ഈ മഹാമാരിയും ശമിക്കും, കിഴക്കന്‍ കാറ്റ് അതേ ലാഘവത്തോടെ വീശും

By corona daysFirst Published Apr 11, 2020, 6:42 PM IST
Highlights

കൊറോണക്കാലം. വസൂരി, സാര്‍സ്, കൊവിഡ് കാലങ്ങളെക്കുറിച്ചുള്ള ഓര്‍മ്മ. പ്രത്യാശ. റഹീമ ശൈഖ് മുബാറക് എഴുതുന്നു
 

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.


'ഖസാക്കില്‍, ചെതലിയുടെ താഴ്വരയില്‍, കൂമന്‍കാവില്‍, അവിടെയത്രയും ജമന്തിപ്പൂക്കള്‍ വിരിഞ്ഞുപൊട്ടി. ആ മണവും കൊണ്ടു കിഴക്കാന്‍കാറ്റു വീശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങള്‍ ചുമന്നുകൊണ്ട് പറയന്മാര്‍ നടന്നു. അവരുടെ മുഖങ്ങളില്‍ വസൂരിക്കലകളുടെ പാടും പൊള്ളവുമുണ്ടായിരുന്നു... '

വായിക്കുന്ന സമയങ്ങളിലൊക്കെയും വളരെ ഭയത്തോടെ നിരാശയോടെ ഞാന്‍ ഈ ഭാഗങ്ങള്‍ വായിച്ചു തീര്‍ത്തിട്ടുണ്ട്. അപ്രതീക്ഷിതമായി ഒരു രോഗം പൊട്ടി പുറപ്പെടുമ്പോള്‍ മനുഷ്യര്‍ എത്ര നിസ്സഹായരാകുന്നു.  ഉറ്റവരുടെ തണുത്ത ശരീരങ്ങളില്‍ അവസാനമായി ഒന്ന് ചുംബിക്കാന്‍ പോലും കഴിയാത്ത ആ അവസ്ഥ എത്ര ഭികരമാണ്.  ഞാന്‍ കരുതിയിരുന്നത് ഇതെല്ലാം ഏതോ കാലത്തിന്റെ ഓര്‍മകളും ശേഷിപ്പുകളും മാത്രമാണെന്നാണ്. ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യത്തിന്റെ ഭാഗമാകുമെന്നുള്ള സങ്കല്പം പോലും എന്നില്‍ കടന്നു വന്നിട്ടുണ്ടായിരുന്നില്ല.  

എന്നിട്ട് ഞാന്‍ ഇന്നിതാ ഒരു മഹാമാരിയുടെ സംഹാരതാണ്ഡവത്തിന് ദൃസാക്ഷിയാവുന്നു.

വുഹാനില്‍ കൊറോണ പൊട്ടിപ്പുറപ്പെടുന്നു, വാര്‍ത്തകളില്‍ ഇത് നിറഞ്ഞു നില്‍ക്കുമ്പോള്‍ 2003-ലെ സാര്‍സ് കാലമാണ് ഓര്‍മയില്‍ തെളിഞ്ഞത്. അന്ന് ഞാന്‍ കുട്ടിയാണ്. അടുക്കളപുറത്തും ഉമ്മറത്തിണ്ണയിലും സംഘടിപ്പിക്കപ്പെട്ട ചില ചര്‍ച്ചകളില്‍ നിന്നും, കളികള്‍ക്കിടയില്‍ വല്ലപ്പോഴും ശ്രദ്ധയില്‍ വീഴുന്ന ടിവി വാര്‍ത്തകളില്‍ നിന്നും സാര്‍സ് എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാന്‍ പാകത്തിന് തയാറായി നില്‍ക്കുന്ന ഭൂതമോ പ്രേതമോ ഒക്കെ ആയിരുന്നു എനിക്ക്.

കൊറോണയും സാര്‍സിനെ പോലെ ഭയപ്പെടുത്തി തിരിച്ചു പോകുമെന്ന് തന്നെ ഞാന്‍ ഉറച്ചു വിശ്വസിച്ചു.

പിന്നീട് എത്ര വേഗമാണ് അത് എല്ലാ വിശ്വാസങ്ങള്‍ക്കും മീതെ പടര്‍ന്നങ്ങു കേറിയത്. മുമ്പൊന്നും അനുഭവിക്കാത്ത  ജീവിതസാഹചര്യങ്ങളിലൂടെയാണ് ഇപ്പോള്‍ ഓരോ ദിനവും തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നത്. ഞാനോ നിങ്ങളോ ഒറ്റയ്ക്ക് അനുഭവിക്കുന്നു എന്നല്ല, ഭൂഗോളത്തില്‍ മൂക്കിലും മൂലയിലും ഓരോ മനുഷ്യരും ഒരേ ചിന്തയാല്‍, ഒരേ ഭയത്താല്‍ ഭരിക്കപ്പെടുന്നു.

ജീവിതം നമ്മുടെതല്ലാത്ത നിയന്ത്രണങ്ങള്‍ക്ക് വിധയമാക്കപ്പെട്ടിരിക്കുന്നു. വളരെ സ്വാര്‍ത്ഥമായി എനിക്ക് വേണ്ടി എന്നും, ഞാന്‍ എന്നും ചിന്തിച്ചിരുന്ന അവസ്ഥയില്‍ നിന്നും എത്ര വേഗമാണ് നമ്മള്‍ നമുക്ക് വേണ്ടിയെന്നും സമൂഹത്തിന് വേണ്ടിയെന്നും ചിന്തിക്കാന്‍ പഠിച്ചത്.

