കൊവിഡും കടന്ന് ജീവിതത്തിനു മുന്നില്‍ അമ്പരപ്പോടെ മാമു!

By Deshantharam SeriesFirst Published Aug 5, 2020, 3:20 PM IST
Highlights

ദേശാന്തരം. കൊവിഡിനെ  അതിജീവിച്ച ഒരാള്‍. സാംസണ്‍  മാത്യു പുനലൂര്‍ എഴുതുന്നു

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

 

 

ഞാന്‍ താമസിക്കുന്ന ഗള്‍ഫിലെ ചെറുപട്ടണം ശാന്തസുന്ദരമാണ്. ഗ്രാമമെന്നോ പട്ടണമെന്നോ വേര്‍തിരിച്ചു പറയാന്‍ കഴിയാത്ത ഒരു കടലോരം. കടലും കരയും നീലാകാശവും  മലനിരകളും പരസ്പരം പുണര്‍ന്നുകിടക്കുന്ന നാട്. പവിഴപ്പുറ്റും  പഞ്ചാരമണലും ഉരുളന്‍കല്ലുകളും പച്ചപ്പും  നിറഞ്ഞ കടലോരഗ്രാമം. ശുദ്ധ അറേബ്യന്‍ ഗ്രാമസംസ്‌കാരവും   കലര്‍പ്പില്ലാത്ത ഗ്രാമനന്മകളും തുടികൊട്ടുന്ന ദേശം.  വെള്ളിയാഴ്ചകളില്‍  പട്ടണത്തിലെ മാര്‍ക്കറ്റ് രാവിലെ തന്നെ സജീവമാകും. മീന്‍ മാര്‍ക്കറ്റും പച്ചക്കറി മാര്‍ക്കറ്റും ജനങ്ങളെക്കൊണ്ട് നിറയും. വെള്ളിയാഴ്ചകളില്‍ ആണ് മിക്കവരും മീന്‍ വാങ്ങിക്കാന്‍ ഇറങ്ങുന്നത്. കടലോരപട്ടണമായതിനാല്‍ മീന്‍ മാര്‍ക്കറ്റില്‍ മത്സ്യങ്ങള്‍ ഇഷ്ടംപോലെ കിട്ടും.കോഫര്‍, ഷേരി, സാഫി, ഹമൂര്‍,  ഇങ്ങനെയുള്ള അറബിനാട്ടിലെ താരങ്ങള്‍ക്ക് ഒപ്പം നമ്മുടെ നെയ്മീനും ചൂരയും പാരയും അയലയും മത്തിയുമൊക്കെ ധാരാളം. നല്ല ഫ്രഷ് മീനുകള്‍ ചുരുങ്ങിയ വിലയ്ക്ക് കിട്ടുമെന്നതിനാല്‍ ദുബൈയില്‍ നിന്നുപോലും ആള്‍ക്കാര്‍ വീക്കെന്‍ഡില്‍ ഇവിടെ മീന്‍ വാങ്ങാന്‍ എത്താറുണ്ട്. 
 
മീന്‍മാര്‍ക്കറ്റിനു വെളിയില്‍ ഉള്ള നടവഴിയില്‍ ആണ് ബംഗാളി വഴിയോര കച്ചവടക്കാരുടെ താവളം. മസറകളില്‍ നിന്നുള്ള നാടന്‍പച്ചക്കറികളും പഴങ്ങളും ആണ് കച്ചവടം. കിയാര്‍, കൂസ,ലോക്കി  ജിര്‍ജീര്‍ തുടങ്ങിയ കേരളത്തില്‍ പിടിക്കാത്ത പച്ചക്കറികളും  പിന്നെ തക്കാളി, വെണ്ടയ്ക്ക, പാവയ്ക്ക,പയര്‍  ബീന്‍സ്,  നാരങ്ങ, മാങ്ങാ, മധുരകിഴങ്ങ്  ഒക്കെയാകും കച്ചവടം.  ഈന്തപ്പഴത്തിന്റെ സീസണില്‍ പിന്നെ അതാകും മുഖ്യ ആകര്‍ഷണം.പലതരം ഈന്തപ്പഴങ്ങള്‍. 

