നാടു വിടേണ്ടിവരുമോ എന്ന സംശയത്തിലേക്ക് ട്രംപ് എത്തിയത് എങ്ങനെയാണ്?

By Alaka NandaFirst Published Oct 19, 2020, 7:18 PM IST
Highlights

തെരഞ്ഞെടുപ്പ്: ട്രംപിന്റെ നില എന്താണ്? അളകനന്ദ എഴുതുന്നു

അമേരിക്കയില്‍ ഒരു പ്രസിഡന്റിനും തെരഞ്ഞെടുപ്പിന് ഇത്രയടുത്ത് ഒരു പകര്‍ച്ചവ്യാധി പിടിപെട്ടിട്ടില്ല. പക്ഷേ ഒരു വിരോധാഭാസം കൂടിയുണ്ടതില്‍, 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹിലരിക്ക് സുഖമില്ല എന്ന്  ഊഹാപോഹക്കഥകള്‍ പരന്നിരുന്നു. അന്ന് ഹിലരി ക്ലിന്റണ് ന്യൂമോണിയ ബാധിച്ചതിനെ പരസ്യമായി പരിഹസിച്ചു ട്രംപ്. ഒരു പ്രചാരണവീഡിയോയും പുറത്തിറക്കി ട്രംപ് സംഘം. സെപ് 11 ആക്രമണത്തിന്റെ വാര്‍ഷികാചരണ ചടങ്ങിനുശേഷം, ചുമയ്ക്കുകയും തട്ടിവീഴാന്‍ തുടങ്ങുകയും ചെയ്ത ഹിലരിയുടെ ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍. അമേരിക്കയെ നയിക്കാനുള്ള ഊര്‍ജമോ ആരോഗ്യമോ ഹിലരി ക്ലിന്റണില്ല എന്നായിരുന്നു പ്രചാരണവാചകം. 

 

 

അഭിപ്രായവോട്ടെടുപ്പുകളില്‍ പിന്നിലാവുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണല്‍ഡ് ട്രംപ്. നിഷേധത്തിന്റെ വഴിയിലാണിപ്പോള്‍ അദ്ദേഹത്തിന്റെ സഞ്ചാരം, താന്‍ പിന്നിലല്ല, ബൈഡന്‍ മോശം സ്ഥാനാര്‍ത്ഥി എന്ന മട്ട്. ഫ്‌ളോറിഡ റാലിയില്‍ കണ്ടതും കേട്ടതും അതാണ്. പക്ഷേ അടുത്ത ദിവസം നടന്ന മറ്റൊരു റാലിയില്‍ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ താന്‍ രാജ്യം വിടേണ്ടിവരുമോ എന്ന സംശയമായിരുന്നു പ്രസിഡന്റിന്..
 
പ്രസിഡന്റ് തന്റെ റാലികളില്‍ വോട്ടിന് വേണ്ടി യാചിക്കുന്നു എന്നു പുച്ഛിക്കുന്നു, മാധ്യമങ്ങള്‍. എനിക്കുവേണ്ടി വോട്ടുചെയ്യുമോ ദയവുചെയ്ത് എന്നാണ് ചോദ്യം. 2016ല്‍ നഗരപ്രാന്തങ്ങളിലെ വോട്ട് നേടിയത് ട്രംപാണ്. പക്ഷേ 2018ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ നേരെ മറിച്ചും.