വീടിനുള്ളില്‍ സൃഷ്ടിക്കപ്പെട്ട ജയിലറക്കുള്ളില്‍ ഇരുന്ന്, ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നായി വന്നെത്തുന്ന മരണത്തിന്റെ എണ്ണമറ്റ കണക്കുകള്‍ക്ക് മുന്നില്‍ നാം പരിഭ്രാന്തരാകുന്നു. ഉത്തരമില്ലാത്ത ഒരു ചോദ്യത്തിന്റെ പ്രതിസന്ധി നമ്മെ ശ്വാസം മുട്ടിക്കുന്നു.
കണ്ണെത്താദൂരത്ത് പ്രിയപ്പെട്ടവര്‍ ഒറ്റപ്പെട്ടിരിക്കുന്നു . അവര്‍ സുരക്ഷിതരാണെന്ന് വിശ്വാസം കൊണ്ട് നമുക്ക് ഓരോ നിമിഷവും തൃപ്തിപ്പെടേണ്ടി വരുന്നു.

ഇന്നലെ വരെ തിരക്കുപിടിച്ചു കിടന്നിരുന്ന, ആളുകള്‍ ഒഴിയാത്ത നിരത്തുകളൊക്കെയും ശൂന്യത തളം കെട്ടി ഇരുള്‍ പടര്‍ന്നിരിക്കുന്നു.

ഈ നിമിഷവും കടന്നുപോകും. ഒരു അവസ്ഥയും സ്ഥായി നിലനിര്‍ത്തുക പ്രകൃതിയുടെ ഭാഷയല്ല. നാളെ ഈ കൊറോണ കാലം ഒഴിയും. പ്രിയപ്പെട്ടവര്‍ അരികില്‍ എത്തും.  നഷ്ടപ്പെട്ട മനുഷ്യരുടെ കുഴിമാടങ്ങളില്‍ അനേകം ചേര്‍ത്തുപിടിക്കലുകള്‍ കൊണ്ടു പൂഞ്ചെണ്ടുകള്‍ അര്‍പ്പിക്കപ്പെടും.

പക്ഷെ ഈ നിമിഷമെന്നത് കടന്നു പോകുക തന്നെ വേണം. ഏതു നേരത്തും കടന്നെത്തി നിരാശപ്പെടുത്താന്‍ വിരസതക്ക് അവസരം കൊടുക്കാതിരിക്കണം.

സമയക്കുറവിന്റെ പേരില്‍ ഉപേക്ഷിക്കപ്പെട്ടതൊക്കെയും പൊടി തട്ടിയെടുക്കാം, നമുക്ക്. ഫോണ്‍ കോണ്‍ടാക്റ്റില്‍ ചിതലരിച്ച് കിടക്കുന്ന പഴയ സൗഹൃദങ്ങളെ മിനുക്കിയെടുക്കാം. ഷെല്‍ഫിന്റെ മൂലക്ക് മരിച്ചിരിക്കുന്ന അക്ഷരങ്ങള്‍ക്ക് വീണ്ടും വായനയുടെ ജീവന്‍ നല്‍കാം. ഈ കൊറോണക്കാലത്ത് തൊടിയില്‍ അനേകം ചെടികള്‍ പിറവി കൊള്ളട്ടെ.

അതായത്, പ്രകൃതി മനുഷ്യനില്‍ നിന്നും കാരുണ്യം ആഗ്രഹിക്കും, സ്വാന്തനം പ്രതീക്ഷിക്കും, ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും കിട്ടാതെ വരുമ്പോള്‍ അര്‍ഹിക്കുന്നതാണെന്ന ഭാവത്തില്‍ തട്ടി പറിക്കും. പക്ഷെ പ്രകൃതി തന്നെ മറുമരുന്നൊരുക്കി ആ മുറിവ് ഉണക്കുകയും ചെയ്യും.
ജാഗ്രതയോടെ നമുക്ക് ഈ കൊറോണ കാലം നേരിടാം.

ഖസാക്കിന്റെ താളുകളിലെ പ്രതീക്ഷയുടെ ആ വരികളിലേക്ക് തന്നെ വീണ്ടും കണ്ണോടിക്കുന്നു. ''മഹാമാരി ശമിച്ചുകഴിഞ്ഞിരുന്നു. കിഴക്കന്‍ കാറ്റ് പുതിയൊരു ലാഘവത്തോടെ വീശി'

അതെ ഈ മഹാമാരിയും ശമിക്കും. ലാഘവത്തോടെ കാറ്റ് വീശും. അന്ന് തെരുവുകള്‍ ശബ്ദമുഖരിതമാകും. പ്രിയപ്പെട്ടവരുടെ കൈകളും ചേര്‍ത്ത് നാം അന്ന് തെരുവോര കാഴ്ച്ചകള്‍ കാണും..

ലോകത്തിന്റെ ഒരു കോണില്‍ ഇരുന്നു ഞാന്‍ ഇതെഴുതുന്നു. ഏതോ കോണില്‍ ഇരുന്ന് നിങ്ങളിത് വായിക്കുന്നു. നോക്കു ഞാനും നിങ്ങളും കടന്നു പോകുന്നത് ഒരേ അവസ്ഥയിലൂടെയാണ്. സുരക്ഷിതരാകാം. ശരീരം കൊണ്ട് അകന്ന് ഹൃദയം കൊണ്ട് നമുക്ക് നമ്മെ ചേര്‍ത്ത് പിടിക്കാം.

click me!