പതിനാലു ദിവസം കൊണ്ട് ഒരു കുറുമ്പന്‍ കുട്ടി പ്രതിബദ്ധതയുള്ള പൗരനായി മാറിയ കഥ

By corona daysFirst Published Apr 1, 2020, 7:50 PM IST
Highlights

'കൊറോണക്കാലം: ലോകമെങ്ങുമുള്ള മലയാളികളുടെ അനുഭവക്കുറിപ്പുകള്‍ തുടരുന്നു. സുമ രാജീവ് എഴുതുന്നു

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

കൊറോണയെക്കുറിച്ചു പത്രത്തിലും വാര്‍ത്തയിലും കേള്‍ക്കുമ്പോള്‍ ഏതോ നാട്ടില്‍ അല്ലെ നമുക്ക് കുഴപ്പം ഒന്നുമല്ലല്ലോ എന്നൊരു തോന്നല്‍ ആയിരുന്നു. കേരളത്തിലെ അത്തരം രോഗികളെ കുറിച്ചു കേള്‍ക്കുമ്പോഴും നിപയെ നേരിട്ടവരല്ലെ നമ്മള്‍ എന്നൊരു അഹങ്കാരം. ഇതെല്ലാം ഒന്നു കുറഞ്ഞത് പത്തനംതിട്ടയിലെ ആദ്യവിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ ആണ്.

ഇതേ സമയത്തു തന്നെയാണ് ഒന്നരവര്‍ഷമായി വിദേശത്തുള്ള മകന്‍ ലീവില്‍ വരുന്നത്. അച്ഛനെയും അമ്മയെയും സര്‍പ്രൈസ് ആക്കാന്‍ വേണ്ടി അവരോട് പറഞ്ഞതിനു രണ്ട് ദിവസം മുന്‍പേ ടിക്കറ്റ് എടുത്തു സുഹൃത്തുക്കളുമൊത്തുള്ള പരിപാടികള്‍ പ്ലാന്‍ ചെയ്തു നാട്ടിലേക്ക് വരുന്ന ഇരുപത്തിമൂന്നുകാരന്‍. സോഷ്യല്‍മീഡിയയിലും പത്രങ്ങളിലും വരുന്ന വാര്‍ത്തകള്‍ കണ്ടു ഭയപ്പെട്ടു ടിക്കറ്റ് ക്യാന്‍സല്‍ ആക്കാന്‍ വേണ്ടി പറയുമ്പോള്‍ ആണ് അവന്റെ സര്‍പ്രൈസ് പ്ലാന്‍ പൊളിഞ്ഞത്. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യില്ല, നാട്ടിലേക്ക് വരുമെന്നവന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ നെട്ടോട്ടം ആയിരുന്നു. പേടിയും പിരിമുറുക്കവും കൂടിയപ്പോള്‍ ദിശയുടെ നമ്പറിലേക്ക് വിളിച്ചു. മൂന്നോ നാലോ വിളികള്‍ക്കു ശേഷം ഫോണ്‍ എടുത്തയാള്‍ ഞാന്‍ പറഞ്ഞത് മുഴുവനും ക്ഷമയോടെ കേട്ടു  അവന്‍ വന്നതിനു ശേഷം ചെയ്യേണ്ട കാര്യങ്ങള്‍  പറഞ്ഞു തന്നതിന് ശേഷം കോഴിക്കോട്ടെ ഹെല്‍പ് ഡെസ്‌കിന്റെ നമ്പര്‍ തന്നു അവിടെ വിളിച്ചു പറയാന്‍ പറഞ്ഞു. അവിടെയും വിളിച്ചു കാര്യങ്ങള്‍ എല്ലാം പറഞ്ഞു. കുടുംബത്തിലെ ആളുകള്‍ അവനുമായി ഒരു തരത്തിലും ബന്ധം പുലര്‍ത്തരുത് എന്നും എന്തൊക്കെ ചെയ്യണം, ചെയ്യണ്ട എന്നതിനെക്കുറിച്ചും ഒരു ചെറിയ ക്ലാസ് തന്നു. പൊട്ടച്ചോദ്യങ്ങളുടെ ഉസ്താദ് ആയ ഞാന്‍ കുറെ പൊട്ടസംശയങ്ങള്‍ ഒക്കെ ചോദിച്ചു. എല്ലാത്തിനും ഒരു മുഷിപ്പും കൂടാതെ മറുപടി പറയുകയും പേരും അഡ്രസ്സും ഫോണ്‍ നമ്പറും വാങ്ങി വെക്കുകയും ചെയ്തു..എല്ലാ സംശയങ്ങളും ദുരീകരിച്ചെങ്കിലും ചുറ്റും കേള്‍ക്കുന്ന വാര്‍ത്തകള്‍ അസ്വസ്ഥത കൂട്ടികൊണ്ടേയിരുന്നു.