ഇത്തവണ ഇവാഞ്ചലിക്കല്‍ വിഭാഗങ്ങള്‍ മാത്രമാണ് ട്രംപിനൊപ്പം നില്‍ക്കുന്നതെന്ന് പറയുന്നു, യൂറോപ്യന്‍ മാധ്യമങ്ങള്‍. നൈജീരിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ ഇവാഞ്ചലിക്കല്‍ വിഭാഗങ്ങള്‍ക്കിടയില്‍ ട്രംപിന് അനുയായികള്‍ ഒരുപാടുണ്ട്.  ആഫ്രിക്കന്‍ രാജ്യങ്ങളെ ചെളിക്കുണ്ട് എന്ന് ട്രംപ് വിശേഷിപ്പിച്ചതൊന്നും അവര്‍ വകവച്ചിട്ടില്ല. ഗര്‍ഭഛിദ്രവും സ്വവര്‍ഗവിവാഹവും എതിര്‍ക്കുന്നതാവാം കാരണം. റിപബ്ലിക്കന്‍ പ്രസിഡന്റാണ് അമേരിക്കക്കും ലോകത്തിനും നല്ലതെന്ന് ആഫ്രിക്കയിലെ ക്രൈസ്തവര്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞത് നൈജീരിയയിലെ ആംഗ്ലിക്കന്‍ പുരോഹിതന്‍ തന്നെയാണ്. BLACK LIVES MATTER അവരെ ബാധിച്ചിട്ടില്ല. ട്രംപിന്റെ ആഫ്രോ അമേരിക്കന്‍ വിദ്വേഷമോ വലതുപക്ഷ നിലപാടോ അവര്‍ കണക്കിലെടുത്തിട്ടില്ല.

 

 

പക്ഷേ ഇവാഞ്ചലിക്കല്‍ വിഭാഗങ്ങളൊഴിച്ച് നിര്‍ത്തിയാല്‍, ജൂതരുള്‍പ്പടെ ട്രംപിന്റെ നയങ്ങളെ എതിര്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ണായകസംസ്ഥാനങ്ങളിലുള്‍പ്പടെ അഭിപ്രായസര്‍വേകളില്‍ ട്രംപ് പിന്നോട്ടുമാണ്. അതൊന്നും കണക്കാക്കേണ്ട എന്നുപറയുന്നവര്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് 2016ലെ തെരഞ്ഞെടുപ്പ് ഫലമാണ്. പക്ഷേ ഹിലരി ക്ലിന്റനാണ് അന്ന് 30 ലക്ഷം വോട്ട് കൂടുതല്‍ നേടിയത്. 

ഇലക്ടറല്‍ കോളേജ് അംഗങ്ങള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലെ വിജയമാണ് ട്രംപിനെ വൈറ്റ്ഹൗസിലെത്തിച്ചത്. ഈ കഥ ആവര്‍ത്തിക്കില്ല എന്ന് തീര്‍ത്ത് പറയാന്‍ കഴിയില്ല. പക്ഷേ എതിര്‍പക്ഷത്തിന് ഇത്തവണ കരുത്ത് കൂടുതലാണ്. ട്രംപ് പക്ഷത്തിന് ശക്തി കുറവും.  

അമേരിക്കയില്‍ ഒരു പ്രസിഡന്റിനും തെരഞ്ഞെടുപ്പിന് ഇത്രയടുത്ത് ഒരു പകര്‍ച്ചവ്യാധി പിടിപെട്ടിട്ടില്ല. പക്ഷേ ഒരു വിരോധാഭാസം കൂടിയുണ്ടതില്‍, 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹിലരിക്ക് സുഖമില്ല എന്ന്  ഊഹാപോഹക്കഥകള്‍ പരന്നിരുന്നു. അന്ന് ഹിലരി ക്ലിന്റണ് ന്യൂമോണിയ ബാധിച്ചതിനെ പരസ്യമായി പരിഹസിച്ചു ട്രംപ്. ഒരു പ്രചാരണവീഡിയോയും പുറത്തിറക്കി ട്രംപ് സംഘം. സെപ് 11 ആക്രമണത്തിന്റെ വാര്‍ഷികാചരണ ചടങ്ങിനുശേഷം, ചുമയ്ക്കുകയും തട്ടിവീഴാന്‍ തുടങ്ങുകയും ചെയ്ത ഹിലരിയുടെ ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍. അമേരിക്കയെ നയിക്കാനുള്ള ഊര്‍ജമോ ആരോഗ്യമോ ഹിലരി ക്ലിന്റണില്ല എന്നായിരുന്നു പ്രചാരണവാചകം. 

