Opinion : പെണ്ണുങ്ങളെ തല്ലാന്‍ കൈ പൊങ്ങുന്നത് ആരുടെ കുഴപ്പമാണ്!

By Speak UpFirst Published Jan 7, 2022, 8:19 PM IST
Highlights

എനിക്കും ചിലത് പറയാനുണ്ട്. സാവിത്രിബായ് ഫൂലെ മുതല്‍ അഡ്വ. ബിന്ദു അമ്മിണി വരെ.  ഡോ. റൂബി ക്രിസ്റ്റിന്‍ എഴുതുന്നു

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

 

ഇന്ത്യയുടെ സാമൂഹിക പരിഷ്‌കരണ ചരിത്രത്തില്‍ വളരെ ചുരുക്കമായി രേഖപ്പെടുത്തിയ ഒരു വിഭാഗം ആണ് സ്ത്രീകള്‍. അവരില്‍ ഏറ്റവും കരുത്തുറ്റൊരു ജീവിതമായിരുന്നു സാവിത്രി ഭായ് ഫൂലെയുടേത്.  സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം, വിധവകളുടെ പുനര്‍വിവാഹം, സ്ത്രീകള്‍ക്കും താഴ്ന്ന ജാതി എന്ന് കല്‍പിക്കപെട്ട വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. 1831 -ല്‍ മഹാരാഷ്ട്രയില്‍  ദളിത്  വിഭാഗത്തില്‍ ജനിച്ച സാവിത്രി ഇന്ത്യയിലെ ആദ്യത്തെ അദ്ധ്യാപിക എന്ന നിലയിലും അറിയപ്പെടുന്നു. 

ജാതി വാഴ്ച അരങ്ങു വാഴുന്ന കാലഘട്ടത്തില്‍ സാവിത്രി ഭര്‍ത്താവിന്റെ സഹായത്തോടെ എഴുതാനും വായിക്കുവാനും പഠിച്ചു; അടിച്ചമര്‍ത്തപ്പെട്ട സമുദായത്തില്‍ പെട്ട സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അവര്‍ കൈത്താങ്ങായി.  

എഴുതാന്‍ പഠിച്ച പെണ്ണ് അന്യപുരുഷനുംമായി സംസര്‍ഗം ഉണ്ടാകുമെന്നും ഭര്‍ത്താവു വേഗം മരണപ്പെടും എന്നിങ്ങനെയുള്ള വിശ്വാസങ്ങളുടെ കാലമായിരുന്നു അത്. സാവിത്രി ഭായിയും ഏറെ കേള്‍ക്കേണ്ടിവന്നിരുന്നു ഇതിന്റെ പേരില്‍. അവര്‍ക്കെതിരെ സാമൂഹ്യ ഭ്രഷ്ട് കല്‍പ്പിക്കാന്‍ അന്നത്തെ സാമൂഹിക മേലാളന്മാര്‍ ഏറെ ശ്രമിക്കുകയും ചെയ്തു. 

സാവിത്രബായ് ഫൂലെ കുട്ടികളെ പഠിപ്പിക്കാന്‍ സ്‌കൂളില്‍ പോകുന്ന വഴിയില്‍ പിന്‍തുടര്‍ന്ന് മേലാള പുരുഷന്മാര്‍ ആക്രമിക്കുന്നത് പതിവായിരുന്നു. കല്ലേറും ചീമുട്ടയേറും ചാണകം തളിക്കലുമായി അതു തുടര്‍ന്നതോടെ സ്‌കൂളിലേക്കുള്ള യാത്രയില്‍ ഒരു സാരി കൂടി അവര്‍ കരുതി പോന്നു.  ഒരിക്കല്‍, തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഒരു സദാചാരവാദിയെ സാവിത്രി തിരിച്ചടിച്ചു. അടിക്കാന്‍ കയ്യോങ്ങിയ മേലാളന്റെ ചെകിട്ടത്ത് ഒറ്റയടി. അതിനു ശേഷമാണ് അവര്‍ക്കു നേരെ നിരന്തരം നടന്നു പോന്ന സാമൂഹിക വിചാരണ ഒരല്പം ശമിച്ചത്. 

 

സാവിത്രിബായി ഫൂലെയുടെ ദേഹത്ത് ചാണകമെറിയുന്നവര്‍. ചിത്രീകരണം.
 

