തിരിച്ചറിവിന്റെയും തിരിച്ചുപിടിക്കലിന്റെയും കാലം

By corona daysFirst Published Apr 10, 2020, 12:01 AM IST
Highlights

'കൊറോണക്കാലം. ആരോഗ്യ പ്രവര്‍ത്തകരുടെ നിതാന്ത ജാഗ്രത.ജുനൈദ് ടിപി തെന്നല എഴുതുന്നു
 

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

 

ഓരോ ദുരന്തവും ഓരോ ഓര്‍മപ്പെടുത്തലാണ്. പ്രകൃതി അതിന്റെ സ്വാഭാവിക രൂപം തിരിച്ച് പിടിക്കുക തന്നെ ചെയ്യുമെന്ന ഭീകരമായ ഓര്‍മപ്പെടുത്തല്‍. 
പ്രളയവും നിപ്പയും കടന്ന് കൊറോണയില്‍ കാലിടറാതെ അതിജീവനത്തിന്റെ പുതിയ പാഠങ്ങളെ മലയാളി അനായാസം പഠിച്ചെടുക്കുന്നുവെന്ന് വീമ്പു പറയുമ്പോഴും ജയിച്ച് തോല്‍ക്കുന്ന ഒരു സമൂഹമായി നാം മാറുന്നുണ്ടെന്നത് കാണാതെ പോകരുത്. യഥാര്‍ത്ഥത്തില്‍ പ്രൊഫ. എം. എന്‍ വിജയന്‍ മാഷ് പറയാറുള്ളതു പോലെ, വികസിച്ച് വികസിച്ച് ഇല്ലാതാവുകയായിരുന്നു നാം.

വൈക്കം മുഹമ്മദ് ബഷീറാണ് ഭൂമിയുടെ അവകാശികളെക്കുറിച്ച് നമ്മോട് ആദ്യം പറഞ്ഞത് പട്ടിയും പൂച്ചയും പിന്നെ മനുഷ്യനുമെന്ന ആഖ്യാനത്തെ മനോഹരമായി ചേര്‍ത്ത് പറയാന്‍ ബഷീറിനോളം ഔന്നിത്യത്തില്‍ എത്തിയ ഒരാളെയും നാം പിന്നീട് കണ്ടിട്ടില്ല. പ്രകൃതി മനുഷ്യനിലേക്കും മനുഷ്യന്‍ പ്രകൃതിയിലേക്കും കൂട്ടിച്ചേര്‍ക്കപ്പെട്ടതിന്റെ മാഞ്ഞുപോകാത്ത അടയാളങ്ങളെ തിരിച്ചറിയുകയാണിപ്പോള്‍ മലയാളി. പരസ്പരം കൊണ്ടും കൊടുത്തും ജീവിച്ച കാലത്ത് പ്രണയിക്കപ്പെട്ടതിന്റെ ഗൃഹാതുരത്വമുള്ള ഓര്‍മയില്‍ നിന്ന് എന്തൊക്കെയോ തിരിച്ച് കിട്ടിയതു പോലെയുണ്ട്.

ഫെയ്‌സ്ബുക്ക് കാലത്തെ മലയാളിയെ ദൂരദര്‍ശന്‍ കാലത്തേക്കും അവിടെ നിന്ന് ആകാശവാണിക്കാലത്തേക്കും എത്ര പെട്ടെന്നാണ് ഈ കൊറോണ കുടിയിരുത്തിയത്.? മട്ടനും ചിക്കനും കയ്യടിക്കിവെച്ച തീന്‍മേശയില്‍ പറമ്പിലെ ചക്കയാണിപ്പോള്‍ താരം. ചക്ക ഉപ്പേരി, ചക്ക പുഴുങ്ങിയത്, ചക്കപ്പൊരി, ചക്കക്കുരു ജ്യൂസ് അങ്ങനെ എത്രയെത്ര വിഭവങ്ങള്‍! രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും രാത്രിയുമായി തീന്‍മേശയിലെത്തുന്നത്.