പിന്നെയെത്തിയ കോണ്‍സ്പിറസി തിയറികളുടെയെല്ലാം പിന്നില്‍ ട്രംപ് സംഘം തന്നെയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഹിലരിക്ക് പ്രസിഡന്റിന്റെ ചുമതലകള്‍ നിര്‍വഹിക്കാനുള്ള ആരോഗ്യമില്ല എന്നുവരെ കഥ പരന്നു, അതേ തന്ത്രം തന്നെ ഇപ്പോഴത്തെ എതിരാളിയായ ജോബൈഡനെതിരെയും പ്രയോഗിച്ചുതുടങ്ങിയിരുന്നു. ബൈഡന്റെ മാനസികനില ശരിയല്ലെന്നായിരുന്നു ഇത്തവണത്തെ പ്രചാരണം. ട്രംപ് തന്നെ അത് പലയിടത്തും ഉന്നയിച്ചിട്ടുണ്ട്. സംവാദത്തിലടക്കം. 

സാമൂഹിക മാധ്യമങ്ങളിലൂടെ റഷ്യ അതേ സംശയം പ്രചരിപ്പിക്കുന്നതായി സിഎന്‍എന്നിന് കിട്ടിയ ആഭ്യന്തര സുരക്ഷ വിഭാഗത്തിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് തെളിയിക്കുന്നു. റഷ്യന്‍ സംഘത്തിന്റെ ഈ പ്രചാരണം ട്രംപ് റീട്വീറ്റ് ചെയ്തിട്ടുമുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. അതുമാത്രമല്ല, ബൈഡന്‍ സംവാദങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും മുമ്പ് ഉത്തേജക മരുന്നുകള്‍ കഴിക്കുന്നതായി പ്രസിഡന്റ് തന്നെ ആരോപിച്ചു, ഫോക്‌സ് ന്യൂസിലൂടെ. അതുമല്ല, സംവാദം നടക്കുമ്പോള്‍ ബൈഡന്‍ ഉപദേശകരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാന്‍ ചെവിയില്‍ ഉപകരണം ഘടിപ്പിച്ചിരുന്നു എന്നും ആരോപിച്ചു. അത്തരത്തിലൊരു ഫേക്  ചിത്രവും പ്രചരിപ്പിച്ചു.

പക്ഷേ ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഡോ ബൈഡന്‍ ട്രംപിനെ ആക്രമിക്കുന്ന പ്രചാരണസന്ദേശങ്ങള്‍  പിന്‍വലിച്ചു. അത്തരം തീരുമാനങ്ങളൊന്നും മറുപക്ഷത്തുനിന്ന് ഉണ്ടാവില്ല. എന്തായാലും. കൊവിഡിനുശേഷം തിരിച്ചെത്തിയ ട്രംപ് ഒറ്റക്കുള്ള സംവാദങ്ങളിലും കാലിടറിവീണു. നികുതിയിലും കടബാധ്യതയിലും ചോദ്യങ്ങള്‍ നേരിടാനാകാതെ കുഴഞ്ഞു, ദേഷ്യപ്പെട്ടു. 

സംവാദങ്ങളുടെ ടെലിവിഷന്‍ റേറ്റിംഗിലും ബൈഡനായിരുന്നു മുന്നില്‍. അവസാനത്തെ റിപ്പോര്‍ട്ടനുസരിച്ച് ഫണ്ട് ശേഖരണത്തിലും ബൈഡന്‍ ട്രപിനെ പിന്തള്ളിയിരിക്കുന്നു. പക്ഷേ പ്രവചനങ്ങള്‍ ഇപ്പോഴും അസാധ്യമാണ്. ഇനിയും കാര്യങ്ങള്‍ മാറിമറിഞ്ഞുകൂടായ്കയില്ല.

click me!