ഇഡ്ഡലി മാവിന്റെ പായ്ക്കറ്റും വെളിച്ചണ്ണക്കുപ്പിയും സോപ്പ് വെള്ളം കൊണ്ട് തുടക്കുന്ന കാലം!

By corona daysFirst Published Apr 25, 2020, 5:39 PM IST
Highlights

കൊറോണക്കാലം. ഇനിയും മാറാത്ത പേടി. ഒമാനില്‍നിന്നും സുരേഷ് മേനോന്‍ എഴുതുന്നു

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

 

ആര്‍ജിച്ചെടുത്ത പല പ്രതിരോധ സംവിധാനങ്ങളും കൊറോണ എന്ന കുഞ്ഞന്‍ വൈറസിന്റെ മുന്നില്‍ പകച്ച് നില്‍ക്കുമ്പോള്‍, മനുഷ്യസമൂഹം മുഴുവന്‍ വലിയ ഭീതിക്ക് അടിമപ്പെട്ടു കഴിഞ്ഞു എന്നുള്ളത് സത്യമാണ്. 

ആ ഭീതി മനസ്സിലും മുഖത്തും നിറഞ്ഞു നില്‍ക്കെയാണ്  രാവിലെ വിഷുക്കണി കാണുന്നത് പോലെ ഏഷ്യാനെറ്റ് ന്യൂസ് തുറക്കുക.

അതോടെ, ഭീതിയുടെ ഗ്രാഫ് കുത്തനെ ഉയരും.  അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു. ഇറ്റലി കടുത്ത ഭീതിയില്‍, ഗള്‍ഫ് രാജ്യങ്ങളില്‍ രോഗം പടരുന്നു, അപ്പോഴാണ് മരുഭൂമിയില്‍ തെളിനീര്‍ വെള്ളം കാണും കണക്കെ അത് ചെവിയില്‍ പതിക്കുക- കേരളത്തില്‍ ഇന്ന് പുതിയ കേസുകളില്ല, രോഗം ഭേദമായവരുടെ എണ്ണം വര്‍ദ്ധിക്കുന്നു.... മനസ്സ് സ്വയം ചോദിക്കും. അപ്പോള്‍ ശരിയായ ദിശയില്‍ നീങ്ങിയാല്‍ ഈ 'കുഞ്ഞനെ 'പിടിച്ചുകെട്ടാം അല്ലെ. എന്നാല്‍ വീണ്ടും ചിന്ത കാടുകയറും. ലോകജനതയെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കാണുന്ന മലയാളിക്ക് അന്യന്റെ വേദന സ്വന്തം വേദന തന്നെയാണ്

എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത് അമേരിക്കയിലും ഇംഗ്ലണ്ടിലുമുള്ള മക്കള്‍ക്ക് മെസ്സേജയക്കലാണ്.കൂട്ടത്തില്‍ രണ്ടു മൂന്ന് തവണ എഴുതും

'പുറത്ത് പോകരുത് നന്നായി കൈകകഴുകണം'

'അച്ഛാ പേടിക്കണ്ട ഞങ്ങള്‍ സേഫാണ്, വര്‍ക്ക് ഫ്രം ഹോം ആണ് '

'എന്തെങ്കിലും അസ്വസ്ഥത തോന്നിയാല്‍ ഉടന്‍ വേണ്ടപ്പെട്ടവരുമായി ബന്ധപ്പെടണേ'

ഒരച്ഛന്റെ ആകുലത ചെറുപ്പമായ മക്കള്‍ എത്രകണ്ട് ഉള്‍ക്കൊള്ളുന്നു എന്നറിഞ്ഞുകൂടാ. എങ്കിലും അവര്‍ ധൈര്യം പകര്‍ന്നു നല്‍കും

അത് കഴിഞ്ഞാല്‍ പ്രവാസിയായ പോറ്റമ്മയുടെ വിശേഷങ്ങള്‍ അറിയാന്‍  തിരച്ചില്‍ തുടങ്ങും. കഴിഞ്ഞ മുപ്പത് വര്‍ഷമായി ജീവിത സൗഭാഗ്യങ്ങള്‍ കെട്ടിപൊക്കാന്‍   സഹായിച്ച ഒമാന്‍ എന്നനാട്ടിലെ വിശേഷങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണ്