ഒന്നര വര്‍ഷത്തിന് ശേഷം ഏകമകനെ കാണുകയാണ്. കെട്ടിപിടിക്കണം ഉമ്മ വെക്കണം എന്നൊക്കെയുണ്ട്. പക്ഷെ ദിശയില്‍ നിന്നും പറഞ്ഞു തന്ന പ്രോട്ടോകോള്‍ അതിനെല്ലാം തടസ്സമായി നിന്നു. വന്നയുടനെ അവന്റെ അച്ഛന്‍ അവനെ കുളിമുറിയിലേക്ക് വിടുന്നതും ബക്കറ്റില്‍ നിറച്ചു വെച്ച ഡെറ്റോള്‍വെള്ളത്തിലേക്ക് ഉടുത്ത തുണിയെല്ലാം അഴിച്ചിട്ടു കുളിച്ചു പുറത്തു വരാന്‍ പറയുന്നതും മാറി നിന്നു നോക്കിയിരുന്നു

കണക്കപിള്ള ആയത് കൊണ്ട് ലീവു എടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു എനിക്ക്. അത് കൊണ്ട് തന്നെ നിരീക്ഷണകാലയളവായ പതിനാലു ദിവസം അവനുമായി യാതൊരു വിധ ബന്ധവും ഇല്ലാതിരിക്കാന്‍ ശ്രമിച്ചത് വളരെയധികം ബുദ്ധിമുട്ടിയാണ്. അമ്മമനസ്സു ഇടക്കൊക്കെ കൈ വിട്ടു പോകാന്‍ നോക്കും. അപ്പോള്‍ ഓഫീസിലെ ദിവസക്കൂലിക്കാരായ ആളുകളെ ഓര്‍മ്മ വരും. മനസ്സിനെ പറഞ്ഞും പഠിപ്പിച്ചും പതിനാലു ദിവസം തള്ളി നീക്കിയത് പതിനാലു യുഗങ്ങള്‍ പോലെയാണ്. വീട്ടിലേക്കു ആരെയും വരാന്‍ അനുവദിക്കാതെ ഇരുന്ന ദിവസങ്ങള്‍..

ഫുട്ബാള്‍ കളിക്കണം, ചാടിയ വയര്‍ കുറക്കണം, ബോഡി ഫിറ്റ് ആക്കണം, കൂട്ടുകാരുടെ ടൂര്‍ പോകണം എന്നിങ്ങനെയുള്ള കുറെ സ്വപ്നങ്ങളുമായി വന്നിറങ്ങിയവന്‍ ആണ് പുറത്തിറങ്ങാന്‍ പറ്റാതെ ഇരിക്കുന്നത്. വീട്ടില്‍ അടഞ്ഞിരിക്കുന്നതിന്റെ മടുപ്പു അവനും ഉണ്ടായിരിക്കാം.അതുകൊണ്ടാണ് ചിലപ്പോഴൊക്കെ വീടിന്റെ മുന്നിലെ റോഡിലൂടെ ഒന്നു നടന്നു വരട്ടെ എന്നു പറയുന്നത്. പോകണ്ട എന്നു പറഞ്ഞു ഉപദേശിക്കുമ്പോള്‍, 'ഒന്നു നിര്‍ത്തുമോ' എന്നവന്‍ വിരസതയോടെ ചോദിക്കുന്നത്. പതിനാലു ദിവസം  ആ റൂമിനു പുറത്തിറങ്ങാതെ കുറുമ്പന്‍ കുട്ടിയില്‍ നിന്നു സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൗരന്‍ ആയി വളര്‍ന്നു അവന്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി.