സാവിത്രി ഭായിയുടെ ജീവിതം രണ്ട് പതിറ്റാണ്ട് മുമ്പായിരുന്നു. എന്നാല്‍ ഇന്നും കാര്യങ്ങള്‍ മാറിയിട്ടില്ല എന്നു തന്നെയാണ് നമ്മുടെ കാലത്തെ അഡ്വ. ബിന്ദു അമ്മിണി അടക്കമുള്ള ദളിത് സ്ത്രീകളുടെ അതിജീവന പോരാട്ടങ്ങള്‍ വ്യക്തമാക്കുന്നത്. സാവിത്രി ബായിയുടെ ജീവിതം അഡ്വ. ബിന്ദു അമ്മിണിയെ പോലെയുള്ള സ്ത്രീകളുടെ അതിജീവനവുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ നമുക്കിത് കൂടുതല്‍ വ്യക്തമാവും. 

സ്ത്രീകള്‍ക്ക് അയിത്തം കല്‍പിച്ച സാമൂഹീക പശ്ചാത്തലങ്ങളെ വെല്ലുവിളിക്കുമ്പോഴാണ് ആണുങ്ങള്‍ തല്ലാന്‍ വേണ്ടി കൈകള്‍ ഉയര്‍ത്തുന്നത് എന്നു കാണാം. ആണധികാര, ജാതി അധികാര വ്യവസ്ഥിതിയെ വെല്ലുവിളിക്കുമ്പോള്‍ സ്ത്രീ  നടുറോഡില്‍ വലിച്ചിഴക്കപ്പെടുകയും, തല്ലുകൊള്ളി ആകുകയും ചെയ്യും. പുരുഷാധികൃത സമൂഹത്തിന്റെ സാമൂഹിക നിയമങ്ങള്‍ കാറ്റില്‍ പരത്തുന്നവള്‍ ഫെമിനിച്ചികള്‍ ആകുകയും അവള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ആഘോഷിക്കപ്പെടുകയും ചെയ്യുന്നത് നമുക്കാര്‍ക്കും അപരിചിതമായ കാര്യമേയല്ല. 

മലയാളത്തിലെ പ്രമുഖയായ ഒരു നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ഉയര്‍ന്നു വന്നത് സമാനമായ വാദങ്ങളായിരുന്നു. പ്രതിപ്പട്ടികയിലുള്ള സൂപ്പര്‍ താരത്തിന് വഴിപ്പെട്ടില്ല എന്നതായിരുന്നു ആക്രമണത്തിന് വഴിവെച്ചത് എന്നു വേണം മനസ്സിലാക്കാന്‍. അങ്ങനെ ഉള്ളവള്‍ക്കുള്ള ശിക്ഷ ലൈംഗിക പീഡനം എന്നതാണ് നാട്ടുനടപ്പ്. പെണ്ണ് വെറും ഇറച്ചി കഷ്ണം എന്ന കാഴ്ചപ്പാടില്‍ തൂങ്ങിനില്‍ക്കുന്ന ഒരു സമൂഹത്തിന് ഇതിനപ്പുറം പോവാനാവില്ലല്ലോ. 

2016-ലെ റിപ്പോര്‍ട്ട് പ്രകാരം, എല്ലാ 51 മിനിറ്റിലും ഇന്ത്യയില്‍ ഒരു സ്ത്രീ പൊതുവിടത്തില്‍ ആക്രമിക്കപ്പെടുന്നുണ്ട്.  (bhattacharya ,2017 ).  പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി ഉള്ളതാണ്എന്ന ബോധമില്ലായ്മയാണ് ഇതിനു കാരണം. ആ ബോധം മാറ്റേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. പൗര എന്ന നിലയില്‍ സ്ത്രീയുടെ മൗലിക അവകാശത്തെ ചോദ്യം ചെയ്യാനും ഒരുത്തനും അധികാരമില്ല എന്ന് ബോധ്യപ്പെടുത്തേണ്ട ചുമതലയില്‍നിന്നും സര്‍ക്കാറുകള്‍ പിറകോട്ട് പോവുമ്പോഴാണ് ആണുങ്ങളുടെ കൈകള്‍ വീണ്ടും വീണ്ടും ഉയര്‍ന്നുതാഴുന്നത്. 

പറഞ്ഞുവരുമ്പോള്‍ എന്തൊരു സദാചാരവാദികളാണെന്നോ നമ്മുടെ സമൂഹം! പക്ഷേ, തഞ്ചം കിട്ടിയാല്‍ പൊതു നിരത്തില്‍ മുണ്ടു പൊക്കി ലിംഗം പ്രദര്‍ശിപ്പിക്കാന്‍ ഒരു മടിയുമില്ലാത്തവര്‍ക്ക് അതിലിടമുണ്ട്. ബസില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകളുടെ ശരീരത്തില്‍ അതിക്രമം കാണിക്കാന്‍ ഇവര്‍ക്കാര്‍ക്കും ഒരു മടിയുമില്ല. നടവഴിയില്‍ കൊച്ചുപെണ്‍കുട്ടികളെ കയറിപ്പിടിക്കുന്നതും സ്ത്രീകള്‍ക്കെതിരെ അശ്ലീല ചേഷ്ടകള്‍ കാണിക്കാനും ഒരുളുപ്പുമില്ലാത്ത ഈ സമൂഹമാണ്, ഇതിനൊക്കെ എതിരെ ഏതെങ്കിലും സ്ത്രീ പ്രതികരിച്ചാല്‍, അവള്‍ക്കെതിരെ തല്ലാന്‍ കൈ ഉയര്‍ത്തുന്നത്. 