മറ്റുള്ള ഗള്‍ഫ് മേഖലകളെ അപേക്ഷിച്ചു ഒമാന്‍ എത്രയോ ഭേദമാണെന്ന് കാണാം. ഇവിടുത്തെ ഭരണാധികാരികളുടെ സമയോചിതമായ ഇടപെടല്‍ -പോലീസ് സംവിധാനത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ശുഷ്‌കാന്തി എന്നീ കാരണങ്ങളാല്‍ കൊവിഡിനെ പിടിച്ചു നിര്‍ത്താന്‍ ഒമാന് ആകുന്നു എന്നത് ആശാവഹമാണ്. പോരാത്തതിന് പ്രവാസി സമൂഹത്തിന് നല്‍കുന്ന പിന്തുണയും ആത്മധൈര്യവും പ്രശംസനീയമാണ്. സ്വദേശിയെന്നൊ വിദേശിയെന്നോ നോക്കാതെ ഏവര്‍ക്കും കൊവിഡ് പരിശോധനയും ചികിത്സയും സൗജന്യമാക്കിയത് എടുത്ത് പറയേണ്ട ഒന്നാണ്.  ഭരണാധികാരികളോടൊപ്പം സന്നദ്ധ സംഘടനകളും കൈകോര്‍ക്കുമ്പോള്‍ പ്രവാസി സമൂഹത്തിന് അതൊരു വലിയ തണലായി മാറുന്നു

അത്യാവശ്യ സാധനങ്ങള്‍ മേടിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയാലും ആള്‍ക്കാര്‍ നന്നെ കുറവ്: എങ്ങും ഒരു ജാഗ്രത നിഴലിക്കുന്നതായി അനുഭവപ്പെടും. സാധനങ്ങള്‍ മേടിക്കാന്‍ വരുന്ന മറെറാരു കസ്റ്റമറെ കാണുമ്പോള്‍ അറിഞ്ഞോ അറിയാതെയൊ അകലം സൂക്ഷിക്കാന്‍ അറിയാതെ മനസ്സ് വെമ്പുന്ന പോലെ. എന്തോ ഒരു കരുതല്‍'.

സാധനങ്ങള്‍ മേടിച്ച് തിരിച്ച് വീട്ടിലെത്തിയാല്‍ കാര്‍ ചാവി, മൊബൈല്‍, ഫളാറ്റിന്റെ താക്കോല്‍ എന്തിന് പറയുന്നു ഇഡ്ഡലി മാവിന്റെ പായ്ക്കറ്റ്, വെളിച്ചണ്ണക്കുപ്പി, കാപ്പിപ്പൊടിയുടെ കുപ്പി, തക്കാളി, പാവയ്ക്ക എന്നിവയെല്ലാം ആദ്യം സോപ്പ് വെള്ളം കൊണ്ട് തുടച്ച് വൃത്തിയാക്കും

ഒരു തരം വല്ലാത്ത ഭീതി, അതില്‍ നിന്ന് ഉടലെടുക്കുന്ന അസാമാന്യമായ കരുതല്‍, തൊട്ടടുത്ത് ഏത് സമയവും ആക്രമിച്ച് കീഴടക്കാന്‍ കഴിവുള്ള ഒരു അദൃശ്യ ശക്തിയുണ്ടെന്ന തോന്നല്‍, അത് നല്‍കുന്ന ശ്രദ്ധയും കരുതലും. നമ്മുടെ കാലത്തെ ഇങ്ങനെ മാത്രമേ വിേശഷിപ്പിക്കാനാവൂ.  

ഈ കാലവും കടന്ന് പോകും. എന്നാലും കോവിഡ്  നമ്മെ പഠിപ്പിച്ച അച്ചടക്കവും കരുതലും ജാഗ്രതയും എന്നും നല്ല പാഠമായിരിക്കും. 

click me!