ആർക്കൊക്കെ അസുഖമുണ്ടെന്നോ എത്രപേരെ ടെസ്റ്റ്‌ ചെയ്യുന്നുണ്ടെന്നോ അറിയില്ല, ഒരു നല്ല ആശുപത്രിയില്ല, എന്നിട്ടും..

By Web TeamFirst Published Apr 17, 2020, 2:18 PM IST
Highlights

കൊറോണക്കാലം. ആർക്കൊക്കെ അസുഖമുണ്ടെന്നോ എത്രപേരെ ടെസ്റ്റ്‌ ചെയ്യുന്നുണ്ടെന്നോ അറിയില്ല, ഒരു നല്ല ആശുപത്രിയില്ല, എന്നിട്ടും.. സജ്ന കെ.പി എഴുതുന്നു. 

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

കൊറോണ കാലത്തെ ഒറീസയിലെ ലോക്ക് ഡൗൺ ഏകാന്തജീവിതം വിവിധ ചലഞ്ചുകളുമായി ആനന്ദഭരിതമാക്കിക്കിക്കൊണ്ടിരിക്കുകയാണ് ഓരോ ദിവസവും. എന്നും രാവിലെ എണീക്കുമ്പോൾ ഇന്നെങ്ങനെ വൈകുന്നേരം ആക്കും എന്ന ചിന്ത മാത്രമേ ഇപ്പോ ഉള്ളൂ. എന്നിരുന്നാലും ഒറ്റദിവസം പോലും ബോറടിക്കാതെ ഇത്രയും ദിവസം കഴിഞ്ഞുപോയി. നല്ലത് മാത്രം ചിന്തിച്ചും പറഞ്ഞും ചെയ്തും ഹാപ്പി ആയി അങ്ങനെ പോവുന്നു. നെഗറ്റീവ് ചിന്തകൾ കടന്ന് വരാൻ ഒരു ഗ്യാപ് പോലും കൊടുക്കാറില്ല.

ഒറീസ്സയിൽ എത്തിയിട്ട് നാലുമാസം കഴിഞ്ഞു. പുതിയ സ്ഥലം, പരിചയമില്ലാത്ത ആളുകൾ, ഭാഷ, മലയാളികളുടെ പൊടിപോലും ഇല്ല എങ്ങനെ മുൻപോട്ടു പോവുമെന്ന് നല്ല ആശങ്ക ഉണ്ടായിരുന്നു. അതും ഒരു ചലഞ്ചായിട്ട് തന്നെ എടുത്തു. ഒരുപാട് സുഹൃത്തുക്കൾക്കിടയിൽ നിന്ന് ഇവിടെ ഒറ്റക്ക് വന്നു താമസിക്കുമ്പോൾ ശരിക്കും ചലഞ്ച് തന്നെയായിരുന്നു. പുതിയ നാടും മനുഷ്യരും പുതിയ അനുഭവങ്ങൾ തന്നെയായിരുന്നു ഇവിടെ എല്ലാം. 

അങ്ങനെ വെക്കേഷന് നാട്ടിലേക്ക് ഓടാൻവേണ്ടി കൊതിച്ചു കാത്തിരിക്കുമ്പോഴാണ് കൊറോണയുടെ വരവും തുടർന്നുള്ള ലോക് ഡൌൺ പ്രഖ്യാപനവും. ആദ്യം ഒന്ന് ഷോക്ക് ആയെങ്കിലും പിന്നെ ഒരു മഹാമാരിയെ പ്രതിരോധിക്കാൻ ഇത്തരം നടപടികൾ അത്യാവശ്യം ആണെന്ന് തിരിച്ചറിവുണ്ടായി. ഇനി അങ്ങോട്ടുള്ള ദിവസങ്ങൾ എങ്ങനെ അടിപൊളി ആക്കാം എന്നുള്ളതായി അടുത്ത ചിന്ത. ഉടൻ വരുന്നു എറ്റവും പ്രിയപ്പെട്ട സുഹൃത്ത് അജയ് ജിഷ്ണുവിന്റെ കാൾ. ആദ്യത്തെ ഓഫർ, ഈ 21 ദിവസവും 21പാട്ട് പാടി അയച്ചു തരാം എന്ന്. 21 ദിവസവും അജയ് -ന്റെ പാട്ട് കേൾക്കാലോ എന്നുള്ള സന്തോഷം ചെറുതൊന്നുമായിരുന്നില്ല. എല്ലാ ദിവസവും അത് തുടരുന്നു. 