ഫര്‍ദ്, ലുലു, സുക്കാരി തുടങ്ങിയ നാടന്‍ ഇനങ്ങളുടെ വില്‍പ്പന സീസണ്‍ തുടങ്ങിയാല്‍ പൊടിപൊടിക്കും. ബംഗാളികള്‍ ആണ് കച്ചവടക്കാര്‍. തോട്ടങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന പച്ചക്കറി വാങ്ങി ചെറുകിട വില്‍പ്പന നടത്തുന്ന കച്ചവടക്കാര്‍. തുച്ഛമായ ലാഭം മാത്രമാണ് അവര്‍ക്ക് ലഭിക്കുക.അവധിദിവസം ആയതിനാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് ഞാന്‍  മീനും പച്ചക്കറിയും വാങ്ങുക.  അങ്ങനെയുള്ള  യാത്രകള്‍ക്കിടയില്‍ ഉടലെടുത്ത സൗഹൃദങ്ങളില്‍  ഒന്നാണ്  ബംഗാളിയായ മാമുവുമായിട്ടുള്ളത് .  ഒരു ബംഗാളി വഴിയോരകച്ചവടക്കാരന്‍. പത്തുമുപ്പത്തഞ്ചു വയസ്സുപ്രായം  വരുന്ന ഊര്‍ജ്ജസ്വലനായ  ചെറുപ്പക്കാരന്‍. 

മെലിഞ്ഞു കാറ്റേറ്റാല്‍ വീണു പോകുമെന്നു തോന്നിപ്പിക്കുന്ന ശരീരം. പാന്‍പരാഗ് മുറുക്കി ചുവപ്പിച്ച ദ്രവിച്ച പല്ലുകള്‍. ഇപ്പോഴും മുഖത്ത് നിറയുന്ന ചിരി.  ദൂരെനിന്ന് കാണുമ്പോള്‍ തന്നെ അയാള്‍ കൈ ഉയര്‍ത്തി   'മാമു കൈസേ ഹേ' എന്ന് കുശലാന്വേഷണം നടത്തും. ബംഗാളികള്‍ തമ്മില്‍ മാമു എന്നാണ് വിളിക്കുക. സഹോദരന്‍  അല്ലെങ്കില്‍ അമ്മാവന്‍ എന്നാണ് അര്‍ത്ഥം.കണ്ടാല്‍ ഒരു   ബംഗാളി ലുക്ക് ഉള്ള എന്നെ പലരും ബംഗാളിയായി തെറ്റിദ്ധരിക്കാറുണ്ട്. പലപ്പോഴും ബംഗാളികള്‍ എന്നോട് ബംഗാളിഭാഷയില്‍ വര്‍ത്തമാനം പറയാന്‍ ശ്രമിച്ചു  'മിഴുങ്ങസ്യാ' അടിച്ചു നില്‍ക്കുന്നത് ഞാന്‍ കാണാറുണ്ട്.  ഗള്‍ഫില്‍ എന്ത് ബംഗാളി എന്ത് മലയാളി? എല്ലാം ഹാരിജി (വരത്തന്‍) അല്ലേ?. 
 
മാമുവിനു  എന്നെ കാണുമ്പോള്‍ വലിയ സന്തോഷമാണ്. വെണ്ടയ്ക്കയും പച്ചമുളകും  കിയാറുമാണ് ഞാന്‍ സാധാരണയായി അയാളുടെ അടുത്തുനിന്ന് വാങ്ങുക. ചെറിയ ചെറിയ  തടിപ്പെട്ടികളില്‍ പച്ചക്കറികള്‍ നിറച്ചു   വെച്ചിരിക്കും. കിലോകണക്കിന് അല്ല ഒരു പെട്ടിയ്ക്ക് ഇത്ര എന്ന കണക്കിനാണ് വില്‍പ്പന. നാരങ്ങയുടെ സീസണ്‍ ആയാല്‍ ഞാന്‍ അതും വാങ്ങിക്കും. സാധാരണ വില്‍ക്കുന്ന വിലയില്‍ നിന്ന് ഒന്നോരണ്ടോ ദിര്‍ഹം കുറച്ചാകും അയാള്‍ എന്നോട് വാങ്ങുക. ഇങ്ങനെ ഒരു ഭായി ഭായി ബന്ധം ആണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. അയാള്‍ക്കോ എനിക്കോ പരസ്പരം പേരുകള്‍ അറിയില്ല.. മാമുവിളിയില്‍ പേരിന് എന്ത് പ്രസക്തി?
 