ആ ദിവസങ്ങളില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്  പോലെ തന്നെ സോഷ്യല്‍ മീഡിയ ഡിസ്റ്റന്‍സിങ്ങും ചെയ്തു. അറിയിപ്പും അറിവും പകരുന്ന പോസ്റ്റുകള്‍ പലപ്പോഴും നമ്മുടെ ടെന്‍ഷന്‍ കൂട്ടുന്നതാണ്. ഇറ്റലിയിലെ സ്ഥിതിവിവരക്കണക്കുകള്‍ വെച്ചു കേരളത്തിന്റെ വരാന്‍ പോകുന്ന ദുസ്ഥിതിയെ കുറിച്ചുള്ള പോസ്റ്റുകള്‍ തലങ്ങും വിലങ്ങും പാറി നടക്കുന്നത് കണ്ടെങ്കിലും അതില്‍ ഒന്നു പോലും മുഴുവനായി വായിച്ചില്ല. മനസ്സിലെ ചൂളക്ക് തീ കൊടുക്കാന്‍ തോന്നാത്തത് കൊണ്ട് മാത്രം.

ദിവസവും പ്രസ് മീറ്റ് കണ്ടു. അതില്‍ പറയുന്ന കാര്യങ്ങള്‍ മാത്രം വിശ്വസിച്ചു.

മോന്‍ വന്നോ, അവനു കുഴപ്പം ഒന്നുമില്ലല്ലോ എന്ന സാധാരണ കുശലാന്വേഷണം പോലും ഹൃദയമിടിപ്പ് കൂട്ടുന്ന കാലം. ദുബായില്‍ നിന്നും വന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നു കേള്‍ക്കുമ്പോള്‍ ഒരു വിറയല്‍ അടി തൊട്ടു മുടിയോളം പായും..പിന്നെ ഫ്‌ളൈറ്റ് ഡീറ്റൈല്‍സ് കിട്ടുന്നത് വരെ ആകാംക്ഷയും പേടിയും കൊണ്ട് ഡിപ്രെഷന്‍ വരുന്നത് പോലെ തോന്നിയ ദിവസങ്ങള്‍.

ആ അവസ്ഥയിലേക്ക് പോകാതിരുന്നതിനു നന്ദി പറയുന്നത് നല്ല അയല്‍ക്കാരായ ആന്‍സിക്കും സന്ദീപിനും ആണ്.. വിദേശത്തു നിന്നു വന്നവരോട് ഫളാറ്റുകാര്‍ കാണിക്കുന്ന വിവേചനം വാര്‍ത്ത ആയ കാലത്ത അവനു ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞു  തന്ന മോറല്‍ സപ്പോര്‍ട്ടിന്റെ കരുത്തു വളരെയധികം ആണ്. പിന്നെ കോവിഡ് ഹെല്പ് ഡെസ്‌കില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകയായ അയല്‍ക്കാരിയുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും, കുടുംബസുഹൃത്തായ ശ്രീജിത്, ഇരുപതു മിനുറ്റ്  നേരത്തെ ബസ് യാത്രയില്‍ നിന്നും കൂട്ടായ, മെസ്സേജ് അയക്കാനും വിളിക്കാനും ലോകതോല്‍വി ആയ എന്നെ വിളിച്ചു നല്ല കാര്യങ്ങള്‍ മാത്രം പറയുന്ന മീര, പിന്നെ ഇടക്കിടെ ഫോണ്‍ വിളിച്ചും മെസ്സേജ് അയച്ചും അന്വേഷിച്ച ബന്ധുക്കള്‍, മനസികപിരിമുറുക്കത്തോടെ ജോലി ചെയ്യുമ്പോള്‍ വരുത്തുന്ന തെറ്റുകള്‍ ക്ഷമിച്ച  ബോസും സഹപ്രവര്‍ത്തകരും

അടുത്തും അകലെയും ഇരുന്നു പ്രാര്‍ത്ഥിച്ചവര്‍, നിങ്ങള്‍ എല്ലാം ആണ് ഈ സംഘര്‍ഷകാലം കടന്നുപോകാന്‍ ഞങ്ങള്‍ക്കു കരുത്തേകിയത്.

അവന്‍ വന്ന ഫ്ളൈറ്റില്‍ രോഗമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അത് കൊണ്ട് തന്നെ പ്രൈമറി കോണ്ടാക്ട്് ഒന്നുമില്ലാത്തത് കൊണ്ട് പതിനാലു  ദിവസത്തെ സെല്‍ഫ് ക്വാറന്റിന്‍ കഴിഞ്ഞു അവനെ ഒന്നു തൊട്ടപ്പോള്‍, നെറ്റിയില്‍ ഒരുമ്മ കൊടുത്തു അമ്മയുടെ മോന്‍ നല്ലകുട്ടി ആണല്ലോ എന്നു പറഞ്ഞപ്പോള്‍ എന്റെ മനസ്സും കണ്ണുകളും ഒരു പോലെ ആര്‍ദ്രമായിരുന്നു.