അയല്‍പക്കത്തെ വീട്ടിലെ ഹാജറ താത്ത സ്വന്തം കൃഷിത്തോട്ടം ഗംഭീരമാക്കാനുള്ള പ്ലാനിലാണ്. ഹാജറ താത്ത മാത്രമല്ല ജേഷ്ഠ സഹോദരന്‍ സിദ്ധീഖ് മുഴുവന്‍ സമയവും ചെടിക്ക് വെളളം നനച്ചും പുതിയ ചെടികള്‍ വെച്ച് പിടിപ്പിച്ചും വീട്ടില്‍ ഒരു വലിയ പൂന്തോട്ടമൊരുക്കാനുള്ള ശ്രമത്തിലാണ്. മൂത്താപ്പാന്റെ വീട്ടിലിപ്പോള്‍ പെങ്ങന്മാരും ആങ്ങളമാരുമൊക്കെയായി നല്ല കൊയ്ത്താണ്. അയല്‍വാസികള്‍ക്ക് ഒക്കെ പരസ്പരം സംസാരിക്കാനും വിശേഷങ്ങള്‍ പങ്കുവെക്കാനും സമയമുണ്ട്. ഗള്‍ഫിലുള്ളവരും അയല്‍ സംസ്ഥാനത്തുള്ളവരുമൊക്കെ എപ്പോഴും ഓണ്‍ലൈനിലുമുണ്ട്.  ജീവിച്ചിരുന്നോ എന്ന് സംശയിച്ചവരൊക്കെ വീഡിയോ കാളിലും വരുന്നുണ്ട്. പാട്ടുപാടിയും പഴംകഥകള്‍ പറഞ്ഞും സ്‌കൂള്‍ പഠനകാലത്തെ നൊസ്റ്റാള്‍ജിയയുടെറ പുസ്തകം തുറക്കുകയാണ് പഴയ കൂട്ടുകാര്‍. ആധുനികതയുടെ സൗഭാഗ്യങ്ങളില്‍ നഷ്ടപ്പെട്ടു എന്ന് കരുതിയ കാലത്തെ നന്മകളെക്കൂടി കൂടെക്കൂട്ടി, മലയാളി ഒരു ഒന്നൊന്നര കേരളത്തെ നിര്‍മിക്കുകയാണിപ്പോള്‍.


അതിജീവനത്തിനായി ജാഗ്രതയോടെ നീങ്ങുന്ന ഒരു സമൂഹത്തില്‍ 'ഞങ്ങളെയൊന്നും ഈ രോഗം പിടിക്കാന്‍ പോണില്ലേ' എന്ന മട്ടില്‍ ഈ ലോക്‌ഡൌണ്‍ കാലത്തും വീട് വിട്ടിറങ്ങുന്ന വിദ്വാന്മാരായിരിക്കും നമ്മുടെ നാടിനെ പുറകോട്ട് നയിക്കുക.

ഇറ്റലിയിലെ മെഡിക്കല്‍ സൗകര്യങ്ങളോളം മികച്ചതല്ല നമ്മുടെ ആശുപത്രികള്‍. അമേരിക്കയുടെ മെഡിക്കല്‍ സയന്‍സിനോളം നാം വളര്‍ന്നിട്ടുമില്ല. എന്നിട്ടുമെങ്ങനെയാണ് നാം ഈ മഹാമാരിയെ അതിജീവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കൃത്യമായൊരു ഉത്തരം പറയാനാവാതെ 'മലയാളി പൊളിയല്ലേ' എന്ന പരസ്യ വാചകംകൊണ്ട് ലോജിക്കില്ലാതെ നമുക്ക് മറുപടി പറയാം..

പക്ഷേ വാസ്തവം നാം ഇപ്പോഴും തിരിച്ചറിയുന്നില്ല. ഒരുപക്ഷേ  നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരുടെ നിതാന്ത ജാഗ്രത ഒന്നുകൊണ്ട് മാത്രമാണ് കേരളമിപ്പോഴും കണ്ണീര്‍ കടലാവാതെ അവശേഷിക്കുന്നത്. ഈ മഹാമാരി ഒരു വന്‍ ദുരന്തമായി മാറാന്‍ അധികം സമയം ആവശ്യമില്ല.   ഐക്യരാഷ്ട്രസഭ ഈ ദുരന്തത്തെ രണ്ടാം ലോക മഹായുദ്ധത്തിന് സമാനമെന്ന് ഓര്‍മപ്പെടുത്തുമ്പോള്‍ നമുക്കത് അവഗണിക്കാനാവില്ല. ഇറ്റലിക്കും അമേരിക്കക്കും ജര്‍മനിക്കുമൊന്നും പിടിച്ചാല്‍ കിട്ടാത്തത് നമുക്ക് കിട്ടുമെന്ന് അന്ധമായി വിശ്വസിക്കരുത്. കാരണം അത്രയ്ക്ക് ദരിദ്രമാണ് നമ്മുടെ ഹോസ്പിറ്റലുകള്‍.

ഒരു മാസം മുമ്പാണ് ഉപ്പയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് സര്‍ജറിക്കായി പോകുന്നത്. സര്‍ജറി കഴിഞ്ഞു ഐ സി യുവിലേക്ക് മാറ്റിയ രണ്ടാം രാത്രിയാണ്, പുലര്‍ച്ചെ രണ്ടരയ്ക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് വന്ന്  ഉപ്പയെ വാര്‍ഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഇത്ര തിരക്കിട്ട് ഈ സമയത്ത് എന്തിനാണ് ഇങ്ങനെ ഒരു ഷിഫ്റ്റിംഗ് എന്ന ചോദ്യത്തിന് അയാളുടെ മറുപടി ഇതായിരുന്നു: ഒരു സീരിയസ് കേസുണ്ട്,  ഉപ്പയെ പെട്ടെന്ന് മാറ്റണം.' ഇത്രയേ ഒള്ളൂ നമ്മുടെ ഹോസ്പിറ്റലുകള്‍.
അത് കൊണ്ട് നമുക്ക് ജാഗ്രതയോടെ നീങ്ങാം. ഈ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കേണ്ടതുണ്ട്.

click me!