അതിനിടയില്‍ ആണ്  നിനച്ചിരിക്കാതെ കൊറോണ പണി നല്‍കിയത്. പ്രശ്‌നം രൂക്ഷമായതോടെ  മാര്‍ക്കറ്റുകള്‍ അടച്ചു. മീന്‍മാര്‍ക്കറ്റും പച്ചക്കറി മാര്‍ക്കറ്റുമൊക്കെ താഴിട്ടു പൂട്ടി. വഴിയോര കച്ചവടക്കാരെ പോലിസ് ഓടിച്ചു. മാര്‍ക്കറ്റിലേക്കുള്ള വഴിയും ബ്ലോക്ക് ചെയ്തു. കച്ചവടക്കാര്‍ അനാഥമായി ഉപേക്ഷിച്ച പച്ചക്കറിപ്പെട്ടിയും തട്ടുമുട്ടു സാധനങ്ങളും മുനിസിപ്പാലിറ്റിയുടെ ഓറഞ്ച് നിറമുള്ള ലോറി വന്നു കൊണ്ടുപോയി. ആളും ആരവവും നിറഞ്ഞ മാര്‍ക്കറ്റില്‍  ശ്മശാനമൂകത വന്നുമൂടി. ലോക്ക് ഡൗണ്‍  വൈകുന്നേരം ആറുമണിക്ക് തുടങ്ങും .പിന്നെ അണുനശീകരണ  ലായനി തളിക്കുന്ന  വണ്ടികളുടെ ഇരമ്പല്‍ മാത്രം. ഇടയ്ക്ക്  ആംബുലന്‍സും പോലീസ് വണ്ടികളും നിലവിളിച്ചുകൊണ്ട്  തെരുവിലൂടെ  പാഞ്ഞുപോകും. ആ ശബ്ദം കേള്‍ക്കുമ്പോള്‍  നെഞ്ചില്‍ വല്ലാത്തൊരു പടപടപ്പ്. 

കൊറോണ പിടിച്ചു പരിചയക്കാരില്‍ പലരും ആശുപത്രിയിലായ വാര്‍ത്തകള്‍  വന്നുകൊണ്ടിരുന്നു. ഒട്ടുമിക്കപേരും വല്യപരിക്കുകള്‍ ഇല്ലാതെ കൊറോണയെ അതിജീവിച്ചു.രാവിലെ  മാസ്‌ക് വെച്ചുകൊണ്ട്  ജോലിക്കുപോകലും തിരിച്ചു വീട്ടിലെത്തി കൈയ്യും മുഖവും സോപ്പിട്ടു ഉരച്ചു കഴുകലും നിത്യജീവിതത്തിന്റെ ഭാഗമായി. കൊറോണക്കാലം പ്രവാസിയെ പരസ്പരം സഹായിക്കാനും ഊന്നുവടികള്‍ ആകാനും നന്നായി പഠിപ്പിച്ചു. രോഗമുള്ളവര്‍ക്ക് അല്ലറചില്ലറ സഹായങ്ങളും ഭക്ഷണവും  എത്തിച്ചുകൊടുക്കുവാന്‍ പ്രവാസികള്‍ പഠിച്ചു. കാരണം നാളെ അവരും രോഗത്തിന് അടിപെട്ടേക്കാം. ഇപ്പോള്‍  യു. എ. ഇ യില്‍ കൊറോണ നിയന്ത്രണവിധേയമായതോടെ ജീവിതത്തിന്റെ പഴയ താളം മിക്ക മേഖലകളിലും തിരിച്ചു വന്നു. മാര്‍ക്കറ്റുകളും പാര്‍ക്കുകളും പൊതുഗതാഗതവും ജനങ്ങള്‍ക്കായി തുറന്നിരിക്കുന്നു  . എല്ലാം പഴയപടി ആയിത്തുടങ്ങി.  ഒരുവ്യത്യാസം മാത്രം, ചിരിയും സങ്കടവും  ഒരു മുഖാവരണത്തിന്റെ മറവില്‍ ഒളിപ്പിക്കാന്‍  ഗള്‍ഫുകാര്‍ പഠിച്ചു.

കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ മീന്‍ വാങ്ങുവാനായി ഇറങ്ങിയതാണ് ഞാന്‍. സാമൂഹിക അകലം പാലിച്ചുവേണം  മാര്‍ക്കറ്റില്‍ കയറുവാന്‍. അപ്പോഴാണ് ദൂരെ നിന്ന്  'മാമു' എന്ന  വിളികേള്‍ക്കുന്നത്. നമ്മുടെ പഴയ ബംഗാളി വഴിയോര കച്ചവടക്കാരനാണ്. ഏറെ നാളായി കാണാത്ത  ഒരു ബന്ധുവിനെ കണ്ട ആവേശത്തോടെ അയാള്‍ എന്റെ അടുക്കലേക്ക് ഓടി വന്നു. കറുത്ത തുണിമാസ്‌ക്  വെച്ചതിനാല്‍ മുഖത്തെ ചിരി കാണാന്‍ കഴിയുന്നില്ല , എന്നിരുന്നാലും കണ്ണുകളില്‍  നിന്ന് ആ ചിരി     വായിച്ചെടുക്കാം . കണ്ണുകള്‍ ഒക്കെ കുഴിഞ്ഞു അയാള്‍ ഒരു കോലമായിരിക്കുന്നു .  പാവം അയാള്‍ കൊറോണ പിടിച്ചു ഒരു മാസം ദൂരെയുള്ള ഫീല്‍ഡ് ഹോസ്പിറ്റലില്‍ ആയിരുന്നത്രേ. പനിയും ചുമയും ഒക്കെ വര്‍ദ്ധിച്ചു  കുറെ ദിവസം ബോധമില്ലാതെ ഏതോമെഷീന്‍  വെച്ചാണ് ശ്വസിച്ചത് എന്ന് അയാള്‍ പറഞ്ഞു . ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത് എന്നു ഡോക്ടര്‍മാര്‍  പറഞ്ഞത്രേ. തിരിച്ചു വന്നപ്പോള്‍ പണിയൊന്നും ഇല്ല. മുനിസിപ്പാലിറ്റി ഇപ്പോഴും വഴിയോരകച്ചവടക്കാരെ അനുവദിക്കുന്നില്ല. റൂമിലിരുന്നാല്‍  ഭ്രാന്തുപിടിക്കുമെന്നതിനാല്‍  മാര്‍ക്കറ്റില്‍  രാവിലെ മുതല്‍ കറങ്ങി നടക്കും .ആരെങ്കിലും പരിചയക്കാര്‍ കൊടുക്കുന്ന പണം കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. 

ഞാന്‍ കൊടുത്ത അല്പം പണം അയാള്‍ ലേശം മടിയോടെ വാങ്ങി. കൂട്ടുകാര്‍ ആരും അയാളെ കൊറോണ വന്നതിനാല്‍ അടുപ്പിക്കുന്നില്ലത്രേ. അതാണ് അയാളെ കൂടുതല്‍ വിഷമിപ്പിക്കുന്നത്. 'ആവൊ  ചായ പീയേയാ' എന്ന എന്റെ ക്ഷണം അയാള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. പാക്കിസ്ഥാനി റെസ്റ്റോറന്റിലെ  ടേബിളിനു അപ്പുറവും ഇപ്പുറവുമായി ഞങ്ങളിരുന്നു.  മാസ്‌ക്  താഴ്ത്തി  ചൂടുചായയും ആവി പറക്കുന്ന പെറോട്ടയും സബ്ജിയും ഞങ്ങള്‍ കഴിച്ചു. പിരിയാന്‍ നേരം എന്റെ കൈപിടിച്ചു  അയാളൊന്നു തേങ്ങി..ഒരു ബന്ധുവിനോടെന്ന പോലെ..കൊറോണക്കാലം വരും  പോകും.. മനുഷ്യബന്ധങ്ങള്‍ നിലനില്‍ക്കട്ടെ..

click me!