും ഒന്നും നടന്നില്ല. നൂറിനു മുകളില്‍ അന്തേവാസികള്‍ ഉള്ള ഞങ്ങളുടെ ഹോസ്റ്റലില്‍ ഇപ്പോള്‍ 20 പേര്‍ മാത്രമാണ്  ഉള്ളത്. അതില്‍ ഏറിയ പങ്കും അടുത്ത ആശുപത്രിയില്‍ ജോലി ചെയ്യുന്നവരും പിന്നെ ഞങ്ങളെ പോലെ നാട്ടില്‍ പോകാന്‍ പറ്റാതെ വന്ന കുറച്ചു പേരും. ഹോസ്റ്റലുടമ തന്നെയായിരുന്നു ഇവിടുത്തെ കുക്ക്. പക്ഷെ ഒരു ദിവസം രാവിലെ അദ്ദേഹത്തെ കാണുന്നില്ല. ഒരു സെക്യൂരിറ്റി പയ്യനെ കാര്യങ്ങള്‍ ഏല്‍പ്പിച്ച് അദ്ദേഹം നാട്ടില്‍ പോയിരിക്കുന്നു. ഇപ്പോഴിതാ പുതിയ പാചകക്കാരന്‍ പരീക്ഷണങ്ങള്‍ നടത്തുന്നു. 

ഏതൊരു മലയാളിയെയും പോലെ ഒരു പ്രശനം വരുമ്പോള്‍ സ്വന്തം നാട്ടില്‍ മടങ്ങി പോകാനായിരുന്നു ഞങ്ങളും ആഗ്രഹിച്ചത്. മലയാളി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ഹൈദരാബാദില്‍ മലയാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് റിപ്പോര്‍ട്ട് വരുകയും കേരളത്തിലെ ഉന്നത അധികാരികളെ ബന്ധപ്പെടുകയും ചെയ്തു. അവരില്‍ നിന്ന് ലഭിച്ച മറുപടി അനുസരിച്ച് തല്‍സ്ഥാനത്ത് തുടരാന്‍ തീരുമാനിച്ചു. 

പ്രതീക്ഷകള്‍ ഓരോന്നായി അസ്തമിച്ചപ്പോള്‍ ഞങ്ങളും ഈ സഹചര്യത്തോട് പൊരുത്തപ്പെട്ടു തുടങ്ങി. ഹോസ്റ്റലുകള്‍ ഒഴിപ്പിക്കരുത് എന്ന് പോലീസ് അറിയിപ്പ് കൊടുത്തത് വലിയ ആശ്വാസം ആയി. വൈകുന്നേരങ്ങളില്‍ വണ്ടികള്‍ കൊണ്ട് നിറയുന്ന റോഡുകള്‍ ഇപ്പോഴിതാ വിജനമായി കിടക്കുന്നു. കടകളില്‍ പലതും അടഞ്ഞു കിടക്കുന്നു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കൂടി നിന്നപ്പോള്‍ സമ്പൂര്‍ണമായി  റൂമില്‍ കുടുങ്ങിയ അവസ്ഥ. ഏതാണ് ദിവസം എന്ന് അറിയണമെങ്കില്‍ ഫോണ്‍ നോക്കേണ്ട അവസ്ഥ. 

എങ്കിലും എന്നും വാര്‍ത്തകള്‍ കാണും. കേരളത്തില്‍ ഓരോ രോഗിയും രക്ഷപ്പെട്ട വാര്‍ത്ത കാണുമ്പോള്‍ സന്തോഷവും തെല്ലു അഹങ്കാരവും ഉണ്ടാവും. അതിനു ശേഷം മാത്രമെ തെലുങ്കാനയിലെ കണക്കുകള്‍ നോക്കാറുള്ളു. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ഇവിടെ ബുധനാഴ്ച ചന്തകളില്‍ ജനം മുന്‍കരുതലുകള്‍ ഇല്ലാതെ ഇപ്പോഴും വരുന്നുണ്ട്.

ഞാന്‍ ഇതെഴുതുമ്പോള്‍ തെലുങ്കാനയിലെ രോഗികളുടെ എണ്ണം 1000 കവിയുന്നു , ആശങ്കകള്‍ക്ക് നടുവിലും പ്രതീക്ഷ കൈവിടാതെ നമുക്ക് ഒരുമിച്ച് പൊരുതാം.  എല്ലാ പ്രതിസന്ധികളും അതിജീവിച്ച് ഇനിയും നമ്മള്‍ മുന്‍പോട്ടു പോകും. അപ്പോള്‍ നാട്ടില്‍ വരണം.


കൊറോണക്കാലത്തെ കുറിപ്പുകള്‍ ഇവിടെ വായിക്കാം
 

 

click me!