ഏഴെട്ട് വയസ്സേ ഉള്ളൂ അവള്‍ക്ക്, പ്രസവിച്ചുകിടന്ന അമ്മയെ നോക്കുന്നത് അവളാണ്!

By Hospital DaysFirst Published Dec 22, 2022, 4:22 PM IST
Highlights

ഹൃദയസ്പര്‍ശിയായ ഒരു ഹോസ്പിറ്റല്‍ അനുഭവം.അലീഷ ഷബീര്‍ എഴുതുന്നു

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ.  സബ് ജക്ട്  ലൈനില്‍  'ആശുപത്രിക്കുറിപ്പുകള്‍'  എന്നെഴുതാനും മറക്കരുത്

 

 


ഏകദേശം നാലു വര്‍ഷങ്ങള്‍ക്കു മുമ്പ്. കളമശ്ശേരി മെഡിക്കല്‍ കോളേജ്. വെല്ലുമ്മയുടെ ഗര്‍ഭപാത്ര സംബന്ധമായ ഒരു ഓപ്പറേഷന്  വേണ്ടിയാണ് എനിക്ക് ആ ആശുപത്രിയില്‍ ഒരാഴ്ചയോളം നില്‍ക്കേണ്ടി വന്നത്. ഓപ്പറേഷന് മുമ്പുള്ള ഏതാണ്ട് രണ്ടാഴ്ചയോളം ഉമ്മിച്ചിയായിരുന്നു കൂട്ട് നിന്നത്. സര്‍ജറിക്കുശേഷം ഉമ്മിച്ചിക്ക് ഒരു സഹായത്തിനു വേണ്ടിയാണ് ഞാനും ചെന്നത്. എന്റെ തെളിഞ്ഞ ഓര്‍മ്മകളില്‍ ഒന്നിലും ഞാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയതായി ഓര്‍ക്കുവാന്‍ എനിക്ക് കഴിയുന്നില്ല. അസുഖം വന്നാലും അഡ്മിറ്റ് ആവേണ്ട തരത്തിലേക്ക് അവസ്ഥകള്‍ എന്നെ ഇതുവരെ എത്തിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആശുപത്രിവാസം എന്നെ സംബന്ധിച്ച് അപരിചിതവും അതുപോലെ ദുസ്സഹവും ആയിരുന്നു.

ഓപ്പറേഷന്‍ കഴിഞ്ഞ അന്ന്, വെല്ലുമ്മ അതുവരെ കിടന്നിരുന്ന ജനറല്‍ ഒ.പിയിലെ കട്ടിലില്‍ ഞാന്‍ തനിയെ കിടന്നു. രണ്ടുദിവസത്തിനുശേഷം വെല്ലുമ്മയെ പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലേക്ക് മാറ്റി. അവിടെ ഭൂരിഭാഗവും,  ഭൂരിഭാഗം എന്നല്ല ഉമ്മ ഒഴിച്ച് ബാക്കി എല്ലാവരും സിസേറിയന്‍ കഴിഞ്ഞ് എത്തിയവരായിരുന്നു. അന്നത്തെ എനിക്ക് തീര്‍ത്തും അപരിചിതമായ കാഴ്ചകള്‍. ഏറ്റവും വലിയ വേദന സഹിച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കുന്ന സ്ത്രീയില്‍ നിന്നും, ശരീരം കീറിമുറിച്ചു കൊണ്ടുള്ള വേദന സഹിച്ചുകൊണ്ട് ഒരു കുഞ്ഞിന് ജന്മം നല്‍കുന്ന സ്ത്രീകളെ ഞാന്‍ അവിടെ കണ്ടു. വിവരിക്കാവുന്നതിലും അപ്പുറമാണ് അവരുടെ അവസ്ഥകള്‍. ഒന്നങ്ങോട്ട് തിരിയുവാന്‍, ഒന്നിങ്ങോട്ട് തിരിയുവാന്‍, എഴുന്നേറ്റ് ഇരിക്കുവാന്‍ കുഞ്ഞിനെ ഒന്ന് എടുക്കുവാന്‍ അവര്‍ അനുഭവിക്കുന്ന വേദനകള്‍.

ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍ കണ്ടു കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ദിവസമാണ് അത് സംഭവിച്ചത്. തൊട്ടപ്പുറത്ത് ഗര്‍ഭിണികളുടെ വാര്‍ഡാണ്. നഴ്‌സുമാര്‍ അങ്ങോട്ട് ഓടുന്നു. അവിടെ എന്താണ് സംഭവിച്ചത്? 

പ്രസവം അടുക്കാറായ ഏതോ ഒരു സ്ത്രീക്ക് കടുത്ത ബ്ലീഡിങ് ഉണ്ടായി വീഴുകയോ മറ്റോ ചെയ്തതായിരുന്നു അത്. ഞാന്‍ അവിടേക്ക് പോയില്ല. വേണ്ട അത് കാണണ്ട.  ആ സ്ത്രീയെ നഴ്‌സുമാര്‍ എടുത്തുകൊണ്ടു പോകുന്നതിനിടയില്‍ ഞാന്‍ ഒന്ന് കണ്ടിരുന്നു. ഒരു പെണ്‍കുട്ടി ഏതാണ്ട് ഏഴോ എട്ടോ വയസ്സ് പ്രായം തോന്നിക്കും. അവളും ആ നഴ്‌സുമാര്‍ക്ക് പിറകെ ഓടുന്നു. ആ സ്ത്രീയുടെ കുട്ടിയായിരിക്കാം. ഞാന്‍ ഊഹിച്ചു.

രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ആ സ്ത്രീ ഞങ്ങളുടെ വാര്‍ഡിലേക്ക് എത്തി. അവര്‍ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയിരിക്കുന്നു. അവര്‍ക്കൊപ്പം വേറെയും മൂന്ന് കുട്ടികള്‍ പതിയെ പതിയെ എല്ലാവരും പറഞ്ഞു കേട്ട് ഞാനും അറിഞ്ഞു. അവര്‍ മലയാളികളല്ല. അസം, ഒറീസ എവിടെയോ ഉള്ളവരാണ്. ഭര്‍ത്താവും മൂന്നു കുട്ടികളും അടങ്ങുന്ന അവരുടെ കുടുംബത്തിലേക്ക് നാലാമത്തെ കുട്ടി എത്തുന്ന പുകില്‍ ആണ് നമ്മള്‍ കഴിഞ്ഞ ദിവസം കണ്ടത്. ഏതായാലും എല്ലാം ഭംഗിയായി നടന്നല്ലോ കുഞ്ഞിന് ആപത്തൊന്നും സംഭവിച്ചില്ലല്ലോ ഭാഗ്യം. ഞാന്‍ ആശ്വസിച്ചു.

അങ്ങനെയാണ് ഞാന്‍ ആ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. അവള്‍ക്കാണെങ്കില്‍ തീരെ മലയാളവും അറിയില്ല എനിക്ക് ആണെങ്കില്‍  അവരുടെ ഭാഷയും വശമില്ല. ആംഗ്യഭാഷയിലൂടെയും മറ്റും ഞങ്ങള്‍ സംസാരിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവളെ കുറെ കൂടി അറിഞ്ഞപ്പോഴാണ് ഞാനൊരു കാര്യം മനസ്സിലാക്കിയത്. അവളുടെ മുന്നില്‍ ഞാന്‍ വലിയൊരു വട്ടപ്പൂജ്യമാണെന്ന്.

