അമ്മ സ്നേഹമാണ്, ശക്തിയാണ്, ത്യാഗമാണ്, എല്ലാം സഹിക്കുന്നവളാണ്, തേങ്ങാക്കൊലയാണ് എന്നൊക്കെ പഠിച്ചു വച്ചിരുന്നാല്‍..

By Speak UpFirst Published May 12, 2019, 12:17 PM IST
Highlights

മുകളിൽ പറഞ്ഞ ഭാര്യയെപ്പോലെ ഹോട്ടലിൽ മുറിയെടുത്തൊറ്റയ്ക്കിരിക്കാനും, വീട്ടിൽ നിന്നിറങ്ങിയോടാനുമൊക്കെ തോന്നിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. പലപ്പോഴും ഒന്നലറി വിളിക്കാൻ, തല തല്ലിപ്പൊളിക്കാനൊക്കെ തോന്നിപ്പോകും. ചിലപ്പോഴൊക്കെ പിള്ളേരുടെ കാലിൽപ്പിടിച്ചലക്കാനും.

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

ഭർത്താവ്: ഇത്രയും കാലത്തിനിടയിൽ എപ്പോഴെങ്കിലും  വേറൊരാളുടെ കൂടെ പോകണം എന്നു നിനക്ക് തോന്നിയിട്ടുണ്ടോ? 
ഭാര്യ: ഇല്ല. ആകെ തോന്നിയിട്ടുള്ളത് ദൂരെ ഏതെങ്കിലും ഒരു ഹോട്ടലിൽ മുറിയെടുത്തു നീയും മക്കളും ആരുമില്ലാതെ വാതിലും അടച്ചു വെറുതേ ഇരിക്കണം എന്നൊരാഗ്രഹമാണ്. 

'Date night' എന്ന സിനിമയിലാണെന്ന് തോന്നുന്നു മേൽപ്പറഞ്ഞപോലെ പരിഭാഷപ്പെടുത്താവുന്ന സംഭാഷണം കേട്ടത്. 

'അമ്മേ,  വിശക്കുന്നു', 
'അമ്മേ, പാല്', 
'അമ്മേ, ചേച്ചി ടിവി കാണാൻ സമ്മതിക്കുന്നില്ല', 
'അമ്മേ, അവളെന്നെ അടിച്ചു'..

വൈകുന്നേരം ഓഫീസിൽ നിന്നു എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതിയെന്ന വിചാരവുമായി വാതിൽ തുറന്ന് അകത്തു കയറുമ്പോൾ, അല്ലെങ്കിൽ വീട്ടുജോലിയെല്ലാമൊതുക്കി ഒന്ന് നടുവ് നിവർക്കാമെന്നു വിചാരിച്ചൊരിടത്തിരിക്കുമ്പോൾ, ടിവിയുടെ റിമോട്ട് കയ്യിലെടുക്കുമ്പോളൊക്കെ കേൾക്കാം ഇതുപോലുള്ള വിളികൾ. ചില ദിവസങ്ങളിൽ എണീറ്റു വരുമ്പോൾ മുതൽ ഒരേ കരച്ചിലാവും, അതും ഒരു കാരണവുമില്ലാതെ. ഒന്നു ടോയ്‌ലെറ്റിൽ കയറി നോക്കൂ, ഉടനെ വിളി വരും, ഉറപ്പായും അവർക്കും ടോയ്‌ലെറ്റിൽ പോകാൻ തന്നെയാവും. കടയിൽപ്പോയാലോ, വേണ്ടാത്ത സാധങ്ങളൊന്നും കാണില്ല. ചാൻസ് കിട്ടിയാൽ തറയിൽ കിടന്നുരുണ്ടു അലറിക്കരഞ്ഞു നാട്ടുകാർക്ക് ടിക്കറ്റില്ലാത്ത ഒരു ഷോ തന്നെയങ്ങു കാണിച്ചു കൊടുക്കും. 

മുകളിൽ പറഞ്ഞ ഭാര്യയെപ്പോലെ ഹോട്ടലിൽ മുറിയെടുത്തൊറ്റയ്ക്കിരിക്കാനും, വീട്ടിൽ നിന്നിറങ്ങിയോടാനുമൊക്കെ തോന്നിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. പലപ്പോഴും ഒന്നലറി വിളിക്കാൻ, തല തല്ലിപ്പൊളിക്കാനൊക്കെ തോന്നിപ്പോകും. ചിലപ്പോഴൊക്കെ പിള്ളേരുടെ കാലിൽപ്പിടിച്ചലക്കാനും.

അമ്മ സ്നേഹമാണ്, ശക്തിയാണ്, ത്യാഗമാണ്, എല്ലാം സഹിക്കുന്നവളാണ്, തേങ്ങാക്കൊലയാണ് എന്നൊക്കെ പണ്ടേ പഠിച്ചു വച്ചിരിക്കുന്നത് കൊണ്ട് ഇതൊക്കെ ആരോടെങ്കിലും പറയാൻ പറ്റുമോ? ഇതെല്ലാം കഴിഞ്ഞ് കുറ്റബോധമാണ്, താനൊരു നല്ല അമ്മയാണോ എന്ന ചിന്തയും. 