എയര്‍പോര്‍ട്ടില്‍ നിന്നും അവനോട് ഏഴു ദിവസം എന്നായിരുന്നു പറഞ്ഞത് ,പതിനാലു ദിവസം ഇരിക്കണമെന്ന് പറഞ്ഞപ്പോള്‍ മറുപടി ഇതായിരുന്നു.  'പണ്ട് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പത്തു കഴിഞ്ഞാല്‍ ഫ്രീ ആകും എന്നു പറഞ്ഞു പത്തു എത്തിയപ്പോള്‍ പ്ലസ് ടു കഴിഞ്ഞാല്‍ മതിയെന്നു പറഞ്ഞു അത് കഴിഞ്ഞപ്പോള്‍ എന്‍ജിനീയറിങ് എന്ന്. അത് പോലെ നാട്ടില്‍ വന്നപ്പോള്‍ ആദ്യം ഏഴു ദിവസം എന്നു പറഞ്ഞു, പിന്നെ 14 ദിവസം ആയി, അത് കഴിയുമ്പോള്‍ നിങ്ങള്‍ വേറെ എന്തെങ്കിലും പറയും.'

എന്തായാലും ഇപ്പോള്‍ എല്ലാവരും ലോക്ക് ഡൗണ്‍ ആയി.. എന്നാലും ലോക്ക് ഡൗണ്‍ കാലം സിനിമ കണ്ടും അവനിഷ്ടമുള്ളത് ഉണ്ടാക്കി കൊടുത്തും അടി കൂടിയും വളരെ സന്തോഷത്തോട് കൂടെ തള്ളി നീക്കുന്നു.

നമ്മള്‍ ആരും തന്നെ സുരക്ഷിതരല്ല ഇപ്പോള്‍ എങ്കിലും നിരീക്ഷണകാലത്തെ ഇങ്ങനെ സംഗ്രഹിക്കാമെന്നുതോന്നുന്നു.


'സംശയത്തിന്റെ പേരില്‍
തടവിലാക്കപ്പെട്ട
നിരപാധികളെ പോലെയാണ്
നിരീക്ഷണത്തിലിരിക്കുന്ന
ഓരോ ആളുകളും
ഒന്നുമില്ലെന്ന ഫലം കിട്ടുന്നത് വരെ
ഓരോ ദിവസവും ഉള്ളില്‍
എരിഞ്ഞു തീരുമവര്‍..'

 

'കൊറോണക്കാലം' കുറിപ്പുകള്‍:

സീനാ ശ്രീവല്‍സന്‍: ഒന്നുശ്രമിച്ചാല്‍ സമ്പര്‍ക്കവിലക്കിന്റെ ഈ കാലവും മനോഹരമാക്കാം

റഫീസ് മാറഞ്ചേരി: വൈറസിനെ മൈക്രോസ്‌കോപ്പിലെങ്കിലും  കാണാം; പ്രവാസിയുടെ ആധികളോ?

കേരളത്തിലേക്കൊഴുകിയ കൊവിഡ് രോഗികളെ വിമാനത്താവളങ്ങളില്‍ തിരിച്ചറിഞ്ഞത് ഇങ്ങനെ...

Read more at: https://www.asianetnews.com/magazine/column/corona-days-at-karippur-international-airport-by-dr-hasnath-saibin-q7yej7
കേരളത്തിലേക്കൊഴുകിയ കൊവിഡ് രോഗികളെ വിമാനത്താവളങ്ങളില്‍ തിരിച്ചറിഞ്ഞത് ഇങ്ങനെ...

Read more at: https://www.asianetnews.com/magazine/column/corona-days-at-karippur-international-airport-by-dr-hasnath-saibin-q7yej7

ഡോ. ഹസ്‌നത്ത് സൈബിന്‍: കേരളത്തിലേക്കൊഴുകിയ കൊവിഡ് രോഗികളെ വിമാനത്താവളങ്ങളില്‍ തിരിച്ചറിഞ്ഞത് ഇങ്ങനെ

സമീര്‍ ചെങ്ങമ്പള്ളി: ഇവിടെനിന്ന് നാലു കിലോമീറ്റര്‍ അകലെയായിരുന്നു സൗദിയിലെ ആദ്യ കൊവിഡ് രോഗി

അഞ്ജലി ദിലീപ്: ജീവിതം വല്ലാതെ മാറി; ഇനിയും ഇങ്ങനെ എത്ര നാളുകള്‍?

 

click me!