അത്തരത്തിൽ പരസ്പരം താങ്ങും തണലുമായി കുറേ മനുഷ്യർ. പാട്ടുപാടിയും ചിത്രം വരച്ചും കഥ പറഞ്ഞും മെസ്സേജ് അയച്ചും ഫാമിലി ഗ്രൂപ്പിലെ പാട്ട് മത്സരവും ഒക്കെ ആയി ഒറ്റക്കാണെന്ന തോന്നലേ ഇല്ല. അത്രയേറെ സ്നേഹത്തോടെ കരുതലോടെ അകലങ്ങളിലെ മനുഷ്യർ. ഒട്ടും പരിചയമില്ലാത്ത ഒരു സുഹൃത്ത് ചിത്രം വരച്ച് അയച്ചു തന്നതും ഈ കൊറോണ കാലത്തെ സന്തോഷമായിരുന്നു.

ഇതിനെല്ലാം പുറമേ എഴുത്തും  വായനയും വ്യായാമവും സോഷ്യൽ മീഡിയ ചലഞ്ചുകളും ഗെയിമും ഒക്കെ ആയി ബാക്കി സമയവും കടന്ന് പോവും.  ഒറ്റക്ക് താമസിക്കുന്നത് കൊണ്ടുതന്നെ ജനലും വാതിലും ഒക്കെ അടച്ചിട്ടു സുരക്ഷിതയായി ഇരിക്കാറാണ് ഇതിനുള്ളിൽ എന്നാലും ഇടക്ക് വീടിന്റെ മുറ്റത്ത് ഇറങ്ങി കാറ്റ് കൊള്ളും. ചെടിയൊക്കെ നോക്കും. ആകാശം കാണും. ഈ സമയവും കടന്ന് പോവും നമ്മൾ അതിജീവിക്കും എന്ന് ഉറപ്പുള്ളതിനാൽ, നെഗറ്റീവ് ചിന്തകളെ കടത്തി വിടാതെ വളരെ ഹാപ്പി ആയി ലോക്ക് ഡൌൺ ജീവിതം മുൻപോട്ട് പോവുന്നു.

ഇതിനിടയിലൊക്കെ തന്നെ ചുറ്റും കൊറോണ പടർന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പോലെ ഫലപ്രദമായ പ്രതിരോധ നടപടികൾ വേറെ എവിടെയും  ഇല്ല എന്നതുകൊണ്ടുതന്നെ ചെറുതല്ലാത്ത പേടിയും ഉണ്ട്. ആർക്കൊക്കെ അസുഖം ഉണ്ടെന്നോ എത്രപേരെ ടെസ്റ്റ്‌ ചെയ്യുന്നുണ്ടെന്നോ എനിക്കറിയില്ല. താമസിക്കുന്ന സ്ഥലത്തൊന്നും ഒരു നല്ല ഹോസ്പിറ്റൽ പോലും ഇല്ല.

അസുഖം വന്നാൽ ആരെയും കാണാൻ പറ്റാതെ ഇവിടെക്കിടന്നു മരിക്കേണ്ടി വരുമല്ലോ എന്ന് ആലോചിക്കുമ്പോൾ എങ്ങനെയും നാടെത്തിയാൽ മതിയായിരുന്നു എന്ന ചിന്തയേ ഇപ്പോ ഉള്ളൂ. പ്ലേറ്റ് കൊട്ടാൻ പറഞ്ഞപ്പോൾ പ്രകടനം നടത്തുകയും ദീപം കൊളുത്താൻ പറഞ്ഞപ്പോൾ പന്തം കൊളുത്തുകയും ചെയ്ത മനുഷ്യരുടെ ഇടയിലാണല്ലോ ജീവിക്കുന്നത് എന്നാലോചിക്കുമ്പോൾ ഓരോ ദിവസവും ആ പേടി കൂടിക്കൂടി വരുന്നു.
 
ഒരു ദിവസം ജോലിക്ക് പോയില്ലെങ്കിൽ പട്ടിണി കിടന്നു മരിക്കുമോ എന്ന ആധിയിൽ മനുഷ്യന്മാർ  ജീവിക്കുന്ന, സ്വന്തം നാട്ടിലെത്താൻ കിലോമീറ്ററുകൾ നടന്നു കുഴഞ്ഞു വീണു ആളുകൾ മരിക്കുന്ന ഈ രാജ്യത്ത് പ്രിവിലേജിന്റെ അങ്ങേയറ്റത്ത് നിൽക്കുന്ന എന്റെയൊന്നും പ്രശ്നങ്ങൾ ഒരു പ്രശ്നമേയല്ലെന്ന തിരിച്ചറിവും പക്ഷേ നല്ല പോലെ ഉണ്ട്. അതിലൊക്കെ കൂടിത്തന്നെയാണ് പിടിച്ചുനിൽക്കുന്നതും. കൂടുതലപകടങ്ങളില്ലാതിരിക്കട്ടെ. ഈ നേരവും കടന്നുപോട്ടെ. 

click me!