ഈ പങ്കപ്പാടുകളുടെ ഇടയിലാണ്  ഓഫീസിൽ ചില പുരുഷന്മാരുടെ കമന്‍റ്. 'സമ്മതിച്ചു. നിങ്ങളെങ്ങനെ ഇതെല്ലാം കൂടി ചെയ്യുന്നു. വീട്, ജോലി, കുട്ടികൾ. You are a super woman'. അതെന്താടോ, ഞാനെന്റെ ജട്ടി പുറത്താണോ ഇട്ടിരിക്കുന്നതെന്നു ചോദിക്കാനുള്ള ത്വര കഷ്ടപ്പെട്ട് കടിച്ചമർത്തി ഇളിച്ചു കാണിക്കും. 

ശരിയാണ്, പെണ്ണിന് മാത്രമേ അമ്മയാകാൻ പറ്റൂ. കുറച്ചുകൂടി ശാസ്ത്രീയമായിപ്പറഞ്ഞാൽ ഗർഭപാത്രം ഉള്ളവർക്കേ പറ്റൂ. പക്ഷേ അതിന്റെ പേരിൽ,  പത്തുമാസം കുഞ്ഞിനെ വയറ്റിൽ ചുമന്നതിന്റെ മേലേ,  ആവശ്യമില്ലാത്ത ഭാരങ്ങൾ കൂടി അമ്മമാരുടെ തലയിലെടുത്തു വയ്ക്കണോ? കുഞ്ഞിനെ വളർത്തേണ്ടതൊരു കൂട്ടുത്തരവാദിത്തമായിട്ടും മാതൃത്വത്തെ ആവശ്യമില്ലാതെ മഹത്വവൽക്കരിച്ചു എല്ലാം അമ്മയുടെ മാത്രം ഉത്തരവാദിത്തമാക്കുന്നതെന്തിനാണ്? മക്കളുടെ സ്വഭാവദൂഷ്യങ്ങൾ അമ്മയുടെ വളർത്തുദോഷമാകുന്നതെങ്ങനെയാണ്? 

ഞാൻ എന്റെ മക്കളെ സ്നേഹിക്കുന്നത് പോലെ തന്നെയോ അതിലും തീവ്രമായോ ആണ് എന്റെ ഭർത്താവ് അവരെ സ്നേഹിക്കുന്നത്. എന്റെ അച്ഛൻ അങ്ങനെയായിരുന്നു, എന്റെ ആങ്ങള അങ്ങനെയാണ്. കുടുംബത്തിലെ ഭൂരിപക്ഷം ആണുങ്ങളൊക്കെ അങ്ങനെ തന്നെ, മിക്കവാറും സുഹൃത്തുക്കളും. എന്നിട്ടും അമ്മയ്ക്ക് മാത്രമാണ് സമൂഹം ഈ സമർദ്ദങ്ങളൊക്കെ കൊടുക്കുന്നത്. അമ്മയ്ക്ക് മാത്രമെന്ന് എഴുതി വയ്ക്കപ്പെട്ട റോളുകൾ ചെയ്യുന്ന അച്ഛന്മാർ അച്ചിക്കോന്തന്മാരുമാകും.

കുഞ്ഞുങ്ങളെ കാര്യപ്രാപ്തി എത്തുന്നതുവരെ വളർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തം തന്നെ. പക്ഷേ, അതുമാത്രമാക്കരുത് ഒരമ്മയുടെ ജീവിതം. 

അമ്മമാരേ, അമ്മയാകാൻ തയ്യാറെടുക്കുന്ന, ഭാവിയിൽ അമ്മയാകണമെന്നാഗ്രഹിക്കുന്ന പെണ്ണുങ്ങളേ... ആദ്യത്തെ ഡയപ്പർ റാഷ് കണ്ടപ്പോൾ കണ്ണു നിറഞ്ഞ, കുഞ്ഞിനൊരു പനി വന്നാൽ നെഞ്ച് പിടയ്ക്കുന്ന, അവരുടെ ഓരോ കുഞ്ഞു നേട്ടത്തിലും കണ്ണു നനയുന്ന, കുഞ്ഞിക്കൈയൊന്നു തൊടുമ്പോൾ അലിഞ്ഞു പോകുന്ന അതേ മനസ്സ് തന്നെയാണ് ഇറങ്ങിയോടണം എന്നു തോന്നുമ്പോഴും. നിരാശയും, ദേഷ്യവും, സങ്കടവുമൊക്കെ തോന്നുന്നതും പ്രകടിപ്പിക്കുന്നതും നമ്മളാരും മോശം അമ്മമാരായതു കൊണ്ടല്ല, മറിച്ചു മനുഷ്യരായതു കൊണ്ടാണ്. സമ്പൂർണരായ മനുഷ്യന്മാരില്ല എന്നല്ലേ പറയപ്പെടുന്നത്. അപ്പോൾപ്പിന്നെ അമ്മമാർ സമ്പൂർണ്ണരായില്ലെങ്കിലും പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. 

അപ്പോൾ സമ്പൂർണ്ണരല്ലാത്ത അമ്മമാർക്കും അവരോടു ചേർന്ന് നിൽക്കുന്ന അച്ഛന്മാർക്കും മാതൃദിനാശംസകൾ.
 

click me!