അടങ്ങാത്തവളെ തല്ലുന്നത് ആണുങ്ങളുടെ മാത്രം കാര്യമല്ല. ആണ്‍കോയ്മയുടെ മൂല്യങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങി കുലസ്ത്രീകളായി നടക്കുന്ന സ്ത്രീകള്‍ക്കും ഹരമാണ് അതിന്.  ഫളാഷ് മൊബൈലില്‍ നൃത്തം ചെയ്ത പെണ്‍കുട്ടിയെ പൊതു നിരത്തില്‍ തല്ലി ഓടിച്ചൊരു സ്ത്രീയുടെ ദൃശ്യം നമ്മളാരും മറന്നു കാണില്ല. പരമോന്നത കോടതിയുടെ വിധിയുടെ തണലില്‍ ദൈവദര്‍ശനത്തിനായി പോയ സ്ത്രീകളുടെ തലയടിച്ച് പൊട്ടിക്കാന്‍ തേങ്ങകളുമായി കാത്തുനിന്നവരെ പിന്തുണക്കാനും അതിന് കൈയടിക്കാനും സ്ത്രീകളുമുണ്ടായിരുന്നു എന്നതും നാം കണ്ടതാണ്. 

എത്ര നവോത്ഥാന സമ്മേളനം നടന്നാലും ഇത്തരം ചരിത്രങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേ ഇരിക്കും. അല്ലെങ്കില്‍  സാംസ്‌കാരികമായ മാറ്റം നമ്മുടെ സമൂഹത്തില്‍ ഉണ്ടാകണം. ആ പണി എടുക്കേണ്ട ബാധ്യത സര്‍ക്കാറിനാണ്. സാവിത്രി ഫൂലെ നല്‍കിയ തല്ല് അക്രമികള്‍ക്കെതിരെ ഇന്ന് കൊടുക്കേണ്ടത് സര്‍ക്കാര്‍ ആണ്. പെണ്ണുങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സമൂഹത്തില്‍ താഴെത്തട്ടില്‍ പരിഗണിക്കപ്പെടുന്നവര്‍ക്കും മതിയായ സുരക്ഷ നല്‍കുക സര്‍ക്കാറിന്റെ ബാധ്യതയാണ്. അത്തരം പ്രതീക്ഷകളും വാഗ്ദാനങ്ങളും വാരിക്കോരി നല്‍കി അധികാരത്തില്‍ രണ്ടാമതും കേറിയ സര്‍ക്കാറാണ് ഇന്നും ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ടില്‍ നടപടി എടുക്കാത്തത് എന്നത് ഇതോടൊപ്പം കൂട്ടിവായിക്കണം. 

 

 

ബിന്ദു അമ്മിണിയെ തല്ലാന്‍ ഇക്കാണുന്ന ആണുങ്ങളെല്ലാം മല്‍സരിക്കുന്നത് ഈ കാരണങ്ങളാലാണ്. നിയമത്തിനു മുന്നില്‍ കുറ്റകരമാണെന്ന് ഉറപ്പുണ്ടായിട്ടും ബിന്ദു അമ്മിണിക്കെതിരെ കൈ ഉയര്‍ത്താന്‍ ധൈര്യം കിട്ടുന്നത് സര്‍ക്കാറിന്റെയും സമൂഹത്തിന്റെയും ഈ നിസ്സംഗത കാരണമാണ്. പൊലീസ് അവരുടെ ജോലി ചെയ്യുകയും സര്‍ക്കാര്‍ അവരുടെ ബാധ്യത നിറവേറ്റുകയും ചെയ്താല്‍ ഒറ്റ ഒരുത്തനും ധൈര്യപ്പെടില്ല, സ്ത്രീകള്‍ക്കെതിരെ കൈ പൊന്തിക്കാന്‍. അങ്ങനെ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തിടത്തോളം നമ്മുടെ നാട്ടില്‍ ഇനിയും പെണ്ണ് വെറും തല്ലു കൊള്ളി ചെണ്ടയായി തുടരും  

...................

Bhattacharyya, R., 2016. Street violence against women in India: Mapping prevention strategies. Asian Social Work and Policy Review, 10(3), pp.311-325.

click me!