ശരിക്കുപറഞ്ഞാല്‍ സിസേറിയന്‍ കഴിഞ്ഞെത്തിയ ആ സ്ത്രീയ്ക്ക് കൂട്ടുനില്‍ക്കാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അന്യഭാഷക്കാര്‍ ആയതുകൊണ്ട് തന്നെയാവും വാര്‍ഡില്‍ ഉള്ള ഞാന്‍ ഉള്‍പ്പെടെ ആരും അവരെ സഹായിക്കാനും ചെന്നില്ല. ഒരിക്കല്‍ മാത്രം കണ്ടു. അവരുടെ ഭര്‍ത്താവ് അവരെ കൈകളില്‍ എടുത്തു കൊണ്ടു പോകുന്നത്.  ബാക്കി ദിവസങ്ങള്‍ അത്രയും അവരുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിരുന്നത് ഈ കൊച്ചു പെണ്‍കുട്ടി ആയിരുന്നു എന്നത് എനിക്ക് അതിശയകരം ആയിരുന്നു.

ഞാന്‍ ഓര്‍ത്തു ഇവിടെ വന്നു നില്‍ക്കുന്ന എന്റെ ജോലി എന്താണ്? രാവിലെയും ഉച്ചയ്ക്കും ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം വാങ്ങി വരിക, മരുന്നുകള്‍ വാങ്ങാനും ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ക്കുമായി ഉമ്മിച്ചി പുറത്തുപോകുമ്പോള്‍ ഉമ്മയ്ക്ക് കൂട്ടിരിക്കുക അങ്ങനെ അങ്ങനെ. പക്ഷേ അവളോ? അവളുടെ ഉമ്മയ്ക്കും മൂന്ന് കൂടപ്പിറപ്പുകള്‍ക്കും ഉള്ള ഭക്ഷണം വാങ്ങുക, ഉമ്മയെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി കൊണ്ടുപോവുക, മരുന്നുകള്‍ ആവശ്യമെങ്കില്‍ വാങ്ങി കൊണ്ടുവരിക, ഇതൊന്നും പോരാഞ്ഞ് എല്ലാവരുടെയും വസ്ത്രങ്ങള്‍ അലക്കുക, എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. ഇത്രയും ചെറിയ പ്രായത്തില്‍ പ്രസവിച്ചു കിടക്കുന്ന തന്റെ ഉമ്മയെ പരിചരിക്കാനും മാത്രം ആ കുട്ടി പാകമാണോ? പക്ഷേ അവള്‍ അതെല്ലാം ചെയ്തിരുന്നത് എത്രമാത്രം വെടിപ്പും വൃത്തിയുമായാണ് എന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.

അന്നൊക്കെ ഉച്ച സമയങ്ങളില്‍ ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കുവാന്‍ പോകുന്ന ഞാനും ഉമ്മച്ചിയും അവിടെ സ്ത്രീകള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ച മുറികളില്‍ പോയിരുന്ന് തുണികള്‍ മടക്കാറുണ്ടായിരുന്നു. ചില ദിവസങ്ങളില്‍ ഞങ്ങള്‍ കടയില്‍ നിന്ന് എന്തെങ്കിലും പലഹാരങ്ങളും വാങ്ങുമായിരുന്നു. എന്നോടുള്ള പരിചയത്തിന്റെ പേരില്‍ എന്റെ അടുക്കല്‍ വരാറുള്ള അവളുടെ നേരെ ഞാന്‍ നീട്ടുന്ന പലഹാരങ്ങള്‍ അവള്‍ആര്‍ത്തിയോടെ വാങ്ങി കഴിക്കുന്നത് കാണുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു,  ഉമ്മയെയും സഹോദരങ്ങളെയും ഊട്ടുമ്പോള്‍ അവള്‍ സ്വന്തം വയറിനെ മറന്നിരുന്നു എന്ന്. അവളുടെ പേര് പോലും എനിക്കിന്ന് ഓര്‍മ്മയില്ല. പക്ഷേ അവളുടെ മുഖവും പെരുമാറ്റരീതികളും എല്ലാം ഇന്നും എന്റെ മനസ്സില്‍ ഉണ്ട്.

ഇപ്പോഴും ആശുപത്രിവാസം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് അവളെയാണ്. പേരറിയാത്ത, അല്ല പേര് ഓര്‍മകളില്‍ നിന്നും മാഞ്ഞു പോയ ആ പെണ്‍കുട്ടിയെ.


 

click me!